നായനാര്‍ എന്നും വഴികാട്ടി

കേരളീയരുടെ മനസ്സില്‍ ഇടംനേടിയ ജനനേതാവാണ് സ. ഇ കെ നായനാര്‍. ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ നായനാരുമായി സ്നേഹബന്ധം സ്ഥാപിച്ചവരാണ് പൊതുവില്‍ കേരളീയര്‍. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 13 വര്‍ഷമാകുന്നു. ’ആള്‍  റൈറ്റ്! താങ്ക് യൂ, താങ്ക് യൂ ആള്‍!’ എന്ന് കൈവീശി വിടപറഞ്ഞുപോയ ആ ദൃശ്യം ഇന്നും ആളുകളുടെ മനസ്സിലുണ്ട്. നായനാര്‍ വിട്ടുപിരിഞ്ഞ 2004 മെയ് 19ലെ സന്ധ്യമുതല്‍, പയ്യാമ്പലത്തെ ചിതയില്‍ എരിഞ്ഞ മെയ് 21 രാത്രിവരെ കേരളം കണ്ണീരണിഞ്ഞതും വിങ്ങിപ്പൊട്ടിയതും ചരിത്രം. അത്രയധികം ജനപ്രീതി നേടിയ കമ്യൂണിസ്റ്റായിരുന്നു അദ്ദേഹം.

 

കേരളീയരുടെ മനസ്സില്‍ ഇടംനേടിയ ജനനേതാവാണ് സ. ഇ കെ നായനാര്‍. ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ നായനാരുമായി സ്നേഹബന്ധം സ്ഥാപിച്ചവരാണ് പൊതുവില്‍ കേരളീയര്‍. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 13 വര്‍ഷമാകുന്നു. ’ആള്‍  റൈറ്റ്! താങ്ക് യൂ, താങ്ക് യൂ ആള്‍!’ എന്ന് കൈവീശി വിടപറഞ്ഞുപോയ ആ ദൃശ്യം ഇന്നും ആളുകളുടെ മനസ്സിലുണ്ട്. നായനാര്‍ വിട്ടുപിരിഞ്ഞ 2004 മെയ് 19ലെ സന്ധ്യമുതല്‍, പയ്യാമ്പലത്തെ ചിതയില്‍ എരിഞ്ഞ മെയ് 21 രാത്രിവരെ കേരളം കണ്ണീരണിഞ്ഞതും വിങ്ങിപ്പൊട്ടിയതും ചരിത്രം. അത്രയധികം ജനപ്രീതി നേടിയ കമ്യൂണിസ്റ്റായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും തൊഴിലാളി വര്‍ഗപ്രസ്ഥാനത്തിന്റെയും മുന്‍നിര നേതാക്കളില്‍ ഒരാളായിരുന്നു നായനാര്‍. കമ്യൂണിസ്റ്റ് നേതാവ്, തൊഴിലാളിവര്‍ഗ സംഘാടകന്‍, പ്രത്യയശാസ്ത്ര പ്രചാരകന്‍, പാര്‍ലമെന്റേറിയന്‍ എന്നീ നിലകളിലെല്ലാം അദ്ദേഹം നല്‍കിയ സംഭാവനകളുടെ വസ്തുനിഷ്ഠ വിലയിരുത്തല്‍ പുരോഗമനപ്രസ്ഥാനങ്ങളുടെ മുന്നോട്ടുള്ള യാത്രയ്ക്ക് എന്നും വഴികാട്ടിയാണ്. സ്വാതന്ത്യ്രപൂര്‍വകാലത്ത് യാതനയും കൊടിയ ത്യാഗവും സഹിച്ചുള്ള ഒളിവുജീവിതവും ജയില്‍വാസവും നേരിട്ടു.

ഇന്ത്യന്‍ സ്വാതന്ത്യ്രപ്രസ്ഥാനം ശക്തിപ്പെട്ടുകൊണ്ടിരുന്ന കാലത്ത് 1919ല്‍ വടക്കേ മലബാറിലെ കല്യാശേരിയിലാണ് നായനാര്‍ ജനിച്ചത്. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ച നായനാര്‍ പിന്നീട് കമ്യൂണിസ്റ്റ് പാര്‍ടിയിലേക്ക് ആകര്‍ഷിക്കപ്പെടുകയായിരുന്നു. പഠിക്കുന്ന കാലത്തുതന്നെ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. അടിസ്ഥാനജനവിഭാഗങ്ങളെ ഉദ്ധരിക്കുന്നതിനുള്ള വിവിധങ്ങളായ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. 1930 ജനുവരിയില്‍ കല്യാശേരിയില്‍ ആദ്യമായി ത്രിവര്‍ണപതാക പരസ്യമായി ഉയര്‍ത്തുന്ന പ്രവര്‍ത്തനത്തില്‍ നായനാര്‍ ഉണ്ടായിരുന്നു.

