സിഎജി റിപ്പോര്‍ട്ടും യുഡിഎഫും

 സർക്കാരിന്റെ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളെ പരിശോധിച്ച് റിപ്പോർട്ട് നൽകുക എന്നത് കൺട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറലിന്റെ (സിഎജി) ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. അങ്ങനെ തയ്യാറാക്കുന്ന റിപ്പോർട്ട് നിയമസഭയുടെ മുമ്പാകെ വയ്‌‌ക്കുകയും അത് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിക്കുകയും ചെയ്യും. ഈ കമ്മിറ്റിയുടെ ചെയർമാൻ കീഴ്വഴക്കമനുസരിച്ച് പ്രതിപക്ഷ അംഗവുമായിരിക്കും. കമ്മിറ്റി പരിശോധിച്ച് ആവശ്യമായ നിർദേശങ്ങൾ സമർപ്പിക്കുകയും ചെയ്യുകയാണ് പതിവ്.

 
സിഎജി ഇത്തരമൊരു പരിശോധന നടത്തുന്നത് നമ്മുടെ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ കൂടുതൽ ഫലപ്രദമാക്കുന്നതിനുവേണ്ടിയാണ്. ഇപ്പോൾ നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഭവനനിർമാണം, ഉപഭോക്തൃ വകുപ്പ്, സഹകരണ വകുപ്പ്, മത്സ്യബന്ധനം, പൊതുവിദ്യാഭ്യാസം, ജലവിഭവ വകുപ്പ് തുടങ്ങിയവയെ സംബന്ധിച്ചുള്ള പരിശോധനയും നിർദേശങ്ങളും ആഭ്യന്തര വകുപ്പിനെക്കുറിച്ച് പരാമർശിച്ച രീതിയിൽ ഉദ്ധരിച്ചിട്ടുണ്ട്.
 
2013 മുതൽ 2018 വരെയുള്ള കാലയളവിലെ പ്രവർത്തനങ്ങളാണ് സിഎജി പരിശോധിച്ചിട്ടുള്ളത്. സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഈ കാലയളവിൽ അധികാരത്തിലിരുന്നത് 2013 മുതൽ 2016 മെയ് വരെ യുഡിഎഫും 2016 ജൂൺമുതൽ എൽഡിഎഫ് സർക്കാരുമാണ്. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഇപ്പോൾ ഉയർന്നുവന്നിട്ടുള്ളത്. ഈ കാലയളവിൽ കെ എസ് ബാലസുബ്രഹ്മണ്യം, ടി പി സെൻകുമാർ, ലോക്‌നാഥ് ബെഹ്റ എന്നീ മൂന്ന് ഡിജിപിമാർ ചുമതല വഹിച്ചിരുന്നു. വകുപ്പുകളുടെ പ്രവർത്തനത്തെക്കുറിച്ചുള്ള ചില നിർദേശങ്ങളും വിമർശനങ്ങളും ആഭ്യന്തര വകുപ്പ് ഉൾപ്പെടെയുള്ള എല്ലാ വകുപ്പുകളെക്കുറിച്ചും സൂചിപ്പിച്ചിട്ടുണ്ട്. ആഭ്യന്തര വകുപ്പിനെതിരെയുള്ള ചില പരാമർശങ്ങൾ ഉയർത്തിക്കാണിച്ച് ഇപ്പോഴത്തെ ഡിജിപിയും ഗവൺമെന്റും എന്തോ വലിയ അപരാധം ചെയ്തു എന്ന നിലയിലുള്ള പ്രചാരണങ്ങളാണ് നടന്നുവരുന്നത്. എന്നാൽ, വസ്തുതകളുമായി യാതൊരു ബന്ധവും ഇപ്പോൾ പ്രതിപക്ഷം നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണങ്ങൾക്കില്ല. ഓഡിറ്റ് റിപ്പോർട്ട് വായിച്ചുനോക്കുന്ന ആർക്കും ഇക്കാര്യം വ്യക്തമാകുകയും ചെയ്യും.
 
