തകരാത്ത അടിത്തറ

 എൽഡിഎഫ് കേവലമൊരു തെരഞ്ഞെടുപ്പ് കൂട്ടുകെട്ടല്ല. അതുകൊണ്ടുതന്നെ ഒരു തെരഞ്ഞെടുപ്പിലെ ഫലത്തെമാത്രം ആസ്പദമാക്കി, അതിന്റെ പ്രസക്തിയും മുന്നേറ്റവും വിലയിരുത്താനാകില്ല. എൽഡിഎഫ്- രൂപംകൊണ്ടതും  നിലനിൽക്കുന്നതും ഉന്നതമായ രാഷ്ട്രീയവും ജനതാൽപ്പര്യവും അടിസ്ഥാനമാക്കിയാണ്. അതിനാൽ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ഈ മുന്നണി നേരിട്ട വലിയ പരാജയത്തെ അടിസ്ഥാനമാക്കി എൽഡിഎഫ് തകർന്നുവെന്നും ഇതിന് ഭാവിയില്ലെന്നുമുള്ള ചിലരുടെ ചിത്രീകരണവും സങ്കൽപ്പവും അബദ്ധ പഞ്ചാംഗമാണ്. ഇതിനെ സാധൂകരിക്കുന്നതാണ് പ്രാദേശിക ഉപതെരഞ്ഞെടുപ്പുകളുടെയും കോളേജ് സർവകലാശാല തലങ്ങളിലെ യൂണിയൻ തെരഞ്ഞെടുപ്പുകളുടെയും ഫലങ്ങൾ.

 
പുതുതലമുറ പുരോഗമനചേരിക്കൊപ്പം 
 
ലോക‌്സഭാ തെരഞ്ഞെടുപ്പുഫലം പുറത്തുവന്ന് ആഴ്ചകൾക്കുള്ളിൽ സംസ്ഥാനത്തെ 13 ജില്ലയിലെ 44 വാർഡിൽ നടന്ന തദ്ദേശഭരണ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേടിയത് 22 സീറ്റാണ്. എന്നാൽ, ലോക‌്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20 ൽ 19 സീറ്റ് നേടിയ യുഡിഎഫിന് കിട്ടിയതാകട്ടെ 17 സീറ്റും. കേന്ദ്രത്തിൽ രണ്ടാവട്ടം മൂന്നിൽരണ്ട് ഭൂരിപക്ഷത്തിൽ ഭരണം നേടിയ ബിജെപിക്കാകട്ടെ 5 സീറ്റും. പാർലമെന്റ് തെരഞ്ഞെടുപ്പിലെ തോൽവിയോടെ എൽഡിഎഫിന്റെ നാളുകൾ എണ്ണപ്പെട്ടൂവെന്ന് ആഹ്ളാദിച്ചവർക്കുള്ള ചുട്ടമറുപടിയാണ് പുതിയ ഫലം. ലോക‌്സഭാ തെരഞ്ഞെടുപ്പിനെത്തുടർന്ന് എൽഡിഎഫ് സർക്കാരിനും മുന്നണിക്കുമെതിരെ അതിശക്തമായ മാധ്യമ കടന്നാക്രമണവും ശത്രുചേരിയുടെ അപവാദഘോഷയാത്രകളുമായിരുന്നു. ഇതിനെയെല്ലാം അതിജീവിച്ച‌ാണ‌് എൽഡിഎഫിന് തിളങ്ങുന്ന വിജയം ജനങ്ങൾ സമ്മാനിച്ചത‌്. ലോക‌്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് 64-ാം ദിവസമാണ് ഈ തിരിച്ചുവരവെന്നത് നിസ്സാരമല്ല. ശബരിമല ഉൾപ്പെടുന്ന നിയമസഭാ മണ്ഡലമായ റാന്നിയിലെ അങ്ങാടി പഞ്ചായത്ത് ഒന്നാം വാർഡ് യുഡിഎഫിൽനിന്ന‌് എൽഡിഎഫ് പിടിച്ചെടുത്തു. ശബരിമലയുടെ പേരിൽ കലാപം കൂട്ടിയ ബിജെപിക്കാകട്ടെ വെറും 9 വോട്ടാണ് ഇവിടെ ലഭിച്ചത്. നാലാം വർഷത്തിലേക്ക് കടന്ന എൽഡിഎഫ് സർക്കാരിന് ജനങ്ങൾ നൽകുന്ന പിന്തുണയുടെ അളവുകോലാണ് ഈ ഉപതെരഞ്ഞെടുപ്പുഫലം.
 
