ജിഷ്ണുസമരം: ബാക്കിപത്രം

ജിഷ്ണു പ്രണോയിയുടെപേരില്‍ നടത്തിയ സമരത്തിന്റെ ബാക്കിപത്രം പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. ഇതില്‍ യുഡിഎഫും ബിജെപിയും ഏകോദരസഹോദരങ്ങളെപോലെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ യോജിച്ചു. മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ സഹായിക്കുകയെന്ന അജന്‍ഡയ്ക്ക് അപ്പുറമുള്ള ദീര്‍ഘകാലലക്ഷ്യം ഇതിലില്ലേ? സ്വാശ്രയ മാനേജ്മെന്റിന്റെ കൊള്ളരുതായ്മയ്ക്ക് ഇരയായ ജിഷ്ണു പ്രണോയി കമ്യൂണിസ്റ്റ് വീര്യമുണ്ടായിരുന്ന കൌമാരക്കാരനായിരുന്നു. അങ്ങനെയൊരു വിദ്യാര്‍ഥിയുടെ പേര് ഉപയോഗിച്ചുതന്നെ എല്‍ഡിഎഫ് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ രാഷ്ട്രീയനീക്കം നടക്കുന്നുവെന്നത് ആശ്ചര്യകരമാണ്. ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ ജാഗ്രതാപൂര്‍ണമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ഈ പശ്ചാത്തലത്തിലാണ് ജിഷ്ണു കേസില്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വത്തിലുള്ള മുന്നണികളുടെ ആഭിമുഖ്യത്തില്‍ നടന്ന കേരളബന്ദ് അടക്കമുള്ള സമരപരിപാടികള്‍ അനാവശ്യമായിരുന്നെന്ന് ഞങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ജിഷ്ണുവിന്റെ കുടുംബാംഗങ്ങളുടെയും എല്‍ഡിഎഫ് സര്‍ക്കാരിന്റെയും താല്‍പ്പര്യം രണ്ടല്ല. ഇതിനുവിരുദ്ധമായി ജിഷ്ണുവിന്റെ അമ്മയെയും മറ്റ് കുടുംബാംഗങ്ങളെയും സംസ്ഥാന സര്‍ക്കാരിന് എതിരായി, വിശിഷ്യാ മുഖ്യമന്ത്രിക്ക് എതിരായി തിരിച്ചുവിടാനുള്ള ഗൂഢപരിശ്രമങ്ങളാണ് നടന്നത്.
 

 

ജിഷ്ണു പ്രണോയിയുടെപേരില്‍ നടത്തിയ സമരത്തിന്റെ ബാക്കിപത്രം പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. ഇതില്‍ യുഡിഎഫും ബിജെപിയും ഏകോദരസഹോദരങ്ങളെപോലെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ യോജിച്ചു. മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ സഹായിക്കുകയെന്ന അജന്‍ഡയ്ക്ക് അപ്പുറമുള്ള ദീര്‍ഘകാലലക്ഷ്യം ഇതിലില്ലേ? സ്വാശ്രയ മാനേജ്മെന്റിന്റെ കൊള്ളരുതായ്മയ്ക്ക് ഇരയായ ജിഷ്ണു പ്രണോയി കമ്യൂണിസ്റ്റ് വീര്യമുണ്ടായിരുന്ന കൌമാരക്കാരനായിരുന്നു. അങ്ങനെയൊരു വിദ്യാര്‍ഥിയുടെ പേര് ഉപയോഗിച്ചുതന്നെ എല്‍ഡിഎഫ് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ രാഷ്ട്രീയനീക്കം നടക്കുന്നുവെന്നത് ആശ്ചര്യകരമാണ്. ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ ജാഗ്രതാപൂര്‍ണമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ഈ പശ്ചാത്തലത്തിലാണ് ജിഷ്ണു കേസില്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വത്തിലുള്ള മുന്നണികളുടെ ആഭിമുഖ്യത്തില്‍ നടന്ന കേരളബന്ദ് അടക്കമുള്ള സമരപരിപാടികള്‍ അനാവശ്യമായിരുന്നെന്ന് ഞങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ജിഷ്ണുവിന്റെ കുടുംബാംഗങ്ങളുടെയും എല്‍ഡിഎഫ് സര്‍ക്കാരിന്റെയും താല്‍പ്പര്യം രണ്ടല്ല. ഇതിനുവിരുദ്ധമായി ജിഷ്ണുവിന്റെ അമ്മയെയും മറ്റ് കുടുംബാംഗങ്ങളെയും സംസ്ഥാന സര്‍ക്കാരിന് എതിരായി, വിശിഷ്യാ മുഖ്യമന്ത്രിക്ക് എതിരായി തിരിച്ചുവിടാനുള്ള ഗൂഢപരിശ്രമങ്ങളാണ് നടന്നത്.

