ബജറ്റ് രണ്ട് , ദർശനം രണ്ട്

 സർക്കാർ ബജറ്റ് എന്നത് കുത്തിക്കെട്ടിയ കേവലം കടലാസ് കൂട്ടമല്ല. അത് ഒരു ദർശനവും ദിശയും ചായ് വും  പ്രദാനം ചെയ്യുന്നതാണ്. ഒരാഴ്ചയ്ക്കുള്ളിൽ അവതരിപ്പിച്ച കേന്ദ്ര സംസ്ഥാന ബജറ്റുകൾ  ഇക്കാര്യത്തിൽ പ്രകടമായ അന്തരം വ്യക്തമാക്കുന്നു. നയസമീപനത്തിലും പക്ഷപാതിത്വത്തിലും രണ്ടും രണ്ട് ധ്രുവത്തിലാണ്. മോഡി സർക്കാരിനുവേണ്ടി ധനമന്ത്രി നിർമല സീതാരാമൻ കൊണ്ടുവന്ന ബജറ്റ് കോർപറേറ്റുകളെ താലോലിക്കുന്നതും ജനങ്ങളെ മറക്കുന്നതുമാണ്. എന്നാൽ, കോർപറേറ്റ് പക്ഷ നവഉദാരവൽക്കരണ സാമ്പത്തികനയങ്ങളെ നിരാകരിക്കുന്നതും ജനങ്ങളോട് പക്ഷം ചേരുന്നതുമാണ് പിണറായി വിജയൻ സർക്കാരിനുവേണ്ടി ധനമന്ത്രി തോമസ് ഐസക് സമർപ്പിച്ച സംസ്ഥാന ബജറ്റ്.

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയും മാന്ദ്യവും നേരിടുകയാണ്. ഇതിനെ മറികടക്കാനും പ്രതിരോധിക്കാനും ആവശ്യമായ കാര്യങ്ങളിലൊന്ന് ജനങ്ങളുടെ വാങ്ങൽ കഴിവ് ഉയർത്തുക എന്നതാണ്. ഇതിനായി ജനങ്ങളിൽ പണമെത്താനുള്ള പദ്ധതികളും പരിപാടികളും നടപ്പാക്കണം. അത് എൽഡിഎഫ്  സർക്കാർ ചെയ്തതുകൊണ്ടാണ് രാജ്യം മാന്ദ്യത്തിലമർന്നിട്ടും കേരളത്തിന്റെ വളർച്ചനിരക്ക് വർധിച്ചത്. 2017‐18‐ൽ 7.3ശതമാനമായിരുന്ന നമ്മുടെ വളർച്ചനിരക്ക് 2018‐19‐ൽ 7.5 ശതമാനമായി. എന്നാൽ, രാജ്യത്തിന്റെ വളർച്ചനിരക്കാകട്ടെ 6.8 ശതമാനമാണ്. രണ്ട് പ്രളയത്തെ നേരിടുകയും കേന്ദ്ര സർക്കാരിന്റെ സഹകരണം കിട്ടാതിരിക്കുകയും ചെയ്തിട്ടും സ്വന്തം വഴിതേടി, ബദൽ നയപരിപാടികളിലൂടെ കേരളം വളരുന്നൂ എന്നത് നിസ്സാരമല്ല.

 ഐസക് അവതരിപ്പിച്ച എൽഡിഎഫ് സർക്കാരിന്റെ ബജറ്റിന് ഇക്കുറി വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇതിൽ ഹാലിളകിയ പ്രതിപക്ഷം കണ്ണടച്ച് ഇരുട്ടാക്കാനും ഇല്ലാത്ത കരിമ്പൂച്ചയെ ഇരുട്ടിൽ തപ്പാനും ഇറങ്ങിയിരിക്കുകയാണ്. ഇതുവഴി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കൂട്ടരും യഥാർഥത്തിൽ അപഹാസ്യരാകുകയാണ്. അത് അവർ മനസ്സിലാക്കുന്നില്ലായെങ്കിൽ, ബജറ്റിന്റെ ഗുണഫലമേറ്റുവാങ്ങുന്ന ജനങ്ങൾ അവസരം വരുമ്പോൾ അത് ബോധ്യപ്പെടുത്തും.
 