ബാലസംഘം പ്രവര്‍ത്തനത്തിലൂടെ പൊതുരംഗത്തേക്ക് വന്ന നായനാര്‍ യൂത്ത് ലീഗ്, വളന്റിയര്‍ കോര്‍, സ്റ്റഡിസെന്റര്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളിലൂടെ ഏറെ സജീവമായി. തുടര്‍ന്ന് സ്റ്റുഡന്റ്സ് ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങളിലും വ്യാപൃതനായി. അക്കാലത്തെ വായനശാലപ്രസ്ഥാനത്തിലും നായനാരുടെ സാന്നിധ്യമുണ്ടായിരുന്നു. പില്‍ക്കാലത്ത് പത്രപ്രവര്‍ത്തനരംഗംപോലുള്ള മേഖലകളിലേക്ക് കടക്കുന്നതിന് അക്കാലത്തെ അനുഭവങ്ങള്‍ സഹായകമായി.
തളിപ്പറമ്പിലെ മൂത്തേടത്ത് ഹൈസ്കൂളില്‍ പത്താംക്ളാസിലായിരുന്ന ഘട്ടത്തിലാണ് പഠനം ഉപേക്ഷിച്ച് പൂര്‍ണസമയപ്രവര്‍ത്തകനായി പൊതുരംഗത്തുവരുന്നത്. മദ്യവര്‍ജനപ്രവര്‍ത്തനങ്ങളില്‍ സജീവമായ അദ്ദേഹം കര്‍ഷകപ്രസ്ഥാനത്തിന്റെയും പ്രവര്‍ത്തകനായി. പാപ്പിനിശേരിയിലെ ആറോണ്‍മില്‍ സമരത്തിന് നേതൃത്വം നല്‍കി തൊഴിലാളിപ്രസ്ഥാനത്തിലും സജീവമായി. ഈ സമരത്തിനിടയില്‍ ക്രൂരമായ മര്‍ദനമേറ്റു എന്നുമാത്രമല്ല, അറസ്റ്റ് ചെയ്യപ്പെട്ട് ആറുമാസം ജയിലില്‍ കഴിയേണ്ടിയും വന്നു. 1940 സെപ്തംബര്‍ 15ന് നടന്ന സാമ്രാജ്യത്വവിരുദ്ധ സമരത്തിന്റെ ഭാഗമായി ജനങ്ങളും പൊലീസും ഏറ്റുമുട്ടുന്ന അവസ്ഥയുണ്ടായി. മൊറാഴയില്‍ രണ്ടു മര്‍ദകവീരരായ പൊലീസുകാര്‍ ഈ ഘട്ടത്തില്‍ കൊല്ലപ്പെട്ടു. തലശേരിയില്‍ അബുവും ചാത്തുക്കുട്ടിയും രക്തസാക്ഷിത്വം വരിക്കുന്നത് ഈ സമരത്തിലാണ്. ഈ സമരത്തെതുടര്‍ന്ന് നായനാര്‍ക്ക് ഒളിവില്‍ പോകേണ്ടിവന്നു. ആറുവര്‍ഷത്തോളം ഒളിവിലിരുന്നാണ് രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയത്. ഈ ഘട്ടത്തില്‍ കാസര്‍കോട്ടും തെക്കന്‍ കര്‍ണാടകത്തിലും ഒളിവില്‍ കഴിഞ്ഞ് കര്‍ഷകപ്രസ്ഥാനവും കമ്യൂണിസ്റ്റ് പ്രസ്ഥാനവും കെട്ടിപ്പടുത്തു.

