അടിയന്തരാവസ്ഥയുടെ പുതുകാലൊച്ചകൾ

ജൂൺ 26 അടിയന്തരാവസ്ഥാ വിരുദ്ധദിനമായി സിപിഐ എം ആചരിക്കുകയാണ്. 21 മാസം നീണ്ടുനിന്ന അടിയന്തരാവസ്ഥയുടെ 44-ാം വർഷമാണിത്. രാജ്യം ഏറ്റവും ഇരുണ്ട ഘട്ടത്തിലേക്ക് പോകുകയാണ്. ആർഎസ്എസ് നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെ നരേന്ദ്ര മോഡി നയിക്കുകയും ആ സർക്കാർ രണ്ടാംവട്ടം അധികാരമേറിയിരിക്കുകയുമാണ്. ഒന്നാം മോഡി ഭരണത്തിൽ നടപ്പാക്കാൻ കഴിയാത്ത ഹിന്ദുത്വ അജൻഡകൾക്ക് പൂർത്തീകരണം നൽകാനുള്ള പുറപ്പാടിലാണ്. കഴിഞ്ഞവട്ടം സ്വതന്ത്രപദവിയുള്ള ആസൂത്രണ കമീഷൻ വേണ്ടെന്നുവച്ച്  ഉദ്യോഗസ്ഥതല നിതി ആയോഗ് സംവിധാനം കൊണ്ടുവന്നു. ഇതുവഴി ഫെഡറൽ സംവിധാനത്തിന്റെ കടയ‌്ക്കൽ കത്തിവച്ചു. ഇപ്പോഴത്തെ ഭരണത്തിന്റെ തുടക്കത്തിൽതന്നെ "ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്" എന്ന ജനാധിപത്യവിരുദ്ധ പരിഷ്കാരം അടിച്ചേൽപ്പിക്കാനുള്ള ഉത്സാഹത്തിലാണ്. അതിനുവേണ്ടി പ്രധാനമന്ത്രി സർവകക്ഷിയോഗം വിളിക്കുകയും പ്രതിപക്ഷാഭിപ്രായം മാനിക്കാതെ പരിഷ്കാരം നടപ്പാക്കുന്നതിനു മുന്നോടിയായി ആലോചനാസമിതിയെ നിയോഗിക്കുകയും ചെയ്തു.

മതേതര റിപ്പബ്ലിക് എന്നത് ഭരണഘടനയിൽനിന്ന് നീക്കി ഹിന്ദുത്വ രാഷ്ട്രമാക്കി രാജ്യത്തെ മാറ്റുകയെന്നതാണ് കേന്ദ്ര ഭരണത്തിന്റെയും അതിനെ നയിക്കുന്ന ആർഎസ്എസിന്റെയും ലക്ഷ്യം. ഇത് തുറന്നുകാട്ടുകയും ജനങ്ങളുടെ ചെറുത്തുനിൽപ്പ് വലിയ തോതിൽ സംഘടിപ്പിക്കുകയും വേണം. 44 വർഷംമുമ്പ് അടിയന്തരാവസ്ഥ നടപ്പാക്കുകയും അതിൽ ഇന്നും ഊറ്റംകൊള്ളുന്നവർ നേതൃത്വത്തിൽ തുടരുകയും ചെയ്യുന്ന കോൺഗ്രസിന് ഇന്നത്തെ കാലത്തെ വെല്ലുവിളികളെ അഭിമുഖീകരിക്കാനാകില്ല. ജനാധിപത്യ സംരക്ഷണ പോരാട്ടത്തിലെ വിശ്വസ്ത രാഷ്ട്രീയപ്രസ്ഥാനമല്ല കോൺഗ്രസെന്ന സന്ദേശം നൽകുന്നതിനുവേണ്ടി കൂടിയാണ് ഈ ദിനം സിപിഐ എം ആചരിക്കുന്നത്.

