’മേഘസിദ്ധാന്ത’വും ഗോഡ്സെ സേവയും

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ "മേഘസിദ്ധാന്തംഇതിനകം ലോകപ്രസിദ്ധമോ കുപ്രസിദ്ധമോ ആയിരിക്കുകയാണല്ലോ. പുൽവാമ ചാവേറാക്രമണത്തിന് തിരിച്ചടിയായി ബാലാകോട്ട് വ്യോമാക്രമണം നടത്താനുള്ള തീരുമാനവും സമയവും തെരഞ്ഞെടുത്തത് തന്റെ ബുദ്ധിപരമായ ഇടപെടൽ കൊണ്ടാണെന്ന് സമർഥിക്കുന്നതിനാണ് മോഡി തന്റെ മേഘസിദ്ധാന്തം അവതരിപ്പിച്ചത്. പാക് റഡാറുകളുടെ കണ്ണുവെട്ടിക്കാൻ മേഘാവൃതമായ ആകാശം മറയാക്കാമെന്ന് വ്യാമസേനയ്ക്ക് ഉപദേശവും കൽപ്പനയും നൽകിയെന്നാണ് ഹിന്ദി ടിവി ചാനൽ അഭിമുഖത്തിൽ അദ്ദേഹം അവകാശപ്പെട്ടത്.


 

 

മേഘം മൂടിയ കാലാവസ്ഥയിൽ വിമാനങ്ങൾ പാക് റഡാറുകളുടെ ദൃഷ്ടിയിൽപ്പെടില്ലെന്നത് ആനമണ്ടത്തരമാണ്. റഡാറിന്റെ കണ്ണുകളെ മൂടാൻ മഴമേഘങ്ങൾക്ക് കഴിയില്ലെന്ന് അറിയാൻ ആറാം ക്ലാസ് വിദ്യാഭ്യാസംമാത്രം മതി. എന്നിട്ടാണ് ഇത്രവലിയ അബദ്ധം വിളമ്പിയത്. അത് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ച ബിജെപിക്ക് മിനിറ്റുകൾക്കുള്ളിൽ അത് പിൻവലിക്കേണ്ടിവന്നു. അതുവഴി മണ്ടത്തരത്തിന്റെ ആഴം എത്ര വലുതാണെന്ന് വ്യക്തം.

 

രാജ്യം ഭരിക്കുന്ന ഭരണാധികാരിയുടെ വ്യക്തിപരമായ വിവരക്കേടിന് അപ്പുറമുള്ള മാനങ്ങൾ സംഭവത്തിൽ ഉൾച്ചേരുന്നുണ്ട്. ഇന്ത്യൻ സൈന്യത്തെ പാവയാക്കാനുള്ള ആർഎസ്എസിന്റെയും പ്രധാനമന്ത്രിയുടെയും ത്വര ഇതിൽ ഒളിഞ്ഞിരിപ്പുണ്ട്. മറ്റൊരു രാജ്യത്തിനെതിരെയുള്ള സൈനികനടപടികളും അതിന്റെ തന്ത്രങ്ങളും ആവിഷ്കരിക്കുന്നതും നടപ്പാക്കുന്നതും അതീവ രഹസ്യമായാണ്. അതിൽ മുഖ്യപങ്ക് സൈനികമേധാവികൾക്കാണ്. നയപരമായ കാര്യങ്ങൾമാത്രമാണ് ഭരണാധികാരികൾ കൈക്കൊള്ളുക. സൈനിക തന്ത്രങ്ങൾപോലും സ്വീകരിക്കുന്നത് സൈന്യാധിപന്മാരല്ല താനാണെന്ന് സ്ഥാപിക്കാൻ ഒരുമ്പെടുകയാണ് മോഡി. ഇന്ത്യൻ സൈന്യത്തേക്കാൾ കേമമാണ് ആർഎസ്എസ് സേന എന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് നേരത്തെ വീമ്പിളക്കിയിരിക്കുന്നു. അതിനെ കേവലം വീമ്പ് പറച്ചിലായി തള്ളേണ്ട. കാരണം ആർഎസ്എസിന്റെ നിയന്ത്രണത്തിൽ രാജ്യവും ഭരണവും പൂർണമായി അകപ്പെട്ടാൽ ഇന്ത്യൻ സൈന്യത്തെ നയിക്കുന്ന ഒന്നാം ബറ്റാലിയനാക്കി ആർഎസ്എസ് സംഘത്തെ മാറ്റും. ഉള്ളിലിരിപ്പ് അതായതുകൊണ്ട്, ഇന്ത്യൻ സൈന്യത്തെ തരംതാഴ്ത്തിക്കെട്ടുകയെന്നത് ആർഎസ്എസിന്റെ സ്വഭാവമാണ്. മറ്റൊരു രാജ്യത്തിനുള്ളിൽ ഇന്ത്യൻ സൈന്യം മിന്നലാക്രമണം നടത്തുന്നതിന്റെ എല്ലാ ആസൂത്രണവും താനാണ് നടത്തിയതെന്ന മോഡിയുടെ വീമ്പ് പറച്ചിൽ ഇന്ത്യൻ സൈന്യത്തെ അപമാനിക്കലാണ്.

