ജാതിസംഘടനകളും പാര്‍ടിയും


ജാതിസംഘടനകളും പാര്‍ടിയും

ആമുഖം

1. സമീപകാലത്ത്‌ കേരള സമൂഹത്തിലും രാഷ്ട്രീയത്തിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന ജാതീയതയുടെ വേലിയേറ്റത്തെ അതീവ ഗൗരവത്തോടെ പാര്‍ടി കാണുന്നു. ജാതീയതയുടെ അതിപ്രസരവും ജാതി സംഘടനകളുടെ ഇടപെടലുകളും കേരളത്തില്‍ പുതിയ പ്രതിഭാസമല്ല. സ്വാതന്ത്ര്യത്തിനുമുമ്പ്‌ തിരു-കൊച്ചി പ്രദേശത്ത്‌ സാമുദായിക കക്ഷികള്‍ക്കും അവരുടെ കൂട്ടുകെട്ടുകള്‍ക്കും രാഷ്ട്രീയ മണ്ഡലത്തില്‍ പോലും പ്രാമുഖ്യം ഉണ്ടായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യാനന്തരകാലത്ത്‌ പൊതുവില്‍ പ്രകടമായ പ്രവണത ജാതിയുടെ സ്വാധീനവും ജാതിസംഘടനകളുടെ രാഷ്ട്രീയ ഇടപെടല്‍ ശേഷിയും കുറഞ്ഞു വരുന്നതാണ്‌. എന്നാല്‍ ഈ സ്ഥിതിഗതിയില്‍ ഇന്നു മാറ്റം സംഭവിച്ചിരിക്കുന്നു. പാര്‍ടിക്കു പിന്നില്‍ അണിനിരന്നിട്ടുള്ള ജനങ്ങളില്‍ ഒരു ചെറിയ വിഭാഗത്തിനെയെങ്കിലും ജാതിപ്രചാരവേലയുടെ കെണിയില്‍ കുടുക്കി ഐക്യജനാധിപത്യ മുന്നണിയുടെ ചേരിയിലേക്ക്‌ കൊണ്ടുപോകുവാന്‍ കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍(2001) ഒരു വിഭാഗം ജാതി നേതാക്കന്മാര്‍ക്ക്‌ കഴിഞ്ഞു. അസംബ്ലി തെരഞ്ഞെടുപ്പിനെ അവലോകനം ചെയ്‌തുകൊണ്ട്‌ കേന്ദ്രക്കമ്മിറ്റി ഇപ്രകാരം ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌: ``ജാതി-വര്‍ഗ്ഗീയശക്തികള്‍ക്കു അവരുടെ അനുകൂലികളെ നമുക്കെതിരായി അണിനിരത്താന്‍ കഴിവുണ്ട്‌. എന്നുമാത്രമല്ല, നമ്മുടെ അനുയായികളില്‍ ഒരു വിഭാഗത്തെ അവര്‍ സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്‌. ജാതി നേതാക്കളുടെ ചുറ്റും അണിനിരന്നിട്ടുള്ള ജനങ്ങളെ സമീപിക്കുന്ന കാര്യത്തില്‍ പാര്‍ടി ഫലപ്രദമായ അടവുകള്‍ക്ക്‌ രൂപം നല്‍കുകയും ജാതി-വര്‍ഗ്ഗീയശക്തികളുടെ പിന്നിലുള്ള ബഹുജനങ്ങളെ നമ്മുടെ വശത്തേക്ക്‌ കൊണ്ടുവരുന്നതിനായി ആ ശക്തികള്‍ക്കെതിരായി രാഷ്ട്രീയ പ്രചരണം സംഘടിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്‌.''

2. പരമ്പരാഗത വ്യവസായങ്ങളിലും കാര്‍ഷിക മേഖലയിലും പണിയെടുക്കുന്ന പിന്നോക്ക ജാതിക്കാരായ പാവപ്പെട്ടവരും സാധാരണക്കാരുമായ ജനങ്ങള്‍ അനവധി ദശാ ബ്‌ദങ്ങളുടെ പോരാട്ടങ്ങളുടെ ഫലമായി പാര്‍ട്ടിയോടൊപ്പം നിലക്കൊള്ളുന്നവരാണ്‌. പാര്‍ടിയുടെ ബഹുജനാടിത്തറയായ അടിസ്ഥാനവര്‍ഗ്ഗങ്ങളെ ജാതീയമായി അകറ്റുവാനുള്ള പരിശ്രമം നടക്കുകയാണ്‌. സാമുദായിക അടിസ്ഥാനത്തില്‍ യുവജന മഹിളാ സംഘടനകളും മറ്റു ബഹുജന സംഘടനകളും ശക്തിപ്പെടുത്തുകയാണ്‌. ട്രേഡ്‌-യൂണിയന്‍ കര്‍ഷക രംഗത്തേക്കും ഈ പ്രവണത വ്യാപിപ്പിക്കുന്നതിനുള്ള പരിശ്രമങ്ങളും ഉണ്ട്‌. ജാതിസംഘടനകളുടെ സ്വാധീനം താരതമ്യേന ഇല്ലാതിരുന്ന മലബാര്‍ പ്രദേശത്തേക്ക്‌ കൂടി തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കുന്നതിന്‌ സംഘടിതമായ ശ്രമങ്ങളും അവര്‍ ആരംഭിച്ചിട്ടുണ്ട്‌.