കയ്യൂര്‍ സംഭവത്തെതുടര്‍ന്ന് നായനാര്‍ ആ കേസില്‍ മൂന്നാംപ്രതിയായി. ഇക്കാലത്താണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയതും കേരളകൌമുദിയില്‍ പ്രവര്‍ത്തിക്കുന്നതും. പിന്നീട് ആലപ്പുഴയിലെത്തി. അതിനുശേഷം ദേശാഭിമാനിയില്‍ ചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ചു. 1948ല്‍ ദേശാഭിമാനിയില്‍നിന്ന് വിട്ട് കണ്ണൂര്‍ കേന്ദ്രീകരിച്ച് പാര്‍ടി പ്രവര്‍ത്തനം ആരംഭിച്ചു. 1955 വരെ പാര്‍ടി കണ്ണൂര്‍ താലൂക്ക് സെക്രട്ടറിയായി. 1956 മുതല്‍ 1967 വരെ കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്നു. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ സംസ്ഥാന എക്സിക്യൂട്ടീവിലും ദേശീയ കൌണ്‍സിലിലും നായനാര്‍ അംഗമായിരുന്നു.
 റിവിഷനിസത്തിനെതിരായ സമരത്തില്‍ ദേശീയ കൌണ്‍സിലില്‍നിന്ന് 1964ല്‍ ഇറങ്ങിപ്പോന്ന 32 സഖാക്കളില്‍ നായനാരും ഉണ്ടായിരുന്നു. 1970ല്‍ സിപിഐ എമ്മിന്റെ മുഖമാസികയായി ചിന്ത മാറിയപ്പോള്‍ അതിന്റെ പത്രാധിപരായി. പില്‍ക്കാലത്ത് ദേശാഭിമാനിയുടെയും പത്രാധിപരായി. കമ്യൂണിസ്റ്റ് പാര്‍ടിയുടെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും പാര്‍ടിജിഹ്വകളുടെ പ്രാധാന്യം വേണ്ടപോലെ മനസ്സിലാക്കിയ നേതാവായിരുന്നു.

  സി എച്ച് കണാരന്റെ നിര്യാണത്തെതുടര്‍ന്ന് 1972ല്‍ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു. 1980ല്‍ മുഖ്യമന്ത്രി ആകുന്നതുവരെ ആ സ്ഥാനത്ത് തുടര്‍ന്നു. 1992ല്‍ വീണ്ടും സംസ്ഥാന സെക്രട്ടറിയായി. പിന്നീട് മുഖ്യമന്ത്രിയുടെ ചുമതല ഏല്‍ക്കുന്നതിനായി ആ സ്ഥാനം ഒഴിഞ്ഞു. സിപിഐ എം രൂപീകരണകാലംമുതല്‍ കേന്ദ്രകമ്മിറ്റി അംഗമായ നായനാര്‍ 1998ല്‍ പൊളിറ്റ് ബ്യൂറോ അംഗമായി. പാര്‍ടി സംസ്ഥാന സെക്രട്ടറിയായി 11 വര്‍ഷം പ്രവര്‍ത്തിച്ചു. കേരളരാഷ്ട്രീയത്തിന്റെ ഉയര്‍ച്ചകളിലും താഴ്ചകളിലും പാര്‍ടിയുടെയും തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെയും പ്രവര്‍ത്തനങ്ങളില്‍ വിലയേറിയ സംഭാവനകളാണ് സഖാവ് നല്‍കിയത്.

മൂന്നുതവണയായി 4009 ദിവസം മുഖ്യമന്ത്രിയായും ആറേമുക്കാല്‍ വര്‍ഷം പ്രതിപക്ഷനേതാവായും നാടിനെ മുന്നോട്ടുനയിക്കാനും ജനങ്ങള്‍ക്ക് ക്ഷേമം ലഭിക്കാനും ഭരണ- സമര സേവനങ്ങള്‍ നടത്തിയ നായനാര്‍ കമ്യൂണിസ്റ്റ് ആദര്‍ശങ്ങളെയും അച്ചടക്കത്തെയും കൈവിട്ടുകളിച്ചില്ല. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ ഇന്ത്യയില്‍ ആദ്യമായി നടപ്പാക്കിയത് നായനാര്‍ നയിച്ച എല്‍ഡിഎഫ് സര്‍ക്കാരാണ്. സമ്പൂര്‍ണ സാക്ഷരതായജ്ഞം വിജയമാക്കിയപ്പോള്‍ അത് ഇന്ത്യക്ക് മാതൃകയായി സ്വീകരിക്കാന്‍ അന്നത്തെ പ്രധാനമന്ത്രി വി പി സിങ് ആഹ്വാനം ചെയ്തിരുന്നു. കേരളത്തില്‍ ആദ്യത്തെ  ടെക്നോപാര്‍ക്ക് സ്ഥാപിച്ചത് അതേ ഭരണമാണ്. ജനകീയാസൂത്രണം, പൊതുവിതരണം ശക്തമാക്കി വില പിടിച്ചുനിര്‍ത്താനുള്ള മാവേലി സ്റ്റോര്‍, എല്ലാ പഞ്ചായത്തിലും ഹൈസ്കൂള്‍, വൈദ്യുതിയില്‍ സ്വയംപര്യാപ്തത- ഇതെല്ലാം സുവര്‍ണരേഖയാണ്. കണ്ണൂര്‍ വിമാനത്താവളത്തിന് തുടക്കമിട്ടതും നായനാര്‍ഭരണമാണ്.
പാവങ്ങളോടുള്ള സ്നേഹവും നാടിന്റെ വികസനത്തിനുള്ള കരുതലും കാത്ത നായനാര്‍ സര്‍ക്കാരുകള്‍ ക്രമസമാധാനപാലനത്തില്‍ മികവുകാട്ടി.

