മോഡിയുടെ ഉറപ്പ്

മഹാപ്രളയത്തിലും കേരളം തോൽക്കില്ലെന്ന‌് നമുക്ക് തെളിയിക്കണം. പേമാരിയിലും കെടുതിയിലും മുങ്ങിയ കേരളത്തെ പുനർ നിർമിക്കാനുള്ള പ്രഖ്യാപനം ഇതിനകം മുഖ്യമന്ത്രിയിൽനിന്ന‌് വന്നുകഴിഞ്ഞു. പുതുക്കിപ്പണിയുന്ന നാട് ഒരു നവകേരളമാകണം. അതിനുള്ള പ്രതിബദ്ധതാപൂർണമായ പ്രവർത്തനത്തിന് സംസ്ഥാന സർക്കാർ നേതൃത്വംനൽകും. അതിന് കേന്ദ്ര സർക്കാരിന്റെയും ലോകമെമ്പാടുമുള്ള മനുഷ്യസ്‌നേഹികളുടെയും മലയാളികളുടെയും കലവറയില്ലാത്ത പിന്തുണയും ഉദാരമായ സംഭാവനയും കൂടിയേ കഴിയൂ.
ആരും പ്രതീക്ഷിക്കുന്നതിനേക്കാൾ അപ്പുറമാണ് കേരളത്തിന്റെ പ്രളയ നഷ്ടം. അത് 40,000 കോടിയിലധികമാണ്. സംസ്ഥാനത്തിന്റെ വാർഷിക പദ്ധതിയുടെ അടങ്കലിനേക്കാൾ കൂടുതലാണിത‌്. ഇത്രയും പണം കണ്ടെത്തുന്നത് വെല്ലുവിളിയാണ്. ഈ സാഹചര്യത്തിലാണ് ലോകത്തെമ്പാടുമുള്ള മലയാളികൾ ഉൾപ്പെടെയുള്ളവരോട് ഒരു മാസത്തെ ശമ്പളം നൽകുന്നതിനുള്ള അഭ്യർഥന മുഖ്യമന്ത്രി നടത്തിയത്. നല്ല പ്രതികരണമാണ് ഇതിന‌് ലഭിക്കുന്നത‌്. സംസ്ഥാന സർക്കാർ ജീവനക്കാർ പൊതുവിൽ പിന്തുണച്ചു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ‌്, ഗവർണർ ജസ്റ്റിസ് പി സദാശിവം എന്നിവരെല്ലാം ഒരുമാസത്തെ ശമ്പളം സംഭാവന നൽകി.
പ്രകൃതിക്ഷോഭത്തിൽ തകർന്ന വീടുകൾക്ക് നൽകാവുന്ന നഷ്ടപരിഹാര ത്തുക നിലവിലെ വ്യവസ്ഥപ്രകാരം തുച്ഛമാണ്. അത് മറികടക്കാൻ കൂടിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന‌് നാലുലക്ഷം രൂപ അനുവദിച്ചത്. വാസയോഗ്യമായതും പരിസ്ഥിതിക്കിണങ്ങുന്നതുമായ നല്ല വീടുകൾ നിർമിച്ച് നൽകേണ്ടതുണ്ട്. മികച്ച പുനരധിവാസ പദ്ധതിയാകും സർക്കാർ ആവിഷ്‌കരിക്കുക. വെള്ളം ഇറങ്ങിയശേഷമുള്ള ഏറ്റവും വലിയ വെല്ലുവിളി ചെളിയും അഴുക്കും അടിഞ്ഞുകൂടിയ വീടുകൾ വാസയോഗ്യമാക്കുകയെന്നതാണ്. പകർച്ചവ്യാധികളെ തടഞ്ഞുനിർത്താനും ഇത് ആവശ്യമാണ്. വീടും പരിസരവും ശുചിയാക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ മുൻകൈയിലുള്ള പ്രവർത്തനങ്ങൾക്കുപുറമെ സന്നദ്ധപ്രവർത്തകരുടെ സേവനം പ്രധാനമാണ്. സിപിഐ എമ്മിന്റെ അരലക്ഷത്തിലധികം വളന്റിയർമാർ ഇതിനകം പ്രളയബാധിതമേഖലകളിൽ വിവിധ ജില്ലകളിൽനിന്ന‌് എത്തിയിട്ടുണ്ട്. ഇവരുടെ സംഖ്യ വരുംദിവസങ്ങളിൽ വർധിക്കും. ഇതര ജില്ലകളിൽനിന്നെത്തി തിരുവോണനാളിൽപോലും സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സിപിഐ എമ്മിന്റെ നൂറുകണക്കിന് സംഘങ്ങളുണ്ട്. അതിലെ അംഗങ്ങൾ ഒരു പ്രദേശത്ത് കുറഞ്ഞത് മൂന്നു ദിവസം പ്രവർത്തിക്കുന്നു. ഒരു ഏരിയയിൽനിന്ന‌് മാത്രം 700ൽപരം പേർ ഈ യജ്ഞത്തിൽ പങ്കാളികളാകുന്നു. എൻജിനിയർമാർ, വയർമാൻമാർ, പമ്പ് ഓപ്പറേറ്റേഴ്‌സ്, മേസന്മാർ തുടങ്ങിയവർ സംഘത്തിലുണ്ട്.