ഇപ്പോൾ സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ട് പരിശോധിക്കുന്നത് മോഡണൈസേഷൻ ഓഫ് പൊലീസ് ഫോഴ്സ് എന്ന കേന്ദ്രാവിഷ്കൃത പദ്ധതിയുടെ പ്രവർത്തനം എത്രത്തോളം പൊലീസ് സേനയുടെ നവീകരണത്തിന് ഉപയോഗപ്പെടുത്തി എന്നതാണ്. 2013 മുതൽ 2018 വരെയുള്ള കാലയളവ് ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രവർത്തനക്ഷമതാ ഓഡിറ്റാണ് 2018 മെയ് മുതൽ ഒക്ടോബർവരെ സിഎജി നടത്തിയത്. ഈ കാലയളവിൽ പൊതുവായി വകുപ്പിനുണ്ടായ ദൗർബല്യത്തെപ്പറ്റി പറയുന്നത് ഈ പദ്ധതിക്കായി പ്രത്യേക അക്കൗണ്ട് സൂക്ഷിക്കുന്നതിൽ പോരായ്മ വന്നിട്ടുണ്ട് എന്നതാണ്. 2013ൽ ആരംഭിച്ച ഈ പോരായ്മയുടെ ഉത്തരവാദിത്തം ആരാണ് ഏറ്റെടുക്കേണ്ടത് എന്ന് പ്രതിപക്ഷനേതാവ് വ്യക്തമാക്കണം. യുഡിഎഫിന്റെ രണ്ട് ആഭ്യന്തരമന്ത്രിമാർ ഭരിച്ച കാലയളവിൽ വന്ന ദൗർബല്യം എങ്ങനെയാണ് എൽഡിഎഫിന്റെ ഉത്തരവാദിത്തമായി മാറുന്നത് എന്ന് മനസ്സിലാകുനനില്ല.
 
മറ്റൊരു പ്രധാനപ്പെട്ട പ്രശ്നം സിഎജി ഉന്നയിക്കുന്നത് മൊബൈൽ ആൻഡ്‌ കമാൻഡ് കൺട്രോൾ വാഹനംകൊണ്ട് പൊലീസ് സേനയെ സജ്ജീകരിക്കുന്നതിൽ പരാജയപ്പെട്ടു എന്നതാണ്. യഥാർഥത്തിൽ ഈ പ്രശ്നവും ഉയർന്നുവരുന്നത് 2013-14 കാലഘട്ടത്തിലാണെനന്‌ സിഎജി എടുത്തുപറയുന്നുണ്ട്. ആരുടെ ഭരണകാലമായിരുന്നു ഇതെന്ന് വിശദീകരിക്കേണ്ടതില്ലല്ലോ. ഹൈടെക് കമ്യൂണിക്കേഷൻ നെഗോസിയേഷൻ സൗകര്യമുള്ള ഒരു മൊബൈൽ കമാൻഡിങ്‌ കൺട്രോൾ വാഹനം വാങ്ങുന്നതിൽ 2013-14 കാലഘട്ടത്തിൽ വന്ന പോരായ്മയെ സിഎജി എടുത്തുപറയുന്നുണ്ട്. വിതരണക്കാരുമായി ഉണ്ടാക്കിയ കരാറിലെ കാര്യങ്ങൾ നിർവഹിക്കാതെ സ്റ്റോക്കിലെടുക്കുകയും അവയ്ക്ക് വില നൽകുകയും ചെയ്തു. എന്നാൽ, ഈ വാഹനം ഉപയോഗിക്കുക എന്ന ലക്ഷ്യം പൂർത്തിയായില്ല എന്ന വിമർശനമാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത്. പ്രതിപക്ഷനേതാവിന്റെ ഭാഷ പ്രകാരമാണെങ്കിൽ ഇതിന് മറുപടി പറയേണ്ടത് യുഡിഎഫ് മന്ത്രിമാർ തന്നെയാണ്.
 
ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഘടിപ്പിച്ച വാഹനങ്ങൾ വാങ്ങിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇതിൽ വിശദീകരിക്കുന്ന മറ്റൊരു കാര്യം. 2012-13ൽത്തന്നെ ഉയർന്നുവന്ന പ്രശ്നമാണ് ഇതെന്ന് റിപ്പോർട്ടിൽ സിഎജി വ്യക്തമാക്കുന്നുണ്ട്. സുരക്ഷ മുൻനിർത്തിയുള്ള പ്രത്യേക കവചിത വാഹനങ്ങളും വകുപ്പ് സംഭരിച്ചിട്ടുണ്ട്. നിയന്ത്രിത ദർഘാസ് പുറപ്പെടുവിപ്പിക്കുന്നതിന് ശരിയായ കാരണം രേഖപ്പെടുത്താൻ പൊലീസ് വകുപ്പിന് കഴിഞ്ഞില്ല എന്ന വിമർശനമാണ് ഇവിടെ ഉന്നയിച്ചിരിക്കുന്നത്. ആയുധശേഖരങ്ങളിലെ പോരായ്മയെക്കുറിച്ച് സിഎജി പറയുന്നുണ്ട്. 2013-14 വർഷത്തിൽ കേന്ദ്രസർക്കാരിന്റെ ധനസഹായം റിലീസ് ചെയ്യുന്നതിൽ കുറവുണ്ടാകുകയും 2014-15ൽ ഫണ്ട് ലാപ്സാകുകയും ചെയ്തു എന്നാണ് റിപ്പോർട്ട് പറയുന്നത്. ഇങ്ങനെ ലാപ്സായി അത്യന്താധുനിക ആയുധങ്ങൾ വേണ്ടത്ര സംഭരിക്കാൻ കഴിയാതെ പോയതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് യുഡിഎഫ് തന്നെയല്ലേ.
 
