വഴികാട്ടുന്ന കേരളം

 പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് കേരള നിയമസഭ ഏകകണ്ഠമായി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത് ഇന്ത്യക്ക് വഴികാട്ടുന്ന കരുത്തുറ്റ ചുവടുവയ്പാണ്. പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെയും അതിനെ പിന്തുണച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും സഭാംഗങ്ങളെയും രാജ്യത്തിന്റെ വിവിധ മേഖലകളിൽനിന്നും അഭിനന്ദിക്കുന്നുണ്ട്. പൗരത്വഭേദഗതി നിയമത്തിനെതിരെ ദേശീയമായി അലയടിക്കുന്ന പ്രതിഷേധത്തെ ശക്തിപ്പെടുത്തുന്നതാണ് കേരള നിയമസഭയുടെ നടപടി.

പ്രമേയാവതരണത്തെ ബിജെപി നേതാവ് ഒ രാജഗോപാൽ എതിർക്കുകയും പ്രമേയത്തോട് വിയോജിക്കുകയും ചെയ്തെങ്കിലും വോട്ടെടുപ്പിൽ അദ്ദേഹം എതിർത്തില്ല. അതിനാൽ സാങ്കേതികമായി പ്രമേയം പാസായിരിക്കുന്നത് ഏകകണ്ഠമായാണ്. പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രത്യേക നിയമസഭാ സമ്മേളനം ചേർന്ന് പ്രമേയം പാസാക്കാൻ നേതൃത്വം നൽകിയ മുഖ്യമന്ത്രി നിയമവശം പരിശോധിക്കാൻ നല്ല ഉപദേശകരെ തേടണമെന്നാണ് കേന്ദ്ര നിയമ മന്ത്രി രവിശങ്കർപ്രസാദ് തിരുവനന്തപുരത്ത് അഭിപ്രായപ്പെട്ടത്. അതിലൂടെ ബിജെപി നേതാവായ നിയമ മന്ത്രി അർഥമാക്കുന്നത് എൽഡിഎഫ് സർക്കാരും നിയമസഭയും നിയമവിരുദ്ധ നടപടി എന്തോ സ്വീകരിച്ചുവെന്നാണ്. മുഖ്യമന്ത്രിക്കെതിരെ കേന്ദ്ര മന്ത്രി ഇവിടെ പ്രസ്താവന നടത്തുമ്പോൾ ഡൽഹിയിൽ ബിജെപി എംപി ജി വി എൽ നരസിംഹറാവു അവകാശലംഘനത്തിന് രാജ്യസഭാ ചെയർമാന് നോട്ടീസ് കൊടുക്കുകയും ചെയ്തു. പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രിയുടെ പ്രസംഗം ഭരണഘടനാ പദവിയുടെ ദുരുപയോഗമാണെന്നും അതിനാൽ പാർലമെന്ററി ചട്ടലംഘനത്തിന് നടപടി സ്വീകരിക്കണമെന്നുമാണ് നോട്ടീസിലെ ആവശ്യം. രാജ്യസഭയുമായി ബന്ധപ്പെട്ട നോട്ടീസിന്റെ കാര്യം രാജ്യസഭ തീർപ്പാക്കട്ടെ. പക്ഷേ, ഇന്ത്യൻ ഭരണഘടനയെപ്പറ്റി അറിയാവുന്ന ആരും കേരള നിയമസഭ ചെയ്തത് നിയമവിരുദ്ധ നടപടിയാണെന്ന് പറയില്ല. അതിനാൽ ഭരണഘടന കേന്ദ്ര നിയമ മന്ത്രി ഒന്നുകൂടി വായിക്കുന്നത് ഉചിതമായിരിക്കും.
 
