2004 ആവർത്തിക്കും; തീർച്ച

പതിനെട്ട്‌ സീറ്റ‌് നേടിയ 2004ലെ ജനവിധിയുടെ തനിയാവർത്തനമായിരിക്കും ഇത്തവണ. അക്കാര്യത്തിൽ ഒരു സംശയവും വേണ്ട. പ്രചാരണത്തിന്റെ തുടക്കംമുതൽ അവസാനംവരെ എൽഡിഎഫ‌് നിലനിർത്തിയ മേൽക്കൈയും സംഘടനാപരമായ ചിട്ടയും അനുകൂലമായി മാറുമെന്ന‌് ഉറപ്പ‌്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിനും ബിജെപിക്കും ഒപ്പം ഉണ്ടായിരുന്ന പല കക്ഷികളും വ്യക്തികളും ഗ്രൂപ്പുകളും സംഘടനകളും ഇപ്പോൾ ഇടതുപക്ഷ ചേരിയിലാണ‌്. എൽഡിഎഫിന്റെ അടിത്തറ കൂടുതൽ ശക്തമായി. ഒരു അപസ്വരവുമില്ലാതെ പൂർണമായ ഐക്യത്തോടെയാണ‌് എൽഡിഎഫ‌് പ്രവർത്തിച്ചത‌്. അതിന്റെ പ്രയോജനം വിധിയെഴുത്തിലുണ്ടാകും.
 

മുമ്പ‌് നടന്ന പല തെരഞ്ഞെടുപ്പുകളെയും അപേക്ഷിച്ച‌് ഈ തെരഞ്ഞെടുപ്പ‌് ജനങ്ങൾ ഏറ്റെടുത്ത അനുഭവമാണ‌് ഉണ്ടായത‌്. പാറശാലമുതൽ മഞ്ചേശ്വരംവരെയുള്ള പ്രദേശങ്ങളിൽ സഞ്ചരിച്ചപ്പോൾ ഒരു കാര്യം വ്യക്തമായി. കാറ്റ‌് ഇടതുപക്ഷത്തിന‌് അനുകൂലമാണ‌്. ബിജെപിക്കും കോൺഗ്രസിനും എതിരെ ശക്തമായ ജനവികാരമാണ‌് അടിത്തട്ടിൽ കാണാൻ കഴിഞ്ഞത‌്.
കഴിഞ്ഞ അഞ്ചുവർഷം ജനങ്ങളെ അവഗണിച്ച നരേന്ദ്ര മോഡി സർക്കാർ രാജ്യത്തെ നാശത്തിലേക്കാണ‌് നയിച്ചത‌്. വർഗീയമായ ചേരിതിരിവും അസ്വസ്ഥതയും സൃഷ‌്ടിച്ച‌് മുതലെടുപ്പ‌് നടത്താനാണ‌് നോക്കിയത‌്. നരേന്ദ്ര മോഡിക്ക‌് മുമ്പ‌് അഞ്ചുവർഷം ഭരിച്ച കോൺഗ്രസ‌് സ്വീകരിച്ച ദ്രോഹനടപടികളും ജനങ്ങൾ വിസ‌്മരിച്ചിട്ടില്ല. ഇതെല്ലാം എൽഡിഎഫിന‌് വലിയ വിജയം നൽകും.
സംസ്ഥാന സർക്കാരിനെതിരായ വികാരം എവിടെയും കാണാൻ കഴിഞ്ഞില്ല എന്നതാണ‌് സവിശേഷമായ വസ‌്തുത. സാധാരണ ഗതിയിൽ തെരഞ്ഞെടുപ്പ‌് കാലത്ത‌് ഭരണത്തിലിരിക്കുന്ന സർക്കാരിനെതിരെ എതിർപ്പ‌് സ്വാഭാവികമാണ‌്. ഭരണപരമായ കാര്യങ്ങളിൽ ഒരു വിഭാഗത്തിൽനിന്ന‌് അത്തരം എതിർപ്പ‌് ഉയർന്നില്ല എന്നത‌് എൽഡിഎഫിനുള്ള ജനപിന്തുണയുടെ തെളിവാണ‌്.
