ഇ എം എസ്: ദീര്‍ഘവീക്ഷണത്തിന്റെ മറുപേര്

 നവോത്ഥാന സങ്കൽപ്പങ്ങളിലധിഷ്ഠിതമായി ആധുനിക കേരളം പണിതുയർത്തിയ ജന നായകരിൽ ഉന്നതശീർഷനാണ് ഇ എം എസ്. സാമൂഹ്യവും രാഷ്ട്രീയവുമായ പ്രബുദ്ധ കേരളമെന്ന ആശയത്തിന് അടിത്തറയിട്ട ധിഷണാശാലി. ചിന്തയിലും വാക്കിലും പ്രവൃത്തിയിലും തലമുറകളെ പ്രചോദിപ്പിച്ച ജനനേതാവ്. സാധാരണ ജനതയെ ആധുനിക വിദ്യാഭ്യാസത്തിലും ജനാധിപത്യബോധത്തിലും  ഊന്നി അവകാശപ്പോരാട്ടങ്ങളിലേക്ക് നയിച്ച കമ്യൂണിസ്റ്റ്. നവീന ആശയങ്ങളിലും ജീവിതനിലവാരത്തിലും അനുദിനം പുതുക്കിപ്പണിതുകൊണ്ടിരിക്കുന്ന കേരളീയരുടെ പുരോഗമനചിന്തകൾക്ക് ദിശാരൂപം പകർന്ന കർമശാലി. മലയാളിയുടെ ബോധമണ്ഡലത്തിൽനിന്ന്‌ ഇ എം എസിന്റെ നാമധേയം ഒരിക്കലും മാറ്റിനിർത്താനാകില്ല തന്നെ.

 
ജനാധിപത്യവും പൗരാവകാശങ്ങളും നിഷേധിക്കപ്പെടുകയും പൗരാവകാശങ്ങൾക്കായി ജനത തെരുവിൽ സമരം ചെയ്യേണ്ടിവരുന്നതുമായ കാലത്താണ് നാം ഇ എം എസിന്റെ സ്മരണ പുതുക്കുന്നത്. വാജ്പേയിയുടെ നേതൃത്വത്തിലെ കേന്ദ്രത്തിലെ ബിജെപി സർക്കാർ ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരിട്ട അവസരത്തിലാണ് ഇ എം എസ് നമ്മെ വിട്ടുപിരിഞ്ഞത്. അന്ത്യദിനത്തിൽ ഇ എം എസ് ദേശാഭിമാനിക്ക് എഴുതിയ ലേഖനം കേന്ദ്രത്തിലെ ബിജെപി ഭരണവും ഹിന്ദുത്വരാഷ്ട്രീയവും രാജ്യത്തെ എത്രമാത്രം അഗാധമായ വിപത്തിൽ കൊണ്ടുചെന്നെത്തിക്കും എന്നതായിരുന്നു. ഇപ്പോൾ രണ്ടാം മോഡി സർക്കാരിന്റെ തുടക്കംമുതൽ തന്നെ രാജ്യത്തെ ജനതയെ വർഗീയമായി ഭിന്നിപ്പിച്ച് മതരാഷ്ട്രം നിർമിക്കാനുള്ള ആർഎസ്എസ് അജൻഡ മറനീക്കി പുറത്തുവന്നത് ഇ എം എസിന്റെ മുന്നറിയിപ്പുമായി കൂട്ടിവായിക്കണം. നിരന്തരം ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ട് അവരുടെ അവകാശങ്ങൾക്കുവേണ്ടി കർമപഥത്തിലിറങ്ങുകയും അവർക്കായി സ്വജീവിതംതന്നെ മാറ്റിവയ്‌ക്കുകയും ചെയ്തുവെന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. നാടിന്റെ സർവതലസ്പർശിയായ വികസനത്തിനുവേണ്ടിയാണ് അദ്ദേഹം പ്രവർത്തിച്ചത്. കേരളത്തിലെ കമ്യൂണിസ്റ്റ് പാർടിയുടെ സ്ഥാപകനേതാക്കളിൽ പ്രമുഖനായ അദ്ദേഹം അഖിലേന്ത്യാ തലത്തിൽ പാർടിയുടെ വളർച്ചയ്ക്ക് അതുല്യസംഭാവന ചെയ്ത മഹാനായ നേതാവാണ്. ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ തന്നെ സമുന്നതനേതാക്കളിൽ ഒരാൾ.
