കോൺഗ്രസ്‌ നിലപാട്‌ സങ്കുചിതം

 സർക്കാരിന്റെ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെ കോൺഗ്രസ്‌ നേതാക്കൾ സംയുക്ത പത്രസമ്മേളനത്തിൽ  പ്രകടിപ്പിച്ച അഭിപ്രായങ്ങൾ സങ്കുചിത രാഷ്ട്രീയ നിലപാടിന്റെ പ്രതിഫലനവും അപക്വവുമാണെന്ന് സിപിഐ എം  സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു. നാട് ഒറ്റക്കെട്ടായി മഹാമാരിയെ നേരിടുമ്പോൾ ആ ഐക്യം തകർക്കാനുള്ള വൃഥാ മോഹം  സമൂഹം തിരിച്ചറിയും.കോവിഡിനെ നേരിടുന്നതിൽ ലോകം അഭിനന്ദിക്കുന്ന പ്രവർത്തനമാണ് സർക്കാർ നടത്തുന്നത്. കേരളത്തോടൊപ്പം രോഗം റിപ്പോർട്ടുചെയ്യപ്പട്ട മറ്റു രാജ്യങ്ങളിൽ മരണനിരക്ക് അനിയന്ത്രിതമായപ്പോൾ ഇവിടെ രോഗവ്യാപനം പിടിച്ചുനിർത്താനായി.

ആദ്യമായി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതും ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയതും കേരളമാണ്. ഒരാളും പട്ടിണി കിടക്കില്ലെന്ന് പ്രഖ്യാപിച്ച സർക്കാർ, തെരുവു നായ്ക്കൾക്കും കുരങ്ങന്മാർക്കുംവരെ ഭക്ഷണം ഉറപ്പുവരുത്തി. ഇതിന്റെയെല്ലാം ഭാഗമായി വലിയ പിന്തുണ  സർക്കാരിന് ലഭിച്ചു. സുപ്രീംകോടതിതന്നെ  അഭിനന്ദിച്ചു. ഇതിൽ പരിഭ്രാന്തിപൂണ്ട പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ ജനങ്ങൾ പുച്ഛിച്ച് തള്ളും.

കേന്ദ്രം എല്ലാ സഹായവും നൽകിയെന്ന  ചെന്നിത്തലയുടെ അഭിപ്രായം ബിജെപി നേതാവിന്റേതുപോലെയായി. കോൺഗ്രസ്–- ബിജെപി സംയുക്ത പത്രസമ്മേളനം എന്നു പറയുന്നതായിരുന്നു നല്ലത്.  കർണാടകത്തിലെ ബിജെപി സർക്കാരിന്റെ മനുഷ്യത്വരഹിതമായ നടപടിയെ അപലപിക്കാൻപോലും തയ്യാറായില്ലെന്നത് ഞെട്ടിപ്പിക്കുന്നതാണ്.  സംസ്ഥാനങ്ങൾക്ക്‌  സാമ്പത്തിക സഹായം നൽകാത്ത കേന്ദ്ര  സമീപനത്തെ കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വമടക്കം വിമർശിച്ചതാണ്‌. സാമ്പത്തികമായി നാട് തകർന്നുപോകണമെന്ന ഇടുങ്ങിയ ചിന്തയാണ് സാലറി ചലഞ്ചിനെ എതിർക്കുന്നതിലുള്ളത്.

സർക്കാർ ഒന്നും  ചെയ്തില്ലെന്ന ചെന്നിത്തലയുടെ പരാമർശം പരിഹാസ്യമാണ്‌. കേരളംപോലെ സമഗ്ര പാക്കേജ് നടപ്പാക്കിയ മറ്റൊരു സംസ്ഥാനവും ഇല്ലെന്ന് രാഷ്ട്രീയ എതിരാളികൾപോലും അംഗീകരിച്ചതാണ്‌. കേരളം അടച്ചിടരുതെന്നും അമേരിക്കൻ മാതൃക പിന്തുടരണമെന്നുമുള്ള പ്രതിപക്ഷ നേതാവിന്റെ ഉപദേശം  സ്വീകരിച്ചിരുന്നെങ്കിൽ  സ്ഥിതി എന്താകുമായിരുന്നു. ഇത്രയും അപക്വമായി പ്രശ്നങ്ങളെ സമീപിക്കുന്ന പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും.

കോൺഗ്രസ് നേതൃത്വത്തിൽ ഒരു വിഭാഗം ശരിയായ സമീപനം സ്വീകരിക്കുന്നതും മൂവർ സംഘത്തെ അസ്വസ്ഥമാക്കുന്നുണ്ടാകും.  മുഖ്യമന്ത്രിയെ പ്രധാനമന്ത്രി മാതൃകയാക്കണമെന്ന ശശി തരൂരിന്റെ അഭിപ്രായം പ്രസക്തമാണ്. സർക്കാർ തങ്ങളുടെ പ്രവർത്തനം കൂടുതൽ ശക്തിയോടെ മുമ്പോട്ട് കൊണ്ടുപോകണം.
ഉത്തരവാദപ്പെട്ട പ്രതിപക്ഷത്തിന്റെ ചുമതല തിരിച്ചറിയാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണമെന്നും  കോടിയേരി  അഭ്യർഥിച്ചു.