ഭരണഘടനയോട് അശേഷം മാന്യത കാട്ടാത്തവരാണ് ബിജെപിയും ആർഎസ്എസും അവർ നയിക്കുന്ന മോഡി സർക്കാരും. എന്നാൽ, കേരള നിയമസഭയിൽ പ്രമേയം കൊണ്ടുവന്ന എൽഡിഎഫ് സർക്കാർ ഭരണഘടനയെയും അതിന്റെ മൂല്യങ്ങളെയും മാനിക്കുന്നു. പൗരത്വ നിയമത്തിൽ ഭേദഗതി കൊണ്ടുവരാനുള്ള സമ്പൂർണ അധികാരം പാർലമെന്റിനുണ്ട്. ആ അധികാരത്തെ സംസ്ഥാന നിയമസഭയോ മുഖ്യമന്ത്രിയോ ചോദ്യം ചെയ്യുന്നില്ല. പാർലമെന്റിൽ എൻഡിഎക്കുള്ള ഭൂരിപക്ഷം ഉപയോഗപ്പെടുത്തി പൗരത്വഭേദഗതി ബിൽ കൗശലപൂർവം പാസാക്കുകയായിരുന്നു. ഭരണഘടന ഉറപ്പുനൽകുന്ന അനുച്ഛേദം 14 പ്രകാരമുള്ള സമത്വത്തെ ഇല്ലാതാക്കുന്നതാണ് ഈ ബിൽ. മതത്തെ അടിസ്ഥാനമാക്കി പൗരത്വം നൽകാനോ,  മതം നോക്കി പൗരത്വം നിഷേധിക്കാനോ ഭരണഘടന അനുമതി നൽകുന്നില്ല. അത് പാർലമെന്റിൽ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതാണ്. അത് പരിഗണിക്കാതെ ചൂടാറുംമുമ്പ് ബില്ലിൽ രാഷ്ട്രപതി ഒപ്പുചാർത്തി. അതോടെ ഭേദഗതി നിയമം പ്രാബല്യത്തിലാക്കി കേന്ദ്ര സർക്കാർ ഉത്തരവും പുറപ്പെടുവിച്ചു.
 
കേന്ദ്ര സർക്കാർ ഉത്തരവിനെ ചോദ്യംചെയ്ത് അറുപതിലധികം ഹർജി എത്തിയെങ്കിലും അതിൽ അടിയന്തരമായി ഇടപെടാൻ സുപ്രീംകോടതി തയ്യാറായിട്ടില്ല. കേസിൽ കേരളസർക്കാർ കക്ഷി ചേരണമെന്ന നിർദേശം നിയമസഭയിൽ വന്നിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്വാതന്ത്ര്യസമരകാലത്തെ അനുസ്മരിപ്പിക്കുന്ന പ്രക്ഷോഭം രാജ്യത്ത് അലയടിക്കുകയാണ്. പൗരത്വഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനും ജനസംഖ്യാ രജിസ്റ്ററിനും എതിരെ ബിജെപി ഇതര എൻഡിഎ കക്ഷികൾ തന്നെ പരസ്യനിലപാട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ രാജ്യസഭയിൽ ഇപ്പോൾ ഈ വിഷയത്തിൽ മോഡി സർക്കാരിനുള്ള ഭൂരിപക്ഷ പിന്തുണ നഷ്ടമായിരിക്കുകയാണ്. എങ്കിലും പാർലമെന്റ് പാസാക്കിയ ബിൽ രാഷ്ട്രപതി ഒപ്പിടുകയും കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തതിനാൽ ആ നിയമം പിൻവലിക്കാൻ കേന്ദ്ര സർക്കാരിനോട് സംസ്ഥാന നിയമസഭ ആവശ്യപ്പെടുകയാണ് ചെയ്തിരിക്കുന്നത്. അത് തികച്ചും നിയമവിധേയമായ നടപടിയാണ്.
 