പുതുതലമുറ പുരോഗമന ചേരിക്കൊപ്പമെന്ന വിളംബരമാണ് കോളേജ് സർവകലാശാലാ തെരഞ്ഞെടുപ്പിലെ എസ്.എഫ്.ഐ വിജയം സൂചിപ്പിക്കുന്നത്. കേരള സർവകലാശാല സെനറ്റ് വിദ്യാർഥി പ്രതിനിധി തെരഞ്ഞെടുപ്പിൽ പത്തിൽ 9 സീറ്റ് എസ്.എഫ്.ഐ നേടി. ഒരു സീറ്റ് എ.ഐ.എസ്.എഫിനും. കഴിഞ്ഞ തവണ മൂന്ന‌് സീറ്റുണ്ടായിരുന്ന കെ.എസ്.യു ഇക്കുറി വട്ടപ്പൂജ്യമായി. കേരള സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പിലാകട്ടെ എസ്.എഫ്.ഐ ക്ക് എതിരുണ്ടായില്ല. സ്വയംഭരണ കോളേജായ എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജ്. യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ നേടിയ വിജയം ഒരു കോളേജിലെ തെരഞ്ഞെടുപ്പ് വിജയമായി പരിമിതപ്പെടുത്താനാകില്ല. 14 സീറ്റിൽ 11 നേടി. കഴിഞ്ഞ തവണ കെ.എസ്.യു ഇവിടെ 13 സീറ്റ് നേടിയിരുന്നു. ചെയർപേഴ്സണായി വൈഖരി വി പുരുഷനെ തെരഞ്ഞെടുത്തു. ഈ കോളേജ് യൂണിയന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വിദ്യാർഥിനി അധ്യക്ഷ സ്ഥാനത്തുവരുന്നത്. 
 
ഇതെല്ലാം വ്യക്തമാക്കുന്നത് ലോക‌്സഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയമല്ല, സംസ്ഥാന രാഷ്ട്രീയത്തിൽ പ്രതിഫലിക്കുന്നത് എന്നതാണ്. അടിയന്തരാവസ്ഥയ്ക്കുശേഷം 1977 ലെ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ സിപിഐ എം നേതൃത്വം നൽകിയ ഇടതുപക്ഷ മുന്നണിക്ക് ഒറ്റ സീറ്റും കിട്ടിയില്ല. എന്നാൽ, രണ്ടുവർഷത്തിനുള്ളിൽ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നയിച്ച മുന്നണിക്ക് വൻ തോൽവിയായിരുന്നു. അതേത്തുടർന്ന് മുന്നണി രാഷ്ട്രീയത്തിൽ അഴിച്ചുപണിയും ധ്രുവീകരണവുമുണ്ടായി. തുടർന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാകട്ടെ നല്ല ഭൂരിപക്ഷത്തിൽ എൽഡിഎഫ് അധികാരത്തിലെത്തി. 1977 ൽ പരാജയം നേരിട്ടപ്പോഴും, തുടർന്ന് പ്രാദേശിക-നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിജയം ആവർത്തിച്ചപ്പോഴും ഇടതുപക്ഷത്തെ നയിച്ചത് ഇ എം എസ്, നായനാർ എന്നിവരെല്ലാം ഉൾപ്പെട്ട നേതൃത്വമാണ്. തോൽക്കുമ്പോൾ നിരാശരായി തളരുകയോ ജയിക്കുമ്പോൾ അമിതമായി ആഹ്ളാദിച്ച് മതിമറക്കുകയോ ചെയ്യുന്നവരല്ല കമ്യൂണിസ്റ്റുകാരെന്ന് ഇ എം എസ് ഓർമപ്പെടുത്താറുണ്ടായിരുന്നു.
 