3. വളരുന്ന ജനാധിപത്യബോധത്തിനെതിരായി ജാതി അടിസ്ഥാനമാക്കിയുള്ള സ്വത്വബോധം വളര്‍ത്താനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്‌. ജാതിഭ്രാന്തും മതഭ്രാന്തും വളര്‍ത്താനും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുവാനും ബോധപൂര്‍വ്വമായ സംഘടിത പ്രവര്‍ത്തനം നടക്കുന്നുണ്ട്‌. ജാത്യാഭിമാനം പരസ്യമായി ഉല്‍ഘോഷിക്കുന്നതിന്‌ മടിക്കേണ്ടാത്ത ഒരു സാംസ്‌കാരികാന്തരീക്ഷം സംസ്ഥാനത്ത്‌ വളര്‍ത്തിക്കൊണ്ടു വരികയാണ്‌.

4. മുകളില്‍ വിവരിച്ച സ്ഥിതിവിശേഷം എന്തുകൊണ്ട്‌ ഇന്നുണ്ടായിരിക്കുന്നുവെന്നതിന്‌ ഉത്തരം കണ്ടെത്തേണ്ടതുണ്ട്‌. അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ സജീവമായ പ്രവര്‍ത്തനങ്ങള്‍ നടന്ന നാടാണ്‌ കേരളം. സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനം, സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനം എന്നിവയോടെല്ലാം ഇടകലര്‍ന്നു വളര്‍ന്നുവന്ന ജനാധിപത്യബോധത്തെ എല്ലാത്തരം മേധാവിത്വവും ചൂഷണവും അവസാനിപ്പിച്ച്‌ സോഷ്യലിസ്റ്റ്‌-കമ്മ്യൂണിസ്റ്റ്‌ സമൂഹം കെട്ടിപ്പടുക്കാന്‍ ഉപകരിക്കുന്ന ഉയര്‍ന്ന വിപ്ലവബോധമാക്കി വളര്‍ത്താന്‍ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റ്‌ പാര്‍ടി കേരളത്തില്‍ സജീവ സാന്നിദ്ധ്യമാണ്‌. പാര്‍ടിയുടെയും വര്‍ഗ്ഗ-ബഹുജനസംഘടനകളുടെയും നേതൃത്വത്തില്‍ നടന്ന എണ്ണമറ്റ സമരങ്ങളും ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരുകളും കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ മേഖലകളില്‍ പുരോഗമനപരമായ മാറ്റങ്ങള്‍ വരുത്തുന്നതില്‍ വിജയം കൈവരിച്ചു. ഭൂപരിഷ്‌കരണം, സാര്‍വ്വത്രിക വിദ്യാഭ്യാസം, ഉയര്‍ന്ന ആരോഗ്യ പരിരക്ഷ, അധികാര വികേന്ദ്രീകരണം തുടങ്ങി അഭിമാനാര്‍ഹമായ ഒട്ടേറെ നേട്ടങ്ങള്‍ കേരളം കൈവരിച്ചു. ഈ പുരോഗതിയെല്ലാം കൈവരിച്ച കേരളത്തില്‍ ജാതീയതയിലേക്കുള്ള തിരിച്ചുപോക്ക്‌ എന്തുകൊണ്ട്‌ സംഭവിക്കുന്നു എന്നത്‌ ഗൗരവമായ ഒരു പരിശോധനയ്‌ക്ക്‌ വിധേയമാക്കേണ്ടതുണ്ട്‌.

