ജനങ്ങളെ മറന്ന കേന്ദ്ര ബജറ്റ്

 ധനമന്ത്രി നിർമല സീതാരാമൻ മോഡി സർക്കാരിനുവേണ്ടി 18,971 വാക്കിലൂടെ അവതരിപ്പിച്ച ബജറ്റിന്റെ ദിശ എങ്ങോട്ടാണ്? ഇത് രാജ്യത്തെ പാവപ്പെട്ടവരെയും ഇടത്തരക്കാരെയും രക്ഷിക്കുന്നതോ ഭരണഘടന വിഭാവനംചെയ്യുന്ന ഫെഡറലിസത്തെയും സോഷ്യലിസ്റ്റ് കാഴ്ചപ്പാടിനെയും ശക്തിപ്പെടുത്തുന്നതോ അല്ല. 130 കോടി ജനങ്ങളെ പൊതുവിൽ ദ്രോഹിക്കുന്നതാണ്. വിരലിലെണ്ണാവുന്ന കോർപറേറ്റുകളെ തഴുകുന്നതും. അങ്ങനെ ജനവിരുദ്ധമാണ് കേന്ദ്രബജറ്റ്.

 
ഇന്ത്യയുടെ സിരാപടലവും അതിലൂടെ ഒഴുകുന്ന ചോരയും കർഷകന്റെയും തൊഴിലാളികളുടേതുമാണ്. അവരെ മറക്കുകയും ദ്രോഹിക്കുകയും ചെയ്തിരിക്കുന്നു. കാർഷികമേഖലയ്ക്ക് കഴിഞ്ഞവർഷം 2.9 ലക്ഷംകോടി രൂപയായിരുന്നു വകയിരുത്തിയത്‌. അത് 2.83 കോടി രൂപയായി കുറച്ചു. ഭക്ഷ്യസബ്സിഡി 1.84 ലക്ഷം കോടിയിൽനിന്ന്‌ 1.08 ലക്ഷം കോടിയായി കുറച്ചു. ഇത് പാവപ്പെട്ടവരുടെ വയറ്റത്തടിക്കുന്നതാണ്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക്‌ മുൻവർഷത്തെ അപേക്ഷിച്ച് 10,000 കോടിരൂപ കുറച്ചു. ഇത് നാട്ടിൽ തൊഴിലില്ലായ്മയും പട്ടിണിയും കൂട്ടും. രാജ്യം മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുമ്പോൾ ജനങ്ങളുടെ വാങ്ങൽശേഷി കൂട്ടുകയാണ് വേണ്ടത്. അതിന് നേർവിപരീത ദിശയിലേക്കാണ് കാര്യങ്ങളെ കൊണ്ടുപോകുന്നത്. നോട്ടു നിരോധനത്തിന്റെ നേട്ടത്തെപ്പറ്റി കഴിഞ്ഞ ബജറ്റ് വാചാലമായിരുന്നു.
 
ഇപ്പോഴാകട്ടെ മിണ്ടാട്ടമില്ല. എന്നാൽ, ജിഎസ്ടിയെപ്പറ്റി പരാമർശമുണ്ട്. ഒരു രാജ്യം ഒരു നികുതി എന്ന പരിഷ്കാരം അടിച്ചേൽപ്പിച്ചതോടെ സംസ്ഥാനങ്ങൾ വൻ വരുമാനച്ചോർച്ച നേരിടുകയാണ്. ഇത് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെ വലിയ തോതിൽ ബുദ്ധിമുട്ടിലാക്കി. ഇത് പരിഹരിക്കാനുള്ള ക്രിയാത്മക നടപടി വേണം. അതിനുള്ള കാഴ്ചപ്പാടില്ല. എന്നാൽ, കോർപറേറ്റുകളെ വീണ്ടും തടിച്ച് കൊഴുപ്പിക്കാനുള്ള നികുതിയിളവ് നയത്തിന് മാറ്റമില്ല. കോർപറേറ്റ് നികുതി 7.6 ലക്ഷം കോടിയാണ് കഴിഞ്ഞ ബജറ്റ് പ്രതീക്ഷിച്ചത്. വാങ്ങിയത് 6.1 ലക്ഷം കോടി. ഇത്തവണത്തെ ബജറ്റാകട്ടെ പ്രതീക്ഷിക്കുന്നതുതന്നെ 6.8 ലക്ഷം കോടിയേ ഉള്ളു. ഭീമമായ നികുതിയിളവ് കോർപറേറ്റുകൾക്ക് നൽകുന്നു.
 
