ട്രംപിനുള്ള ‘നമസ്തേ’ നീതികേട്

 അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സ്വാഗതമേകി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ ‘നമസ്തേ ട്രംപ്’ എന്ന ബാനർ വലിച്ചുകെട്ടിയിരിക്കുകയാണ്. 24നും 25നും ഇന്ത്യ സന്ദർശിക്കുന്ന ട്രംപ് ഡൽഹിയിൽ വരുംമുമ്പേ ഗുജറാത്തിലെ അഹമ്മദാബാദിലാണ് എത്തുന്നത്. ഇന്ത്യയുടെ ഉറ്റ ചങ്ങാതിയെന്ന നിലയിലാണ് മോഡി സർക്കാർ ട്രംപിനെ വരവേൽക്കുന്നത്. യുഎസ് അധിപന്റെ വരവിനുമുമ്പേ മോട്ടറ സ്റ്റേഡിയത്തിന് ഒന്നരക്കിലോമീറ്റർ അകലെയുള്ള ചേരിനിവാസികളെ ഒഴിപ്പിച്ചു. സർദാർ വല്ലഭ്‌ഭായ് പട്ടേൽ വിമാനത്താവളത്തിനും ഇന്ദിരാപാലത്തിനും ഇടയിലുള്ള ദേവ്ശരൺ ചേരി ട്രംപ് കാണാതിരിക്കാൻ ഏഴടി ഉയരത്തിൽ മതിൽകെട്ടി മറച്ചു. വിസാത്–-ഗാന്ധിനഗർ ഹൈവേയുടെ സമീപത്തെ ചേരിനിവാസികളെ കുടിയിറക്കി. വികസനത്തിന്റെ ‘ഗുജറാത്ത് മാതൃക’ ലോകമുതലാളിത്ത മേധാവി കാണാതിരിക്കാനാണ് ഇതെല്ലാം ചെയ്യുന്നത്. ട്രംപിനെ ഇപ്രകാരം വരവേൽക്കുന്നത് ഇന്ത്യയുടെയും ഇവിടുത്തെ ജനങ്ങളുടെയും താൽപ്പര്യത്തിന് ഗുണകരമാണോ എന്ന പരിശോധന ആവശ്യമാണ്.

സോവിയറ്റ് യൂണിയൻ തകർന്നതിനുശേഷം കഴിഞ്ഞ കാൽനൂറ്റാണ്ടിലേറെയായി ‘പുതിയ ജനാധിപത്യം’ ലോകത്തെ യുഎസ്എ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സാർവദേശീയമായി മുമ്പ് ബഹുധ്രുവ സാർവദേശീയ ബന്ധങ്ങളായിരുന്നു. അത് ഇന്ന് യുഎസിന്റെ ആധിപത്യത്തിൽ ഏകധ്രുവക്രമം സ്ഥാപിക്കാനുള്ള തന്ത്രങ്ങളിലാണ്. ഇതിലൂടെ ഭീതിപ്പെടുത്തുംവിധം സൈനികവും രാഷ്ട്രീയവും സാമ്പത്തികവും സാംസ്കാരികവുമായ ആധിപത്യമാണ് നടപ്പാക്കുന്നത്. ‘ജനാധിപത്യ സംരക്ഷണം’ എന്നുപേരിട്ട് ഇതിനുവേണ്ടി അമേരിക്കൻ ഭീകരൻ ചെയ്തുകൂട്ടാത്ത ക്രൂരതകളില്ല. ഇറാഖിലെ ഭരണാധികാരി സദ്ദാം ഹുസൈനെ ആ രാജ്യത്ത് അധിനിവേശം നടത്തി യാങ്കിപ്പട കൊന്നു. ഒടുവിൽ മറ്റൊരു സ്വതന്ത്ര പരമാധികാര രാജ്യമായ ഇറാന്റെ സർവസൈന്യാധിപൻ സുലൈമാനിയെ ഡ്രോൺ ആക്രമണത്തിലൂടെ ബോംബിട്ട് കശാപ്പുചെയ്തു. ആ ചോരക്കറയുടെ മണം ഉണങ്ങുംമുമ്പാണ് കൊലയാളി രാഷ്ട്രീയത്തിന് നേതൃത്വം നൽകുന്ന ട്രംപിനെ ഇന്ത്യ കുറിതൊട്ട് സ്വീകരിക്കുന്നത്.
 