പിന്നോട്ടടിയുടെ കാരണങ്ങള്‍


5. ജാതിയെന്നത്‌ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രത്യേകതയാണ്‌. ഇന്ത്യയിലുള്ളതുപോലെ ജാതി സമ്പ്രദായമോ, ജാതി ശ്രേണികളോ മറ്റു രാജ്യങ്ങളില്‍ കാണാനാവില്ല. ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനത്തിനും മര്‍ദ്ദനത്തിനും ദീര്‍ഘകാലത്തെ ചരിത്രമുണ്ട്‌. ഗോത്രസമുദായത്തിന്റെ തകര്‍ച്ചയോടെ ജാതി വ്യത്യാസവും ജാതി മേധാവിത്വവും വളര്‍ന്നു ശക്തിപ്പെടാന്‍ തുടങ്ങി. ഇന്ത്യയിലെ മുതലാളിത്ത വികാസം ജാതി വ്യവസ്ഥയെ തകര്‍ക്കുന്നില്ല; മറിച്ച്‌ ജാതിവ്യവസ്ഥയുമായി അത്‌ സന്ധി ചെയ്യുന്നു, ജാതി വിദ്വേഷങ്ങള്‍ വളര്‍ത്തുന്നു. ഇന്ത്യയിലെ മുതലാളിത്ത വളര്‍ച്ചയുടെ പ്രത്യേകതയാണ്‌ ഇതിന്‌ കാരണം. പാര്‍ടി പരിപാടിയില്‍ ഈ പ്രതിഭാസത്തെ ഇപ്രകാരമാണ്‌ വിശദീകരിക്കുന്നത്‌.
``ജാതീയ മര്‍ദ്ദനത്തിന്റെയും വിവേചനത്തിന്റെയും പ്രശ്‌നം സുദീര്‍ഘചരിത്രമുള്ളതും പ്രാങ്‌ മുതലാളിത്ത സാമൂഹ്യവ്യവസ്ഥയില്‍ രൂഢമൂലവുമാണ്‌. മുതലാളിത്ത വികാസത്തിന്റെ കീഴിലുള്ള സമൂഹം നിലവിലുള്ള ജാതി വ്യവസ്ഥയുമായി സന്ധി ചെയ്യുകയായിരുന്നു'' (പാര്‍ടി പരിപാടി ഖണ്ഡിക 5.12) ``ഇന്ത്യയിലെ കാര്‍ഷികരംഗത്തെ മുതലാളിത്ത വളര്‍ച്ച പഴയരൂപങ്ങളെ നിഷ്‌കരുണം നശിപ്പിക്കുന്നതിനെ അടിസ്ഥാനപ്പെടുത്തിയതല്ല. മറിച്ച്‌ പ്രാങ്‌ മുതലാളിത്ത ഉല്‍പാദന ബന്ധങ്ങളുടേതും സാമൂഹ്യസംഘടനാരൂപങ്ങളുേെടതുമായ ജീര്‍ണാവശിഷ്ടങ്ങള്‍ക്കുമേല്‍ പ്രതിഷ്‌ഠിക്കപ്പെട്ടിട്ടുള്ളതാണ്‌. ``ആധുനികത'' വികസിക്കുന്നുവെന്നതിനര്‍ത്ഥം പ്രാചീനമായവയുടെ തുടര്‍ന്നുള്ള അസ്‌തിത്വം ഒഴിവാക്കപ്പെടുന്നുവെന്നല്ല'' (ഖണ്ഡിക 3.19). അര്‍ധ ഫ്യൂഡല്‍ വ്യവസ്ഥയാണ്‌ ഇന്നും തുടരുന്ന ജാതിയുടെ സാമൂഹ്യ-സാമ്പത്തിക അടിത്തറ. അര്‍ധഫ്യൂഡല്‍ ചൂഷണത്തിന്റെയും അടിച്ചമര്‍ത്തലിന്റേയും ഒരു മുഖ്യ ഉപാധികൂടിയാണ്‌ സവര്‍ണ്ണ മേധാവിത്വം.

6. മുകളില്‍ സൂചിപ്പിച്ച സ്ഥിതിവിശേഷം രണ്ടു വ്യത്യസ്‌ത പ്രവണതകള്‍ക്കു രൂപം നല്‍കിയിട്ടുണ്ട്‌. അതില്‍ ഒന്നാമത്തേത്‌ ജാതീയ അടിച്ചമര്‍ത്തലിനെതിരായി കീഴ്‌ ജാതിക്കാരുടെ പ്രതികരണമാണ്‌ ``ജാതീയമായ മര്‍ദ്ദനം അവസാനിപ്പിക്കുന്നതിലും ബൂര്‍ഷ്വാ-ഭൂപ്രഭു വ്യവസ്ഥ പരാജയപ്പെട്ടിരിക്കുകയാണ്‌. പട്ടികജാതിക്കാരാണ്‌ ഏറ്റവുമധികം കെടുതികള്‍ അനുഭവിക്കുന്നത്‌. അയിത്താചരണവും വിവേചനത്തിന്റെ മറ്റു രൂപങ്ങളും നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടിട്ടും ദളിതര്‍ അവയ്‌ക്ക്‌ വിധേയരാവുകയാണ്‌. വിമോചനത്തിനായുള്ള ദളിതരുടെ വളര്‍ന്നുവരുന്ന ബോധത്തെ മൃഗീയമര്‍ദ്ദനങ്ങളും അതിക്രമങ്ങളും കൊണ്ട്‌ നേരിടാനാണ്‌ തുനിയുന്നത്‌. സമൂഹത്തിലെ ഏറ്റവും അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ അഭിലാഷങ്ങള്‍ പ്രതിഫലിപ്പിക്കുന്നു എന്ന നിലയില്‍ ദളിതരുടെ മുന്നേറ്റത്തിന്‌ ജനാധിപത്യപരമായ ഉള്ളടക്കമുണ്ട്‌. ജാതി അടിസ്ഥാനത്തില്‍ വിഭജിതമായ സമൂഹത്തില്‍ പിന്നോക്കജാതിക്കാരും അവരുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു.'' (ഖണ്ഡിക 5.10)

