പുര കത്തുമ്പോൾ വാഴ വെട്ടുന്ന കേന്ദ്രം

 സ്വാതന്ത്ര്യാനന്തരകാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയെ രാജ്യം ഇന്ന് നേരിടുകയാണ്. ദേശീയ ഐക്യം വെല്ലുവിളിക്കപ്പെടുന്ന നടപടികൾ മോഡി സർക്കാരിൽനിന്ന്‌ ഒന്നിനു പുറകെ ഒന്നായി ഉണ്ടാകുകയാണ്. പൗരത്വ ഭേദഗതി നിയമം കൊണ്ടുവരികയും പൗരത്വ രജിസ്റ്റർ, ജനസംഖ്യാ രജിസ്റ്റർ എന്നിവ നടപ്പാക്കാൻ ഇറങ്ങിപ്പുറപ്പെടുകയും ചെയ്തിരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് രാജ്യം പൊതുവിൽ കരുതുന്നു. ഈ പശ്ചാത്തലത്തിൽ ദേശീയ പ്രക്ഷോഭം ശക്തമാണ്. 30 കോടിയോളംപ്പേർ പങ്കാളികളായ തൊഴിലാളികളുടെ പണിമുടക്കും ബുധനാഴ്ച നടന്നു. ഇതിനുമുമ്പായി ജെഎൻയുവിലെ രാജ്യത്തിന്റെ അഭിമാനങ്ങളായ കൗമാരക്കാരെ ഭരണകൂട പിന്തുണയോടെ മുഖംമൂടി ആക്രമണം നടത്തിയ കാവി ഭീകരതയുമുണ്ടായി.

 
ഇത്തരം അതിക്രമങ്ങൾ കേന്ദ്രഭരണചക്രം തിരിക്കുന്നവരുടെ കൈകളിലെ തരിപ്പിന് തെളിവാണ്. ഈ വേളയിലാണ് കേരളത്തിനെതിരായ പ്രതികാര നടപടികൾക്ക് കേന്ദ്രസർക്കാർ ആക്കം കൂട്ടിയിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് കേന്ദ്രസർക്കാരിനോട് സംസ്ഥാന നിയമസഭ ആവശ്യപ്പെട്ടത് വിവേകപൂർവവും ഭരണഘടനാദത്തവുമായ നടപടിയാണ്. ഇതടക്കമുള്ള പോരാട്ടങ്ങളിലൂടെ കേരളവും പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽഡിഎഫ് സർക്കാരും ഇന്ത്യയെ നയിക്കുകയാണ്. ഇതിൽ മോഡി അമിത് ഷാ കൂട്ടുകെട്ടും ആർഎസ്എസും വിറളിപൂണ്ടിരിക്കുകയാണ്. അതിന്റെ പ്രതിഫലനമാണ് കേരളത്തിനുള്ള പ്രളയദുരിതാശ്വാസ നിഷേധം. ഇത് അപക്വരാഷ്ട്രീയവും മനുഷ്യത്വഹീനവുമാണ്.
 
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതാധികാര സമിതിയോഗം മറ്റ് ഏഴ് സംസ്ഥാനങ്ങൾക്ക് പ്രളയദുരിതാശ്വാസം അനുവദിച്ചപ്പോൾ കേരളത്തിന് നയാപൈസ നൽകിയില്ല. ഏഴിൽ അഞ്ച് സംസ്ഥാനങ്ങൾ ബിജെപി ഭരിക്കുന്നവയാണ്. രണ്ട് സംസ്ഥാനങ്ങളാകട്ടെ കോൺഗ്രസിന്റെയോ കോൺഗ്രസ് ഉൾപ്പെടുന്ന മുന്നണികളുടെയോ സർക്കാരുകളാണ്. ആ സംസ്ഥാനങ്ങൾക്ക് സഹായധനം അനുവദിച്ചിട്ടും കേരളത്തെ തഴഞ്ഞത് ഈ സംസ്ഥാനത്തെ പാഠം പഠിപ്പിക്കുന്നതിനാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ സംസ്ഥാനത്തിനുള്ള മുന്നറിയിപ്പും ഭീഷണിയുമാണ്. അതുകൊണ്ടുതന്നെ ഈ പ്രശ്നം കേരളത്തിന്റെ നാല് ചുവരിൽ ഒതുങ്ങുന്നതല്ല. ഒരു ദേശീയ വിഷയമാണ്. ഭരണഘടന അനുശാസിക്കുന്ന ആരോഗ്യകരമായ കേന്ദ്ര സംസ്ഥാന ബന്ധങ്ങളുടെയും ഫെഡറലിസത്തിന്റെയും കടയ്ക്കൽ കത്തിവയ്ക്കുന്നതാണ്.
 