ഇടതുപക്ഷത്തിന‌് പിന്തുണയേറി
കോൺഗ്രസും ബിജെപിയും കേന്ദ്രീകരിച്ചത‌് വിശ്വാസികളെ കബളിപ്പിച്ച‌് ഇടതുപക്ഷത്തിനെതിരെ വോട്ടുപിടിക്കാനാണ‌്. വിശ്വാസികളിൽ മഹാഭൂരിപക്ഷവും എൽഡിഎഫിനൊപ്പമാണെന്ന‌് പ്രചാരണ ഘട്ടത്തിൽ വ്യക്തമായി. ശബരിമലയുടെ പേരിൽ ഉയർത്തിയ വിവാദം വർഗീയ വികാരം ഇളക്കിവിടാനാണ‌് ഇരുകൂട്ടരും ശ്രമിച്ചതെന്ന‌് ജനങ്ങൾക്ക‌് ബോധ്യമായി കഴിഞ്ഞു. വിവിധ സമുദായ സംഘടനകളുടെ പിന്തുണ ശ്രദ്ധേയമാണ‌്. എസ‌്എൻഡിപി , കെപിഎംഎസ‌്, വിശ്വകർമസഭ തുടങ്ങിയ സംഘടനകൾ സർക്കാരിന്റെ നവോത്ഥാന മൂല്യ സംരക്ഷണ പ്രവർത്തനങ്ങൾക്ക‌് ഉറച്ച പിന്തുണയാണ‌് നൽകിയത‌്. ഇതെല്ലാം വിശ്വാസികളിൽ സർക്കാർ വിരുദ്ധ വികാരം സൃഷ‌്ടിക്കാനുള്ള ശ്രമം ഫലിച്ചില്ലെന്നതിന‌് തെളിവാണ‌്. മാത്രവുമല്ല, എൽഡിഎഫിനെ കാലാകാലങ്ങളിൽ എതിർത്തുവന്നിരുന്ന ചിലർ ഇപ്പോൾ അനുകൂല നിലപാട‌് സ്വീകരിച്ചു. നവോത്ഥാന മൂല്യങ്ങൾക്ക‌ുവേണ്ടിയുള്ള പോരാട്ടത്തിന‌് ഇടതുപക്ഷം നേതൃത്വം നൽകിയതോടെ കേരളത്തിന്റെ മതേതര മനസ്സ‌് പൂർണമായും ഉൾക്കൊള്ളാൻ കഴിയുന്ന പ്രസ്ഥാനമായി എൽഡിഎഫ‌് മാറി.
സമുദായ സംഘടനകളിൽ എൻഎസ‌്എസ‌് മാത്രമാണ‌് വിശ്വാസത്തിന്റെ പേരിൽ ചില എതിർപ്പ‌് പ്രകടിപ്പിച്ചത‌്. എന്നാൽ, അവസാന ഘട്ടത്തിൽ മൂന്ന‌് മുന്നണികളെയും കുറ്റപ്പെടുത്തി സമദൂരം എന്ന നിലപാട‌് അവർ ആവർത്തിച്ചു വ്യക്തമാക്കി. ഇതോടെ എൻഎസ‌്എസിലെ സാധാരണക്കാരായ ജനങ്ങൾ എൽഡിഎഫ‌് അനുകൂല നിലപാട‌് സ്വീകരിക്കുന്ന അവസ്ഥ സംജാതമായി.

 

എൻഎസ‌്എസിന‌് ശത്രുതയില്ല
എൻഎസ‌്എസിനോട‌് ഞങ്ങൾക്ക‌് ശത്രുതാപരമായ നിലപാടല്ല. അവർക്ക‌് ഇടതുപക്ഷത്തോട‌് തിരിച്ചും അത്തരം സമീപനം തന്നെയാണ‌്. ഇരുകൂട്ടരും പലപ്പോഴും പ്രശ‌്നങ്ങൾ തുറന്നുപറഞ്ഞിട്ടുണ്ട‌്. അത്തരമൊരു നിലപാട‌് മാത്രമേ ഞങ്ങൾ സ്വീകരിച്ചിട്ടുള്ളൂ. അതൊന്നും എൽഡിഎഫിനെതിരായ നിലപാടെടുക്കാൻ എൻഎസ‌്എസ‌് അണികളെ പ്രേരിപ്പിച്ചിട്ടില്ല. മുൻ തെരഞ്ഞെടുപ്പുകളിൽ എൻഎസ‌്എസ‌് സ്വീകരിച്ച സമദൂര സമീപനം തന്നെയാണ‌് ഇത്തവണയും അവർ പ്രഖ്യാപിച്ചത‌്.