7. അതേ സമയം ജാതി പ്രസ്ഥാനങ്ങള്‍ക്ക്‌ ഗൗരവമായ ഒരു പരിമിതി ഉണ്ടെന്ന്‌ കൂടി പാര്‍ട്ടി പരിപാടി ചൂണ്ടിക്കാണിക്കുന്നു. ``വോട്ട്‌ബാങ്കുകള്‍ ശക്തിപ്പെടുത്തുക എന്ന സങ്കുചിത ലക്ഷ്യത്തോടെ ജാതീയ വിഭജനങ്ങള്‍ സ്ഥായിയായി നിലനിര്‍ത്തുന്നതിനും ഈ അധഃസ്ഥിത വിഭാഗങ്ങളെ പൊതുജനാധിപത്യ പ്രസ്ഥാനത്തില്‍ നിന്നു അകറ്റി നിര്‍ത്തുന്നതിനും ജാതിവികാരം മാത്രം ഇളക്കിവിടുന്ന ഒരു നീക്കവും ഇതോടൊപ്പമുണ്ട്‌. സങ്കുചിതമായ തിരഞ്ഞെടുപ്പ്‌ നേട്ടങ്ങള്‍ക്ക്‌ വേണ്ടി ജാതി അടിസ്ഥാനത്തിലുള്ള ധ്രുവീകരണം ഉപയോഗപ്പെടുത്താന്‍ നിരവധി ജാതി നേതാക്കളും ബൂര്‍ഷ്വാ രാഷ്ട്രീയ കക്ഷികളുടെ ചില നേതാക്കളും തുനിയുകയും എല്ലാ ജാതികളിലുംപെട്ട മര്‍ദ്ദിതവിഭാഗങ്ങളുടെ പൊതുവായ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനോട്‌ അവര്‍ ശത്രുതാ മനോഭാവം പ്രകടമാക്കുകയും ചെയ്യുന്നു. ഭൂമി, കൂലി എന്നീ അടിസ്ഥാനപരമായ വര്‍ഗ്ഗ പ്രശ്‌നങ്ങളേയും പഴയ സാമൂഹ്യക്രമം തൂത്തെറിയുന്നതിനുള്ള അടിത്തറയായ ഭൂപ്രഭുത്വത്തിനെതിരായ പോരാട്ടത്തേയും അവര്‍ അവഗണിക്കുന്നു.'' (ഖണ്ഡിക 5.11)

8. പാര്‍ടി പരിപാടിയില്‍ ചൂണ്ടിക്കാണിച്ചതുപോലെയുള്ള നീക്കങ്ങള്‍ കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയമണ്ഡലങ്ങളില്‍ പല ജാതി നേതാക്കന്മാരുടെയും ബൂര്‍ഷ്വാകക്ഷികളുടെ നേതാക്കന്മാരുടെയും ഭാഗത്തു നിന്നും ഉണ്ടാവുന്നതു കാണാം. രാഷ്ട്രീയാധികാരത്തില്‍ പങ്കുലഭിച്ചാല്‍ തങ്ങളുടെ സ്വാധീനമേഖല വിപുലപ്പെടുത്താനാകുമെന്നാണ്‌ ജാതികള്‍ക്കുള്ളില്‍ വളര്‍ന്നുവന്ന ചില പ്രമാണിമാരുടെ കണക്കുകൂട്ടല്‍. തങ്ങളുടെ പദവിക്കും ഉദ്യോഗസ്ഥാനക്കയറ്റത്തിനും വേണ്ടി പൊതു ജനാധിപത്യ പ്രസ്ഥാനത്തിന്റെ മുഖ്യധാരയില്‍ നിന്ന്‌ ജനങ്ങളെ അകറ്റി സമ്മര്‍ദ്ദ വിഭാഗമായി ഉപയോഗിക്കുന്ന ചില ഉദ്യോഗസ്ഥപ്രമാണിവിഭാഗവും ചില ജാതികള്‍ക്കുള്ളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നതായി കാണാം. ഓരോ ജാതിയിലും വളര്‍ന്നു വരുന്ന സമ്പന്ന വിഭാഗമാണ്‌ ഇന്ന്‌ ജാതി പ്രസ്ഥാനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌. വിവിധ സമുദായങ്ങളിലെ ബൂര്‍ഷ്വാവര്‍ഗങ്ങളുടെ വളര്‍ച്ചയുടെ പ്രത്യേകതകള്‍ ജാതീയതയെ പഠിക്കുന്നതിന്‌ കണക്കിലെടുക്കേണ്ടതുണ്ട്‌. ബൂര്‍ഷ്വാവര്‍ഗ്ഗത്തിന്റെ വളര്‍ച്ചയിലുണ്ടാകുന്ന മാറ്റങ്ങള്‍ ജാതി സംഘടനയുടെ സ്വഭാവത്തിലും പ്രകടമാണ്‌. മുതലാളിത്ത വളര്‍ച്ചയുടെ ആരംഭകാലത്ത്‌ സാമൂഹ്യപരിഷ്‌കരണം തുടങ്ങിയ പുരോഗമന നിലപാടുകള്‍ സ്വീകരിക്കുന്ന ബൂര്‍ഷ്വാ വര്‍ഗങ്ങള്‍ ഇന്ന്‌ സാമൂഹ്യ പരിഷ്‌കരണത്തിനെതിരായതും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രകടിപ്പിക്കുന്നതുമായ നിലപാടുകള്‍ എടുക്കുന്നു.

