സംഘപരിവാറിെന്റ രാമ രാഷ്ട്രീയം

ശ്രീരാമനെ വീണ്ടും സംഘപരിവാർ രാഷ്ട്രീയനാമമാക്കിയിരിക്കുകയാണ്. ഒരു പരിഷ്കൃത രാജ്യമെന്ന പദവി ഇന്ത്യയ്ക്ക് നഷ്ടപ്പെടുത്തിയ കറുത്ത ഏടാണ് 1992 ഡിസംബർ 6 ലെ അയോധ്യ സംഭവം. മതനിരപേക്ഷതയുടെ പ്രതീകമായിരുന്ന ബാബ‌്റി പള്ളി അന്ന് കാവിപ്പട പൊളിച്ചു. ആ മഹാദുരന്തം ഇന്ത്യയുടെ മനസ്സാക്ഷിയിലേൽപ്പിച്ച മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല.

 അപ്പോഴാണ് 26 വർഷങ്ങൾക്കിടയിൽ മറ്റൊരു ആപത്ഘട്ടം രാജ്യത്തിനുമേൽ അടിച്ചേൽപ്പിക്കാൻ അയോധ്യയെ സംഘർഷഭരിതമാക്കിയിരിക്കുന്നത്. പള്ളി പൊളിച്ചിടത്ത് രാമക്ഷേത്രം ഉയർത്താനും സുപ്രീംകോടതി വിധിക്ക് കാക്കാതെ അതിനായി അക്രമാസക്തമായി ഇറങ്ങാനും സംഘപരിവാർ പ്രസ്ഥാനങ്ങൾ കച്ചമുറുക്കിയിരിക്കുകയാണ്. മൂന്ന് ലക്ഷത്തോളം പേരെ പങ്കെടുപ്പിച്ച് ഹിന്ദു ധരം സഭ അയോധ്യയിൽ നടത്തിയത് അതിന്റെ ഭാഗമാണ്.
നിയമവ്യവസ്ഥയെ മാനിക്കാത്തവർ
വർഗീയഭ്രാന്തിന് എണ്ണയൊഴിക്കാൻ കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രിമാരൊക്കെ മുന്നിലുണ്ടെന്നതാണ് ഏറ്റവും അപകടകരം. ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പ് അയോധ്യയിൽ പുതിയ രാമക്ഷേത്രം ഉയരുകതന്നെ ചെയ്യുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ക്ഷേത്രനിർമാണത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്. രാമക്ഷേത്രനിർമാണം വെറുംവാക്കാകില്ലെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭാഗവതും. ഇങ്ങനെ സുപ്രീംകോടതി പരിഗണിക്കുന്ന അയോധ്യ കേസിലെ തീർപ്പ് ബിജെപിക്കും ആർഎസ‌്എസിനും ബാധകമല്ലെന്നാണ് ഇക്കൂട്ടർ വിളിച്ചറിയിക്കുന്നത്. തകർത്ത ബാബ‌്റി മസ്ജിദ് നിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചതാണ് കേസ്. അടുത്ത ജനുവരിയിലേക്ക് കേസ് വാദം കേൾക്കാൻ മാറ്റിയിരിക്കുകയാണ്. ധൃതികാട്ടേണ്ട വിഷയമല്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
പക്ഷേ, നിയമവ്യവസ്ഥയെ മാനിക്കുന്നതല്ല കേന്ദ്രഭരണകക്ഷിയുടെ നയം. ശ്രീരാമന്റെയും വിശ്വാസത്തിന്റെയുംപേരിൽ എന്ത് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ നടപടികൾ സ്വീകരിക്കാമെന്നിടത്താണ് ഇക്കൂട്ടർ. വിവിധ സംസ്ഥാനങ്ങളിൽ ഇപ്പോൾ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി രാമക്ഷേത്രം ഉയർത്തുന്നതിനെപ്പറ്റി രാജ്യത്തെ അറിയിക്കുമെന്നാണ് സംഘപരിവാർ കേന്ദ്രങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. സുപ്രീംകോടതി വിധിക്ക് കാത്തിരിക്കാതെ, രാമക്ഷേത്രം നിർമിക്കാൻ ഏകപക്ഷീയമായി നീങ്ങുമെന്നാണ് സന്യാസിമാരുൾപ്പെടെ അണിനിരന്ന അയോധ്യയിലെ ധരം സഭയിലൂടെ സംഘപരിവാർ പ്രഖ്യാപിച്ചത്. ബാബ‌്റി ഭൂമിയിൽ നമാസ് പാടില്ല, 2.77 ഏക്കർ പൂർണമായും ക്ഷേത്രത്തിന് വിട്ടുകൊടുക്കണം, ക്ഷേത്രനിർമാണത്തിന് ഓർഡിനൻസോ നിയമനിർമാണമോ കേന്ദ്രസർക്കാർ നടത്തുകയും രാജ്യത്തെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുകയും വേണം ‐ ഇത്തരം ആവശ്യങ്ങളാണ് അയോധ്യയിൽ ധരം സഭ മുന്നോട്ടുവച്ചത്. അയോധ്യ കൊണ്ടുമാത്രം കാര്യങ്ങൾ തീരില്ലെന്നും കാശിയിലും മഥുരയിലും അയോധ്യ ആവർത്തിക്കുമെന്നും രാജ്യത്ത് 40,000 ത്തോളം പള്ളികൾ ക്ഷേത്രങ്ങൾ തകർത്ത് നിർമിച്ചതാണെന്നുമുള്ള ഭീഷണിയും ഉയർത്തിയിട്ടുണ്ട്.