1957 ഏപ്രില്‍ അഞ്ചിന് ഇ എം എസിന്റെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് ഗവണ്‍മെന്റ് കേരളത്തില്‍ അധികാരത്തില്‍വന്നത് ലോകചരിത്രത്തില്‍ത്തന്നെ അടയാളപ്പെടുത്തിയ സംഭവമാണ്. ഇതിന്റെ 60-ാം വാര്‍ഷികം വിപുലമായി ആഘോഷിക്കുന്ന ദിനത്തില്‍ തന്നെ ജിഷ്ണുവിന്റെ അമ്മയും മറ്റ് കുടുംബാംഗങ്ങളും ഡിജിപി ഓഫീസിന് മുന്നില്‍ സമരത്തിനെത്തിയതും സംഘര്‍ഷം സൃഷ്ടിച്ചതും യാദൃച്ഛികമല്ല. കുടുംബാംഗങ്ങളെ കരുവാക്കി എല്‍ഡിഎഫ് സര്‍ക്കാരിനെ ഒറ്റപ്പെടുത്തുന്നതിനുള്ള രാഷ്ട്രീയഗൂഢാലോചന പലതലങ്ങളില്‍ നടന്നിട്ടുണ്ട്. എന്തായാലും, പ്രശ്നങ്ങള്‍ക്ക് പരിഹാരംകാണുന്നതിന് ജിഷ്ണുവിന്റെ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ തയ്യാറായത് വിവേകപൂര്‍ണമായ നടപടിയാണ്. ഈ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് സിപിഐ എമ്മിനും എല്‍ഡിഎഫ് സര്‍ക്കാരിനുംനേരെ മുഖപ്രസംഗങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും വിമര്‍ശനങ്ങളും ഉപദേശങ്ങളും മാധ്യമങ്ങള്‍ ചൊരിയുന്നുണ്ട്. ബംഗാള്‍ അനുഭവം മറക്കാതെ പഠിക്കണമെന്നാണ് പലരുടെയും ഉപദേശം.

പശ്ചിമബംഗാളിലെ അനുഭവത്തില്‍നിന്ന് രണ്ടുതരം പാഠം പഠിച്ചുകൊണ്ടാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. എട്ടുകോടിയിലേറെ ജനങ്ങളുള്ള, ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ സംസ്ഥാനത്ത് സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ 34 വര്‍ഷത്തോളം ഭരണം നടന്നുവെന്നത് ചെറിയകാര്യമല്ല. ജനങ്ങള്‍ക്ക് ആശ്വാസമേകുന്ന പരിപാടികള്‍ നടപ്പാക്കാനുള്ള പ്രതിബദ്ധതയാണ് സര്‍ക്കാര്‍ പ്രകടിപ്പിച്ചത്. ഭരണവര്‍ഗത്തെ അധികാരഭ്രഷ്ടമാക്കി തൊഴിലാളിവര്‍ഗത്തിന്റെയും കൃഷിക്കാരുടെയും സുദൃഢമായ സഖ്യം, പുതിയ ജനകീയ ജനാധിപത്യഭരണകൂടവും ഗവണ്‍മെന്റും സ്ഥാപിക്കുക എന്നതാണ് സിപിഐ എമ്മിന്റെ ആത്യന്തികലക്ഷ്യം.  ജനങ്ങള്‍ക്ക് അടിയന്തര ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കാന്‍ താല്‍ക്കാലികമായി സംസ്ഥാനങ്ങളില്‍ ലഭിക്കുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് പാര്‍ടി സര്‍ക്കാര്‍ രൂപീകരിക്കുന്നത്. അതുവഴി കൂടുതല്‍ ജനങ്ങളെ ആകര്‍ഷിക്കാനും സോഷ്യലിസത്തിന് വേണ്ടിയും സാമ്രാജ്യത്വത്തിനും കുത്തകമുതലാളിത്ത ഭരണവര്‍ഗാധിപത്യത്തിനും എതിരായും സമരം ശക്തിപ്പെടുത്താനുള്ള കടമയാണ് പാര്‍ടിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍വഹിക്കുന്നത്.

ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അല്‍പ്പായുസ്സാകുമെന്ന പൂര്‍വകാലതത്ത്വങ്ങളെ അറബിക്കടലില്‍ ഒഴുക്കിയതാണ് പശ്ചിമബംഗാളിലെ ദീര്‍ഘകാല ഇടതുപക്ഷഭരണം. അതിനാല്‍, കേരളത്തിലും എല്‍ഡിഎഫ് ഭരണം അല്‍പ്പായുസ്സാകില്ല. അല്‍പ്പായുസ്സുകളാകാത്ത സര്‍ക്കാരുകള്‍ക്കാണ് നേതൃത്വം നല്‍കുന്നത് എന്നതുകൊണ്ട് ജനങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത്ര ആശ്വാസം പകരുകയും പരിമിതികള്‍ക്ക് അകത്തുനിന്ന് ബദല്‍നയങ്ങള്‍ നടപ്പാക്കാനുമാണ് ഇടതുപക്ഷ സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്. ഇതാണ് കഴിഞ്ഞ 11 മാസമായി പിണറായി വിജയന്‍ സര്‍ക്കാരും ഇവിടെ പ്രാവര്‍ത്തികമാക്കുന്നത്. ജനപക്ഷനയങ്ങള്‍ വിപുലമായി നടപ്പാക്കാനാണ് പരിശ്രമിക്കുന്നത്. വിദ്യാഭ്യാസക്കച്ചവടക്കാര്‍ക്ക് മൂക്കുകയറിടാനും വിദ്യാര്‍ഥികള്‍ക്ക് നീതി ലഭിക്കാനും ജാഗ്രതാപൂര്‍ണമായ നടപടികളാണ് സ്വീകരിക്കുന്നത്. സ്വാശ്രയവിദ്യാഭ്യാസക്കൊള്ളയ്ക്ക് പാത തുറന്നുകൊടുത്തത് എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്. സ്വാശ്രയ മാനേജ്മെന്റുകളുമായി ഒത്തുകളിച്ച് ആയിരക്കണക്കിന് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും കൊള്ളയടിക്കാന്‍ ലൈസന്‍സ് കൊടുത്തത് പിന്നീടുള്ള യുഡിഎഫ് സര്‍ക്കാരുകളാണ്. 2011 മേയില്‍ അധികാരത്തില്‍ വന്നയുടനെ  ഉമ്മന്‍ചാണ്ടി പറഞ്ഞത് സ്വാശ്രയപ്രശ്നം എന്നെന്നേക്കുമായി പരിഹരിക്കുമെന്നാണ്. പക്ഷേ കൂടുതല്‍ സങ്കീര്‍ണമാകുകയാണ് ചെയ്തത്.