9. ഇന്നത്തെ ജാതി രാഷ്ട്രീയ ഇടപെടലുകളെ വിലയിരുത്തുമ്പോള്‍ പരിഗണിക്കേണ്ടുന്ന മറ്റൊരു മുഖ്യ വിഷയം ആര്‍എസ്‌എസ്‌-ബിജെപി വര്‍ഗീയതയുടെ നിലപാടാണ്‌.ബിജെപി കേന്ദ്രസര്‍ക്കാരില്‍ അധികാരത്തില്‍ വന്നത്‌ ഹിന്ദുവര്‍ഗ്ഗീയതയുടെ വിഷലിപ്‌തമായ അന്തരീക്ഷം ഇന്ത്യയില്‍ ആകമാനം സൃഷ്‌ടിച്ചിരിക്കുകയാണ്‌. ഇത്‌ ജാതീയവും സങ്കുചിതവുമായ പ്രവണതകള്‍ക്ക്‌ ആക്കം കൂട്ടുന്നു. ആര്‍.എസ്‌.എസ്‌ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കാന്‍ നടത്തുന്ന പരിശ്രമങ്ങള്‍ സൃഷ്ടിച്ച അന്തരീക്ഷം ജാതി സംഘടനകള്‍ വളരുന്നതിന്‌ ഉപകരിക്കുന്നു. കേരളത്തില്‍ തങ്ങളുടെ ബഹുജന സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള കുറുക്കു വഴിയായിട്ട്‌ ഇന്ന്‌ ആര്‍.എസ്‌.എസ്‌. ജാതി സംഘടനകളെയും സാമുദായിക-മതസാംസ്‌കാരിക കേന്ദ്രങ്ങളെയും ഉപയോഗപ്പെടുത്തുന്നു.. ജനങ്ങളെ ജാതിയടിസ്ഥാനത്തില്‍ ഭിന്നിപ്പിച്ചു സംഘടിപ്പി ക്കുക പിന്നീട്‌ വര്‍ഗീയടിസ്ഥാനത്തില്‍ ഒന്നിപ്പിക്കുക എന്നതാണ്‌ അവരുടെ സമീപനം. ശിവഗിരിയെ കാവി പുതപ്പിക്കുവാനുള്ള ഗൂഢശ്രമം യാദൃശ്ചികമായിരുന്നില്ല. എസ്‌എന്‍ഡിപി യോഗത്തെ തങ്ങള്‍ക്കനുകൂലമായി മെരുക്കുന്നതിന്‌ വെള്ളാപ്പള്ളി ക്കെതിരായ സാമ്പത്തിക കുറ്റകേസുകളെപോലും അവര്‍ പ്രയോജനപ്പെടുത്തി. അത്യധികം ആപല്‌കരമായ ഒരു നീക്കമാണ്‌ ബി.ജെ.പി. നടത്തുന്നത്‌.

10. അഖിലേന്ത്യാ രാഷ്ട്രീയത്തില്‍ യു.പി., ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ജാതി പാര്‍ടികളുടെ അധികാരാവരോഹണം കേരളത്തിലെ സാമുദായിക ശക്തികള്‍ക്ക്‌ പ്രചോദനമായിട്ടുണ്ട്‌. രാഷ്ട്രീയാധികാരം നേടാന്‍ ബി.എസ്‌.പി., ആര്‍.ജെ.ഡി., സമാജ്‌വാദി തുടങ്ങിയ കക്ഷികള്‍ ജാതിവികാരത്തെ ഫലപ്രദമായി പ്രയോജനപ്പെടുത്തുകയുണ്ടായല്ലോ. കേന്ദ്രം ഭരിക്കുന്ന ബിജെപി തന്നെ വര്‍ഗീയകക്ഷിയാണല്ലോ? ജാതിഭ്രാന്തും മതഭ്രാന്തും വളര്‍ത്തിയാല്‍ അധികാരത്തില്‍ കയറനാകുമെന്ന നില ഇന്ത്യയുടെ ജനാധിപത്യ വളര്‍ച്ചയ്‌ക്കേറ്റ താല്‍ക്കാലികമായ തിരിച്ചടിയാണ്‌.