കേരളത്തെ തഴഞ്ഞു
 
നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തെയാണ് 2018ൽ നമ്മൾ നേരിട്ടത്. അന്ന് 5616 കോടി രൂപ സംസ്ഥാനം ചോദിച്ചു. കേന്ദ്രം തന്നതാകട്ടെ 2904 കോടി രൂപ. പ്രളയത്തിൽനിന്ന് കരകയറാൻ പ്രത്യേക പാക്കേജ് സമർപ്പിച്ചെങ്കിലും അതും തള്ളി. യുഎഇ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങൾ വാഗ്ദാനംചെയ്ത സഹായം കൈപ്പറ്റാനും അനുവദിച്ചില്ല. സഹായം സ്വരൂപിക്കാനുള്ള മന്ത്രിമാരുടെ വിദേശയാത്ര വിലക്കി. 2018ലെ പ്രളയക്കെടുതിയിൽനിന്ന്‌ കരകയറുംമുമ്പേ 2019ലും സംസ്ഥാനം വലിയ പ്രകൃതിദുരന്തത്തെ നേരിട്ടു. മലബാർമേഖലയിൽ കൊടിയ നാശങ്ങളാണുണ്ടായത്. ഉരുൾപൊട്ടലും വെള്ളപ്പൊക്കവും കാരണം നിരവധി ജീവനുകൾ നഷ്ടമായി. അന്ന് കേന്ദ്രമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഇവിടെ വന്നു. കേരളത്തിന്റെ കണ്ണീരൊപ്പാൻ കേന്ദ്രസർക്കാർ ഉണ്ടാകുമെന്ന് വാഗ്ദാനംചെയ്തു. പക്ഷേ, കണ്ണീരൊപ്പുകയല്ല, കേരളത്തിന്റെ കണ്ണിൽ മുളക് തേയ്ക്കുകയാണ് മോഡി സർക്കാർ ചെയ്തിരിക്കുന്നത്.
 
അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതാധികാര സമിതിയോഗം കേരളത്തെ തഴഞ്ഞതിലെ വിശദീകരണം രാജ്യത്തിന് നൽകാനുള്ള ഉത്തരവാദിത്തം പ്രധാനമന്ത്രിക്കുണ്ട്-. കഴിഞ്ഞവർഷം പ്രളയമുണ്ടായ മറ്റ് ഏഴ് സംസ്ഥാനങ്ങൾക്കായി 5908 കോടി രൂപയുടെ സഹായം അനുവദിച്ചു. സഹായം നേടിയ ഏഴ് സംസ്ഥാനങ്ങളിൽ അഞ്ചും ബിജെപി ഭരണമുള്ളതാണെന്ന് നേരത്തെ സൂചിപ്പിച്ചല്ലോ. ഭരിക്കുന്ന പാർടി ഏതെന്ന് നോക്കി പ്രളയനിവാരണ സഹായം കേന്ദ്രം അനുവദിക്കുന്നത്- തികഞ്ഞ പാപ്പരത്തമാണ്.
 