കിണറുകൾ വൃത്തിയാക്കാനുള്ള പമ്പ് സെറ്റും തടി മുറിച്ച് മാറ്റാനുള്ള മെഷീനുകളും മൺവെട്ടി, മൺകോരി, കുട്ട, ചട്ടി തുടങ്ങിയവയും കരുതുന്നു. വീടും പരിസരവും ശുചിയാക്കാനുള്ള ലോഷൻ, ബ്ലീച്ചിങ‌് പൗഡർ തുടങ്ങിയവ ശേഖരിച്ചാണ് സംഘങ്ങളെത്തുന്നത്. ഭക്ഷണം സ്വന്തമായി പാകംചെയ്യാനുള്ള സാധനങ്ങളും കുടിവെള്ളവുമായാണ് പല സംഘങ്ങളും വാഹനങ്ങളിൽ ചെല്ലുന്നത്. ശുചീകരണപ്രവർത്തനം നടത്തുന്നതിൽ ആയിരക്കണക്കിന് സിപിഐ എം വളന്റിയർമാർ വ്യാപൃതരായിരിക്കുമ്പോൾത്തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന‌് വിവിധ പാർടികളുടെയോ സംഘടനകളുടെയോ പ്രവർത്തകരും സമാനപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട്. ജാതിമത കക്ഷിരാഷ്ട്രീയ ഭേദമെന്യേ ഒരു മഹായജ്ഞമായി ശുചീകരണ പ്രവർത്തനം മാറിയിരിക്കുന്നു.
പ്രളയത്തെ നേരിടാൻ കേരളം കാട്ടുന്ന ഒരുമയുടെ സ്പിരിറ്റ് കേന്ദ്രം ഉൾക്കൊള്ളണം. കേന്ദ്ര സർക്കാരുമായി ഏറ്റുമുട്ടാനുള്ള ഒരു രാഷ്ട്രീയ യുദ്ധക്കളമായി പ്രളയം തകർത്തെറിഞ്ഞ കേരളമണ്ണിനെ മാറ്റാൻ ഉദ്ദേശിക്കുന്നില്ല. കെടുതി നേരിടുന്ന കേരളത്തോടൊപ്പം കേന്ദ്രമുണ്ടെന്ന‌് പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ ‘മൻ കീ ബാത്ത്’ എന്ന റേഡിയോ പരിപാടിയിൽ വ്യക്തമാക്കി. ആഗസ‌്ത‌് 17, 18 തീയതികളിലെ കേരള സന്ദർശനത്തിനുശേഷം തന്റെ നിർദേശപ്രകാരമാണ് ക്യാബിനറ്റ് സെക്രട്ടറി അധ്യക്ഷനായ കേന്ദ്ര ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി നിത്യേന യോഗം ചേർന്നത്. കേരളത്തിനൊപ്പം ഭാരതത്തിലെ 125 കോടി ജനങ്ങളുമുണ്ടെന്ന ആശ്വാസവാക്കും മോഡിയിൽനിന്നുണ്ടായി. പ്രളയദുരന്തം നേരിടാൻ കേന്ദ്രമുണ്ടെന്ന ഉറപ്പ് കേവലം ഭംഗിവാക്കായി പരിമിതപ്പെടാതിരിക്കണമെങ്കിൽ കേരളത്തോട് കേന്ദ്രം നിഷേധാത്മക നിലപാട് സ്വീകരിക്കരുത‌്.
ഇപ്പോഴുള്ള സൂചനകൾ ആശങ്കയുണർത്തുന്നതാണ്. കേന്ദ്ര സർക്കാർ നിലപാട് തിരുത്തേണ്ടതിനെപ്പറ്റി ഈ പംക്തിയിൽ കഴിഞ്ഞയാഴ്ച പ്രതിപാദിച്ചിരുന്നു. അതിൽ അനിഷ്ടംകാട്ടി ബിജെപി മുഖപത്രമായ ‘ജന്മഭൂമി’ മുഖപ്രസംഗമെഴുതി. പ്രളയം നേരിടേണ്ട ഘട്ടത്തിൽ കേന്ദ്ര സർക്കാരിനെ സിപിഐ എം വളഞ്ഞിട്ട‌് ആക്രമിക്കുകയാണെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും പാർടി സംസ്ഥാന സെക്രട്ടറിയും രണ്ട് തട്ടിലാണെന്നുമുള്ള വസ്തുതാവിരുദ്ധമായ പ്രചാരണമാണ‌് ബിജെപി‐ ആർഎസ്എസ് ജിഹ്വ നടത്തുന്നത‌്.