11. കേരളത്തിലെ ജാതി പ്രശ്‌നത്തെ വര്‍ഗീയതയില്‍ നിന്ന്‌ ഒറ്റപ്പെടുത്തി പൂര്‍ണ്ണമായി വിശദീകരിക്കുവാനാവില്ല എന്നത്‌ ഒരു വസ്‌തുതയാണ്‌. മുസ്ലിം ക്രിസ്‌ത്യന്‍ വര്‍ഗ്ഗീയത സമകാലീന ജാതീയ വേലിയേറ്റത്തിന്‌ പ്രചോദനമായി തീര്‍ന്നിട്ടുണ്ട്‌ വര്‍ഗീയതയുടേയും മതന്യൂനപക്ഷങ്ങളുടെയും പ്രശ്‌നങ്ങളെ കുറിച്ച്‌ ഈ രേഖയില്‍ പരിശോധിക്കുന്നില്ല. വര്‍ഗീയതയെക്കുറിച്ച്‌ പാര്‍ടി കോണ്‍ഗ്രസ്‌സും സംസ്ഥാന കമ്മിറ്റിയും സുവ്യക്തമായ നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്‌. ക്രൈസ്‌തവ മുസ്‌ലീം ന്യൂനപക്ഷങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട്‌ കേരളാ കോണ്‍ഗ്രസും മുസ്‌ലീം ലീഗും കേരളത്തില്‍ രാഷ്ട്രീയ പാര്‍ടിയായി നിലനില്‍ക്കുന്നതും സംസ്ഥാന ഭരണാധികാരം കൈകാര്യം ചെയ്യുന്നതും ഹിന്ദുമതത്തിലെ പല ജാതിനേതാക്കന്മാര്‍ക്കും രാഷ്ട്രീയത്തില്‍ ഇടപെടുന്നതിന്‌ പ്രേരണയാകുന്നു. ജാതിരാഷ്ട്രീയം ശക്തിപ്പെടുന്നതിന്‌ സാഹചര്യമൊരുക്കുന്നു.

12. ഇന്നത്തെ ജാതീയ വേലിയേറ്റത്തിന്‌ ആഗോളവല്‍ക്കരണ പ്രതിസന്ധിയുമായും ബന്ധമുണ്ട്‌. ആഗോളവല്‍ക്കരണത്തിന്‌ സമാന്തരമായി വംശീയ സങ്കുചിത ചിന്താഗതികള്‍ ഉയര്‍ന്നുവരുന്നത്‌ അന്തര്‍ദേശീയ അനുഭവമാണല്ലോ. ഈ നിലപാടുകള്‍ പ്രശ്‌നങ്ങള്‍ക്ക്‌ പ്രതിവിധി അല്ലെന്നു മാത്രമല്ല ജനങ്ങളെ ഭിന്നിപ്പിക്കുക വഴി ചെറുത്തു നില്‌പ്പിന്‌ തടസ്‌സമായി തീരുകയും ചെയ്യുന്നു. രൂക്ഷമായ തൊഴിലില്ലായ്‌മയുടെ പശ്ചാത്തലത്തില്‍ സംവരണത്തിന്റെ പേരു പറഞ്ഞ്‌ ജനങ്ങളെ ജാതീയമായി ഭിന്നിപ്പിക്കുകയും എന്നാല്‍ അവസാനം ഭരണവര്‍ഗങ്ങള്‍ക്കു പിന്നില്‍ ഒരുമിച്ച്‌ ചേരുകയും ചെയ്‌ത അനുഭവം കേരളത്തിലുണ്ടല്ലോ.

13. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അധികാരഭ്രഷ്ടമാക്കുന്നതിന്‌ വേണ്ടി 2001 ലെ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്‌ പടച്ചുണ്ടാക്കിയ ജാതി-വര്‍ഗീയ മുന്നണിയും അത്‌ നേടിയ വിജയവും കേരളത്തിലെ ജാതി രാഷ്ട്രീയത്തില്‍ ഒരു വഴിത്തിരിവായി തീര്‍ന്നിട്ടുണ്ട്‌. 1990 കളില്‍ സാമൂഹ്യരംഗത്ത്‌ പല കാരണങ്ങളാലും കൂടുതല്‍ കൂടുതല്‍ ഊര്‍ജ്വസ്വലമായി തീര്‍ന്നുകൊണ്ടിരുന്ന ജാതി സംഘടനകള്‍ക്ക്‌ പുതിയൊരു അടിത്തറ യു.ഡി.എഫ്‌ ഭരണം നല്‍കിക്കൊണ്ടിരിക്കുകയാണ്‌. നമുക്കെതിരെ രൂപം കൊണ്ട ജാതി-വര്‍ഗീയ വിശാലമുന്നണി നിലനിര്‍ത്തുന്നതിനുള്ള പ്രീണന നയങ്ങളാണ്‌ യുഡിഎഫ്‌ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്‌. ക്രിസ്‌ത്യന്‍-മുസ്ലിം വര്‍ഗീയ ശക്തികള്‍ക്ക്‌ ഭരണത്തിലുള്ള പ്രത്യക്ഷ പങ്കും സ്ഥാനവും ചൂണ്ടികാണിച്ചുകൊണ്ട്‌ സമുദായിക അടിസ്ഥാനത്തില്‍ സംഘടിച്ച്‌ രാഷ്ട്രീയമായി വിലപേശുന്നതിനാണ്‌ ജാതി പ്രമാണിമാര്‍ ആഹ്വാനം ചെയ്യുന്നത്‌. എസ്‌എന്‍ഡിപി യോഗ നേതൃത്വം ഈ നിലപാടു പരസ്യമായി എടുക്കുന്നു. എന്‍.എസ്‌.എസ്‌ ആവട്ടെ വിദ്യാഭ്യാസ കച്ചവട ആനുകൂല്യങ്ങള്‍ ഉറപ്പിക്കുന്നതിനായി സാമുദായിക അടിസ്ഥാനത്തില്‍ ജനസംഖ്യാ കണക്ക്‌ എടുക്കണമെന്ന്‌ ആവശ്യപ്പെട്ടിരിക്കുന്നു. മുഖ്യമായും സാമൂഹ്യമണ്ഡലത്തില്‍ ഒതുങ്ങി പ്രവര്‍ത്തിക്കുന്ന ജാതി പ്രസ്ഥാനങ്ങള്‍ പ്രത്യക്ഷമായി തന്നെ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനും നിര്‍ണ്ണായക സ്വാധീനഘടകമാകാനും ശ്രമിക്കുന്നു. മത-ന്യൂനപക്ഷ വര്‍ഗീയ പാര്‍ടികളുടെ സമ്മര്‍ദ്ദതന്ത്ര രാഷ്ട്രീയം സ്വയം പകര്‍ത്താനാണ്‌ ജാതി സംഘടനകള്‍ ശ്രമിക്കുന്നത്‌.