ബിജെപി ഭരണങ്ങളുടെ പിന്തുണയിൽ രാമക്ഷേത്ര നിർമാണത്തിനിറങ്ങിയിരിക്കുന്ന സംഘപരിവാർ നടപടിയെപ്പറ്റിയോ ചരിത്രത്തെ നശിപ്പിക്കുന്ന ഭരണനടപടികളെപ്പറ്റിയോ ഒന്നും ഉരിയാടാതെ കോൺഗ്രസിന്റെ ദേശീയനേതാവ് എ കെ ആന്റണി ഇവിടെവന്ന് ശബരിമലയുടെപേരിൽ സംഘപരിവാറിന് ശക്തി പകരുകയും എൽഡിഎഫ് സർക്കാരിനെ അധിക്ഷേപിക്കുകയും ചെയ്തിരിക്കുകയാണ്
 
കലാപമുണ്ടാക്കാനുള്ള ശ്രമം
1992 ഡിസംബർ 6 നമ്മെ ഓർമപ്പെടുത്തുന്നത് ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കാനുള്ള പ്രസ്ഥാനം അക്രമാസക്തമായി രംഗത്ത‌് വന്നു എന്നതാണ്. അത് കൂടുതൽ വിപൽക്കരമായി വരാൻ പോകുന്നുവെന്ന മുന്നറിയിപ്പാണ് അയോധ്യയിലെ ധരം സഭ നൽകിയത്. അയോധ്യയിൽ പള്ളിപൊളിച്ചപ്പോൾ കേന്ദ്രത്തിൽ ബിജെപിക്ക് അധികാരം കിട്ടി. അതിനാൽ ഇനി അയോധ്യയിൽ പുതിയ രാമക്ഷേത്രം നിയമവ്യവസ്ഥകളെ ലംഘിച്ചുകൊണ്ട് പണിത് രാജ്യത്ത് കലാപമുണ്ടാക്കാനാണ് നോട്ടം. അതിലൂടെ മോഡി ഭരണം വീണ്ടും കൊണ്ടുവരാമെന്ന രാഷ്ട്രീയതന്ത്രം പയറ്റുകയാണ് സംഘപരിവാർ. രാജ്യത്തെയും ജനങ്ങളെയും വഞ്ചിച്ച മോഡി ഭരണം അഴിമതിയിലും മുങ്ങി. റഫേൽ വിമാന അഴിമതി ഒറ്റപ്പെട്ടതല്ല. ഭരണനേട്ടം പറഞ്ഞ് വോട്ട് പിടിക്കാൻ പറ്റാത്തതിനാൽ രാമന്റെപേരിൽ വർഗീയതയിളക്കുകയാണ്. അങ്ങനെ ശ്രീരാമനെ വർഗീയ പ്രതിപുരുഷനാക്കാൻ നോക്കുകയാണ്.