 
അനാചാരങ്ങളിൽനിന്നും അന്ധവിശ്വാസങ്ങളിൽനിന്നും നാടിനെ മോചിപ്പിക്കാനും ജാതി-ജൻമി-നാടുവാഴിത്ത വ്യവസ്ഥയ്ക്ക് ആഘാതമേൽപ്പിക്കാനും അദ്ദേഹത്തിന്റെ ഉജ്വലമായ നേതൃത്വത്തിനു കഴിഞ്ഞു. ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെയും ജൻമി-നാടുവാഴിത്തത്തിന്റെയും കൊടിയ ക്രൂരതകൾ നടമാടിയ കാലത്താണ് പൊതുപ്രവർത്തനം ഇ എം എസ് തുടങ്ങിയത്. സവർണജാതിയുടെയും ജൻമിപ്രഭുത്വത്തിന്റെയും അവകാശാധികാരങ്ങളോടെയാണ് പിറന്നതെങ്കിലും താൻ ജനിച്ച വർഗത്തിന്റെ കൊടിയ ചൂഷണങ്ങൾക്കും സ്വസമുദായത്തിലെ അനാചാരങ്ങൾക്കുമെതിരെ പോരാടി നിസ്വവർഗത്തിനായി സ്വയം അർപ്പിക്കുകയും ചെയ്തു. അക്കാലത്തെ നമ്പൂതിരി ഇല്ലങ്ങൾ സമ്പത്തിന്റെയും പ്രതാപത്തിന്റെയും കേന്ദ്രങ്ങളായിരുന്നു. അതൊന്നും അദ്ദേഹത്തെ ആകർഷിച്ചില്ല.
 
അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും കാടുമൂടിക്കിടന്ന ഇല്ലത്തുനിന്നാണ് സാമൂഹ്യപരിഷ്കരണ പ്രസ്ഥാനത്തിന്റെ വിശാല വഴിയിലേക്ക് എത്തിയത്. ഇംഗ്ലീഷ് മ്ലേച്ഛഭാഷയാണെന്നും അത് പഠിക്കുന്നത് പാപമാണെന്നും അതുപോലെതന്നെ അനുജൻമാർ സ്വജാതി വിവാഹം ചെയ്യുന്നതും വിധവാ വിവാഹവും കുടുംബത്തെയും നമ്പൂതിരിക്കുള്ള മാന്യതയെയും നശിപ്പിക്കുമെന്നായിരുന്നു പരമ്പരാഗത വാദഗതി. ഇതിനെ തകർത്ത് ആ സമുദായത്തിൽ നവോത്ഥാനത്തിന്റെ വെള്ളിവെളിച്ചം കൊണ്ടുവന്നു. അതിന് നേതൃത്വം നൽകിയവരിൽ പ്രമുഖനാണ് ഇ എം എസ്. നമ്പൂതിരി സ്ത്രീകളുടെ ഇടയിൽ വിദ്യാഭ്യാസവും വേഷപരിഷ്കാരവും ഘോഷബഹിഷ്കരണവും വന്നു. പൊതുസ്കൂളിലും കോളേജിലും നമ്പൂതിരി സ്ത്രീകൾ പഠിക്കുന്നതിനുള്ള സമുദായവിലക്ക് ഇല്ലാതാക്കി. വെറും സമുദായപരിഷ്കാരത്തിന്റെ അടിസ്ഥാനത്തിൽ ഉയർന്നുവന്ന പ്രസ്ഥാനങ്ങളെ രാഷ്ട്രീയ ആവശ്യങ്ങളുമായി ബന്ധിപ്പിച്ചു. അതുവഴി സ്വാതന്ത്ര്യപ്രസ്ഥാനത്തെ ശക്തമാക്കുന്ന പ്രവർത്തനത്തിന് ഇ എം എസ് നേതൃത്വം നൽകി. ഇതിലൂടെയെല്ലാം കോൺഗ്രസിനെയും പിന്നീട് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയെയും ശേഷം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും വലിയ ബഹുജനസംഘടനകളാക്കി വളർത്തിക്കൊണ്ടുവന്നു.