ജനാധിപത്യവിരുദ്ധ നടപടികൾ കൂട്ടത്തോടെ നടപ്പാക്കി


1975 ജൂൺ 26ന് പൗരാവകാശങ്ങൾ നിഷേധിച്ച്  അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി പെൺ ഹിറ്റ‌്‌ലറായി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അമിതാധികാര വാഴ്ചയിലേക്ക്  ഇന്ദിരാ സർക്കാർ നീങ്ങുന്നുവെന്ന് അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന് മൂന്ന് വർഷം മുമ്പ് 1972ൽ മധുരയിൽ ചേർന്ന സിപിഐ എം 9-ാം പാർടി കോൺഗ്രസ് മുന്നറിയിപ്പ്  നൽകിയിരുന്നു. പക്ഷേ, അതിനെ വേണ്ടത്ര ഗൗരവത്തിൽ കാണാൻ മറ്റുള്ളവർ തയ്യാറായില്ല. 1974ൽ റെയിൽവേ തൊഴിലാളികളുടെ അഖിലേന്ത്യാ പണിമുടക്കിനെ പൊലീസിനെയും അർധസൈന്യത്തെയും ഉപയോഗിച്ച്  അതിഭീകരമായാണ് അടിച്ചമർത്തിയത്. 17 ലക്ഷം റെയിൽവേ ജീവനക്കാരാണ് പണിമുടക്കിൽ പങ്കെടുത്തത്. പശ്ചിമബംഗാളിൽ സിപിഐ എമ്മിനും ഇടതുപക്ഷത്തിനുമെതിരെ അർധഫാസിസ്റ്റ് ഭീകരത കെട്ടഴിച്ചുവിട്ടു. 1971ലെ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ വൻവിജയം നേടിയാണ് ഇന്ദിര ഗാന്ധി അധികാരത്തിൽ വന്നതെങ്കിലും വൈകാതെ ഭരണത്തിനെതിരെ വലിയതോതിൽ പ്രതിഷേധമുയർന്നു. ഗുജറാത്തിലെ നവനിർമാൺ പ്രസ്ഥാനവും ജെപി പ്രസ്ഥാനവും ഇതിൽ ഉൾപ്പെടും.

 

””

 

ദേശീയമായി ഇന്ദിരാഭരണത്തിനെതിരെ അലയടിച്ച പ്രതിഷേധത്തിന്റെയും ഇന്ദിര ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയുള്ള അലഹബാദ് ഹൈക്കോടതി വിധിയുടെയും പശ്ചാത്തലത്തിലാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനമുണ്ടായത്. പ്രധാനമന്ത്രിയായി തുടരുന്നതിനുവേണ്ടി അന്നോളം കാണാത്ത ജനാധിപത്യവിരുദ്ധ നടപടികൾ കൂട്ടത്തോടെ നടപ്പാക്കി. ആഭ്യന്തര അടിയന്തരാവസ്ഥയിലൂടെ താൻ നേരിട്ട രാഷ്ട്രീയപ്രതിസന്ധിയെ അതിജീവിക്കാമെന്നായിരുന്നു ഇന്ദിര ഗാന്ധി കരുതിയത്. പ്രതിപക്ഷ പാർടി നേതാക്കളും പ്രവർത്തകരും മാത്രമല്ല അടിയന്തരാവസ്ഥയെ വിമർശിച്ച സാംസ്കാരിക പ്രവർത്തകരുമെല്ലാം ആഭ്യന്തര സുരക്ഷാ നിയമപ്രകാരം തുറുങ്കിലടയ്ക്കപ്പെട്ടു. പ്രസ‌് സെൻസർഷിപ് നിലവിൽ വന്നു. പൗരസ്വാതന്ത്ര്യം ഹനിച്ചു. അന്ന് പാർലമെന്റും എക്സിക്യൂട്ടീവും ജുഡീഷ്യറിയും തമ്മിലുള്ള അധികാര സന്തുലനത്തിൽ മാറ്റം വരുത്തി 42-ാം ഭരണഘടനാ ഭേദഗതി പാർലമെന്റ് പാസാക്കി. പാർലമെന്റ്  പാസാക്കിയ ഭരണഘടനാ ഭേദഗതികൾ പുനഃപരിശോധിക്കാൻ ജുഡീഷ്യറിക്ക്  അധികാരമില്ലെന്നതാണ് ഭരണഘടനയിൽ വരുത്തിയ ഒരു പ്രധാന മാറ്റം.