മതന്യൂനപക്ഷങ്ങളിൽ വർഗീയ നിലപാട‌് സ്വീകരിച്ച സംഘടനകൾ ഒഴികെയുള്ളവർ എൽഡിഎഫിന‌് അനുകൂലമായി പ്രവർത്തിക്കുന്ന സ്ഥിതിയാണ‌്. ആർഎസ‌്എസ‌് ഉയർത്തുന്ന വർഗീയതയെ നേരിടണമെങ്കിൽ ഇടതുപക്ഷത്തിന്റെ കരുത്ത‌് വർധിപ്പിക്കണം എന്നതാണ‌് മതന്യൂനപക്ഷങ്ങളുടെ പൊതുബോധം. അത‌് ഈ തെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന‌് അനുകൂലമായി ശക്തമായി പ്രതിഫലിക്കുകതന്നെ ചെയ്യും.
2004 ലെ തെരഞ്ഞെടുപ്പിന‌് സമാനമായ സാഹചര്യമാണ‌് 2019ലും ഉണ്ടാകുന്നത‌് എന്ന‌് ഞങ്ങൾ പറയുന്നത‌് വെറുതെയല്ല. അന്ന‌് ഇടതുപക്ഷത്തെ വിജയിപ്പിച്ചുകൊണ്ടാണ‌് വർഗീയവിരുദ്ധ പോരാട്ടത്തിൽ കേരളം പങ്കുചേർന്നത‌്. ഇതിന്റെ ഫലമായാണ‌് വാജ‌്പേയി ഭരണത്തെ അവസാനിപ്പിക്കാൻ സാധിച്ചത‌്. ഇടതുപക്ഷ പിന്തുണയോടെയാണ‌് ഒന്നാം യുപിഎ അധികാരത്തിൽ വന്നത‌്. അന്ന‌് അതിന‌ുകഴിഞ്ഞത‌് ഇടതുപക്ഷം വിജയിച്ചത‌ു കൊണ്ട‌ുമാത്രമാണ‌്. വർഗീയതയ‌്ക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസിനെക്കാൾ ജനങ്ങൾ വിശ്വസിക്കുന്നത‌് ഇടതുപക്ഷത്തെയാണ‌്. ഇടതുപക്ഷത്തിന‌് ശക്തിയില്ലാത്ത സംസ്ഥാനങ്ങളിൽ മാത്രമാണ‌് ജനങ്ങൾ ബിജെപിക്കെതിരെ കോൺഗ്രസിനെ പിന്തുണയ‌്ക്കുന്നത‌്. ആറു സംസ്ഥാനങ്ങളിൽ മാത്രമേ കോൺഗ്രസും ബിജെപിയും തമ്മിൽ നേരിട്ട‌് മൽസരിക്കുന്നുള്ളൂ. അതും നൂറോളം ലോക‌്സഭാ സീറ്റിൽമാത്രം. മറ്റ‌ിടങ്ങളിലെല്ലാം കോൺഗ്രസ‌് ഇതര കക്ഷികളാണ‌് ബിജെപിക്കെതിരെ ശക്തമായ പോർമുഖം തുറന്നിരിക്കുന്നത‌്.
കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ല എന്നതിന‌് തെളിവാണ‌് കോൺഗ്രസുകാരുടെ പ്രതിദിനമുള്ള ബിജെപി കൂടുമാറ്റം. 2014ൽ ലോക‌്സഭയിൽ ജയിച്ചുവന്ന 288 ബിജെപിക്കാരിൽ 103 പേർ കോൺഗ്രസിന്റെ സമുന്നത നേതാക്കളായിരുന്നവരാണ‌്. കേരളത്തിലും കോൺഗ്രസിൽനിന്ന‌് ബിജെപിയിലേക്കുള്ള ഒഴുക്ക‌് തടയാൻ സാധിച്ചിട്ടില്ല. ടോം വടക്കൻ, ജി രാമൻനായർ, ഡോ. കെ എസ‌് രാധാകൃഷ‌്ണൻ, ടി പി ശ്രീനിവാസൻ, ഏറ്റവും ഒടുവിൽ എസ‌് കൃഷ‌്ണകുമാർ. ഇങ്ങനെ എത്രയോ പേർ ബിജെപിയിൽ എത്തി. ഉന്നതരായ ഈ വ്യക്തികൾ ബിജെപി പാളയത്തിൽ എത്തുമ്പോൾ ഏത‌് കോൺഗ്രസ‌് നേതാവിനെയാണ‌് വിശ്വസിക്കാൻ സാധിക്കുക എന്ന ചോദ്യമാണ‌് ഉയരുന്നത‌്.
യുഡിഎഫിന‌് ന്യൂനപക്ഷത്തെ സംരക്ഷിക്കാനാകില്ല
യുഡിഎഫ‌് സർക്കാരിന്റെ കാലത്ത‌് മർമപ്രധാനമായ അധികാര സ്ഥാനങ്ങളിൽ ഇരുന്ന വ്യക്തികളാണ‌് ബിജെപിക്ക‌ുവേണ്ടി ഇന്ന‌് രംഗത്ത‌ിറങ്ങിയിരിക്കുന്നത‌്. ഉമ്മൻചാണ്ടിയുടെയും ചെന്നിത്തലയുടെയും മനഃസാക്ഷി സൂക്ഷിപ്പുകാരനായി അറിയപ്പെട്ടിരുന്ന മുൻ ഡിജിപി ടി പി സെൻകുമാർ ബിജെപിയുടെ മുഖ്യപ്രചാരകനാണ‌്.
യുഡിഎഫ‌് ഭരണകാലത്ത‌് കാര്യങ്ങൾ നിയന്ത്രിക്കാൻ ആർഎസ‌്എസിന‌് കഴിഞ്ഞിരുന്നൂവെന്ന‌് ഇത‌് തെളിയിച്ചിരിക്കുകയാണ‌്. ആർഎസ‌്എസുകാർ പ്രതികളായ നിരവധി കേസുകൾ പിൻവലിച്ചതിന‌് പിന്നിലെ ഉറവിടം ഡിജിപി ഓഫീസായിരുന്നൂവെന്ന‌ാണ‌് ഇത‌് വ്യക്തമാക്കുന്നത‌്. ആർഎസ‌്എസ‌്, ചെന്നിത്തല, സെൻകുമാർ കൂട്ടുകെട്ടിന്റെ അനന്തരഫലമാണ‌് ഇത‌്. ന്യൂനപക്ഷവിരുദ്ധ സമീപനം പരസ്യമായി സ്വീകരിക്കാൻ മടിക്കാത്ത ഒരു ഡിജിപിക്ക‌് സംരക്ഷണം കൊടുത്ത യുഡിഎഫിന‌് എങ്ങനെ ന്യൂനപക്ഷത്തെ രക്ഷിക്കാൻ കഴിയും?
ശബരിമല കേസിലെ സുപ്രീംകോടതി വിധി യുഡിഎഫ‌് ഭരണകാലത്താണ‌് വന്നിരുന്നതെങ്കിൽ കലാപത്തിനുള്ള ആർഎസ‌്എസ‌് അജൻഡ തീർച്ചയായും നടപ്പാകുമായിരുന്നു. നിലയ‌്ക്കൽ, മാറാട‌് കലാപങ്ങൾക്ക‌് ആസൂത്രണം വഹിച്ച ആർഎസ‌്എസുകാരാണ‌് ഇപ്പോൾ ബിജെപിയെ നയിക്കുന്നത‌്. ശബരിമല സുവർണാവസരമായി ഉപയോഗിക്കണമെന്ന ആർഎ‌സ‌്എസ‌് തീരുമാനം ചീറ്റിപ്പോയത‌് പിണറായി സർക്കാർ അധികാരത്തിൽ ഇരുന്നത‌ുകൊണ്ടാണ‌്. ഇത‌് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട‌്. ഇതിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പിൽ പ്രകടമാകും. എൽഡിഎഫ‌് ചരിത്രവിജയം നേടും.