 
ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമി, അയ്യൻകാളി, വക്കം മൗലവി, ചാവറ അച്ചൻ, പൊയ്കയിൽ കുമാരഗുരു തുടങ്ങിയവരെല്ലാം നേതൃത്വം നൽകിയ നവോത്ഥാനപ്രസ്ഥാനത്തിന്റെ മൂല്യങ്ങൾ തകർന്നടിയാതെ നവോത്ഥാനത്തെ ഉയർന്നതലങ്ങളിലേക്ക് എത്തിക്കാൻ ഇ എം എസിന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റുകാരും പുരോഗമനശക്തികളും നാടിനു നൽകിയ സംഭാവന വലുതാണ്. അതിലൂടെയാണ് ആത്മാഭിമാനമുള്ള സമൂഹമായി കേരളീയർ ഇന്നും ശിരസ്സുയർത്തിനിൽക്കുന്നത്. കോളേജ് വിദ്യാഭ്യാസം മതിയാക്കി 1932ൽ കോഴിക്കോട്ട്‌ ഉപ്പുസത്യഗ്രഹത്തിൽ പങ്കെടുത്ത് അറസ്റ്റുവരിച്ച ഇ എം എസ് കോഴിക്കോട് സബ് ജയിലിൽ എത്തിയപ്പോൾ സ്വീകരിച്ചത് പി കൃഷ്ണപിള്ളയാണ്. മരണംവരെ നീണ്ട അസാധാരണമായ ഒരു ബന്ധത്തിന്റെ തുടക്കമായിരുന്നു ആ കൂടിക്കാഴ്ച. കോഴിക്കോട് സബ് ജയിലിൽനിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്കും അവിടെനിന്ന് വെല്ലൂർ ജയിലിലേക്കും ഇ എം എസിനെ മാറ്റി. കണ്ണൂർ സെൻട്രൽ ജയിലിൽ വച്ചാണ് എ കെ ജിയെ കണ്ടുമുട്ടിയത്. ദേശീയപ്രസ്ഥാനത്തിന്റെ നേതാവായി മാറിയ അദ്ദേഹത്തെ കെപിസിസിയുടെ സെക്രട്ടറിമാരിൽ ഒരാളായി തെരഞ്ഞെടുത്തു. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയുടെ ദേശീയനേതാക്കളിൽ ഒരാളായി. 1937ൽ രൂപീകരിച്ച കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഗ്രൂപ്പിൽ ഇ എം എസ് അംഗമായിരുന്നു. അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെയും പിന്നീട് സിപിഐ എമ്മിന്റെയും ജനറൽ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചു.