തിരുവനന്തപുരം‐കാസർകോട് അതിവേഗ റെയിൽപാതയ്ക്കുള്ള ബജറ്റ് നിർദേശത്തെ കളിയാക്കി ചെന്നിത്തല പറഞ്ഞത്, ബജറ്റ് പ്രസംഗം കേട്ടാൽ തോന്നുക നാളെ അതിവേഗ ട്രെയിനിൽ കയറി നാല് മണിക്കൂർകൊണ്ട് എത്താമെന്നാണ്. ഗരീബി ഹഠാവോ പോലുള്ള കോൺഗ്രസ് ഭരണകാലത്തെ തട്ടിപ്പ് മുദ്രാവാക്യങ്ങൾ ഉയർത്തുന്നവരല്ല എൽഡിഎഫ് ഭരണക്കാർ. 1457 രൂപയ്ക്ക് ടിക്കറ്റെടുത്ത് അതിവേഗ റെയിൽപ്പാതയിലൂടെ കാസർകോട്ട് എത്താനുള്ള സൗകര്യം മൂന്ന് വർഷത്തിനുള്ളിൽ നടപ്പാക്കാനുള്ള ദൃഢനിശ്ചയത്തിലാണ് എൽഡിഎഫ് സർക്കാർ. റെയിൽവേ സ്റ്റേഷനും പ്രധാന തീവണ്ടികളും റെയിൽപാതകളും സ്വകാര്യവൽക്കരിക്കുകയും വിൽക്കുകയും ചെയ്യുന്നതാണ് കേന്ദ്രസർക്കാർ നയം. കോൺഗ്രസ് തുടങ്ങിവച്ച സ്വകാര്യവൽക്കരണനയം ബിജെപി സർക്കാർ തീവ്രതയോടെ നടപ്പാക്കുകയാണ്. തിരുവനന്തപുരത്തുനിന്ന് ഡൽഹിയിൽ തീവണ്ടിയിലെ സാധാരണ ക്ലാസിൽ കുറഞ്ഞ തുകയ്ക്ക് എത്താം. അത്തരം യാത്രകൾ ഇനി ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് തള്ളാൻപോകുന്ന ഘട്ടത്തിലാണ് സംസ്ഥാന സർക്കാരിന്റെ പങ്കാളിത്തം ഉറപ്പാക്കിയുള്ള അതിവേഗ ട്രെയിൻ, കേരളത്തിന്റെ ഒരറ്റംമുതൽ മറ്റേ അറ്റംവരെ എത്തുന്ന തീവണ്ടിയാത്രയ്ക്കുള്ള കർമപരിപാടിയാണ് എൽഡിഎഫ് സർക്കാർ നടപ്പാക്കാൻ പോകുന്നത്. ഇതിനെ ആ അർഥത്തിൽ വിലയിരുത്താനുള്ള രാഷ്ട്രീയപക്വത പ്രതിപക്ഷത്തിന് ഇല്ലാതെപോയി.
 