ഹിന്ദുമതവുമായി ബന്ധപ്പെട്ട് തലമുറകളായി അനുഭവിച്ചറിഞ്ഞ ശ്രേഷ്ഠതകളെ തകർത്തെറിഞ്ഞ് അന്യമതവിദ്വേഷവും കുരുതിക്കളവും തീർക്കാനാണ് ആർഎസ്എസും അതിന്റെ സംഘടനകളും ശ്രമിക്കുന്നത്. കാൺപുർ വർഗീയകലാപം അന്വേഷിച്ച ജുഡീഷ്യൽ കമീഷൻ ഭൂരിപക്ഷ‐ന്യൂനപക്ഷ സമുദായങ്ങളെ അകറ്റുന്നതിന് ചരിത്രത്തെ എങ്ങനെ ദുരുപയോഗപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. "ഭൂതകാലത്തെ കൂടുതൽ ശരിയായ പരിപ്രേക്ഷ്യത്തിൽ നോക്കിക്കാണാൻ ജനങ്ങൾ തയ്യാറാകുന്നില്ലെങ്കിൽ പരസ്പരവിശ്വാസവും സൗഹൃദപൂർണമായ ബന്ധങ്ങളും പുനഃസ്ഥാപിക്കാനും നിലവിലുള്ള അഭിപ്രായഭിന്നതകൾക്കും തെറ്റിദ്ധാരണകൾക്കും സ്ഥിരമായ പരിഹാരം കണ്ടെത്താനും കഴിയില്ല. അതിനാൽ ഞങ്ങളുടെ അഭിപ്രായത്തിൽ പ്രശ്നത്തിന്റെ ശരിയായ പരിഹാരത്തിന് സ്വീകരിക്കേണ്ട പ്രഥമവും അനിവാര്യവുമായ നടപടി ചരിത്രത്തെക്കുറിച്ചുള്ള വികലധാരണകൾ നീക്കാനുള്ള ശ്രമം വേണമെന്നതാണ്’. കാൺപുർ കമീഷന്റെ ഈ ശുപാർശയ്ക്ക് വിരുദ്ധമായ കാര്യങ്ങളാണ് ചരിത്രത്തിന്റെ കാര്യത്തിൽ ഇന്ന് രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ബാബ‌്റി മസ്ജിദിൽ മാത്രമായി അത് ഒതുങ്ങുന്നില്ല.
ഇത് വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ്. ഷാജഹാൻ ചക്രവർത്തി നിർമിച്ച താജ്മഹൽ ഇല്ലാത്ത ഇന്ത്യ ആത്മാവ് നഷ്ടപ്പെട്ട രാജ്യമാകും
ചരിത്രത്തെ മായ‌്ച്ചുകളയുന്നു
ലോകമഹാത്ഭുതമായ താജ്മഹൽ ഷാജഹാൻ ചക്രവർത്തി തന്റെ പ്രേയസി മുംതാസിന്റെ സ്മരണയ്ക്കായി നിർമിച്ച പ്രണയകുടീരമാണ്. പക്ഷേ, അത് പഴയ ശിവക്ഷേത്രമാണെന്ന് സ്ഥാപിക്കാനുള്ള ബദ്ധപ്പാടിലാണ് സംഘപരിവാർ. ചരിത്രത്തെ എങ്ങനെ കീഴ്മേൽ മറിക്കുന്നുവെന്ന് നോക്കൂ. കഴിഞ്ഞ നവംബർ 17 ന് സംഘപരിവാർ സംഘടനയായ രാഷ്ട്രീയ ബജ്രംഗ്ദളിന്റെ വനിതാപ്രവർത്തകർ ശിവക്ഷേത്രമാണെന്ന് അവകാശപ്പെട്ട് താജ്മഹലിൽ പൂജ നടത്തി. ബജ്രംഗ്ദളിന്റെ വനിതാ ജില്ലാ അധ്യക്ഷ മീനാദിവാംഗറിന്റെ നേതൃത്വത്തിൽ ഗംഗാജലം തളിക്കുകയും ചെയ്തു. ചിലർ വന്ന് വെള്ളിയാഴ്ചകളിൽ പ്രാർഥന നടത്തി ഇവിടെ അശുദ്ധമാക്കിയിരിക്കുന്നതിനാൽ ഗംഗാജലം തളിച്ച് ശുദ്ധമാക്കുന്നുവെന്നായിരുന്നു പ്രഖ്യാപനം. ഇതിന്റെ വീഡിയോദൃശ്യങ്ങൾ വലിയതോതിൽ പ്രചരിപ്പിക്കുകയാണ്.