അടിയന്തരാവസ്ഥയെ തുടർന്ന് രാജ്യവ്യാപകമായി രാഷ്ട്രീയ എതിരാളികളെ ഭരണകൂടം വേട്ടയാടി. അതിനെതിരെ സിപിഐ എമ്മിന് സ്വാധീനമുള്ള സ്ഥലങ്ങളിലെല്ലാം വലിയതോതിലുള്ള പ്രതിഷേധമുണ്ടായി. ഇ എം എസും എ കെ ജിയും സുന്ദരയ്യയും ഉൾപ്പെടെയുള്ള നേതാക്കൾ ഒളിവിലും തെളിവിലുമായി പോരാട്ടം നയിച്ചു. അന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന എന്നെ രാത്രി വീടുവളഞ്ഞ് പൊലീസ് പിടിച്ചു. മൂന്ന് ദിവസം ലോക്കപ്പിലിട്ടു. പിന്നീട് വിട്ടയച്ചു. അടിയന്തരാവസ്ഥയ്ക്കെതിരെ ജൂലൈ 1ന് വിദ്യാർഥികളുടെ പ്രകടനം എസ്എഫ്ഐ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് പ്രകടനം നയിച്ച എം എ ബേബി, ജി സുധാകരൻ, എം വിജയകുമാർ, തോമസ് എബ്രഹാം തുടങ്ങിയ നേതാക്കൾക്ക് ഭീകരമായ മർദനം നേരിടേണ്ടിവന്നു. അതിൽ പ്രതിഷേധിക്കാൻ സംസ്ഥാനത്താകെ ക്യാമ്പയിൻ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി വിദ്യാർഥികളെ അണിനിരത്താൻ തലശ്ശേരിയിൽ ഓട്ടോയിൽ സഞ്ചരിക്കുമ്പോൾ പൊലീസ് എന്നെ പിടികൂടി.

ആദ്യം തലശ്ശേരി പൊലീസ് സ്റ്റേഷനിലും അവിടെനിന്ന് മറ്റ് പല ലോക്കപ്പുകളിലേക്കും. ഒടുവിൽ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ. ജില്ലയിൽനിന്ന‌് പൊലീസ് അറസ്റ്റ‌് ചെയ്ത സിപിഐ എം നേതാക്കൾ അവിടെയുണ്ടായിരുന്നു. കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിൽ നിഷ്ഠൂരമായ പൊലീസ് ഭേദ്യത്തിന് വിധേയനായ പിണറായി വിജയനെ അവിടെവച്ച് കണ്ടു. വേട്ടപ്പട്ടികൾ വലിച്ചുകീറിയിട്ടും തളരാത്ത മനസ്സുമായി തല ഉയർത്തിപ്പിടിച്ചാണ് പിണറായി നിന്നത്. പിന്നീട് കണ്ണൂർ സെൻട്രൽ ജയിലിൽ പിണറായി ഉൾപ്പെടെയുള്ള നേതാക്കൾക്കൊപ്പം 16 മാസം "മിസാ’ തടവുകാരനായി ജയിലിൽ കഴിഞ്ഞു. വി എസ് അച്യുതാനന്ദൻ, എസ് രാമചന്ദ്രൻപിള്ള തുടങ്ങിയ നേതാക്കൾ മിസാ തടവുകാരായി പൂജപ്പുര സെൻട്രൽ ജയിലിൽ ആയിരുന്നു. അന്ന് പാർടി ജനറൽ സെക്രട്ടറി പി സുന്ദരയ്യയും സംസ്ഥാന സെക്രട്ടറി ഇ കെ നായനാരും ഉൾപ്പെടെയുള്ള നേതാക്കൾ ഒളിവിൽ കഴിഞ്ഞ് സമരസംഘടനാ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ആരോഗ്യം തൃണവൽഗണിച്ച് എ കെ ജിയും ഭരണകൂട ഭീഷണികൾക്ക് വഴങ്ങാതെ ഇ എം എസും ജ്യോതിബസുവും അടിയന്തരാവസ്ഥാ വിരുദ്ധ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. അന്ന് കോഴിക്കോട് റീജ്യണൽ എൻജിനിയറിങ‌് കോളേജ്  വിദ്യാർഥി രാജൻ ഒരു കുറ്റവും ചെയ്യാതെ കക്കയം ക്യാമ്പിൽ ഉരുട്ടിക്കൊല ചെയ്യപ്പെട്ടു. കാഥികൻ വി സാംബശിവൻ, കവി എം  കൃഷ്ണൻകുട്ടി, കഥാകൃത്ത് യു പി ജയരാജ് എന്നിവർ തടവിലാക്കപ്പെട്ട പ്രമുഖ സാംസ്കാരിക പ്രവർത്തകരാണ്. സോഷ്യലിസ്റ്റ് പാർടിയുടെയും അഖിലേന്ത്യ മുസ്ലിം ലീഗിന്റെയും നേതാക്കൾ അടിയന്തരാവസ്ഥാ തടവുകാരായി ഉണ്ടായിരുന്നു. ജനസംഘം നേതാക്കളെ പ്രത്യേക ബ്ലോക്കായി പാർപ്പിക്കുകയായിരുന്നു.