പ്രളയദുരന്തത്തിനുള്ള നഷ്ടപരിഹാരം നിഷേധിച്ചതിനു പിന്നാലെ ദുരിതാശ്വാസക്യാമ്പുകളിൽ വിതരണംചെയ്ത അരിയുടെ പണം സംസ്ഥാനത്തിനോട് ആവശ്യപ്പെട്ട് കേന്ദ്രം നോട്ടീസ് നൽകിയിരിക്കുകയാണ്. മഹാപ്രളയകാലത്ത് 2018ൽ സൗജന്യമായി വിതരണംചെയ്ത 89,540 മെട്രിക്‌ ടൺ അരിയുടെ വിലയായി 205.81 കോടി രൂപ ഉടൻ നൽകണമെന്നാണ് തീട്ടൂരം. കേന്ദ്രം സൗജന്യമായി അരി വിതരണം ചെയ്തെന്നാണ് അന്ന് കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും പറഞ്ഞത്. എന്നിട്ടാണ് ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ ജനറൽ മാനേജർ സംസ്ഥാന ദുരന്തനിവാരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ‘മോസ്റ്റ് അർജന്റ്’ എന്ന ശീർഷകത്തിൽ നോട്ടീസ് നൽകിയിരിക്കുന്നത്. കേരളത്തോടുള്ള കേന്ദ്രത്തിന്റെ രാഷ്ട്രീയ പകപോക്കൽ എത്രമാത്രം മനുഷ്യത്വരഹിതമാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. പരിഹാസ്യമായ കേന്ദ്രനടപടിയെപ്പറ്റി ഇവിടത്തെ ബിജെപി നേതാക്കൾക്കും കേന്ദ്രമന്ത്രി മുരളീധരനും എന്താണ് പറയാനുള്ളത്.
 
രണ്ടാം മോഡി സർക്കാർ അധികാരത്തിലേറിയതിനുശേഷം കേന്ദ്ര‐ സംസ്ഥാന ബന്ധങ്ങളിൽ അനഭിലഷണീയ രീതികൾ ശക്തിപ്പെടുകയാണ്. കേന്ദ്ര സംസ്ഥാന ബന്ധത്തിൽ വഷളായ സമ്പ്രദായങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്ര വഷളൻ രീതികൾ അപൂർവമാണ്. സ്വാതന്ത്ര്യാനന്തരം ഒരു നീണ്ടകാലം കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഒറ്റപ്പാർടി ഭരണമാണുണ്ടായിരുന്നത്. അതിന് അപവാദമായത് 1957ൽ ഏപ്രിൽ 1959 ജൂലൈവരെ ഇ എം എസിന്റെ നേതൃത്വത്തിൽ നിലനിന്ന കേരളത്തിലെ കമ്യൂണിസ്റ്റ് ഭരണമാണ്. ആ സർക്കാരിനെ രാഷ്ട്രപതിയെ ഉപയോഗിച്ച് പിരിച്ചുവിട്ട കേന്ദ്രസർക്കാർ നടപടി കേന്ദ്ര സംസ്ഥാന ബന്ധങ്ങളിലെ ആരോഗ്യപരമായ സ്വഭാവത്തെ കശാപ്പ് ചെയ്യുന്നതായിരുന്നു. എന്നാൽ, 1977ലെ തെരഞ്ഞെടുപ്പിനുശേഷം ഏകകക്ഷി ഭരണത്തിന് അന്ത്യമായി. പക്ഷേ, രണ്ടാം മോഡി സർക്കാരിന്റെ വരവോടെ ഹിന്ദുത്വശക്തികളുടെ ഏകകക്ഷി ഭരണം അടിച്ചേൽപ്പിക്കാനുള്ള ഏകാധിപത്യവാഴ്ചയുടെ പ്രവണതകൾ ശക്തിപ്പെടുത്തിയിരിക്കുകയാണ്. 
 