അന്നംതേടി വിദേശത്തേക്ക് പോയ ഇന്ത്യക്കാർ ഈ രാജ്യത്തെ ദാരിദ്ര്യത്തിൽനിന്ന്‌ കരകയറ്റാൻ നിസ്തുലമായ സംഭാവന നൽകിവരുന്നവരാണ്. "നോൺ റസിഡന്റ് ഇന്ത്യൻസ്’ എന്നതിന്റെ അർഥംതന്നെ സങ്കുചിതമാക്കിയിരിക്കുന്നു ഇത്തവണത്തെ ബജറ്റ്. പ്രവാസിനികുതി കൊണ്ടുവരാനുള്ള ആപൽക്കരമായ നിർദേശത്തിൽ പ്രതിഷേധവും ആശങ്കയും മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തെ അറിയിച്ചതിനെത്തുടർന്ന്, മന്ത്രി നിർമല സീതാരാമൻ വിശദീകരണക്കുറിപ്പ് പ്രസിദ്ധീകരിച്ചു. പക്ഷേ, അധിക നികുതി ഒഴിവാക്കാനും പ്രവാസി പദവിയ്ക്കുള്ള മാനദണ്ഡം പുനഃസ്ഥാപിക്കാനും കേന്ദ്രം തയ്യാറായിട്ടില്ല.
 
നികുതിയിളവോടെ ഒരു എൻആർഐക്ക്‌ ഇന്ത്യയിൽ ചെലവഴിക്കാൻ കഴിയുന്ന  ദിവസങ്ങളുടെ എണ്ണം വർഷത്തിൽ 182ൽ നിന്ന് 120 ആയി കുറച്ചു. ലോകത്താകെയുള്ള പ്രവാസി മാനദണ്ഡവ്യവസ്ഥയാണ് 182 എന്നത്. ഇന്ത്യയിൽ 120 ദിവസത്തിൽ കൂടുതൽ താമസിക്കുന്നവർക്ക് പ്രവാസി പദവി നഷ്ടമാകുമ്പോൾ നികുതി ആനുകൂല്യങ്ങളും നഷ്ടമാകും. വിദേശത്ത് ജോലി ചെയ്യുന്ന 21.21 ലക്ഷം കേരളീയരിൽ 89.2 ശതമാനം പശ്ചിമേഷ്യൻ രാജ്യങ്ങളിലാണ്. ഈ മേഖലയിൽ അരക്കോടിയോളം ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ട്. എണ്ണക്കമ്പനികളിലും ചരക്കുകപ്പലുകളിലും എണ്ണക്കിണറുകളിലും ജോലി ചെയ്യുന്നവർക്ക് ഒരു മാസം ജോലി, ഒരു മാസം അവധി എന്നതാണ് രീതി. ഇത്തരം ഓഫ് ഷോർ കമ്പനി തൊഴിലാളികൾ ഉൾപ്പെടെ കഷ്ടപ്പെട്ട് ജോലി ചെയ്യുന്നവർ ഇനി നാട്ടിൽ വന്ന് കുടുംബത്തോടൊപ്പം കഴിയേണ്ട എന്നാണ് മോഡി സർക്കാരിന്റെ കൽപ്പന.
 
നേരിട്ട് നികുതിയില്ലാത്ത രാജ്യങ്ങളിലെ എൻആർഐകൾക്ക് നികുതി ഏർപ്പെടുത്തുമെന്ന ബജറ്റ് നിർദേശത്തെപ്പറ്റിയുള്ള അവ്യക്തത മാറിയിട്ടില്ല. ഈ നിർദേശം നടപ്പാക്കിയാൽ 2000 ദിർഹം ശമ്പളം കിട്ടുന്ന പ്രവാസിപോലും ഇവിടെ നികുതി ഒടുക്കേണ്ടിവരും. അത് പ്രവാസി കുടുംബങ്ങളുടെ കഞ്ഞിപ്പാത്രത്തിൽ മണ്ണിടലാണ്. വിദേശ ഇന്ത്യക്കാരെ ദ്രോഹിക്കുന്ന ബജറ്റിന്റെ ആഘാതം സങ്കൽപ്പിക്കാവുന്നതിലും അപ്പുറമാണ്. ഇത് ഇന്ത്യയുടെയും വിശിഷ്യാ കേരളം പോലുള്ള സംസ്ഥാനങ്ങളുടെയും സമ്പദ്ഘടനയെ തകിടം മറിക്കും. ബാങ്കുവഴി നിയമാനുസൃതം പണം അയക്കുന്നതിനുപകരം സമാന്തരമാർഗങ്ങൾ സ്വീകരിക്കപ്പെടും. കുഴൽപ്പണ മാഫിയ ശക്തിപ്പെടും. രാജ്യത്ത് കള്ളപ്പണ മാഫിയയുടെ പൂക്കാലമാണ് വരാനിരിക്കുന്നത്. കള്ളപ്പണക്കാർക്ക് പണം വെളുപ്പിക്കാനുള്ള അവസരം ഇതുണ്ടാക്കും. എൻആർഐ നിക്ഷേപംകൊണ്ട് ശക്തിപ്പെട്ടിട്ടുള്ള സഹകരണമേഖലാ ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തും. വിദേശത്തേക്ക്‌ സഞ്ചാരത്തിനും പഠനത്തിനും പോകുന്നവർ അഞ്ച്‌ ശതമാനം സർചാർജ്‌ നൽകണമെന്ന നിർദേശവും ദ്രോഹകരമാണ്.
 