അടിയന്തരാവസ്ഥയ്ക്കെതിരെ ശക്തിയുള്ളയിടങ്ങളിലെല്ലാം സിപിഐ എം വലിയ പ്രതിഷേധമാണ് സംഘടിപ്പിച്ചത്. എന്നാൽ, ആർഎസ്എസ് പ്രതിഷേധം പരിമിതമായിരുന്നു. അന്ന് സർസംഘ് ചാലക് ആയിരുന്ന ബാലാസാഹിബ് ദേവറശ് ഇന്ദിര ഗാന്ധിക്ക്  നൽകിയ കത്ത് മാപ്പ് അപേക്ഷയായിരുന്നുവെന്ന വിമർശനം ചരിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. അടിയന്തരാവസ്ഥ പിൻവലിച്ചപ്പോൾ ജയിൽ മോചിതരായ സഖാക്കൾക്ക് ജനങ്ങൾ വൻ വരവേൽപ്പാണ് നൽകിയത്. വാഹനങ്ങളിൽ ജാഥയായി വീടുകളിൽ എത്തിക്കുകയായിരുന്നു. വൈകാതെ ലോക‌്സഭാ തെരഞ്ഞെടുപ്പ് വന്നു. രാജ്യത്ത് കോൺഗ്രസ് തോറ്റമ്പിയെങ്കിലും കേരളത്തിൽ കോൺഗ്രസ് ജയിച്ചു. സിപിഐ എം നേതൃത്വത്തിലുള്ള മുന്നണിക്ക് ഒരു സീറ്റും കിട്ടിയില്ല. ലോക‌്സഭാ തെരഞ്ഞെടുപ്പിലെ ഫലംകൊണ്ടുമാത്രം കേരളജനതയുടെ മനസ്സ്വിലയിരുത്തുന്ന വലതുപക്ഷക്കാരുടെ ഗണിതശാസ്ത്രം തുടർ വർഷങ്ങളിലെ പ്രാദേശിക നിയമസഭാ തെരഞ്ഞെടുപ്പുഫലങ്ങൾ അസാധുവാക്കി.

ജനകീയ പ്രതിഷേധം ശക്തമാക്കണം


അടിയന്തരാവസ്ഥയുടെ 44-ാം വാർഷികവേളയിൽ രാജ്യം പ്രച്ഛന്നമായ ഒരു അടിയന്തരാവസ്ഥയിലേക്ക് നീങ്ങുകയാണ്. അടിയന്തരാവസ്ഥ ഇല്ലാതെ തന്നെ സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങാനുള്ള സാധ്യതകൾ ശക്തിപ്പെട്ടിരിക്കുന്നു. രാഷ്ട്രീയവ്യവസ്ഥയിലെ ഹിന്ദുത്വ ശക്തികളുടെ മേധാവിത്വം, ഭരണ സ്ഥിരത, ഇടതുപക്ഷ‐മതനിരപേക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ശക്തിക്ഷയം തുടങ്ങിയവ സ്വേച്ഛാധിപത്യം വളരാനുള്ള ചേരുവകളാണ്. ഇതിനൊപ്പം രാജ്യത്തിന്റെ സമ്പദ്ഘടന പ്രതിസന്ധിയെ നേരിടുകയാണ്. ഭരണത്തോടുള്ള ജനങ്ങളുടെ അസംതൃപ്തി, തൊഴിലാളി‐കർഷക സമരം അടക്കമുള്ള രൂപങ്ങളിലൂടെ പൊട്ടിപ്പുറപ്പെടുമെന്ന് വ്യക്തം. ഇതിനെ നേരിടാനുള്ള ഭരണകൂട ഏകാധിപത്യ അടിച്ചമർത്തൽ നടപടികളുടെ ഭീഷണി നിലനിൽക്കുന്നുണ്ട്. സംസ്ഥാനങ്ങളുടെ ഭരണഘടനാദത്തമായ അധികാരങ്ങൾപോലും കവർന്നെടുക്കുന്നു. കോടതിയെ മൂക്കുകയറിടാൻ നോക്കുന്നു. മാധ്യമങ്ങൾക്കുമേൽ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നു. ഇവിടെയാണ് അടിയന്തരാവസ്ഥയുടെ പുതിയ രൂപങ്ങൾ പ്രകടമാകുന്നത്.

ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ അവസാന ശ്വാസംവരെ പോരാടുമെന്ന് പ്രഖ്യാപിച്ച ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ട് ജീവപര്യന്തം തടവിന് ശിക്ഷ നേരിടുകയാണ്. ഗുജറാത്ത് കേഡറിലെ ഈ ഐപിഎസ് ഉദ്യോഗസ്ഥൻ നരേന്ദ്ര മോഡി  ഭരണത്തിലെ വംശഹത്യയെ വിമർശിച്ചതിനെത്തുടർന്ന് ഐപിഎസിൽനിന്ന് പുറത്താക്കപ്പെടുകയായിരുന്നു. ഭരണത്തിന്റെ കൊള്ളരുതായ്മയ്ക്കെതിരെ വിരൽ ചൂണ്ടുന്നവരെ നിശ്ശബ്ദരാക്കാൻ ഇത്തരം ഭരണസംവിധാന പ്രയോഗത്തിലൂടെ വേട്ടയാടലുകൾ ഉണ്ടാകുമെന്ന മുന്നറിയിപ്പ് നൽകുകയാണ് ബിജെപി ഭരണം.

നവഉദാരവൽക്കരണ കമ്പോള മൗലികവാദവും ഹിന്ദുത്വവും ചേർന്ന സാമ്പത്തിക രാഷ്ട്രീയനയമാണ് മോഡി സർക്കാരിന്റേത്. ഇത് സ്വേച്ഛാധിപത്യത്തിലേക്കുള്ള പാതയെ വിപുലമാക്കുന്നു.  മൂന്നിൽ രണ്ട് ഭൂരിപക്ഷം ലോക‌്സഭയിൽ വീണ്ടും നേടിയതോടെ മോഡി സർക്കാർ ജനാധിപത്യമൂല്യങ്ങളെ തീർത്തും അവഗണിക്കുകയാണ്. അതിനുള്ള പരസ്യവിളംബരമാണ്, ലോക‌്സഭാ നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നതിനുള്ള നിർദിഷ്ട പരിഷ്കാരം. ധനനഷ്ടം, വികസന സ്തംഭനം തുടങ്ങിയവ ഒഴിവാക്കാനുള്ള ക്രിയാത്മക ചുവടുവയ്പ് എന്ന പ്രതീതി വരുത്തി സ്വേച്ഛാധിപത്യനീക്കം ശക്തിപ്പെടുത്തുകയാണ്. പ്രസിഡൻഷ്യൽ ഭരണസംവിധാനം കൊണ്ടുവരാനും ഇഷ്ടമില്ലാത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളെ അധികാരത്തിൽനിന്ന് പുറത്താക്കി സംസ്ഥാനങ്ങളിൽ കേന്ദ്ര ഭരണകക്ഷിയുടെ ഭരണം വളഞ്ഞ വഴിയിലൂടെ അടിച്ചേൽപ്പിക്കാനുമുള്ള ഉദ്ദേശ്യമാണ് "ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്" എന്ന പരിഷ്കാരത്തിൽ ഒളിഞ്ഞിരിക്കുന്നത്.

"ഇന്ദിരയാണ് ഇന്ത്യ, ഇന്ത്യയാണ് ഇന്ദിര’ എന്ന മുദ്രാവാക്യത്തിന്റെ പരിഷ്കരിച്ച പതിപ്പായി "മോഡിയാണ് ഇന്ത്യ, ഇന്ത്യയാണ് മോഡി’ എന്നത് മാറിയിരിക്കുന്നു. പരമാധികാര മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക് എന്നതിൽനിന്ന് സ്വേച്ഛാധിപത്യ ഹിന്ദുത്വ റിപ്പബ്ലിക് എന്നതിലേക്ക് ഇന്ത്യയെ പരിവർത്തനപ്പെടുത്താനുള്ള കാവി വഴി ഒരുക്കുകയാണ്. 21 മാസത്തെ അടിയന്തരാവസ്ഥയിൽ കേന്ദ്ര മന്ത്രിസഭ ഇന്ദിരയിൽ ചുരുങ്ങി. ഇന്ന് മോഡിമയമാണ് കേന്ദ്ര മന്ത്രിസഭ. അമിത് ഷായെ കൂട്ടിയിട്ടുണ്ടെങ്കിലും അത് സഹായക്രിയക്കാരനായി മാത്രമാണ്. ഗാന്ധിജിക്ക് ഗോഡ്സെയെയും ദേശിയപതാകക്ക് കാവി പതാകയെയും പകരംവയ്ക്കുന്ന അപകടകരമായ അവസ്ഥയാണ് ഇന്ന്. അടിയന്തരാവസ്ഥയെ പ്രത്യക്ഷത്തിൽ എതിർത്തവർ എന്ന് അവകാശപ്പെടുന്നവർ കേന്ദ്രഭരണത്തിലിരുന്നുകൊണ്ട്  അടിയന്തരാവസ്ഥയേക്കാൾ വലിയ ജനാധിപത്യധ്വംസനം നടത്തുകയാണ്. ഇതിൽ ജനകീയ പ്രതിഷേധം ശക്തമാക്കണം.