2015 സെപ്‌തംബർ 19ന്‌ ആയുധശേഖരങ്ങൾ പരിശോധിച്ചതിൽ ഒരു പെട്ടിയിലുണ്ടായിരുന്ന 600 എണ്ണം 7.62 എംഎം വെടിയുണ്ടകളിൽ കുറവ് റിപ്പോർട്ട് ചെയ്തതായി സിഎജി പറയുന്നുണ്ട്. ഈ കുറവ് ഏത് കാലത്ത് ഉണ്ടായി എന്ന് പ്രത്യേകം പറയേണ്ടതില്ല. ഏതായാലും ഈ പ്രശ്നത്തെ ഗൗരവമായി കണ്ട് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടത് ആരാണെന്ന് പ്രതിപക്ഷനേതാവിന് അറിയാത്തതല്ലല്ലോ?
 
2013 മുതലുള്ള കാലയളവിൽ 43 ഇനം വിവരവിനിമയ ഉപകരണങ്ങൾ വാങ്ങുന്നതിന് അനുവദിച്ച 18.48 കോടിരൂപയിൽ ഒമ്പത്‌ ഇനം വാങ്ങുന്നതിനായി 8.32 കോടി മാത്രമേ ചെലവഴിച്ചിട്ടുള്ളൂ എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട നിരീക്ഷണം. സംസ്ഥാനത്തെ ഇടതുപക്ഷ തീവ്രവാദത്തെ നേരിടാൻ ഡിഎംആർ ഉപകരണങ്ങൾ ഇല്ലാത്ത പ്രശ്നം 2016 ഫെബ്രുവരി, മാർച്ച് മാസത്തിൽ അറിയിച്ചിട്ടും അക്കാലത്ത് ഒന്നും ചെയ്തില്ല എന്ന പരാമർശം പ്രതിപക്ഷനേതാവ് ആഭ്യന്തരമന്ത്രിയായ കാലത്താണെന്നുപോലും ഓർക്കാതെയാണ് വിമർശനം! ഫോറൻസിക് സയൻസ് ലബോറട്ടറികളുടെ നവീകരണത്തിനായി 2013-14ൽ 51 ഉപകരണം വാങ്ങാൻ തീരുമാനിച്ചെങ്കിലും മുപ്പതിനം ഇനിയും സംഭരിച്ചിട്ടില്ല എന്നതിന്റെ ഉത്തരവാദിത്തവും ആർക്കൊക്കെയെന്ന് പ്രതിപക്ഷനേതാവ് പറയേണ്ടതുണ്ട്.
 
കേരള സർക്കാർ ഏഴ് പൊതുമേഖലാ സ്ഥാപനത്തെ ടോട്ടൽ സൊല്യൂഷൻ പ്രൊവൈഡർ സ്ഥാനം നൽകി ഉത്തരവ് പുറപ്പെടുവിച്ചത് രണ്ടായിരത്തിലാണ്. പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിച്ചുനിർത്തുക എന്ന കാഴ്ചപ്പാടിന്റെകൂടി അടിസ്ഥാനത്തിലായിരുന്നു ഇത്. ഇവിടെ പരാമർശിച്ച കാര്യങ്ങൾ കെൽട്രോൺവഴി വാങ്ങിയ ഇടപാടുമായി ബന്ധപ്പെട്ടതാണ്. 2015-16 കാലയളവാണ് ഇതിൽ പ്രധാനമായും പരാമർശിക്കപ്പെടുന്നത് എന്നുകാണാം. ഇക്കാലത്ത് ഭരണത്തിലിരുന്നവരാണ് ഇപ്പോൾ വിമർശകരമായി വന്നിരിക്കുന്നത്. 
 