 

ചാനലുകളിലെ മോക് അഭിമുഖങ്ങൾ 

പാകിസ്ഥാൻ ശത്രുതയും മുസ്ലിംവിരോധവും ഹിസ്റ്റീരിയ ആക്കി വോട്ട് തട്ടുക എന്നത് ബിജെപിയുടെ കുടിലതന്ത്രമാണ്. പക്ഷേ ഇത് ഇന്ത്യയുടെ പൈതൃകത്തിനും മൗലികസ്വഭാവത്തിനും നിരക്കുന്നതല്ല. ആധുനിക ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ദേശീയപതാകയിൽ അശോക ചക്രമുണ്ട്. അശോകശാസനത്തിൽ ധർമത്തെപ്പറ്റി പറയുന്നത് മാനവികതയും സഹിഷ്ണുതയും പുലർത്തി നേടുക എന്നാണ്. അപരന്റെ മതത്തോടുള്ള ആദരവും പരസ്പരധാരണയും അശോകൻ അടിവരയിട്ടു. ആശയത്തിലൂടെയാണ് ദേശീയപതാകയിൽ അശോക ചക്രം ഇടം നേടിയത്. അപ്രകാരമാണ് ആധുനിക ഇന്ത്യ മതനിരപേക്ഷതയെ രാജ്യത്തിന്റെ അടിത്തറയായി വിളംബരപ്പെടുത്തിയത്്. പൈതൃകത്തെ നിഷേധിക്കുകയാണ് കപടദേശീയവാദം പ്രചരിപ്പിക്കുന്നതിലൂടെ മോഡി ചെയ്യുന്നത്. ഇത് വൃത്തിഹീനമായ ഹിന്ദുത്വരാഷ്ട്രീയമാണ്. രാഷ്ട്രീയം ശാസ്ത്രത്തെ നിരാകരിക്കുന്നതും ഭാരതീയപുരാണങ്ങളെ അപഹാസ്യമാംവിധം അവതരിപ്പിക്കുന്നതുമാണ്. റൈറ്റ്സ് സഹോദരന്മാർ വിമാനം കണ്ടുപിടിക്കുന്നതിനുമുമ്പേ ഇന്ത്യയിൽ വിമാനമുണ്ടായിരുന്നുവെന്നും ഹനുമാനുംമറ്റും അതിൽ സഞ്ചരിച്ചിരുന്നെന്നും മന്ത്രിമാർ ഉൾപ്പെടെയുള്ള സംഘപരിവാർ നേതാക്കൾ വിവരിച്ചത് ഇതിന്റെ ഭാഗമാണ്. പ്ലാസ്റ്റിക് സർജറിയിലൂടെ ഗണപതിക്ക് പുതിയ രൂപം നൽകിയെന്ന് വ്യാഖ്യാനിച്ചവരിൽ മോഡിയും കേന്ദ്രമന്ത്രി ഹർഷ് വർധനനുമെല്ലാം ഉൾപ്പെടും. വിവരക്കേടിന്റെ ജൈത്രയാത്രയായി വേണം ഒരു സ്വകാര്യ ഹിന്ദി ചാനലിന് മോഡി നൽകിയ അഭിമുഖത്തെ കാണേണ്ടത്.