സ്വാശ്രയ മാനേജ്മെന്റുകളുടെ വഴിവിട്ട പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനുള്ള ശക്തമായ നടപടികളാണ് ജിഷ്ണു സംഭവത്തെ തുടര്‍ന്ന് പിണറായി സര്‍ക്കാര്‍ സ്വീകരിച്ചത്. സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പരിധിവിട്ട പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ദിനേശന്‍ കമീഷന്‍ പ്രവര്‍ത്തനം തുടങ്ങി.  ജിഷ്ണുവിന്റെ മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും വികാരം മാനിക്കുമെന്നും അവരോടുള്ള കരുതല്‍ എപ്പോഴുമുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുള്ളത് വെറുംവാക്കല്ല. മലപ്പുറം ജില്ലയിലെ മുന്നിയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകന്‍ അനീഷ് സ്കൂള്‍ അധികൃതരുടെ പീഡനം കാരണം ആത്മഹത്യ ചെയ്ത സംഭവം യുഡിഎഫ് ഭരണകാലത്താണ് നടന്നത്. അന്ന് സ്കൂള്‍ അധികൃതര്‍ക്കെതിരെ ഒരു കേസ്പോലും രജിസ്റ്റര്‍ ചെയ്തില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷമാണ് കേസെടുത്തത്. ജിഷ്ണുകേസിലെ സംഭവങ്ങള്‍ പരിശോധിച്ചപ്പോള്‍, സ്വാശ്രയ മാനേജ്മെന്റ് ഉടമയ്ക്കും അധികൃതര്‍ക്കുമെതിരെ ജാമ്യമില്ലാവകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു. ഇത് മുമ്പ് നടന്നിട്ടില്ലാത്ത നടപടിയാണ്. ജിഷ്ണുകേസില്‍ അറസ്റ്റ് ചെയ്ത പ്രതികള്‍ക്കും അറസ്റ്റ് ചെയ്യാനുള്ള പ്രതികള്‍ക്കും മുന്‍കൂര്‍ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവ് അസാധാരണമാണ്. കോടതി സ്വീകരിച്ച ഈ നിലപാടിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ കയറ്റുന്നത് വിചിത്രമാണ്. പ്രതികളുടെ മുന്‍കൂര്‍ജാമ്യവുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിയമപോരാട്ടം തുടരുകയാണ്. ചരിത്രത്തില്‍ കാണാത്ത സംഭവമാണിത്.

പശ്ചിമബംഗാളിലെ ഇടതുപക്ഷഭരണം അവസാനിപ്പിക്കുന്നതിന് ശത്രുതാപരമായ ആക്രമണം കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും വര്‍ഗീയഛിദ്രശക്തികളും കൈകോര്‍ത്ത് നടത്തിയിരുന്നു. അതിന് അന്താരാഷ്ട്രമാനവുമുണ്ടായി. 1994ല്‍ പുരുളിയില്‍ ആകാശത്തുനിന്ന് ആയുധങ്ങള്‍ വര്‍ഷിച്ചപ്പോള്‍ തെളിഞ്ഞത് ആ ഗൂഢാലോചനയാണ്. പുരുളിയില്‍ വര്‍ഷിച്ച ആയുധങ്ങള്‍ പശ്ചിമബംഗാളിലെ ഇടതുപക്ഷഭരണത്തെ അസ്ഥിരീകരിക്കാനുള്ളതായിരുന്നു. ഫാസിസ്റ്റ് സ്വഭാവമുള്ളതും അന്താരാഷ്ട്രബന്ധമുള്ളതുമായ ആനന്ദമാര്‍ഗായിരുന്നു ആ ആയുധങ്ങള്‍ ഏറ്റുവാങ്ങിയത്. 