ശബരിമല സുരക്ഷാ ഉപകരണങ്ങളുമായി ബന്ധപ്പെട്ട് ധൃതിപിടിച്ച് വസ്തുക്കൾ വാങ്ങി എന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇതിൽ ഉന്നയിച്ചിട്ടുണ്ട്. ഇത് പരാമർശിച്ചശേഷം മാർഗനിർദേശങ്ങൾ പ്രകാരമാണ് കാര്യങ്ങൾ നടക്കുന്നത് എന്ന് സംസ്ഥാന സർക്കാർ ഉറപ്പുവരുത്തണമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. അല്ലാതെ, എന്തെങ്കിലും അഴിമതി നടത്തിയെന്ന ഒരു വിമർശനവും സിഎജി  ഉന്നയിച്ചിട്ടില്ല.
 
ഓട്ടോമാറ്റഡ് ചെലാൻ ജനറേറ്റർ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഗുണപരമായ ബാറ്ററി ഉൾക്കൊള്ളുന്നതായിരുന്നില്ല എന്ന വിമർശനമാണ് സിഎജി ഉന്നയിച്ചത്. 2014 ഫെബ്രുവരിയിൽ 5.7 ലക്ഷം രൂപയ്ക്ക് ബാറ്ററി മാറ്റി സ്ഥാപിക്കാനുള്ള നിർദേശം സമർപ്പിച്ചെങ്കിലും പൊലീസ് വകുപ്പ് ചെയ്തില്ല എന്ന വിമർശനം വന്നുതട്ടുന്നത് എവിടെയാണെന്ന് പ്രതിപക്ഷനേതാവ് വ്യക്തമാക്കേണ്ടതുണ്ട്. ഇ ബീറ്റ് സമ്പ്രദായം നടപ്പാക്കിയതിൽ വന്ന പോരായ്മകളെ സംബന്ധിച്ച് സൂചിപ്പിക്കുന്നുണ്ട്. 2013ൽ വന്ന കാര്യങ്ങൾ 2015 ജനുവരിയിലും പരിഹരിച്ചില്ല എന്ന വിമർശനവും യുഡിഎഫിനെയാണ് പ്രതിക്കൂട്ടിൽ നിർത്തുന്നത്. പൊലീസ് കൺസ്ട്രക്‌ഷൻ കോർപറേഷന്റെ പ്രവർത്തനങ്ങളിലെ പൊതുവായ പോരായ്മകളെ സംബന്ധിച്ചുള്ള പരാമർശമാണ് മറ്റൊന്ന്. അത് ഏതെങ്കിലും ഒരു കാലത്തെമാത്രം ബാധിക്കുന്ന പ്രശ്നമല്ല. ക്വാർട്ടേഴ്സ് പണിയുന്നതിൽ നീക്കിവച്ച തുക ഉയർന്ന ഉദ്യോഗസ്ഥർക്ക് ക്വാർട്ടേഴ്സ് പണിയാൻവേണ്ടി വിനിയോഗിച്ചു എന്നതാണ്  മറ്റൊരു പരാമർശം. സർക്കാർ ക്വാർട്ടേഴ്സിലേക്ക് ഉന്നത ഉദ്യോഗസ്ഥർ താമസം മാറുന്നതോടെ സർക്കാരിന് അടിസ്ഥാനശമ്പളത്തിന്റെ 15 ശതമാനംവരെ വരുന്ന എച്ച്ആർഎ നൽകേണ്ടിവരില്ല എന്ന യാഥാർഥ്യം സർവീസ് ചട്ടങ്ങളെക്കുറിച്ച് പ്രാഥമികധാരണ ഉള്ളവർക്കുപോലും അറിയാവുന്നതാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ താമസം പൊലീസ് ആസ്ഥാനത്തിന് അടുത്തുതന്നെ ഉറപ്പുവരുത്തുക എന്നത് ആഭ്യന്തര വകുപ്പിന്റെ പ്രവർത്തനത്തെത്തന്നെ ശക്തിപ്പെടുത്താൻ സഹായകമാണെന്നിരിക്കെ ഇത്തരം ആരോപണങ്ങൾ പൊതു താൽപ്പര്യങ്ങൾക്ക് യോജിച്ചതല്ല എന്ന് കാണാനാകും.
 