14. കമ്യൂണിസ്‌റ്റ്‌ പാര്‍ടിയുടെ നേതൃത്വത്തില്‍ 1957 ല്‍ കേരളത്തില്‍ അധികാരത്തില്‍ വന്ന സംസ്‌ഥാന ഗവര്‍മെണ്ടിനെ എല്ലാ മത-ജാതിശക്‌തികളെയും അണിനിരത്തി വിശാലമായ കമ്യൂണിസ്‌റ്റ്‌വിരുദ്ധമുന്നണി കെട്ടിപ്പടുത്ത്‌ താഴെയിറക്കുക എന്ന തന്ത്രമാണ്‌ കോണ്‍ഗ്രസ്‌ കേരളത്തില്‍ സ്വീകരിച്ചത്‌. ജനാധിപത്യശക്‌തികളുടെ വളര്‍ച്ചയ്‌ക്ക്‌ ആഘാതമേല്‍പിക്കാന്‍ കോണ്‍ഗ്രസിന്‍െറയും മത-ജാതി നേതാക്കളുടെയും നീക്കത്തിന്‌ കഴിഞ്ഞു. ഇതേത്തുടര്‍ന്ന്‌ ജാതി-മതവിഭാഗങ്ങളുടെ സംയുക്‌തമായ എതിര്‍പ്പ്‌ ഒഴിവാക്കാന്‍ പാര്‍ടി പ്രത്യേകം ശ്രദ്ധിച്ചു. ചില തെരഞ്ഞെടുപ്പുകളില്‍ ചില വിഭാഗങ്ങളുമായി താല്‍ക്കാലികസന്‌ധിയില്‍ ഏര്‍പ്പെടാനും സഹായം സ്വീകരിക്കാനും മുതിര്‍ന്നു. ജാതിക്കും ജാതിസംഘടനകള്‍ക്കും എതിരായ പ്രചാരവേല കുറെ വര്‍ഷങ്ങളായി കമ്യൂണിസ്‌റ്റ്‌ മാര്‍ക്‌സിസ്‌റ്റ്‌പാര്‍ടിയുടെ ഭാഗത്തുനിന്നുപോലും ഫലപ്രദമായി ഇല്ലാതായി. മതനിരപേക്ഷ പ്രചാരവേല മതം രാഷ്‌ട്രീയത്തില്‍ ഇടപെടുന്നതിന്‌ എതിരെയുള്ളത്‌ മാത്രമായി പരിമിതപ്പെട്ടു. ജാതിവികാരം ഊതിവീര്‍പ്പിച്ച്‌ തങ്ങളുടെ സ്വാധീനം നിലനിര്‍ത്തുന്നതിന്‌ ഇതുവഴി ജാതിനേതാക്കള്‍ക്ക്‌ അവസരംലഭിച്ചു.കോണ്‍ഗ്രസിന്‍െറ നേതൃത്വത്തിലുള്ള മത-ജാതി രാഷ്‌ട്രീയകക്ഷികളുടെ ഐക്യമുന്നണി മത-ജാതി രാഷ്‌ട്രീയ പരിഗണന അടിസ്‌ഥാനമാക്കി ഭൂരിപക്ഷം സ്‌കൂളുകളും കോളേജുകളും വിദ്യാഭ്യാസ കച്ചവടക്കാര്‍ക്ക്‌ വിതരണംചെയ്യുന്ന സമ്പ്രദായമാണ്‌ എടുത്തുപോരുന്നത്‌. നാടിന്‍െറ വിദ്യാഭ്യാസആവശ്യവും വിദ്യാഭ്യാസപുരോഗതിയും ഫലത്തില്‍ വിസ്‌മരിക്കപ്പെട്ടു. കമ്യൂണിസ്‌റ്റ്‌ മാര്‍ക്‌സിസ്‌റ്റ്‌ പാര്‍ടിക്കുകൂടി പങ്കുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവര്‍മെണ്ട്‌ അധികാരത്തില്‍വന്നാലും മത-ജാതി പ്രാതിനിധ്യത്തിന്‍െറ പേരില്‍ വിദ്യാഭ്യാസക്കച്ചവടക്കാര്‍ക്ക്‌ സമ്മര്‍ദംചെലുത്താനും കാര്യങ്ങള്‍ നേടാനുമാകും എന്ന നില വളര്‍ന്നുവന്നു. ഇതിനെ ഉപയോഗപ്പെടുത്തി മത-ജാതി വികാരം വളര്‍ത്തി തങ്ങളുടെ സ്വാധീനം ഉറപ്പിക്കാന്‍ സമ്പന്നവിഭാഗത്തിന്‌ കഴിയുന്നു.