കേന്ദ്രസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ്ക്കുന്നു
പ്രവാസികൾക്ക് ഇരുട്ടടിയായ ബജറ്റായിരുന്നു കേന്ദ്രത്തിന്റേതെങ്കിൽ സംസ്ഥാന ബജറ്റ് അവർക്ക് ആശ്വാസവും തണലും കരുതലും നൽകുന്നതാണ്. പ്രവാസികളുടെ നിർവചനംതന്നെ പൊളിച്ചെഴുതുംവിധത്തിൽ നാട്ടിൽ ചെലവഴിക്കുന്ന ദിവസത്തിന്റെ എണ്ണം കേന്ദ്ര സർക്കാർ ഗണ്യമായി വെട്ടിക്കുറച്ചു. വർഷത്തിൽ 180 എന്നത് 120 ആക്കി ചുരുക്കി. വിദേശത്ത് നേടുന്ന വരുമാനത്തിലും നാട്ടിൽ പ്രവാസി നികുതി അടയ്ക്കേണ്ടുന്ന സ്ഥിതിവരുന്നു. ഇങ്ങനെ വ്യത്യസ്ത രീതികളിൽ പ്രവാസികളെ കേന്ദ്രസർക്കാർ ദ്രോഹിക്കുന്നു. എന്നാൽ,  വിദേശനാണ്യം സമ്പാദിച്ചുതന്ന് രാജ്യത്തിന്റെ സാമ്പത്തിക‐സാമൂഹ്യസ്ഥിതി മെച്ചപ്പെടുത്തുന്ന പ്രവാസികൾക്കനുകൂലമായി വിവിധ പരിപാടികളും പദ്ധതികളും പ്രഖ്യാപിക്കുകയും ബജറ്റ് വിഹിതം മൂന്നുമടങ്ങ് വർധിപ്പിക്കുകയും  ചെയ്തു എൽഡിഎഫ് സർക്കാർ.
 
വ്യവസായങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും വിറ്റുതുലയ്ക്കുന്നതിൽ റെക്കോഡ് വേഗത്തിൽ നീങ്ങുകയാണ് മോഡി സർക്കാർ. ഈ നയത്തിന്റെ വേഗത നിർമല സീതാരാമന്റെ ബജറ്റ് വർധിപ്പിച്ചിരിക്കുകയാണ്. എന്നാൽ, കേരള ബജറ്റാകട്ടെ പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുകയും അവയെ ലാഭകരമാക്കുന്നതിനുള്ള നയം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇതിനുപുറമെ പരമ്പരാഗത വ്യവസായങ്ങളെ കൈപിടിച്ചു വളർത്താനുള്ള ശ്രദ്ധയും കാണിക്കുന്നു. യുഡിഎഫ് ഭരണം അവഗണിച്ച കയർ, കൈത്തറി, കശുവണ്ടി മേഖലകളെ രക്ഷിക്കുന്നതിനുള്ള ഉദാരമായ സമീപനമാണ് ബജറ്റിന്.
 
പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുക, അധികാരവികേന്ദ്രീകരണം ഫലപ്രദമാക്കാൻ പ്രാദേശിക ഭരണവിഹിതം വർധിപ്പിക്കുക‐തുടങ്ങിയവയിൽ ശ്രദ്ധിച്ചു. സ്ത്രീസമൂഹത്തോടുള്ള പ്രതിബദ്ധത എത്ര വലുതാണെന്ന് ബജറ്റിലെ വ്യത്യസ്ത നിർദേശങ്ങൾ വിളിച്ചോതി. സ്ത്രീ കേന്ദ്രീകൃത പദ്ധതികൾക്ക് മാത്രമുള്ള ബജറ്റ് വിഹിതം 1509 കോടി രൂപയാണ്. വിശപ്പുരഹിത കേരളത്തിനുള്ള ചുവടുവയ്പിൽ അമ്മമാരുടെയും സഹോദരിമാരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നതാണ് 1000 കുടുംബശ്രീ ഹോട്ടൽ എന്നത്. ഇതിനുമുമ്പ് വിവിധ സർക്കാരുകൾ അന്നപൂർണ, മാവേലി, തൃപ്തി തുടങ്ങിയ പേരുകളിൽ ന്യായവില ഹോട്ടലുകൾ ബജറ്റിൽ പ്രഖ്യാപിച്ചെങ്കിലും പദ്ധതികൾ പാളിപ്പോയി എന്ന് ചില മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ,  അത്തരമൊരു അവസ്ഥ കുടുംബശ്രീ ഹോട്ടലുകൾക്ക് ഉണ്ടാകില്ല.
 