യഥാർഥത്തിൽ ലോകത്തിന് ഇന്ന് രണ്ട് സൂപ്പർ പവറുണ്ട്. ഒന്ന് അമേരിക്കയാണെങ്കിൽ മറ്റൊന്ന് യാങ്കി സാമ്രാജ്യത്വത്തെ ചെറുക്കാൻ രംഗത്തിറങ്ങുന്ന ലോകത്തെമ്പാടുമുള്ള സാധാരണ ജനങ്ങളുടെ മഹാശക്തിയാണ്. ഈ സൂപ്പർ പവറിനെ വളർത്തുകയാണ് ജനാധിപത്യവും ചേരിചേരാനയവും സ്വീകരിക്കുന്ന രാജ്യങ്ങൾ ചെയ്യേണ്ടത്. അതിനു വിരുദ്ധമായ സമീപനമാണ് മോഡി സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ട്രംപിന്റെ നയങ്ങൾക്കെതിരെ അമേരിക്കയ്ക്ക് അകത്തും പുറത്തും വൻപ്രതിഷേധം അലയടിക്കുന്നുണ്ട്. യുദ്ധഭ്രാന്തിനെതിരെ മാത്രമല്ല സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കും പരിസ്ഥിതി സംരക്ഷണത്തിനും വിരുദ്ധമായി നിലപാട് സ്വീകരിച്ചിരിക്കുന്ന ട്രംപിനെതിരെ വ്യത്യസ്ത നിലയിൽ രോഷം തിളയ്ക്കുന്നുണ്ട്. ഓസ്കാർ വേദിമുതൽ പരിസ്ഥിതി ഉച്ചകോടിയിൽവരെ അതിന്റെ ചിത്രങ്ങൾ തെളിഞ്ഞുകാണാം. അതുപോലെ അമേരിക്കയിലെ കുടിയേറ്റക്കാർക്കും തൊഴിൽ ചെയ്യുന്നവർക്കുമെതിരായ ട്രംപിന്റെ നയങ്ങൾ ഇന്ത്യക്കാരെ ദോഷകരമായി ബാധിക്കുകയാണ്. അമേരിക്കയിലെ പ്രവാസി പ്രൊഫഷണലുകൾക്കുള്ള എച്ച് 1 ബി വിസകൾ റദ്ദാക്കുകയും നിയന്ത്രിക്കുകയും ചെയ്തത് ഇന്ത്യൻ ഐടി വിദഗ്‌ധർക്ക് ഇരുട്ടടിയായിരിക്കുകയാണ്. ഇസ്രയേൽ, സിറിയ, ഇറാൻ തുടങ്ങിയ വിഷയങ്ങളിൽ യാങ്കി സാമ്രാജ്യത്വം കൂടുതൽ ആക്രമണോത്സുകത കാട്ടുകയാണ്. ചൈനയെ ഒളിഞ്ഞുതെളിഞ്ഞും ഒറ്റപ്പെടുത്തി മുന്നോട്ടുപോകുകയെന്ന നയവുമുണ്ട്. ഇതിനെല്ലാം ഇന്ത്യയെ തങ്ങളുടെ ജൂനിയർ പാർട്ണർ ആക്കുകയെന്നതാണ് ട്രംപിന്റെ ലക്ഷ്യം.
 
‘ഹൗഡി മോഡി’ക്കു പകരം ‘കെം ചോ ട്രംപ്’
ആ അമേരിക്കൻ കെണിയിൽ മോഡിയും കൂട്ടരും വീണു. ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പ് മോഡി അമേരിക്കയിൽ ചെന്നപ്പോൾ ‘ഹൗഡി മോഡി’പരിപാടി സംഘടിപ്പിച്ച് ട്രംപ് സ്വീകരിച്ചു. ഇപ്പോൾ അഹമ്മദാബാദിലെ മോട്ടറ സ്റ്റേഡിയത്തിൽ ‘കെം ചോ ട്രംപ്’ എന്നുപേരിട്ട് ട്രംപിനെ മോഡിഭരണം പുണരുന്നു. ഹൗഡിയുടെ ഗുജറാത്തി ഭാഷയാണ് ‘കെം ചോ’. ഈവർഷം ഒടുവിൽ അമേരിക്കയിൽ നടക്കുന്ന വാശിയേറിയ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന് ഒരുവട്ടം കൂടി അധികാരം കിട്ടുന്നതിന് അവിടുത്തെ ഇന്ത്യൻ വോട്ടർമാരെ സ്വാധീനിക്കാനുള്ള ഏജൻസിപ്പണികൂടി മോഡിയും കൂട്ടരും ഏറ്റെടുത്തിരിക്കുകയാണ്.
 