 
മാർക്സിസത്തെ പ്രയോഗവുമായി ബന്ധിപ്പിക്കുന്നതിൽ ഇ എം എസ് നൽകിയ സംഭാവന താരതമ്യമില്ലാത്തതാണ്. സോവിയറ്റ് യൂണിയന്റെയും കിഴക്കൻ യൂറോപ്പിലെ സോഷ്യലിസ്റ്റ് ചേരിയുടെയും തകർച്ചയെ തുടർന്ന് സോഷ്യലിസത്തിനും കമ്യൂണിസത്തിനുമെതിരായ പ്രചാരം കൊടുങ്കാറ്റായി വീശി. ശത്രുവർഗത്തിന്റെ പ്രചാരണത്തിൽ കുടുങ്ങി ലോകത്തിലെ പല കമ്യൂണിസ്റ്റ് പാർടികളും പേരും കൊടിയും ഉപേക്ഷിച്ചു. അന്ന് സിപിഐ എമ്മിനെ പിരിച്ചുവിടാൻ മനോരമ ഉപദേശിച്ച് മുഖപ്രസംഗംവരെ എഴുതി. എന്നാൽ, പ്രയോഗത്തിലെ പാളിച്ചയാണ് സോവിയറ്റ് യൂണിയൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സോഷ്യലിസത്തിന്‌ സംഭവിച്ചത്. സോഷ്യലിസത്തിന്റെയും കമ്യൂണിസത്തിന്റെയും പരാജയമായി കാണേണ്ടതില്ലെന്നും ഇ എംഎസ് വ്യക്തമാക്കി. സോഷ്യലിസത്തിന്റെയും കമ്യൂണിസത്തിന്റെയും പ്രസക്തി അടിവരയിട്ട് അന്ന് സിപിഐ എം സ്വരൂപിച്ച സൈദ്ധാന്തിക നിലപാടിന് ഇ എം എസിന്റെ സംഭാവന വലുതാണ്. ദേശീയ, അന്തർദേശീയ പ്രശ്നങ്ങളെ വിലയിരുത്തുന്നതിൽ ഇ എം എസ് പുലർത്തിയ പാടവം അനിതരസാധാരണമാണ്.
 
ഐക്യകേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്ന ഇ എം എസ് കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിൽ രൂപീകരിച്ച രണ്ട് മന്ത്രിസഭകളെ നയിച്ചു. ബാലറ്റ് പേപ്പറിലൂടെ ഒരു സംസ്ഥാനത്ത് അധികാരത്തിൽ വന്നാൽ കമ്യൂണിസ്റ്റ് പാർടി എങ്ങനെ ഭരണത്തിൽ പ്രവർത്തിക്കണമെന്ന് മുൻ അനുഭവം ഉണ്ടായിരുന്നില്ല.  ഈ വിഷമകരമായ അവസ്ഥയിൽനിന്നുകൊണ്ട് സംസ്ഥാന സർക്കാരിനെ നയിക്കുന്നതിൽ അന്യാദൃശമായ പാടവം കാണിച്ചു. മുഖ്യമന്ത്രിയായി അധികാരത്തിൽ വന്നയുടൻ ഭൂമിയിൽനിന്ന് മണ്ണിന്റെ മക്കളെ ഒഴിപ്പിക്കുന്ന നടപടി അവസാനിപ്പിക്കുന്ന രേഖയിലാണ് അദ്ദേഹം ഒപ്പുവച്ചത്. കേരളത്തിൽ ജൻമിത്തം അവസാനിപ്പിക്കുന്നതിനും സമഗ്രമായ ഭൂപരിഷ്കരണനടപടികൾ നടപ്പാക്കുന്നതിനും ഇ എം എസ് സർക്കാരിനു കഴിഞ്ഞു. ജീവിതകാലമത്രയും മണ്ണിൽ പണിയെടുത്തിട്ടും ആറടിമണ്ണുപോലും സ്വന്തമെന്ന് പറയാനില്ലാത്ത