മത്തിച്ചാറോ  ഉണക്കമീൻചാറോ കൂട്ടി ഓണത്തിനുമുമ്പ് 25 രൂപയുടെ ഊണ് നൽകുമെന്ന് ധനമന്ത്രി പറഞ്ഞിട്ടുണ്ട്. കുടുംബശ്രീ ഹോട്ടലുകൾ ഓണത്തിനുമുമ്പ് തുടങ്ങാനാണ് സർക്കാർ നിശ്ചയം. 1000 ഹോട്ടലുകൾക്കുള്ള പാത്രങ്ങളും സാമഗ്രികളും സർക്കാർ നൽകും. സിവിൽ സപ്ലൈസ് വഴി സബ്സിഡിയോടെ ഭക്ഷ്യവസ്തുക്കൾ കൊടുക്കും. ഇത്തരം ഹോട്ടലുകൾ വരുന്നതുകൊണ്ട് സാധാരണ വ്യാപാരികൾ നടത്തുന്ന ഭക്ഷണശാലകൾക്ക് തിരിച്ചടിയാകും എന്ന പ്രചാരണത്തിന് അടിസ്ഥാനമില്ല. ചുരുങ്ങിയ വരുമാനമുള്ളവർക്ക് ആശ്രയിക്കാൻ കഴിയുന്ന ശുചിത്വമുള്ള ഹോട്ടലുകളാകും കുടുംബശ്രീ ഭക്ഷണശാലകൾ. ഇത് വരുന്നതോടെ മറ്റ് ഹോട്ടലുകളുടെ ഗുണനിലവാരവും മെച്ചപ്പെടും.
 
ബജറ്റിനെ വിലയിരുത്തി പ്രതിപക്ഷ അനുകൂല പത്രമായ മനോരമ നൽകിയ തലക്കെട്ടുകളിലൊന്ന് "കൃഷി കോളടിച്ചു’ എന്നാണ്. കാർഷികമേഖലയുടെ അടങ്കൽത്തുക 764 കോടിയാണ്. നെൽപ്പാടങ്ങൾ പരിസ്ഥിതി സമതുലിതാവസ്ഥ നിലനിർത്താൻ ആവശ്യമാണ്. അതുകൊണ്ടാണ് കൃഷിഭൂമി നെൽക്കൃഷിക്ക് ഉപയോഗിക്കുന്നതിന് റോയൽറ്റി നൽകാൻ പോകുന്നത്. ഭരണച്ചെലവുകൾ പരമാവധി കുറയ്ക്കാനുള്ള വഴികളും സംസ്ഥാന ബജറ്റ് തേടിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് സ്വകാര്യ സ്കൂളുകളിൽ പുതിയ തസ്തിക സൃഷ്ടിക്കുന്നതിനുമുമ്പ് സർക്കാർഅനുമതി നിർബന്ധിതമാക്കാനുള്ള വ്യവസ്ഥ വിദ്യാഭ്യാസചട്ടത്തിൽ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചത്. അധ്യാപകർക്ക് ശമ്പളം പൊതുഖജനാവിൽനിന്നാണ് നൽകുന്നതെങ്കിലും നിയമനത്തിനുള്ള അവകാശം സ്കൂൾ മാനേജുമെന്റുകൾക്കാണ്. അത് മാറ്റാൻ സർക്കാരോ എൽഡിഎഫോ ഇപ്പോൾ ഉദ്ദേശിച്ചിട്ടില്ല. സ്വകാര്യസ്കൂൾ മാനേജുമെന്റുകളുമായി മല്ലയുദ്ധത്തിനും ഉദ്ദേശ്യമില്ല. എന്നിട്ടും ബജറ്റ് നിർദേശത്തിനെതിരെ ചില സ്കൂൾ മാനേജുമെന്റുകൾ രംഗത്തുവന്നത് നല്ല പ്രവണതയല്ല. ഇത്തരം ഭീഷണികൾക്കുമുന്നിൽ എൽഡിഎഫ് സർക്കാർ മുട്ടുമടക്കില്ല.
 