പ്രളയദുരന്തത്തിൽപ്പെട്ട കേരളത്തിന് സൗജന്യഅരിയും മണ്ണെണ്ണയും ചോദിച്ചു. എന്നാൽ, അത് രണ്ടും കേന്ദ്ര സർക്കാർ നിഷേധിച്ചു. ആവശ്യപ്പെട്ടതിന്റെ പകുതിയോളം അരി മാത്രമാണ്‌ കേന്ദ്രം അനുവദിച്ചത്‌. കിലോഗ്രാമിന് 25 രൂപ നിരക്കും നിശ്ചയിച്ചു. ഇതുപ്രകാരം 223 കോടി രൂപ നൽകണം. സംസ്ഥാനത്തിന് സബ്‌സിഡി അരി നൽകുന്നത് 3 രൂപയ്ക്കാണ്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് 5 കിലോ അരിയടക്കം 22 അവശ്യസാധനങ്ങൾ അടങ്ങിയ സൗജന്യ കിറ്റ് സംസ്ഥാന സർക്കാർ നൽകുന്നുണ്ട‌്. 12,000 ലിറ്റർ മണ്ണെണ്ണ അനുവദിച്ചെങ്കിലും ലിറ്ററിന് 70 രൂപ നിരക്കിൽ 84 കോടി രൂപ കൊടുക്കണം. സബ്‌സിഡി മണ്ണെണ്ണയുടെ വില 29 രൂപയാണ്. പ്രളയകാലത്തെങ്കിലും സൗജന്യമായി അരിയും മണ്ണെണ്ണയും നൽകാനുള്ള ഭരണഘടനാപരമായ കടമ കേന്ദ്ര സർക്കാർ കാട്ടണ്ടേ. അങ്ങനെ ചെയ്യുമ്പോഴല്ലേ ഫെഡറൽ തത്വസംഹിതയോട് നീതി പുലരുന്നത്.
കേരളത്തിലെ പ്രളയത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം നിരാകരിക്കുന്നതിന് കേന്ദ്ര സർക്കാർ നിരത്തുന്ന ന്യായം, 2005 ൽ പാർലമെന്റ് പാസാക്കിയ ദുരന്ത മാനേജ്‌മെന്റ് ആക്ടാണ‌്. 11 അധ്യായങ്ങളുള്ള ഈ ആക്ടിലെവിടെയും ദേശീയദുരന്തമെന്ന വാക്ക് കാണാനാകില്ലെന്ന‌് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. ലെവൽ സീറോ (എൽഒ), ലെവൽ വൺ, ലെവൽ ടു, ലെവൽ ത്രീ എന്നിങ്ങനെയാണ് ദുരന്തങ്ങളെ വിഭജിച്ചിരിക്കുന്നത്. എൽ വൺ ജില്ലാതലത്തിൽ കൈകാര്യംചെയ്യുന്ന ദുരന്തം. എൽടു സംസ്ഥാനതലത്തിൽ, എൽത്രി ദേശീയതലത്തിൽ. എന്നാൽ പാർലമെന്റ് പാസാക്കിയ ഈ നിയമം ഉള്ളപ്പോൾത്തന്നെയല്ലേ ജമ്മു കശ്മീരിൽ 2014ൽ ഉണ്ടായ വെള്ളപ്പൊക്കത്തെ ദേശീയദുരന്തമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. ദേശീയദുരന്തമായി പ്രഖ്യാപിച്ചാൽ ദുരന്തനിവാരണത്തിന്റെയും പുനർനിർമാണത്തിന്റേയും ചെലവിൽ നാലിൽ മൂന്ന‌് ഭാഗം കേന്ദ്രവും നാലിലൊരുഭാഗം സംസ്ഥാനവും വഹിക്കണമെന്നതാണ്. കേരളത്തിലെ പ്രളയത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കാൻ മനസ്സുകാട്ടാത്ത കേന്ദ്ര സർക്കാർ അടിയന്തരാശ്വാസമായി ഇതിനകം അനുവദിച്ചത് 600 കോടി രൂപമാത്രമാണ്. 2000 കോടി രൂപയെങ്കിലും ഉടനെ അനുവദിക്കേണ്ടതായിരുന്നുവെന്ന‌് വാജ്‌പേയി സർക്കാരിൽ ധന മന്ത്രിയായിരുന്ന യശ്വന്ത് സിൻഹ പരസ്യമായി പറഞ്ഞു. സർദാർ വല്ലഭ‌്ഭായ് പട്ടേലിന്റെ പ്രതിമയുണ്ടാക്കാൻ 3000 കോടി രൂപയും കുംഭമേളയ്ക്ക് 4200 കോടി രൂപയും നൽകിയ കേന്ദ്ര സർക്കാരാണ് പ്രളയദുരന്തത്തിൽപ്പെട്ട കേരളത്തെ സഹായിക്കുന്നതിന് പിശുക്കൻ മടിശ്ശീല അഴിക്കുന്നതുപോലുള്ള സമീപനം കാണിക്കുന്നത്.