 

 

ചോദ്യങ്ങൾക്ക് യുക്തിസഹമായി മറുപടി നൽകാനുള്ള കഴിവില്ലാത്തതു കൊണ്ടാണ് അഞ്ചുവർഷത്തെ ഭരണത്തിനിടയിൽ ഒരുതവണപോലും വാർത്താസമ്മേളനം നടത്താൻ പ്രധാനമന്ത്രി കൂട്ടാക്കാതിരുന്നതെന്ന് ഡൽഹിയിലെ പ്രമുഖ മാധ്യമനിരീക്ഷകർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് വേളയിൽ ഇത് മോഡിക്കെതിരായ ശക്തമായ പ്രചാരണമായി മാറിയപ്പോൾ അതിനെ മറികടക്കാനാണ് മോക് അഭിമുഖങ്ങൾ ടിവി ചാനലുകളിൽ സംഘടിപ്പിച്ചത്. മുൻകൂട്ടി നൽകിയ ചോദ്യവും അതിനുള്ള ഉത്തരവുമായി ന്യൂസ് നേഷൻ ചാനൽ നടത്തിയ അഭിമുഖം അപഹാസ്യതയുടെ ഏടായി. വെളുക്കാൻ തേച്ചത് പാണ്ടായതുപോലെ കാര്യങ്ങൾ കലാശിച്ചു.

 

അഭിമുഖത്തിലെ പല അവകാശവാദങ്ങളും പരിഹാസ്യപ്പെരുമഴയിൽപ്പെട്ടു. "ഇന്ത്യയിൽ ഒരുപക്ഷേ, ആദ്യമായി ഡിജിറ്റൽ ക്യാമറ ഉപയോഗിച്ചത് ഞാനായിരിക്കാം, 1987‐88 കാലത്ത്. കാലത്ത് വളരെ കുറച്ചുപേർക്ക് മാത്രമേ മെയിൽ ഉണ്ടായിരുന്നുള്ളൂ.... അന്ന് ഒരു പരിപാടിയിൽ എൽ കെ അദ്വാനിയുടെ ഫോട്ടോ എന്റെ ഡിജിറ്റൽ ക്യാമറയിൽ എടുത്ത് മെയിലിൽ ഡൽഹിക്ക് ട്രാൻസ്മിറ്റ് ചെയ്തു. രണ്ടാംദിവസം കളർപടം ഡൽഹിയിലെ പത്രങ്ങളിൽ അച്ചടിച്ചുവന്നു. ഇതുകണ്ട് അദ്വാനി ഞെട്ടി’. ഇങ്ങനെ അദ്വാനിയെ പോലും ഞെട്ടിച്ചതായി മോഡി പറയുന്ന സംഭവം ചരിത്രവും കാലവും സാധൂകരിക്കുന്നതല്ല. അതിന് കാരണം അന്ന് ഇന്ത്യയിൽ ഡിജിറ്റൽ ക്യാമറയും മെയിലും കാര്യമായി എത്തിയിട്ടുണ്ടായിരുന്നില്ല. അത് സാങ്കേതിക ശാസ്ത്രലോകം വെളിപ്പെടുത്തിയിട്ടുണ്ട്.

 