പക്ഷേ, ട്രംപിന്റെ വരവ് ഇന്ത്യയെ ശക്തിപ്പെടുത്തുകയോ സഹായിക്കുകയോ ചെയ്യുന്നതല്ല. നമ്മുടെ രാജ്യത്തെ അമേരിക്കയുടെ ജൂനിയർ പാർട്ണറാക്കി, അമേരിക്ക ലോകവ്യാപകമായി നടത്തുന്ന ഭീകരപ്രവർത്തനങ്ങൾക്കുള്ള ഏറാൻമൂളിയാക്കുക, അമേരിക്കൻ കച്ചവടത്തിന് ഇന്ത്യൻ കമ്പോളം പിടിച്ചടക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്. നമ്മുടെ സൈന്യത്തിനുവേണ്ടി ഹെലികോപ്റ്ററും പടക്കോപ്പുകളും വാങ്ങുന്നതിനുള്ള കരാർ അണിയറയിൽ രൂപപ്പെടുത്തിയിട്ടുണ്ട്. 2.6 ബില്യൺ ഡോളറിന്റെ ഹെലികോപ്റ്റർ ഇടപാടാണ് നടക്കാൻ പോകുന്നത്. വ്യോമപ്രതിരോധ ഉപകരണങ്ങൾക്കായി 1.86 ബില്യൺ ഡോളറിന്റെ വേറൊരു കരാറുമുണ്ട്.
 
രാജ്യത്തെ പാൽ കൃഷിക്കാരെയും കോഴിക്കച്ചവടക്കാരെയും കുത്തുപാളയെടുപ്പിക്കാനുള്ള വ്യാപാര കരാറും തയ്യാറായിട്ടുണ്ട്. ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നതിനേക്കാൾ കൂടുതൽ ഉൽപ്പന്നങ്ങൾ അമേരിക്കയിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്യുന്നുണ്ട്. അതുകൊണ്ട് ഇന്ത്യ-അമേരിക്ക വ്യാപാരത്തിൽ ചില മേഖലകളിൽ വ്യാപാര കമ്മി അമേരിക്ക നേരിടുന്നുണ്ട്. അത് അവസാനിപ്പിക്കുന്നതിന് അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ചിലത് ഒഴിവാക്കണമെന്നതാണ് അവരുടെ ആവശ്യം. അത് ക്ഷീര-കോഴി വ്യാപാരമേഖലയിൽ ഉൾപ്പെടെ നടപ്പാക്കാൻ പോകുകയാണ്. ഇതിന്റെ ഫലമായി ഇന്ത്യയുടെ കോടിക്കണക്കിന് പാൽകൃഷിക്കാരുടെയും കോഴിവളർത്തലുകാരുടെയും ജീവിതം വഴിമുട്ടും. പാലുൽപ്പന്നങ്ങളും കോഴിമാംസവും മാത്രമല്ല, ആപ്പിൾ, വാൾനട്ട് തുടങ്ങിയ ഉൽപ്പന്നങ്ങളുടെയും തീരുവ കുറയ്ക്കാൻ അമേരിക്ക സമ്മർദം ചെലുത്തുകയാണ്. ഇത് നടപ്പായാൽ 42,000 കോടി രൂപയുടെ ഉൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക് അമേരിക്കയിൽനിന്നും വർഷംതോറും അധികമായി എത്തും.
 
അമേരിക്കയിൽനിന്ന് നമ്മുടെ നാട്ടിൽ വരാൻ പോകുന്നത് ആദ്യഘട്ടത്തിൽ വില താരതമ്യേന കുറഞ്ഞതെങ്കിലും നൈസർഗിക ആരോഗ്യമില്ലാത്ത കോഴിയിറച്ചിയാകും. വാഷിങ്‌ടൺ പോസ്റ്റ് പത്രത്തിന്റെ റിപ്പോർട്ടർ ഡാൻ മോർഗാൻ ബഹുരാഷ്ട്ര കുത്തകകൾ വളർത്തുന്ന കോഴികളെപ്പറ്റി വിവരിച്ചിട്ടുണ്ട്. ബാറ്ററി കോഴി (ബാറ്ററി ഹെൻസ്) എന്നാണ് വിളിപ്പേര്. ഇവയെ വളർത്തുന്നത് ബാറ്ററിക്കൂടുകൾ എന്നറിയപ്പെടുന്ന ഇടുങ്ങിയ തട്ടുകളിലാണ്. നിന്നുതിരിയാൻ ഇടമില്ലാത്ത ലോഹക്കൂടുകളാണ് അവ. ചിറക് കുടയാനോ, മണ്ണിൽ നടക്കാനോ കഴിയാത്ത കോഴികൾക്ക് നൈസർഗികതയും ആരോഗ്യവുമുണ്ടാകില്ല. മുട്ട കിട്ടിയാൽ ഉടനെ കൊല്ലും. മാംസം കമ്പോളത്തിലെത്തും. ബഹുരാഷ്ട്ര കുത്തകകളുടെ നീരാളിപ്പിടിത്തം ഇന്ത്യയുടെ ക്ഷീര-കോഴിമേഖലകളിലേക്ക് വ്യാപിപ്പിക്കുന്നത് നമ്മുടെ സമ്പദ്ഘടനയ്ക്ക് ഏറെ ദോഷകരമാണ്.
 