അതുകൊണ്ടാണ് യുഡിഎഫ് ഭരണകാലത്തെപ്പോലെ വര്‍ഗീയലഹളകള്‍ ഉണ്ടാകാതിരുന്നത്. വര്‍ഗീയലഹള ഉണ്ടായാല്‍ ചോരവീഴുകയും ജീവന്‍ നഷ്ടപ്പെടുകയും ചെയ്യുമെന്നതിനപ്പുറം നാട്ടില്‍ മതനിരപേക്ഷത ഭംഗപ്പെടും എന്നതാണ്. അതിനാല്‍, ആര്‍എസ്എസിന് ഇഷ്ടം വര്‍ഗീയകലാപവും സംഘര്‍ഷവും സൃഷ്ടിക്കുന്ന ഭരണങ്ങളെയാണ്. എല്‍ഡിഎഫ്  സര്‍ക്കാരുകളോട് കടുത്ത ശത്രുതയും. അതുകൊണ്ടാണ് കണ്ണൂരില്‍ ക്രമസമാധാനത്തകര്‍ച്ച എന്ന മുറവിളികൂട്ടി അന്നും ആര്‍എസ്എസും യുഡിഎഫും ദേശവ്യാപകമായി പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്. മുഖ്യമന്ത്രിയായിരുന്ന നായനാരെ ഡല്‍ഹി കേരള ഹൌസില്‍ തടയാന്‍ കാവിസംഘം അന്ന് വിഫലശ്രമം നടത്തിയിരുന്നു. ആ ശൈലിയുടെ ആവര്‍ത്തനമാണ് ഇന്നും ആര്‍എസ്എസും ബിജെപിയും കാണിക്കുന്നത്. അന്ന് നായനാരെ ആയിരുന്നെങ്കില്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് എതിരെയായി.

കണ്ണൂരില്‍ സമാധാനം പുലരണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത സമാധാനയോഗം കൈക്കൊണ്ട തീരുമാനം. അത് പൂര്‍ണമനസ്സോടെ നടപ്പാക്കാന്‍ സിപിഐ എം പ്രതിബദ്ധതയോടെ നിലപാട് സ്വീകരിക്കുമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുകയാണ്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ 12 കൊലപാതകമാണ് ആര്‍എസ്എസും ബിജെപിയും നടത്തിയത്. ഇത് മറച്ചുവച്ച് കാവിസംഘം വെള്ളരിപ്രാവുകളാണെന്ന് വരുത്താനുള്ള പ്രചാരണത്തെ തുറന്നുകാട്ടേണ്ടതുണ്ട്. ഗവര്‍ണറെ ഭീഷണിപ്പെടുത്തി ക്രമസമാധാനത്തിന്റെ പേരില്‍ കേന്ദ്ര ഇടപെടല്‍ നടത്താനുള്ള ബിജെപി നീക്കം ജനാധിപത്യകേരളം അനുവദിക്കില്ല. കേന്ദ്ര സര്‍ക്കാരിന്റെ സൈനികനിയമമായ അഫ്സ്പയും ആവശ്യമില്ല. ഒന്നാംവര്‍ഷം പൂര്‍ത്തിയാക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിനെയും എല്‍ഡിഎഫിനെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് നായനാര്‍സ്മരണ പുതുക്കണം. നായനാര്‍ ഏത് ആശയം വിശ്വസിക്കുകയും ആചരിക്കുകയും ചെയ്തുവോ, അത് പ്രചരിപ്പിക്കാനുള്ള അവസരമായി സഖാവിന്റെ ചരമദിനത്തെ മാറ്റാം