1998ല്‍ കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ നിലവില്‍വന്ന തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെപി, കോണ്‍ഗ്രസ് കൂട്ടുകെട്ടില്‍ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ ഇല്ലാതാക്കാന്‍ രാഷ്ട്രീയ ഗൂഢപരിപാടികള്‍ മെനഞ്ഞെടുക്കുകയും നടപ്പാക്കുകയുംചെയ്തു. അതുകൊണ്ടുതന്നെ ബംഗാളിന്റെ ഇത്തരം അനുഭവങ്ങള്‍കൂടി മനസ്സിലാക്കി കേരളവും ഇവിടത്തെ സര്‍ക്കാരും മുന്നോട്ടുപോകും. ജനങ്ങളെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിയും ജനങ്ങളുടെ ജീവിതത്തിന് ആശ്വാസംപകര്‍ന്നും എല്‍ഡിഎഫ് സര്‍ക്കാരും മുന്നണിയും ഈ കടമ നിറവേറ്റും. ഉദാരവല്‍ക്കരണ-ആഗോളവല്‍ക്കരണ നയങ്ങളാണ് ദേശീയതലത്തിലുള്ളതെന്ന് മനസ്സിലാക്കി എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ നയങ്ങളിലും ബഹുജനപ്രസ്ഥാനങ്ങളുടെ അടവുകളിലും മാറ്റം വരുത്തേണ്ടതായുണ്ട്.  സ്വാശ്രയവിദ്യാഭ്യാസ മേഖലയില്‍ ബദല്‍നയങ്ങള്‍ നടപ്പാക്കാന്‍ സാധ്യമായത് എന്തെല്ലാമെന്ന പരിശോധന ആവശ്യമാണ്.  ധനപ്രതിസന്ധി, റേഷന്‍ പ്രതിസന്ധി, നോട്ട് പ്രതിസന്ധി എന്നിവയെല്ലാം സൃഷ്ടിച്ച് കേന്ദ്രസര്‍ക്കാര്‍ കാണാമറയത്തിരുന്നും അല്ലാതെയും ജനങ്ങളെ സംസ്ഥാനസര്‍ക്കാരിന് എതിരെ തിരിച്ചുവിടാന്‍ ശ്രമിക്കുകയാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് ജനങ്ങളെ അണിനിരത്തണം. ജനങ്ങളും ഭരണവും തമ്മില്‍ ശരിയായ ഏകോപനം ഉറപ്പുവരുത്താനുള്ള താല്‍പ്പര്യമാണ് എല്‍ഡിഎഫ് സര്‍ക്കാരിനുള്ളത്. ഇത് നടപ്പാക്കാനുള്ള ഉത്തരവാദിത്തം എല്ലാ ഘടകകക്ഷികള്‍ക്കുമുണ്ട്.

ആര്‍എസ്എസും ബിജെപിയും മതനിരപേക്ഷ ഇന്ത്യയെ ഹിന്ദുവര്‍ഗീയരാഷ്ട്രമാക്കാനുള്ള കൊണ്ടുപിടിച്ച പരിശ്രമത്തിലാണ്. അതിനുവേണ്ടി രാജ്യവ്യാപകമായി വര്‍ഗീയതയും ശിഥിലീകരണവും കെട്ടഴിച്ചുവിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലും കേരളം പൊതുവില്‍ സാമുദായികസൌഹാര്‍ദം നിലനിര്‍ത്തുന്നുണ്ട്. അതിന് കാരണം എല്‍ഡിഎഫിന്റെ, വിശിഷ്യാ സിപിഐ എമ്മിന്റെ ശക്തിയാണ്. അത് ദുര്‍ബലപ്പെടുത്താന്‍ പലതരം അടവുകള്‍ പ്രയോഗിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ജിഷ്ണുവിന്റെ കുടുംബത്തിന്റെ മറപറ്റി എല്‍ഡിഎഫ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗ്രാന്‍ഡ് മാസ്റ്റര്‍ ഡിസൈനാണ് തയ്യാറാക്കിയിരുന്നത്. ഇതിന് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണി കാവിസംഘവുമായി സഹകരിച്ചു. ബൂര്‍ഷ്വാമാധ്യമങ്ങളാകട്ടെ അസാധാരണമായ രീതിയില്‍ അതിനോട് ചായുകയും ചെയ്തു.  പൊലീസിനെ പഴി പറഞ്ഞ് എല്‍ഡിഎഫ് സര്‍ക്കാരിനെ ന്യൂനപക്ഷവിരുദ്ധമെന്നും പൌരാവകാശങ്ങള്‍ ലംഘിക്കുന്ന സംവിധാനമാണെന്ന് വരുത്താനും ശ്രമിക്കുന്നുണ്ട്.