അമേരിക്ക ഇന്ത്യക്കുനേരെ വ്യാപാരയുദ്ധം നടത്തിയിരിക്കുന്ന സമയത്താണ് ഇതെല്ലാം ഉണ്ടായിരിക്കുന്നത് എന്നത് ഏറ്റവും ഉൽക്കണ്ഠാജനകമായ കാര്യമാണ്. വികസ്വര രാജ്യങ്ങൾക്ക് അമേരിക്കയിൽ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് ഇളവുണ്ട്. എന്നാൽ, ഇന്ത്യയെ വികസ്വര രാജ്യങ്ങളുടെ പട്ടികയിൽനിന്ന് ട്രംപ് നീക്കി. അതുവഴി ഇന്ത്യക്ക്‌ ഇളവ് നഷ്ടപ്പെട്ടു. ഇതിനു പുറമെ ഇന്ത്യയുടെ ഉരുക്ക്, അലുമിനിയം ഉൽപ്പന്നങ്ങൾക്കുള്ള ചുങ്കം അമേരിക്ക കൂട്ടി. ഇതിലൊന്നും ശക്തിയായി പ്രതിഷേധിക്കാതെ ട്രംപിനെ കെട്ടിപ്പുണരാനാണ് മോഡിയും കൂട്ടരും ഉത്സാഹിക്കുന്നത്. ഇതാണോ രാജ്യസ്നേഹം!
 
കശ്മീരിന്റെ പ്രത്യേക അവകാശം റദ്ദാക്കിയത്, പൗരത്വ നിയമഭേദഗതി നിയമം തുടങ്ങിയ കാര്യങ്ങളിലെല്ലാം ഇന്ത്യാ സർക്കാരിനെതിരെ ഐക്യരാഷ്ട്രസഭയും അമേരിക്കൻ ഭരണകൂട സംവിധാനങ്ങളും പരസ്യ നിലപാടെടുത്തിട്ടുണ്ട്. കശ്മീർ പ്രശ്നത്തിൽ ഇടപെടാമെന്ന് ട്രംപ് ഒരുവേള പറയുകയും ചെയ്തു. കശ്മീർ വിഷയത്തിൽ പാകിസ്ഥാനെക്കൂടി ഉൾപ്പെടുത്തി സന്ധി സംഭാഷണത്തിന് മൂന്നാംകക്ഷികൾ ഇടപെടുന്നതിനെ ഇന്ത്യ അനുകൂലിക്കുന്നില്ലായെന്നത് പ്രഖ്യാപിത നിലപാടാണ്. ഇതൊക്കെയായിട്ടും പൗരത്വം, കശ്മീർ തുടങ്ങിയ വിഷയങ്ങളിൽ ദേശവിരുദ്ധ വർഗീയ നയങ്ങൾക്ക് ട്രംപിന്റെ ഒത്താശ നേടാനുള്ള ഗൂഢലക്ഷ്യം ‘നമസ്തേ ട്രംപ്’ പരിപാടിയിലുണ്ട്.
 
യുഎസ് ആധിപത്യത്തിന്റെ അർഥം ഇന്ത്യ ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങൾക്കെതിരായി ആഗോളവൽക്കരണത്തിന്റെയും ഉദാരവൽക്കരണത്തിന്റെയും കുടക്കീഴിൽ നടത്തുന്ന സാമ്പത്തിക ആക്രമണം കൂടുതൽ വർധിപ്പിക്കുകയെന്നതാണ്. മൂന്നാം ലോകരാജ്യങ്ങളുടെ പുനർ കോളനിവൽക്കരണമാണ് ഉദ്ദേശിക്കുന്നത്. ഇന്ത്യക്കുമേൽ കൂടുതൽ ഭാരം അടിച്ചേൽപ്പിക്കുന്ന യുഎസിന്റെ സാമ്പത്തിക രാഷ്ട്രീയ കാര്യപരിപാടിയാണ് ട്രംപിനെ സ്വീകരിച്ച് മോഡി ഭരണം നടപ്പാക്കുന്നത്. വിദേശനയത്തിലടക്കം ഇന്ത്യയുടെ സ്വാതന്ത്ര്യം അമേരിക്കയ്ക്ക് പണയപ്പെടുത്തുകയാണ്. ഇതെല്ലാം തിരിച്ചറിഞ്ഞാണ് സിപിഐ എമ്മും സിപിഐയും ട്രംപിനെതിരെ ‘ഗോ ബാക്ക്’ ബാനർ ഉയർത്തുന്നത്.