ഇതുമാത്രമല്ല, ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കി കേരളത്തെ സഹായിക്കാൻ വിവിധ രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും ഉൾപ്പെടെ സന്നദ്ധത അറിയിച്ചെങ്കിലും വിദേശസഹായ നിരാസ നിലപാട് കേന്ദ്രം തുടരുകയാണ്. യുഎഇ സർക്കാർ 700 കോടി രൂപയുടെ സഹായം വാഗ്ദാനംചെയ്തു. അതിനെ ആദ്യഘട്ടത്തിൽ മോഡി സ്വാഗതം ചെയ്‌തെങ്കിലും പിന്നീട് കേന്ദ്ര സർക്കാർ വിദേശസഹായം ലഭിക്കുന്നതിനെ തടയുന്ന സങ്കുചിതരാഷ്ട്രീയം പ്രകടിപ്പിച്ചു. ഈ പശ്ചാത്തലത്തിലാണ‌് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷേഖ‌് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂമിന്റെ ട്വിറ്റ് ശ്രദ്ധേയമാകുന്നത്. ജനങ്ങളുടെ നേട്ടത്തിനുവേണ്ടി വഴിതുറക്കുന്നതും ജനജീവിതം ദുസ്സഹമാക്കാൻ ചട്ടങ്ങൾ ചുമക്കുന്നതുമായ രണ്ടുതരം അധികാരികൾ ലോകത്ത് ഉണ്ടെന്നാണ് യുഎഇ ഭരണാധികാരി ചൂണ്ടിക്കാട്ടിയത്. കേരളത്തിന് വിദേശസഹായം നിഷേധിക്കുന്ന കേന്ദ്രനിലപാട് മാറ്റാൻ ഇത്തരം അഭിപ്രായങ്ങൾ പ്രേരണയാകണം. ഈ വേളയിൽ കലക്കവെള്ളത്തിൽ മീൻപിടിക്കാനും കേരളീയരെയും കേരളത്തെയും അപമാനിക്കാനും മോഡിയുടെയും ബിജെപിയുടെയും ഉച്ചഭാഷിണിയായിമാറിയ അർണബ് ഗോസ്വാമിയും റിപ്പബ്ലിക്കൻ ടിവിയും കച്ചകെട്ടിയിറങ്ങിയത് അപമാനകരമാണ്. യുഎഇ സഹായ വാഗ്ദാനത്തെച്ചൊല്ലി കേരളം നുണപറയുകയാണെന്നും നാണംകെട്ട ജനതയായി കേരളീയർ മാറിയെന്നുമാണ് റിപ്പബ്ലിക്കൻ ചാനലിലൂടെ അർണബ് പറഞ്ഞത്. മോഡിയെ സുഖിപ്പിക്കുന്നതിനുവേണ്ടി ഇങ്ങനെ ഒരു മാധ്യമപ്രവർത്തകന് തരംതാഴാമോ. താൻ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും നാണംകെട്ടവരാണ് കേരളീയരെന്ന‌് ഗോസ്വാമി വിളിച്ചു പറഞ്ഞപ്പോൾ ചാനൽ ഉടമയായ ബിജെപി എംപി ചന്ദ്രശേഖർ, ഗോസ്വാമിയെ തള്ളിപ്പറയുകയോ തിരുത്തുകയോ ചെയ്തില്ല. പകരം പിന്തുണച്ചു. ഇത് ഏറെ ലജ്ജാകരമാണ്. കേരളത്തിന് വാഗ്ദാനംചെയ്ത വിദേശസഹായം ലഭിക്കുന്നതിനുള്ള നയവും നടപടിയുമാണ് കേന്ദ്ര സർക്കാരിൽനിന്നുമുണ്ടാകേണ്ടത്. അതുപോലെ കലവറയില്ലാത്ത കേന്ദ്രസഹായവും. അങ്ങനെ ചെയ്താലേ പ്രളയദുരന്തത്തിൽപ്പെട്ട കേരളത്തിനൊപ്പം താനുണ്ടെന്ന മോഡിയുടെ വാക്കിന് അൽപ്പമെങ്കിലും അർഥമുണ്ടാകൂ.