സാമ്പത്തികമായി വീർപ്പുമുട്ടിക്കാനുള്ള ശ്രമം
 
സംസ്ഥാനങ്ങളെ സാമ്പത്തികമായി വീർപ്പുമുട്ടിക്കുന്നതിനുള്ള നടപടിയും മോഡി സർക്കാർ എടുത്തിരിക്കുന്നു. ജിഎസ്ടിയുടെ മറവിൽ സംസ്ഥാനങ്ങളെ കേന്ദ്രസർക്കാർ ശ്വാസംമുട്ടിക്കുകയാണ്. വിശേഷിച്ച് കേന്ദ്രഭരണകക്ഷിയോട് രാഷ്ട്രീയമായി എതിരഭിപ്രായമുള്ള സർക്കാരുള്ള കേരളത്തോട്. ജിഎസ്ടി കുടിശ്ശിക, നഷ്ടപരിഹാരം എന്നിവ നീതിപൂർവം നൽകുന്നില്ല. വായ്-പാപരിധി ഉയർത്താൻ സമ്മതിക്കുന്നില്ല. ലോട്ടറിവരുമാനം ഗണ്യമായി ഇടിക്കുംവിധം പൊതു ജിഎസ്-ടി വ്യവസ്ഥ അടിച്ചേൽപ്പിച്ചു. ഇതെല്ലാം കേരളത്തെ സാമ്പത്തികമായി ശ്വാസംമുട്ടിച്ച് ഇല്ലാതാക്കുന്നതാണ്. ഇതിന്റെ ദുരിതം പേറേണ്ടിവരുന്നത് സാധാരണക്കാരും പാവപ്പെട്ടവരുമാണ്.
 
ഭരണഘടനയുടെ 246-ാം വകുപ്പിൽ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ധനാഗമന മാർഗങ്ങളെപ്പറ്റി പറയുന്നുണ്ട്. 246-ാം  വകുപ്പിനോടനുബന്ധിച്ചുള്ള ഏഴാം ഷെഡ്യൂളിൽ യൂണിയൻ ഗവൺമെന്റിന്റെയും സംസ്ഥാന ഗവൺമെന്റിന്റെയും നികുതവരുമാനത്തിന്റെ അവകാശങ്ങളെയും ഇരുകൂട്ടർക്കും ഉപയോഗിക്കാവുന്ന ഇനങ്ങളെയും വേർതിരിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ജിഎസ്ടി നടപ്പാക്കിയെങ്കിലും ഇതുകൂടി മാനദണ്ഡമാക്കിയാണ് നികുതിവിഹിതം പങ്കുവയ്ക്കുന്നത്. ഇതിനപ്പുറം സംസ്ഥാനങ്ങൾക്ക് നികുതിവിഹിതമായിട്ടോ ഗ്രാന്റായിട്ടോ കൂടുതൽ സഹായം കേന്ദ്രം ചെയ്യാൻ ബാധ്യസ്ഥമാണെന്ന് 280-ാം വകുപ്പ് അടിവരയിടുന്നു. അതുപ്രകാരമാണെങ്കിൽ പ്രളയദുരിത നിവാരണ സഹായം കേരളത്തിന് നിരസിച്ച കേന്ദ്രസർക്കാർ നടപടി ഭരണഘടനാ വിരുദ്ധമാണ്.
 
ബിജെപിയുമായി രാഷ്ട്രീയവിയോജിപ്പുള്ള സംസ്ഥാന സർക്കാരുകളെ അസ്ഥിരമാക്കുകയെന്ന നയമാണ് മോഡി സർക്കാരിനുള്ളത്. എംഎൽഎമാരെ വിലയ്ക്കെടുക്കാൻ കഴിയുന്നിടത്ത് അങ്ങനെ ചെയ്ത് സർക്കാരിനെ അട്ടിമറിക്കും. കർണാടകം, ഗോവ, മണിപ്പുർ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെ അനുഭവം അതാണ് ഓർമിപ്പിക്കുന്നത്. ഇവിടെ എൽഡിഎഫ് സർക്കാരിനെ തകിടം മറിക്കുന്നതിന് ആ അടവ് പ്രായോഗികമല്ലെന്നു കണ്ടാണ് സാമ്പത്തികമായി ശ്വാസംമുട്ടിച്ച് സർക്കാരിനെ ബലഹീനമാക്കാൻ നോക്കുന്നത്. നിലവിലെ സാമ്പത്തികമാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ ധനകമ്മി പരിധി ഉയർത്താൻ സംസ്ഥാനങ്ങൾ ജിഎസ്ടി കൗൺസിൽ യോഗത്തിൽ ആവശ്യമുന്നയിച്ചു. പരിഹരിക്കാമെന്ന ഉറപ്പ് കേന്ദ്രം ഇതുവരെ പാലിച്ചിട്ടില്ല. ചെലവ് ഉയർത്തി മാന്ദ്യം മറികടക്കാനുള്ള ബദൽനയവും മാർഗവുമാണ് കേരളം സ്വീകരിച്ചിരിക്കുന്നത്. അതിന്റെ നേർദൃഷ്ടാന്തമാണ് കിഫ്ബി പദ്ധതി. കിഫ്ബിക്കു കീഴിൽ 45,000 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു. 20,000 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ബജറ്റിനുപുറത്ത് മൂലധനച്ചെലവ് കൂട്ടുന്ന മാതൃകാപരമായ പദ്ധതിയാണ് ഇത്. അത് കേരള സമ്പദ്ഘടനയ്ക്ക് ഗുണകരമാണ്. അർഹമായ സഹായം കേന്ദ്രസർക്കാർ നൽകിയിരുന്നെങ്കിൽ സംസ്ഥാനത്തെ പുനർനിർമാണ പദ്ധതികളും വികസനപദ്ധതികളും കൂടുതൽ വേഗത്തിലും വിപുലമായും പൂർത്തീകരിക്കാൻ കഴിയുമായിരുന്നു. കേന്ദ്ര നിസ്സഹകരണവും രാഷ്ട്രീയവിരോധംമൂലമുള്ള സഹായനിഷേധവും പലവിധ പ്രയാസങ്ങൾ സൃഷ്ടിക്കുന്നു.
 
പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന ജനങ്ങളുടെ വികാരം പ്രകടിപ്പിച്ച് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയതിന് കേരളത്തെ ശിക്ഷിക്കുകയാണ് മോഡി അമിത് ഷാ കൂട്ടുകെട്ട്. ‘ഒറ്റ രാജ്യം ഒരു നിയമം’ എന്ന പല്ലവി കശ്മീരിന്റെ കാര്യത്തിൽ മുഴക്കിയ കേന്ദ്രഭരണക്കാരുടെ ചിറ്റമ്മനയം പ്രളയസഹായം അനുവദിക്കുന്നതിൽ തെളിഞ്ഞിരിക്കുകയാണ്. പ്രളയദുരിതത്തിൽനിന്ന് പൂർണമായി മുക്തിനേടാത്ത, അതിനായി കഠിനപ്രയത്നം നടത്തുന്ന കേരളത്തിന് സഹായധനം നിഷേധിച്ചതിലൂടെ കേന്ദ്രസർക്കാർ പുരകത്തുമ്പോൾ വാഴവെട്ടുന്ന മനുഷ്യത്വരഹിതമായ സമീപനത്തിലാണ്. ഇതിനു മുന്നിൽ കേരളത്തിനും ജനാധിപത്യ ഇന്ത്യക്കും കീഴടങ്ങാനാകില്ല. പൗരത്വ പ്രക്ഷോഭത്തിന് ആക്കംകൂട്ടുന്ന കേരളത്തെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുന്ന കേന്ദ്രസർക്കാരിന്റെ ഹുങ്ക് വകവച്ചുകൊടുക്കാൻ കഴിയില്ല. ഭരണഘടന ഉറപ്പുനൽകുന്ന സ്വാതന്ത്ര്യത്തെയും ഫെഡറൽ ജനാധിപത്യവ്യവസ്ഥയെയും തകിടംമറിക്കാൻ മോഡിയെയും അമിത് ഷായെയും ആർഎസ്എസിനെയും അനുവദിക്കില്ലെന്ന് ജനാധിപത്യ ഇന്ത്യ പ്രഖ്യാപിക്കണം. സംസ്ഥാന നിയമസഭയും സംസ്ഥാന സർക്കാരും ആർഎസ്എസ് നയിക്കുന്ന കേന്ദ്രസർക്കാരിന്റെ ആജ്ഞാനുവർത്തികളല്ല. പൗരത്വ ഭേദഗതി നിയമത്തിനും കേരളത്തിനെതിരെ കേന്ദ്രസർക്കാർ നടപ്പാക്കുന്ന സാമ്പത്തിക ഉപരോധത്തിനും എതിരെ സമരം ചെയ്യാൻ എല്ലാ രാജ്യസ്നേഹികളും ജനാധിപത്യവിശ്വാസികളും മുന്നോട്ടുവരണം.