പ്രധാനമന്ത്രിപദവിയുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്നു

ദേശസ്നേഹത്തിന്റെ മറവിൽ വിദ്വേഷരാഷ്ട്രീയം പ്രകടിപ്പിക്കുന്ന മോഡി വിവരക്കേടുകൾ എഴുന്നള്ളിക്കുന്നതിലൂടെ പ്രധാനമന്ത്രിപദവിയുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തുകയാണ്. പ്രധാനമന്ത്രിസ്ഥാനം തുടരുന്നതുവരെ മാത്രമേ മോഡിയുടെ മേഘസിദ്ധാന്തത്തിന് ആയുസ്സുള്ളൂ. 17–ാം ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തോടെ മോഡി ഭരണത്തിന് അറുതിയാകും  എന്നാൽ, ആർഎസ്എസ് നിയന്ത്രിക്കുന്ന ഭരണം ഇന്ത്യയിൽ തുടർന്നാൽ ലോകം അംഗീകരിക്കുന്ന ശാസ്ത്രതത്വങ്ങൾ കാറ്റിൽപ്പറക്കും. അത് ജലന്തറിൽ കഴിഞ്ഞ ജനുവരിയിൽ നടന്ന ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ് ബോധ്യപ്പെടുത്തിയതാണ്. ന്യൂട്ടന്റെ ഗുരുത്വാകർഷണ സിദ്ധാന്തവും ഐൻസ്റ്റീന്റെ അപേക്ഷികതാ സിദ്ധാന്തവും പാഴാണെന്നും ഭാരതീയപുരാണങ്ങളിലാണ് ശരിയായ വിജ്ഞാനമുള്ളതെന്നുമായിരുന്നു ആർഎസ്എസിന്റെ കാവിപക്ഷശാസ്ത്രജ്ഞരുടെ പ്രബന്ധങ്ങൾ അവകാശപ്പെട്ടത്. ഹൈന്ദവപുരാണങ്ങളിലും ഇതിഹാസങ്ങളിലുമുള്ള ശാസ്ത്രസത്യങ്ങൾ പ്രചരിപ്പിക്കുന്ന മോഡിയോടുള്ള ആദരസൂചകമായി "ഗുരുത്വതരംഗങ്ങൾഎന്ന ശാസ്ത്ര നാമത്തെ "മോഡി തരംഗംഎന്ന് പുനർനാമകരണം ചെയ്യണമെന്ന് ശാസ്ത്രകോൺഗ്രസിൽ അഭിപ്രായം വന്നിരുന്നുഇതിന് പുറമെ ഗോമൂത്രഗവേഷണം, മൃതസഞ്ജീവനി പരീക്ഷണം എന്നിവയെല്ലാം ശക്തിപ്പെടുത്താനും തീരുമാനിച്ചു. ഇതെല്ലാം ഓർക്കുമ്പോൾ മോഡിയുടെ മേഘസിദ്ധാന്തം ശാസ്ത്രലോകവും യുക്തിബോധമുള്ള സമൂഹവും പുച്ഛിച്ചുതള്ളുമെങ്കിലും സംഘികൾ അത്് "പുത്തൻ ശാസ്ത്രവിജ്ഞാനമാക്കി ആഘോഷിക്കും.

 

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇന്ത്യൻ ശാസ്ത്രജ്ഞരുടെ മികവിനെ രാഷ്ട്രീയനേട്ടത്തിനായി തട്ടിയെടുക്കാനും മോഡി നോക്കി. ഭൂമിയുടെ അന്തരീക്ഷത്തിന് സമീപത്തുകൂടി  സഞ്ചരിക്കുന്ന ഉപഗ്രഹത്തെ നശിപ്പിക്കാൻ ശേഷിയുള്ള സാറ്റ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഉപഗ്രഹവേധ മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡിഷയിലെ മിസൈൽ വിക്ഷേപണ കേന്ദ്രത്തിൽനിന്ന് തൊടുത്തുവിട്ട സാറ്റ് മിസൈൽ മൂന്ന് മിനിറ്റിനകം ഒരു ഉപഗ്രഹത്തെ തകർത്തു. ഇതോടെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾമാത്രം വികസിപ്പിച്ചെടുത്ത ശാസ്ത്രസാങ്കേതിക വൈദഗ്ധ്യം ഇന്ത്യക്കുകൂടി സ്വന്തമായി. എന്നാൽ ഏഴ്, എട്ട് വർഷം മുമ്പേ ഇതിന്റെ വിജ്ഞാനം ഇന്ത്യ വികസിപ്പിച്ചിരുന്നു. പി ജെ അബ്ദുൽ കലാം, ശിവതാണുപിള്ള എന്നിവരുടെ സംഭാവന ഇക്കാര്യത്തിൽ രാജ്യം ഓർക്കുന്നതാണ്. ഇതെല്ലാം വിസ്മരിച്ചാണ് മോഡിയും കൂട്ടരും ഉപഗ്രഹവേധ മിസൈലിന്റെ പേരിൽ വ്യാജ അവകാശവാദവുമായി ഇറങ്ങിയത്. ഇതിന്റെ തുടർച്ചയാണ് മേഘസിദ്ധാന്തം.