കേരളത്തിന്റെ ബദൽ വികസനമാതൃക
കേന്ദ്രബജറ്റ് കേരളത്തോട് കാട്ടിയത് കടുത്ത അനീതിയാണ്. പ്രളയദുരിതാശ്വാസ നിഷേധം, ജിഎസ്ടി നഷ്ടപരിഹാരം നൽകാതിരിക്കൽ, വായ്പാ പരിധി ഉയർത്തുന്നതിന്  വിലക്ക് ‐ ഇങ്ങനെ കേന്ദ്രം കേരളത്തോട് കാണിക്കുന്ന രാഷ്ട്രീയപകപോക്കൽ സമാനതയില്ലാത്തതാണ്. ഇതിന് മധ്യേ പദ്ധതികൾ നടപ്പാക്കാൻ ബദൽ സംവിധാനം സൃഷ്ടിച്ച് സംസ്ഥാനത്തെ വികസനത്തിനും ക്ഷേമപാതയിലും മുന്നോട്ടുകൊണ്ടുപോകുകയാണ് എൽഡിഎഫ് സർക്കാർ. ക്ഷേമപെൻഷൻ 100 രൂപകൂട്ടി 1300 രൂപയാക്കി. ഇതിന്റെ പ്രയോജനം 50 ലക്ഷംപേർക്ക് കിട്ടും. വികസനത്തിനുള്ള, ബജറ്റിന് പുറത്തുള്ള ബദൽ സംവിധാനമാണ് കിഫ്ബി. ഇത് ആകാശകുസുമമാണെന്ന പ്രതിപക്ഷ ആക്ഷേപം സോപ്പ് കുമിളപോലെ പൊട്ടി. 54,000 കോടിരൂപയുടെ പദ്ധതികളാണ് കിഫ്ബിക്കുകീഴിൽ പ്രഖ്യാപിച്ചത്. ഇതിൽ 33,000 കോടിരൂപയുടെ പദ്ധതികൾ കാര്യമായ തടസ്സമില്ലാതെ വൈകാതെ പൂർത്തിയാകും. 20,000 കോടിരൂപയുടെ 300 പദ്ധതി ഈവർഷംതന്നെ തീരും. ഇങ്ങനെ മാന്ദ്യം നേരിടുന്ന ഇന്ത്യക്കുതന്നെ മാതൃകയായിരിക്കുന്ന ബദൽ വികസനമാതൃകയാണ് കിഫ്ബി.
 
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോഴാണ് സംസ്ഥാന നിയമസഭയിൽ ബജറ്റ് ചർച്ച പുരോഗമിച്ചത്. പൗരത്വ ഭേദഗതി നിയമത്തിലൂന്നി ഹിന്ദു‐മുസ്ലിം വർഗീയ ചേരിതിരിവ് സൃഷ്ടിച്ച് വോട്ടെടുപ്പിൽ നേട്ടം കൊയ്യാനിറങ്ങിയ ബിജെപിക്ക് വൻ തിരിച്ചടിയുണ്ടായി. 15 വർഷം തുടർച്ചയായി ഡൽഹി ഭരിച്ച കോൺഗ്രസ് വട്ടപ്പൂജ്യമായി. മത്സരിച്ച 66‐ൽ 63‐ഇടത്തും കെട്ടിവച്ചകാശ് കോൺഗ്രസിന് നഷ്ടമായി.  ഇതിൽനിന്നെല്ലാം പാഠം പഠിക്കാൻ ബിജെപിയെ നയിക്കുന്ന മോഡി‐അമിത് ഷാ സംഘവും കോൺഗ്രസ് നേതൃത്വവും തയ്യാറാകുമെന്ന് കരുതാൻ വയ്യ. കേരള ബജറ്റിന്റെ സവിശേഷതകളെയും ജനപക്ഷചായ്വിനെയും തമസ്കരിച്ചും കിഫ്ബിയെ ഉൾപ്പെടെയുള്ളവയെ അപഹസിച്ചും രാഷ്ട്രീയപ്രചാരണം നടത്തുന്ന യുഡിഎഫും ബിജെപിയും കാര്യങ്ങൾ കണ്ണുതുറന്ന് കാണുന്നതിനുള്ള മാനസിക പക്വത കാട്ടുന്നതിനുള്ള പ്രേരണയാണ് ഡൽഹി തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്.