ദയനീയാവസ്ഥയിൽ കഴിഞ്ഞിരുന്ന മണ്ണിന്റെ മക്കൾക്ക് സ്വന്തമായി ഒരുതുണ്ട് ഭൂമി നൽകിയെന്നതാണ് ഇ എം എസ് സർക്കാരിന്റെ ഏറ്റവും ഉന്നതവും മനുഷ്യത്വപൂർണവുമായ നടപടി. ഭൂപരിഷ്കരണം, വിദ്യാഭ്യാസ ബിൽ, അധികാരവികേന്ദ്രീകരണത്തിനുവേണ്ടിയുള്ള ഇടപെടൽ, ന്യൂനപക്ഷങ്ങൾക്ക് എതിരായുണ്ടായിരുന്ന നിയന്ത്രണങ്ങൾ എടുത്തുമാറ്റൽ തുടങ്ങി നിരവധി പരിഷ്കാരങ്ങൾ നടപ്പാക്കി. കമ്യൂണിസ്റ്റ് പാർടി നേതൃത്വത്തിലുള്ള പിൽക്കാല സർക്കാരുകൾക്കും ഇ  എം എസിന്റെ ചിന്ത വഴികാട്ടി. ജനകീയാസൂത്രണം ഉൾപ്പെടെയുള്ള ആശയങ്ങൾ സാക്ഷാൽക്കരിക്കാൻ സഖാവിന്റെ ഇടപെടൽ വളരെ ഉപകരിച്ചു. കേരളത്തിന്റെ ഭാവി വികസനസാധ്യതകളെ രൂപപ്പെടുത്തിയ അന്താരാഷ്ട്ര കേരളപഠന കോൺഗ്രസിന്റെ മുഖ്യസംഘാടകരിൽ ഒരാളായിരുന്നു അദ്ദേഹം. കലയും സാഹിത്യവും തൊഴിലാളിവർഗത്തിന്റെ വിമോചനപോരാട്ടത്തിനുള്ള ഊർജസ്രോതസ്സാക്കി മാറ്റുന്നതിനുള്ള ഇടപെടൽ അദ്ദേഹം നടത്തി.
 
ആർഎസ്എസ് നയിക്കുന്ന ബിജെപിയുടെ മോഡിഭരണം ഫെഡറലിസത്തിനും ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും മുമ്പൊരു കാലത്തും ഉണ്ടാകാത്തത്ര ആഘാതം ഏൽപ്പിച്ചിരിക്കുകയുമാണ്. തൊഴിലാളികൾക്ക് തൊഴിൽ നിഷേധിക്കുകയും നിയമങ്ങൾ മുതലാളിമാർക്ക് അനുകൂലമായ തരത്തിൽ മാറ്റുകയും ചെയ്യുന്നു. കുത്തക കമ്പനികൾക്കു വേണ്ടിയുള്ള ഭരണമാണ് മോഡി നടത്തുന്നത്. അതിനെതിരെ ഉയരുന്ന ജനരോഷം വഴിതിരിച്ചുവിടാനാണ് വർഗീയഭിന്നിപ്പുകൾ സൃഷ്ടിക്കുന്നത്. കേരളത്തിൽ എൽഡിഎഫ്‌ നേതൃത്വത്തിലുള്ള സർക്കാരിന് പലവിധ തടസ്സവും സൃഷ്ടിക്കാനാണ് ഫെഡറൽ തത്വങ്ങൾവരെ ലംഘിച്ചുകൊണ്ട് കേന്ദ്രം ശ്രമിക്കുന്നത്. പ്രകൃതിദുരന്തവും പേമാരിയും മഹാമാരിയുമെല്ലാം ആവർത്തിച്ചുവന്നുവെങ്കിലും അവയെല്ലാം അതിജീവിച്ചുകൊണ്ട് മുന്നേറാൻ നമുക്ക് കഴിയുന്നു. കൊറോണ വൈറസ് പരത്തുന്ന രോഗത്തെയും അതിജീവിക്കാനുള്ള ശ്രമത്തിലാണ് കേരളത്തിലെ ജനങ്ങളും സർക്കാരും. ഏത് ദുർഘടസന്ധികളും തരണം ചെയ്തുമുന്നേറാൻ ഇ എം എസിന്റെ ധീരസ്മരണ കരുത്തുപകരുന്നു.