ജിഷ്ണുവിന്റെ കുടുംബം ഡിജിപി ഓഫീസിനുമുന്നില്‍ നടത്തിയ സമരത്തെ തുടര്‍ന്ന് ആ കുടുംബം താമസിക്കുന്ന നാദാപുരത്തും വളയത്തും ഇടതുപക്ഷ തൊഴിലാളിപ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്താനുള്ള മുതലെടുപ്പ് രാഷ്ട്രീയവും അരങ്ങേറിയിരുന്നു.  മുസ്ളിംലീഗിന്റെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ സര്‍ക്കാര്‍വിരുദ്ധ പ്രകടനം ഇതിന്റെഭാഗമായി നടന്നു. നാദാപുരം നന്ദിഗ്രാം ആയി എന്ന് വിളിച്ചുപറഞ്ഞുകൊണ്ടുള്ള ആഹ്ളാദപ്രകടനമായി അത് മാറി. നന്ദിഗ്രാമിലെപോലെ സിപിഐ എമ്മിനെ ഒറ്റപ്പെടുത്തുക, എല്‍ഡിഎഫ് സര്‍ക്കാരിനെ പുറത്താക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളായിരുന്നു ഉയര്‍ത്തിയത്. എന്നാല്‍, നെഹ്റു കോളേജിലെ വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിനെ പൊലീസ് അറസ്റ്റ് ചെയ്ത ദിവസം രാത്രി വളയത്ത് വന്‍ ജനാവലി അണിനിരന്ന് എല്‍ഡിഎഫ് സര്‍ക്കാരിനുപിന്നില്‍ ഈ നാട്ടിലെ ജനങ്ങളുണ്ടെന്ന് പ്രഖ്യാപിച്ച് ശത്രുവര്‍ഗത്തിന്  മറുപടി നല്‍കി. ജിഷ്ണുവിന്റെ കൂട്ടുകാരും ബന്ധുക്കളും ഉള്‍പ്പെടെയുള്ളവര്‍ പ്രകടനത്തിലും യോഗത്തിലും പങ്കെടുത്തു. നാദാപുരത്തിന്റെയും വളയത്തിന്റെയും മണ്ണ് നന്ദിഗ്രാമാകില്ല എന്നാണ് അവര്‍ പ്രഖ്യാപിച്ചത്. ഈ ജനവികാരം ബൂര്‍ഷ്വാമാധ്യമങ്ങളില്‍ പ്രതിഫലിക്കില്ല. എല്‍ഡിഎഫ് സര്‍ക്കാരിനെ പച്ചക്കള്ളങ്ങളും അര്‍ധസത്യങ്ങളും വളച്ചൊടിക്കലുകളുംകൊണ്ട് ആക്രമിക്കുകയാണ്. മാധ്യമങ്ങള്‍ അഴിച്ചുവിടുന്ന ഈ പ്രചാരണകോലാഹലത്തെ അതിജീവിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിയും.

ഡിജിപി ഓഫീസിനുമുന്നിലെ സംഭവവികാസങ്ങള്‍ക്കിടയില്‍ ജിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍ അല്ലാത്ത നുഴഞ്ഞുകയറ്റക്കാരായ ആറുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വെള്ളംകലക്കി മീന്‍പിടിക്കാന്‍ ശ്രമിച്ചവര്‍ക്ക് എതിരെ പൊലീസ് എടുത്ത നിയമപരമായ നടപടിയാണത്. പിറ്റേദിവസം എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്, ബിജെപി മുന്നണികള്‍ നടത്തിയ, ഇതിനുപിന്നിലെ രാഷ്ട്രീയ ഗൂഢലക്ഷ്യം വെളിപ്പെടുത്തുന്നു. ഇതെല്ലാം വിസ്മരിച്ചുകൊണ്ടാണ് പൊലീസ് അറസ്റ്റ് ചെയ്ത എല്ലാവരെയും ശുദ്ധാത്മക്കളായും പുണ്യവാളന്മാരായും ചിത്രീകരിച്ച് എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പൌരാവകാശധ്വംസന ആരോപണങ്ങള്‍ ചിലര്‍ ഉന്നയിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ രാഷ്ട്രീയ വൈരനിര്യാതന സമീപനം സ്വീകരിക്കുന്നുവെന്ന ആക്ഷേപത്തിന് ഒരു അടിസ്ഥാനവുമില്ല. എന്നാല്‍, അത്തരം ഹീനനടപടികള്‍ കൈക്കൊണ്ടത് യുഡിഎഫ് സര്‍ക്കാരാണ്. എം എം മണി, പി ജയരാജന്‍, ടി വി രാജേഷ്, കെ കെ രാഗേഷ്, ജയിംസ് മാത്യു എന്നിവരെയെല്ലാം കള്ളക്കേസില്‍ അന്ന് ജയിലില്‍ അടച്ചു. അഞ്ചുവര്‍ഷത്തെ യുഡിഎഫ് ഭരണത്തില്‍ ഒരുലക്ഷത്തോളം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കള്ളക്കേസെടുത്തത്. ആയിരക്കണക്കിന് ആള്‍ക്കാരെ ജയിലിലടച്ചു. ഇവര്‍ക്കെതിരെ യുഎപിഎ ചുമത്തി. ഇന്ന് പൌരാവകാശബോധം ഉയര്‍ത്തുന്നവര്‍ അന്ന് അത്തരം അനീതികള്‍ക്കെതിരെ പ്രതിഷേധിച്ചില്ല.