ഓഡിറ്റ് റിപ്പോർട്ട് പൊതുവിൽ വായിക്കുമ്പോൾ വ്യക്തമാകുന്ന കാര്യം ഇതിലെ ബഹുഭൂരിപക്ഷം നിരീക്ഷണങ്ങളുടെയും പ്രഭവകേന്ദ്രം 2013-14 കാലത്താണ്‌. 2013 മുതൽ 2016 വരെ തിരുവഞ്ചൂർ രാധാകൃഷ്ണനും രമേശ് ചെന്നിത്തലയുമായിരുനനു ആഭ്യന്തരമന്ത്രിമാർ.അങ്ങനെയെങ്കിലും അക്കാലത്തെക്കുറിച്ച് സിഎജി ഉന്നയിച്ച കാര്യങ്ങൾക്ക് ആര് മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ്‌ വ്യക്തമാക്കണം. റിപ്പോർട്ടിൽ പരാമർശിച്ചതും, മാധ്യമങ്ങളിൽ ചിലർ കൊട്ടിഘോഷിച്ച തോക്കുകളുടെ കണക്കിൽ കുറവുവന്നത് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് സെക്രട്ടറിയും ക്രൈംബ്രാഞ്ച് എഡിജിപിയും പരിശോധിച്ച് പുറത്തുവന്ന റിപ്പോർട്ടുകളിലൂടെ, സിഎജി റിപ്പോർട്ടിൽ പരിശോധിച്ച കാര്യങ്ങൾ വസ്തുതാപരമായി ശരിയല്ലെന്ന കാര്യം വ്യക്തമായിരിക്കുകയാണ്. തോക്കുകൾ നഷ്ടപ്പെട്ടിട്ടില്ലെന്നും വെടിയുണ്ടയുടെ കണക്കിൽവന്ന കുറവ് സംബന്ധിച്ച് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയാണെന്ന് വ്യക്തമായിരിക്കുകയാണ്. സർക്കാരിന് വഴിവിട്ട് ആരെയും സഹായിക്കാൻ ഉദ്ദേശ്യമില്ലെന്നാണ് ക്രൈംബ്രാഞ്ച് നടപടികൾ വ്യക്തമാക്കുന്നത്. സിഎജി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട കാര്യങ്ങൾ പരിശോധിച്ച് വകുപ്പിനെ ശക്തിപ്പെടുത്തുന്നതിനുപകരം രാഷ്ട്രീയലക്ഷ്യത്തോടെ ചർച്ച ചെയ്യുന്നത് പ്രതിപക്ഷത്തിന് അജൻഡകൾ ഇല്ലാത്തതുകൊണ്ടാണെന്ന് വ്യക്തം.
 
നിയമസഭയ്ക്കകത്ത് ഈ റിപ്പോർട്ടിലെ ചില കാര്യങ്ങൾ വൻ അഴിമതി എന്ന രീതിയിൽ പി ടി തോമസ് അവതരിപ്പിക്കുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ചില പ്രതിപക്ഷ എംഎൽഎമാരുടെ ചോദ്യങ്ങളിലും ഉയർന്നുവരികയുണ്ടായി. ഇത് കാണിക്കുന്നത് റിപ്പോർട്ടിൽ ഉന്നയിച്ച ചില കാര്യങ്ങളെങ്കിലും മുൻകൂട്ടി ചിലർക്ക് ലഭിച്ചിട്ടുണ്ട് എന്നാണ്. റിപ്പോർട്ട് നിയമസഭയിൽ എത്തുന്നതിനുമുമ്പ് എങ്ങനെ യുഡിഎഫ് എംഎൽഎമാർക്ക് ചോർന്നുകിട്ടി എന്നതാണ് പ്രശ്നം. അഞ്ചുവർഷത്തെയും അതിനുമുമ്പുള്ള കാലത്തെയും പരാമർശിക്കുന്ന ഒരു റിപ്പോർട്ടിലെ ഉത്തരവാദിത്തങ്ങൾ ഒരു ഡിജിപിയുടെമാത്രം ചുമലിൽ കെട്ടിവയ്ക്കുന്നു എന്ന് തോന്നിപ്പിക്കുന്ന സിഎജിയുടെ പത്രസമ്മേളനത്തിലെ പരാമർശങ്ങളും തെറ്റായ സന്ദേശം നൽകുന്നതിന് ഇടയാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ അക്കൗണ്ടന്റ് ജനറൽപോലുള്ള സ്ഥാനങ്ങളിൽ ഇരിക്കുന്ന വ്യക്തികൾ നല്ല ജാഗ്രതയോടുകൂടി ഇടപെട്ടിട്ടില്ലെങ്കിൽ ആ സ്ഥാനത്തിനുപോലും അവമതിപ്പ് ഉണ്ടാകുന്ന അവസ്ഥ സൃഷ്ടിക്കപ്പെടും.
 