ഇടതുപക്ഷത്തെ തള്ളി കോൺഗ്രസ് നേതൃത്വത്തിലുള്ള വലതുപക്ഷത്തെ സ്വീകരിക്കുന്ന പ്രവണത ലോക‌്സഭാ തെരഞ്ഞെടുപ്പുകളിൽ കേരളത്തിലെ വോട്ടർമാർക്കുണ്ട്. ആ പ്രവണത മറികടക്കാൻ ചില ഘട്ടങ്ങളിൽ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇന്നത്തെ ദേശീയരാഷ്ട്രീയം ഉൾപ്പെടെയുള്ള ഘടകങ്ങളാൽ അതിന് ഇക്കുറി കഴിയാതെ വന്നു. മോഡിയെ താഴെയിറക്കി  രാഹുലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്ന തെറ്റിദ്ധാരണയും ശബരിമലയുൾപ്പെടെയുള്ള കാര്യങ്ങളിൽ നടത്തിയ വ്യാജ പ്രചാരണവും യുഡിഎഫിന് നേട്ടവും എൽഡിഎഫിന് കോട്ടവുമുണ്ടാക്കി. ഇതിന് ജനങ്ങളെ പഴിപറയുന്ന ഒരു സമീപനം സിപിഐ എമ്മിനോ എൽഡിഎഫിനോ ഇല്ല. ബിജെപിക്ക് ഒറ്റസീറ്റും നൽകാതെ കേരളം പ്രബുദ്ധത കാട്ടി. ദേശീയമായി ബിജെപിയുടെ പ്രകടനം മികച്ചതായിരുന്നു. 2014 ൽ 282 സീറ്റായിരുന്നത് ഇത്തവണ 303 ആയി. എൻഡിഎക്കാകട്ടെ 353 സീറ്റും 43.86ശതമാനം വോട്ടും. രാജ്യത്താകെ 200 ൽ അധികം സീറ്റുകളിൽ 50 ശതമാനത്തിലേറെ വോട്ടും കിട്ടി. ഇതിന് വഴിതെളിച്ച മുഖ്യഘടകം അഞ്ചുവർഷത്തെ മോഡി ഭരണത്തിന്റെ ജനവിരുദ്ധത വോട്ടർമാരുടെ മനസ്സിൽ പ്രതിഫലിപ്പിക്കുന്നതിന് തടയിടാൻ കഴിഞ്ഞൂവെന്നതാണ്. തീവ്രദേശീയതയും പാകിസ്ഥാൻ വിരുദ്ധതയും ഹിന്ദു വർഗീയതയും സുനാമികണക്കെ ഉയർത്തിയായിരുന്നു ഈ ലക്ഷ്യം കണ്ടത‌്. ഈ ദേശീയ പ്രവണതയെ പ്രതിരോധിക്കാൻ കേരളത്തിനുകഴിഞ്ഞു. ഇക്കാര്യത്തിൽ എൽഡിഎഫിന്റെ പങ്ക് വലുതാണ്.
 
ലോക്‌സഭാ തെരഞ്ഞെടുപ്പോടെ രാജ്യത്ത്‌ വലതുപക്ഷ രാഷ്ട്രീയ കടന്നാക്രമണം  ശക്തിപ്പെട്ടിരിക്കുകയാണ്. മതനിരപേക്ഷതയെ സംരക്ഷിക്കുന്നതിൽ കോൺഗ്രസ് പരാജയമാണെന്ന് ജനങ്ങൾ കൂടുതൽ തിരിച്ചറിയുകയാണ്. കേരളം, പഞ്ചാബ്, തമിഴ്നാട് ഒഴികെ ദേശീയമായി വൻതിരിച്ചടിയാണ് കോൺഗ്രസ് നേരിട്ടത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ബിജെപി ഇതര സർക്കാർ അധികാരത്തിൽ വരുമെന്ന വ്യാമോഹത്തിൽ കേരളത്തിലെ വോട്ടർമാരിൽ ഒരു പങ്ക് യുഡിഎഫിന് വോട്ട് ചെയ്തു. എന്നാൽ, പ്രതിപക്ഷ മതനിരപേക്ഷ പാർടികളുടെ ഐക്യം യാഥാർഥ്യമാക്കുന്നതിന് തടസ്സമായത് കോൺഗ്രസായിരുന്നു. ഉത്തർപ്രദേശിൽ എസ്.പി-ബി.എസ്.പി സഖ്യത്തെ ദുർബലമാക്കി ബിജെപിയെ പരോക്ഷമായി സഹായിച്ചു, എല്ലായിടത്തും ഒറ്റയ്ക്ക് മത്സരിച്ച കോൺഗ്രസ്. മാസങ്ങൾക്കുമുമ്പ് അധികാരത്തിൽ വന്ന രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിൽ ബിജെപിയെ തോൽപ്പിക്കാൻ മറ്റ് പാർടികളുമായി തെരഞ്ഞെടുപ്പുധാരണയ്ക്ക് ഫലപ്രദമായ ഒരു നീക്കവും നടത്തിയില്ല. ഹരിയാന, ഡൽഹി എന്നിവിടങ്ങളിലും പ്രതിപക്ഷ ഐക്യത്തിന് തുരങ്കംവച്ചു. ഇതിനെല്ലാം പുറമെ ബിജെപിയെ കലവറയില്ലാതെ എതിർക്കുന്ന ഇടതുപക്ഷമാണ് തങ്ങളുടെ മുഖ്യശത്രുവെന്ന് സ്ഥാപിക്കുംവിധം കോൺഗ്രസ‌് അധ്യക്ഷനായിരുന്ന രാഹുൽ ഗാന്ധിയെ ഇടതുപക്ഷത്തിനെതിരെ വയനാട്ടിൽ മത്സരിപ്പിച്ചു. പശ്ചിമബംഗാളിൽ ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും സിറ്റിങ‌് സീറ്റുകളിൽ പരസ്പരം മത്സരിക്കാതിരിക്കുകയെന്ന നിർദേശവും കോൺഗ്രസ് പൊളിച്ചു.
 