പൗരത്വ ഭേദഗതി നിയമത്തിൽ കേരളത്തിലെ ജനങ്ങൾ പൊതുവിൽ ആശങ്കയിലാണ്. അക്കാര്യത്തിലുള്ള സംസ്ഥാനത്തിന്റെ വികാരം കേന്ദ്ര സർക്കാരിനെ അറിയിക്കാനുള്ള  ഭരണഘടനാദത്തമായ ഏറ്റവുമുയർന്ന വേദിയാണ് നിയമസഭ. ഇതിനു മുമ്പും കേന്ദ്ര സർക്കാർ നിലപാടുകളോടും നിയമങ്ങളോടും വിയോജിച്ച് സംസ്ഥാന നിയമസഭ പ്രമേയങ്ങൾ പാസാക്കിയിട്ടുണ്ട്. പക്ഷേ, കേന്ദ്രം നടപ്പാക്കിയ ജനവിരുദ്ധ ഭരണഘടനാമൂല്യനിരാസ നിയമത്തോട് എതിർപ്പറിയിക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം ചേർന്ന് വിശദമായി ചർച്ച നടത്തി പ്രമേയം പാസാക്കിയത് സംസ്ഥാന ചരിത്രത്തിൽ ആദ്യമാണ്. അങ്ങനെ ചെയ്യാനുള്ള ഭരണഘടനാപരമായ അവകാശവും അധികാരവും ഒരു സംസ്ഥാനത്തിനുണ്ട്.
 
ഇന്ത്യയെന്നത് അധികാരമുള്ള സംസ്ഥാനങ്ങളും കേന്ദ്ര ഭരണവും ചേരുന്നതാണ്. അങ്ങനെ ജനാധിപത്യ വികേന്ദ്രീകരണ അധികാരമുള്ള രാജ്യമാണ് ഇന്ത്യ. പാകിസ്ഥാൻ വിഭജനത്തിനുശേഷമുള്ള രാഷ്ട്രത്തിന് ഇന്ത്യൻ യൂണിയൻ എന്ന ഫെഡറൽ സംവിധാനമാണ് ഉണ്ടാക്കിയത്. അടിയന്തരാവസ്ഥയ്ക്കെതിരായ സമരത്തിൽ പങ്കെടുത്തപ്പോൾ അക്കാര്യം ഉരുവിട്ട ബിജെപി നേതാക്കൾ ഇപ്പോൾ അതെല്ലാം വിഴുങ്ങിയിരിക്കുകയാണ്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള സ്റ്റീം റോളർ ഉരുട്ടാൻ വേണ്ടിയാണത്. ഫെഡറൽ സംവിധാനത്തിൽ കേന്ദ്രീകരണവും വികേന്ദ്രീകരണവും ചേർന്ന ഒരു ഭരണഘടനാ സംഘടനാ രീതിയാണുള്ളത്. കേന്ദ്രത്തിനു മാത്രം നിറവേറ്റാൻ കഴിയുന്ന രാജ്യരക്ഷ, വിദേശനയം, നാണയവ്യവസ്ഥ മുതലായവ പൂർണമായും കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാണ്. സാമ്പത്തിക വികസനത്തിന്റെ വിവിധ മേഖലകളെയും അവയിൽ നടക്കുന്ന പ്രവർത്തനങ്ങളെയും ഏകോപിപ്പിക്കാനുള്ള ജോലിയും കേന്ദ്രം നിർവഹിക്കണം. എന്നാൽ, ഇത്തരം കാര്യങ്ങളടക്കം സംസ്ഥാനങ്ങളെക്കൂടി സഹകരിപ്പിച്ചുകൊണ്ടുവേണം കേന്ദ്രം പ്രവർത്തിക്കാൻ. സംസ്ഥാനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടണമെന്നതും നമ്മുടെ ഭരണഘടനയുടെ കാഴ്ചപ്പാടാണ്.
 