ഇതെല്ലാം കാണിക്കുന്നത് സങ്കുചിത രാഷ്ട്രീയ ദുഷ്ടലാക്കോടുകൂടിയ ചർച്ച മാത്രമാണ് സിഎജി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ളത് എന്നതാണ്. സ്ഥലജലവിഭ്രാന്തി പിടിപെട്ട പ്രതിപക്ഷനേതാവ് നടത്തിയ നാടകങ്ങൾ മലർന്നുകിടന്ന് തുപ്പുന്നതിന്‌ തുല്യമായിരുന്നു എന്ന് റിപ്പോർട്ട് വായിക്കുന്ന ആർക്കും മനസ്സിലാകുന്നതാണ്. ഉന്നത പൊലീസ്  ഉദ്യോഗസ്ഥരുടെ താമസസ്ഥലത്തേക്ക് അവരുടെ അനുവാദമില്ലാതെ കടന്നുകയറി പരിശോധിക്കാൻപോലും പ്രതിപക്ഷനേതാക്കൾ തയ്യാറായത് അവരുടെ സംസ്കാരത്തെയാണ് വ്യക്തമാക്കുന്നത്. തന്റെ കാലത്ത് ഉൾപ്പെടെ ഉണ്ടായതായി സിഎജി ചൂണ്ടിക്കാണിച്ച പ്രശ്നങ്ങളെ മറ്റുള്ളവരുടെ തലയിൽ കെട്ടിവച്ച് പുകമറ സൃഷ്ടിക്കാനുള്ള പ്രതിപക്ഷ നേതാവിന്റെ വ്യാമോഹം കേരളീയർ തിരിച്ചറിയുകതന്നെ ചെയ്യും.
 
അഴിമതിയാരോപണങ്ങളമല്ല, മറിച്ച്, ചില കാര്യങ്ങളിൽ വകുപ്പുതലത്തിൽ സംഭവിച്ചു എന്ന്‌ നിരീക്ഷിക്കപ്പെട്ട വീഴ്ചകൾ പരിഹരിക്കുന്നതിന് ശ്രദ്ധിക്കണം എന്ന നിലയിലാണ് ഈ റിപ്പോർട്ടുള്ളത്. അതാകട്ടെ 2013 മുതൽ ആരംഭിക്കുന്നതുമാണ്. ഇതിനെയാണ് രാഷ്ട്രീയ ദുഷ്ടലാക്കോടെ പ്രതിപക്ഷം മുന്നോട്ടുവയ്ക്കുന്നത്.
വിവാദങ്ങൾ ഇപ്പോൾ കുത്തിപ്പൊക്കുന്നത് തദ്ദേശ തെരഞ്ഞെടുപ്പു ലക്ഷ്യം വച്ചുകൊണ്ടാണ്. എൽഡിഎഫ് സ്വീകരിക്കുന്ന രാഷ്‌ട്രീയ നിലപാടുകൾക്കും സർക്കാർ സ്വീകരിക്കുന്ന ഭരണനടപടികൾക്കും ജനപിന്തുണ വർധിച്ചുവരുമ്പോൾ മുഖ്യമന്ത്രിയുടെയും എൽഡിഎഫ് സർക്കാരിന്റെയും ജനസമ്മതി നാൾക്കുനാൾ ശക്തിപ്പെടുമ്പോൾ ഉൽക്കണ്ഠാകുലരായ യുഡിഎഫ് നേതൃത്വം സർക്കാരിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രതിച്ഛായ തകർക്കാനുള്ള ആസൂത്രിതമായ രാഷ്ട്രീയസമരത്തിന്റെ ഭാഗമായി നടത്തുന്ന പ്രചാരണപരിപാടിയാണ് ഇത്. അഴിമതിരഹിതമായ എൽഡിഎഫ് സർക്കാരിന്റെ നടപടികളെ ഇകഴ്ത്തിക്കാണിക്കാനുള്ള തന്ത്രമാണിത്. ഇത് തിരിച്ചറിയാനുള്ള ശേഷി കേരളീയർക്കുണ്ട്.