ഇത് വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ്. ഷാജഹാൻ ചക്രവർത്തി നിർമിച്ച താജ്മഹൽ ഇല്ലാത്ത ഇന്ത്യ ആത്മാവ് നഷ്ടപ്പെട്ട രാജ്യമാകും. ഇന്ന് ചരിത്രത്തെ മായ്ച്ചുകളയാൻ മതനിരപേക്ഷ സംസ്കാരത്തിന്റെയും മാനവികതയുടെയും ശേഷിപ്പുകളും പ്രതീകങ്ങളുമായ ആരാധനാലയങ്ങളെയും സ്മാരകങ്ങളെയും എന്തിന് സ്ഥലനാമങ്ങളെപ്പോലും ഇല്ലാതാക്കുന്നു. ദേശീയമായി അംഗീകരിച്ചിരുന്ന രണ്ട് ഡസനിലധികം സ്ഥലനാമങ്ങൾ കഴിഞ്ഞ ഒരാണ്ടിനുള്ളിൽ മാറ്റപ്പെട്ടു. ഫൈസാബാദ് അയോധ്യയായി. അലഹബാദ് പ്രയാഗ്രാജ് ആയി. മുസഫർ നഗർ ലക്ഷ്മി നഗറായി. മുഗൾസരായി റെയിൽവേ സ്റ്റേഷൻ ദീൻദയാൽ ഉപാധ്യയാ എന്നാക്കി. അഹമ്മദാബാദ് കർണാവതി ആക്കാനും നിശ്ചയിച്ചിട്ടുണ്ട്. പേരുമാറ്റം ഇവിടം കൊണ്ട് അവസാനിക്കുന്നില്ല.
അവിശുദ്ധ കൂട്ടുകെട്ട‌്
മുഗൾ ഭരണകാലത്തെ സംഗീതവും സാഹിത്യവും വാസ്തുവിദ്യയും എല്ലാം ഇന്ത്യയുടെ സാംസ്കാരിക സാങ്കേതികപ്പെരുമയെ വർധിപ്പിച്ചവയാണ്. പഴയകാല സ്ഥലനാമങ്ങൾ പോലും ശ്രവിക്കാൻ കഴിയാത്ത വർഗീയ അസഹിഷ്ണുത ഇന്ത്യൻ ജനതയുടെ ഒരുമയ്ക്ക് വൻ ഭീഷണിയാണ്. ബിജെപി ഭരണങ്ങളുടെ പിന്തുണയിൽ രാമക്ഷേത്ര നിർമാണത്തിനിറങ്ങിയിരിക്കുന്ന സംഘപരിവാർ നടപടിയെപ്പറ്റിയോ ചരിത്രത്തെ നശിപ്പിക്കുന്ന ഭരണനടപടികളെപ്പറ്റിയോ ഒന്നും ഉരിയാടാതെ കോൺഗ്രസിന്റെ ദേശീയനേതാവ് എ കെ ആന്റണി ഇവിടെവന്ന് ശബരിമലയുടെപേരിൽ സംഘപരിവാറിന് ശക്തി പകരുകയും എൽഡിഎഫ് സർക്കാരിനെ അധിക്ഷേപിക്കുകയും ചെയ്തിരിക്കുകയാണ്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ അക്രമാസക്തമായി ഇറങ്ങിയിരിക്കുന്ന സംഘപരിവാറിന്റെ രാഷ്ട്രീയ ആയുധമാണ് ശ്രീരാമനും സ്വാമി അയ്യപ്പനും. ഇതിനെ തുറന്നുകാട്ടാനും ആരാധനാലയങ്ങളെ വർഗീയകേന്ദ്രമാക്കാനുള്ള ക്രിമിനൽ നടപടികളെ ചെറുക്കാനും ചങ്കൂറ്റം കാട്ടുന്ന എൽഡിഎഫ് സർക്കാരിനെയും കമ്യൂണിസ്റ്റുകാരെയും ശബരിമലയുടെയും അയ്യപ്പന്റെയുംപേരിൽ ഇവിടെ ഒറ്റപ്പെടുത്താൻ കോൺഗ്രസും യുഡിഎഫും ആർഎസ്എസുമായി കൈകോർക്കുകയാണ്. ഈ അവിശുദ്ധ കൂട്ടുകെട്ടിന് ആന്റണി ആശീർവാദം നൽകുന്നു. രാമക്ഷേത്രത്തിന്റെപേരിൽ രാജ്യത്ത വിപൽക്കരമായ ഘട്ടത്തിലെത്തിക്കാൻ സംഘപരിവാർ നീങ്ങുമ്പോൾ അത് മറച്ചുപിടിച്ച് എൽഡിഎഫ് സർക്കാരിനെ ക്ഷീണിപ്പിക്കാൻ കേരളത്തിലെ അവിശുദ്ധ കൂട്ടുകെട്ടിന് അനുഗ്രഹം നൽകുന്നത് ദേശീയമായി മതനിരപേക്ഷതയുടെ ആണിക്കല്ല് ഇളക്കുന്ന നടപടിയാണ്.