ഇപ്രകാരം ഭരണഘടനാ നിർമാതാക്കൾ വിഭാവനം ചെയ്ത മഹത്തായ ആശയങ്ങൾക്ക് അനുസൃതമായാണ്, പൗരത്വഭേദഗതി നിയമം പിൻവലിക്കാൻ പ്രമേയം വഴി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട കേരള നിയമസഭയുടെ നടപടി. "ഇന്ത്യയെ നയിച്ച് കേരളം’ എന്നാണ് ഇതിനെ പല പത്രമാധ്യമങ്ങളും വിലയിരുത്തിയിരിക്കുന്നത്. ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷതയെ തകർക്കുന്ന നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന ഇന്ത്യയിലെ ആദ്യ നിയമസഭയാണ് കേരളത്തിലേത്. കേരളമാതൃക സ്വീകരിക്കാൻ തമിഴ്നാടിനോട് ഡിഎംകെ നേതാവ് എം കെ സ്റ്റാലിൻ ആവശ്യപ്പെട്ടു.
 
പൗരത്വഭേദഗതി നിയമത്തെ എതിർക്കാനും പൗരത്വ രജിസ്റ്റർ (എൻആർസി) നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചും ആദ്യം രംഗത്തുവന്ന മുഖ്യമന്ത്രി പിണറായി വിജയനാണ്. ആ വഴിയിൽ മറ്റ് 13 മുഖ്യമന്ത്രിമാർ കൂടി എത്തി. കേന്ദ്രനിയമത്തെ എതിർത്ത കേരള നിയമസഭയുടെ നടപടി മറ്റു സംസ്ഥാനങ്ങളിലും പടരുമോ എന്ന ആശങ്കയിൽ കേന്ദ്ര സർക്കാർ എത്തിയിരിക്കുന്നുവെന്നാണ് മാധ്യമ റിപ്പോർട്ട്. പൗരത്വനിയമത്തിൽ 13 സംസ്ഥാനം വിയോജിക്കുകയും കേരള നിയമസഭ പ്രമേയം പാസാക്കുകയും ചെയ്തതിനാൽ നിയമം പിൻവലിക്കാൻ നടപടിയെടുക്കുകയാണ് വിവേകമുണ്ടെങ്കിൽ മോഡി സർക്കാർ ചെയ്യേണ്ടത്. മുഖ്യമന്ത്രിമാരുമായി ഇക്കാര്യം ചർച്ച ചെയ്യാൻ അടിയന്തരമായി ഇന്റർ സ്റ്റേറ്റ് കൗൺസിൽ വിളിച്ചുചേർക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി തയ്യാറാകണം.
 
കേന്ദ്രം എന്തു നിർദേശിച്ചാലും പൗരത്വപീഡനത്തിനുവേണ്ടി തടങ്കൽ പാളയങ്ങൾ കേരളത്തിൽ ഉണ്ടാക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന നിയമസഭയിൽ പ്രകടമായ ഐക്യം സഭയ്ക്കു പുറത്തും ശക്തിപ്പെടുത്തേണ്ടതുണ്ട്. യോജിച്ച പ്രക്ഷോഭത്തിനെതിരെ കോൺഗ്രസിലെ ചില നേതാക്കളും യുഡിഎഫ് കക്ഷികളിലെ ചിലരും അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിരുന്നു. അവർക്ക് വീണ്ടുവിചാരമുണ്ടാകുന്നതിന് നിയമസഭാ നടപടി പ്രേരണയാകട്ടെയെന്ന് ആശിക്കുകയാണ്. ജനാധിപത്യവിരുദ്ധ നിയമവുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോകുമെന്നാണ് കേന്ദ്ര നിയമ മന്ത്രിയുടെ വാക്കുകൾ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ എൽഡിഎഫ് ആഹ്വാനം ചെയ്തിട്ടുള്ള ജനുവരി 26ലെ ഭരണഘടനാ സംരക്ഷണ മനുഷ്യച്ചങ്ങല ഉൾപ്പെടെയുള്ള പ്രക്ഷോഭപരിപാടികൾ ശക്തമാക്കാനും വിജയമാക്കാനും എല്ലാ രാജ്യസ്നേഹികളും മുന്നോട്ടുവരണമെന്ന് അഭ്യർഥിക്കുന്നു.