കോൺഗ്രസിന്റെ മൃദുഹിന്ദുത്വ രാഷ‌്ട്രീയം 
 
രാഹുൽ, പ്രിയങ്ക ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ക്ഷേത്രദർശനത്തിന്റെയും സന്യാസിമാരെ അണിനിരത്തിയുമുള്ള രാഷ്ട്രീയക്കളി നടത്തി ബിജെപിയുടെ തീവ്രഹിന്ദു വർഗീയതയെ മറികടക്കാൻ പരിശ്രമിച്ചതും തെരഞ്ഞെടുപ്പു തിരിച്ചടിക്ക് കാരണമായി. ഇതിൽനിന്ന് പാഠം പഠിക്കാതെ മൃദു ഹിന്ദുത്വനയമാണ‌് കോൺഗ്രസ‌് പിന്തുടരുന്നത‌്. ഗോരക്ഷാ ഗുണ്ടകൾ തല്ലിക്കൊന്ന പെഹ്ലൂഖാനെ പശുകടത്തു കേസിൽ പ്രതിചേർത്ത് രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചത് അബദ്ധത്തിലുണ്ടായതല്ല. കോൺഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ടാണ് ഇവിടെ മുഖ്യമന്ത്രി. ഗോഹത്യ നിരോധന നിയമം ലംഘിച്ചുവെന്നാരോപിച്ച് പെഹ്ലൂഖാനെയും മക്കളായ ഇർഷാദ് (25), ആരിഫ് (22) എന്നിവരെയും പ്രതിചേർത്തിരിക്കുകയാണ്. പെഹ്ലൂഖാനെ മരിച്ച പ്രതിയെന്നാണ് പൊലീസിന്റെ കുറ്റപത്രത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്. രാജസ്ഥാനിലെ അൽവാറിൽ 2017 ഏപ്രിലിലാണ‌് ആ ക്ഷീരകർഷകനെ അടിച്ചുകൊന്നത്. പശുവിനെ നിയമാനുസൃതം വാങ്ങി അതിന്റെ രേഖകളുമായി സ്വദേശത്തേക്ക് മടങ്ങുമ്പോഴാണ് പെഹ്ലൂഖാനെയും മക്കളെയും ആക്രമിച്ചത്. അന്ന് ബിജെപി ഭരണമായിരുന്നു. ആ ഭരണത്തിന്റെ തുടർച്ചയായി ഗോരക്ഷാനയവും അധികാരത്തിൽ വന്ന  കോൺഗ്രസും മുറുകെപ്പിടിക്കുകയാണ്. കോൺഗ്രസിന്റെ ഇത്തരം മൃദുഹിന്ദുത്വ രാഷ്ട്രീയത്തെ കേരളത്തെ വോട്ടർമാരും കൂടുതലായി തിരിച്ചറിയുന്നു. ഇത് വരാൻപോകുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ ഉൾപ്പെടെ പ്രതിഫലിക്കും.
 
ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനെയും എൽഡിഎഫിനെയും വിശ്വാസലംഘകരായി ചിത്രീകരിച്ച് കലാപമുണ്ടാക്കിയത് വോട്ടുതട്ടാനായിരുന്നു. അതിന്റെ കാപട്യം പാർലമെന്റിലെ  സംഭവഗതികൾ വെളിപ്പെടുത്തുകയാണ്. ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി മറികടക്കാൻ നിയമം കൊണ്ടുവരുമോയെന്ന് ശശി തരൂർ ചോദിച്ചപ്പോൾ സുപ്രീംകോടതിയിൽ കേസുള്ളതിനാൽ നിയമനിർമാണത്തിന് തൽക്കാലം കഴിയില്ലെന്നാണ് ബിജെപി നേതാവായ നിയമമന്ത്രി രവിശങ്കർ പ്രസാദ് വ്യക്തമാക്കിയത്. സുപ്രീംകോടതി വിധി സംസ്ഥാന സർക്കാർ ലംഘിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും കേരളത്തിൽ നടത്തിയത് തട്ടിപ്പുകലാപമാണെന്ന് ഈ ചോദ്യോത്തരം വ്യക്തമാക്കുകയാണ്. വിശ്വാസികൾക്ക് അവരുടെ വിശ്വാസം പുലർത്തുന്നതിനും ഭക്തർക്ക് അവരുടെ ഭക്തി പ്രകടിപ്പിക്കുന്നതിനും സിപിഐ എമ്മും എൽഡിഎഫും എതിരല്ല. കേന്ദ്രം നിയമനിർമാണം നടത്തണമെന്ന് കോൺഗ്രസ് എംപി പാർലമെന്റിൽ ആവശ്യപ്പെടുന്നു; എന്നാൽ, കേരളത്തിൽ യുഡിഎഫ് നേരത്തെ വ്യക്തമാക്കിയത് തങ്ങൾ അധികാരത്തിൽ വന്നാൽ ശബരിമല വിഷയത്തിൽ നിയമസഭയിൽ നിയമനിർമാണം നടത്തുമെന്നാണ്. പാർലമെന്റിന് കഴിയാത്ത കാര്യം എങ്ങനെയാണ് നിയമസഭക്ക് ചെയ്യാൻ കഴിയുക. ഇത്തരം വിവരക്കേടുകളിലൂടെയാണ് വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചത്. പാർലമെന്റിലെ ചോദ്യോത്തരം ഉൾപ്പെടെയുള്ള നടപടികളിലൂടെ നേരറിയാൻ ജനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുകയാണ്.
 
ലോക‌്സഭാ തെരഞ്ഞെടുപ്പുഘട്ടത്തിൽ എൽഡിഎഫിൽനിന്ന‌് വ്യത്യസ്ത കാരണങ്ങളാൽ അകന്ന ജനങ്ങളെ ഇടതുപക്ഷത്തേക്ക് കൊണ്ടുവരുന്നതിനുള്ള ക്ഷമാപൂർവമായ പ്രവർത്തനങ്ങളിൽ എൽഡിഎഫ് പ്രവർത്തകർ മുന്നോട്ടുവരും. പരാജയകാരണങ്ങൾ സിപിഐ എമ്മിന്റെ വിവിധ ഘടകങ്ങൾ ചർച്ചചെയ്ത് അഭിപ്രായ രൂപീകരണം നടത്തിവരികയാണ്. ബഹുജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന്  കാര്യങ്ങളും വിമർശനങ്ങളും കേൾക്കാനും അവ തുറന്ന മനസ്സോടെ പരിശോധിക്കാനും സിപിഐ എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഇതിനായി 22 മുതൽ 28 വരെ ഒരാഴ്ച പാർടി സംസ്ഥാന നേതൃത്വത്തിലുള്ളവർ മുതൽ ബ്രാഞ്ച് അംഗങ്ങൾവരെയുള്ളവരും ജനപ്രതിനിധികളും ഗൃഹസന്ദർശനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. വ്യത്യസ്ത കാരണങ്ങളാൽ അകന്നവരെ മാത്രമല്ല, പുതിയ ജനവിഭാഗങ്ങളെ ആകർഷിക്കാനുമുള്ള പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്. ഇത്തരം പ്രവർത്തനങ്ങൾക്ക് ആവേശം പകരുന്ന നല്ല സന്ദേശമാണ് പ്രാദേശിക ഉപതെരഞ്ഞെടുപ്പുഫലവും പുതുതലമുറയുടെ രാഷ്ട്രീയചിന്തയും. എൽഡിഎഫിന്റെ രാഷ്ട്രീയ അടിത്തറ തകർന്നുപോകുന്നതല്ലെന്ന സന്ദേശമാണ് ഇത്‌ നൽകിയിരിക്കുന്നത്.