ഡിജിപി ഓഫീസ് പരിസരം നിരോധിതമേഖലയായി പ്രഖ്യാപിച്ചത് 2002ല്‍ എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്. അത്തരം സ്ഥലങ്ങളില്‍ ആര് സമരത്തിന് പോയാലും സംഘം ചേര്‍ന്നാലും നിയമവിരുദ്ധനടപടിയായി കണ്ട് കേസ് രജിസ്റ്റര്‍ ചെയ്യുകയെന്നത് എല്ലാ കാലത്തും ചെയ്തുപോന്നിട്ടുള്ള നടപടിമാത്രമാണ്. അവിടെ അറസ്റ്റ് ചെയ്ത ആരോടെങ്കിലും പ്രത്യേകവിരോധം തീര്‍ക്കാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമുണ്ടായിരുന്നെങ്കില്‍ 11 മാസംവരെ കാത്തിരിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ലല്ലോ. ഇത്തരം കേസുകള്‍ ചാര്‍ജ് ചെയ്യുന്നത് ഭരണനേതൃത്വത്തിന്റെ അറിവോടെയോ നിര്‍ദേശത്തോടെയോ അല്ല. പൌരാവകാശത്തെ പറ്റിയുള്ള വാചകക്കസര്‍ത്തുകള്‍ എന്തായാലും അതില്‍ പലതിലും ഒളിഞ്ഞിരിക്കുന്ന രാഷ്ട്രീയം സ്വാഗതാര്‍ഹമല്ല. ബിജെപി- ആര്‍എസ്എസ് ഭരണത്തിലെ ഭരണാവകാശധ്വംസനങ്ങള്‍ കേരളത്തിലും ഉണ്ടാകുന്നുവെന്ന അഭിപ്രായം ദേശീയസംഭവവികാസങ്ങളെ സമചിത്തതയോടെ കാണുന്നവര്‍ അംഗീകരിക്കില്ല. രാഷ്ട്രീയവും സാമൂഹ്യവും സാംസ്കാരികവുമായ വൈജാത്യങ്ങളെ ഉള്‍ക്കൊള്ളുന്ന പാര്‍ലമെന്ററി ജനാധിപത്യമെന്ന സംവിധാനത്തെ ശക്തിപ്പെടുത്തുകയെന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം. സമ്പന്നരുടെയും അധോലോകശക്തികളുടെയും താല്‍പ്പര്യങ്ങള്‍ക്ക് വഴിപ്പെട്ട് പ്രവര്‍ത്തിച്ചതാണ് യുഡിഎഫ് ഭരണത്തിലെ പൊലീസ് സേന. എന്നാല്‍, പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതും സ്വാശ്രയ വിദ്യാഭ്യാസക്കൊള്ളക്കാര്‍ക്കും അധോലോകശക്തികള്‍ക്കും വിലങ്ങിടുന്നതുമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പൊലീസ് സേന