രാഷ്ട്രത്തിന്റെ പൊതുസ്വത്ത് സ്വകാര്യവൽക്കരിക്കുന്ന പ്രക്രിയ തുടങ്ങിവച്ചത് കോൺഗ്രസ് ഭരണമാണ്. അതിന്റെ തീവ്രത ബിജെപി ഭരണം വർധിപ്പിച്ചിരിക്കുന്നു. എയർ ഇന്ത്യ, എൽഐസി, റെയിൽവേ, മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയെല്ലാം കണ്ണും മൂക്കുമില്ലാതെ സ്വകാര്യവൽക്കരിക്കുകയാണ്. എന്തിനാണ് ഈ സ്വകാര്യവൽക്കരണം? എൽഐസിയുടെ കാര്യംതന്നെ നോക്കൂ. ഓഹരി വിറ്റഴിക്കൽ പ്രഖ്യാപിച്ച കേന്ദ്ര ബജറ്റ് അവതരണത്തിന്റെ തലേദിവസംമാത്രം ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ വരുമാനം 1228 കോടി രൂപയാണ്. കഴിഞ്ഞ വർഷം എൽഐസി നൽകിയത് 2418.94 കോടിരൂപ. സ്വകാര്യ കമ്പനികളെക്കാൾ പ്രീമിയം വരുമാനവും പോളിസികളുടെ എണ്ണവുമെല്ലാമുള്ള ഈ പൊതുമേഖലാ സ്ഥാപനം ലാഭവിഹിതത്തിന്റെ 95 ശതമാനം പോളിസി എടുത്തവർക്ക് ലാഭമായി നൽകുന്നുണ്ട്. ഇത് സ്വകാര്യ കമ്പനികൾ ചെയ്യാത്തതാണ്. 1956ൽ അഞ്ചു കോടി മുതൽമുടക്കിൽ ആരംഭിച്ച എൽഐസിയുടെ ഇപ്പോഴത്തെ ആസ്തി 31.5 ലക്ഷംകോടി രൂപയുടേതാണ്. സാമൂഹ്യസുരക്ഷ, ഭവനപദ്ധതി, കുടിവെള്ള വിതരണം, റോഡ്, റെയിൽവേ വികസനം തുടങ്ങിയ മേഖലകളിലെല്ലാം എൽഐസിയുടെ പണം നിക്ഷേപിക്കുന്നുണ്ട്. ഇതിനെ സ്വകാര്യവൽക്കരിക്കുന്നതിലൂടെ രാജ്യത്തിന്റെ സാമൂഹ്യക്ഷേമത്തിനും പശ്ചാത്തല വികസനത്തിനും തിരിച്ചടിയാകും. രാജ്യത്തിന്റെ അഭിമാനസ്ഥാപനം വിദേശ, സ്വദേശ കുത്തകകളുടെ കരാളഹസ്തങ്ങളിൽ അമരും.
 
കേരളത്തെ ഇതുപോലെ ദ്രോഹിച്ച മറ്റൊരു ബജറ്റുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രിയും ധനമന്ത്രി തോമസ് ഐസക്കും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേന്ദ്രവിഹിതമായി കഴിഞ്ഞ ബജറ്റിൽ 17,872  കോടിയാണ് അനുവദിച്ചത്. ഇത്തവണയാകട്ടെ കേരളത്തിന് 15,236 കോടിയാക്കി വെട്ടിക്കുറച്ചു. കേരളത്തിനുള്ള നികുതി വിഹിതം 2.5ൽനിന്ന്‌ 1.9 ശതമാനത്തിലേക്ക് താഴ്ത്തി. ഇത് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന വിഹിതമാണ്. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന ഫെഡറൽ സംവിധാനത്തിന്റെ കടയ്ക്കൽ കത്തിവച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. ഇന്ത്യക്കാരെ മറന്ന, കേരളത്തെ ദ്രോഹിക്കുന്ന കേന്ദ്രബജറ്റിനെതിരെ പ്രബുദ്ധ കേരളത്തിന്റെ ശക്തമായ പ്രതിഷേധമാണ് വ്യാഴാഴ്ച, കേന്ദ്രസർക്കാർ ഓഫീസുകളുടെ മുന്നിലേക്ക് സിപിഐ എം സംഘടിപ്പിച്ച ബഹുജന മാർച്ചിൽ തെളിഞ്ഞത്.