 

തെരഞ്ഞെടുപ്പിന്റെ ചൂടേറിയ പ്രചാരണസമയത്ത് സൈന്യത്തെ സ്വന്തം പാർടിക്ക് വോട്ട് പിടിക്കാനുള്ള മുദ്രയാക്കി ചുരുക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്. സൈന്യം കക്ഷിരാഷ്ട്രീയത്തിന്റെ ഉപകരണമല്ല. ദേശരക്ഷയുമായി ബന്ധപ്പെട്ട ഔദ്യോഗികരഹസ്യങ്ങളിൽ എന്തെങ്കിലും പരസ്യമാക്കുന്നത് ഭരണഘടനാലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണ്. അതുകൊണ്ടാണ് മോഡിക്കെതിരെ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷനെ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമീപിച്ചത്. എന്നാൽ, സ്വതന്ത്രവും നീതിപൂർവകവുമായ നിലപാട് സ്വീകരിക്കുന്നതിൽ കമീഷൻ പരാജയപ്പെട്ടിരിക്കുകയാണ്. ഇതേസമയം  നീതിമയ്യം പ്രസിഡന്റും നടനുമായ കമൽഹാസനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് വിചിത്രമാണ്. ഗാന്ധിജിയെ കൊന്ന നാഥുറാം ഗോഡ്സെ ഇന്ത്യയിലെ ആദ്യത്തെ തീവ്രഹിന്ദുവാണെന്ന് പറഞ്ഞതിനാണ് കേസ്. ഗോഡ്സെ വെടിവച്ചുകൊന്ന മഹാത്മാഗാന്ധി ഉറച്ച ഹിന്ദുമതവിശ്വാസിയായിരുന്നു. മതനിരപേക്ഷ ജനാധിപത്യം അംഗീകരിക്കുകയും ആർഎസ്എസ് പ്രത്യയശാസ്ത്രം നിരാകരിക്കുകയും ചെയ്തതുകൊണ്ടാണ് ഗാന്ധിജിയെ വെടിവച്ചുകൊന്നത്.

 

ഐഎസ്, ആർഎസ്എസ്, എൽടിടിഇ, നവക്രിസ്ത്യൻ ഗ്രൂപ്പുകൾതുടങ്ങിയ സംഘടനകളിലെ തീവ്രവാദികളെ ഭീകരരായി കഴിഞ്ഞ രണ്ട് ദശകങ്ങളിലായി ലോകം കാണുന്നു. ആധുനിക ഭീകരവാദികൾ പുതിയതരം മാരകായുധങ്ങളും ഉപയോഗിക്കുന്നു. ഇതൊക്കെയാണെങ്കിലും 1948 ഗാന്ധിജിയെ വധിച്ച ഗോഡ്സെയെ പൂർണ അർഥത്തിൽ ഭീകരവാദിയും തീവ്രവാദിയുമായി വിലയിരുത്തുന്നതിൽ ഒട്ടും തെറ്റില്ല. സംഘപരിവാറിന് ഗോഡ്സെ ആരാധ്യനാണ്. ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനത്തിൽ ഇപ്പോഴും ഗോഡ്സെയെ സ്തുതിച്ച് ഇക്കൂട്ടർ ഉത്തരേന്ത്യയിൽ മധുരപലഹാരങ്ങൾ വിതരണംചെയ്യുന്നുണ്ട്. ഗാന്ധിജിയുടെ ചിത്രത്തിനുനേരെ വെടിപായിച്ച് ഇന്നും ഗാന്ധിജിയെ കൊല്ലുന്നതിൽ കാവിസംഘം ആനന്ദം കൊള്ളുകയാണ്. ഗോഡ്സെയുടെ ജന്മദിനത്തിൽ പാലഭിഷേകവും തേനഭിഷേകവും നടത്തും. ഇങ്ങനെയെല്ലാമുള്ള കൂട്ടർക്കും അവരുടെ ഭരണകൂടശക്തികൾക്കും ഗാന്ധിജിക്ക് അനുകൂലമായും ഗോഡ്സെയ്ക്ക് എതിരായും സംസാരിക്കുന്നത് ക്രിമിനൽ കുറ്റമാകും. അതിന് ഭരണകൂടം കൂട്ടുനിൽക്കുന്നത്  നീതികേടാണ്.