15. സവര്‍ണ്ണ ജാതികളുടെ സംഘടനകളില്‍ ഇന്ന്‌ ഏറ്റവും പ്രധാനം എന്‍.എസ്‌.എസ്‌ ആണ്‌. ഉപജാതി അടിസ്ഥാനത്തിലുള്ള സംഘടനകളും നിലവിലുണ്ട്‌. മറ്റു സവര്‍ണ്ണ ജാതി സംഘടനകള്‍ (യോഗക്ഷേമസഭ പോലുള്ള) അംഗബലക്കുറവുകൊണ്ട്‌ പ്രബലമല്ല. അവര്‍ണ ജാതികളില്‍ ഏറ്റവും പ്രമുഖ സംഘടന എസ്‌.എന്‍.ഡി.പി യൂണിയനാണ്‌. ധീവരസഭ, വിശ്വകര്‍മ്മ മഹാസഭ, നാടാര്‍ മഹാജനസഭ, ലത്തീന്‍ കത്തോലിക്ക അസോസിയേഷന്‍, പരിവര്‍ത്തന ക്രൈസ്‌തവ സംഘടനകള്‍ തുടങ്ങി ഒട്ടേറെ സംഘടനകള്‍ മറ്റ്‌ പിന്നോക്ക ജാതികളുടെ അടിസ്ഥാനത്തിലും രൂപം കൊണ്ട്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌. പട്ടികജാതി വിഭാഗങ്ങള്‍ക്ക്‌ ഓരോന്നിനും പ്രത്യേകം സംഘടനകള്‍ ശക്തമായി പ്രവര്‍ത്തിച്ചുവരുന്നു. കേരള പുലയര്‍ മഹാസഭ, സാംബവസഭ തുടങ്ങിയവയാണ്‌ പ്രധാനം. കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള അധ:കൃതവര്‍ഗലീഗ്‌, പുതിയ ദളിത്‌ സംഘടനകള്‍ എല്ലാ വിഭാഗങ്ങളിലുമുള്ളവരും ഉള്‍പ്പെടുന്നു. എണ്ണത്തില്‍ കുറവായ ആദിവാസികള്‍ ഗോത്ര അടിസ്ഥാനത്തിലാണ്‌ ജീവിക്കുന്നത്‌. സംസ്ഥാനാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവയായി ആദിവാസി ക്ഷേമസമിതിയടക്കം രണ്ടു ആദിവാസി സംഘടനകളാണ്‌ മുഖ്യമായിട്ടുള്ളത്‌. പരമ്പരാഗത ജാതിവിഭജനത്തിന്‌ പുറത്തുള്ളവരായ ആദിവാസികളുടെ സംഘടനകളെ കേവലം ജാതിസംഘടനകളായി കാണുവാന്‍ പാടുള്ളതല്ല. ജാതിസംഘടനകളുടെ കേരള സാമൂഹ്യപുരോഗതിയിലെ പങ്കിലും നമ്മുടെ പാര്‍ടിയുമായിട്ടുള്ള ബന്ധത്തിലും വലിയമാറ്റങ്ങള്‍ കാലാന്തരത്തില്‍ വന്നിട്ടുണ്ട്‌. ഈ മാറ്റങ്ങളെ വൈരുദ്ധ്യാത്മകമായി മനസ്‌സിലാക്കാന്‍ നമുക്ക്‌ കഴിയണം. അതുപോലെ തന്നെ, ജാതി സംഘടനകളുടെ സ്വാധീനത്തില്‍ ചരിത്രപരമായി തന്നെ പ്രാദേശികാന്തരങ്ങളുണ്ട്‌. ഇവ കൂടി കണക്കിലെടുത്തുവേണം നമ്മുടെ നയസമീപനം കൈക്കൊള്ളാന്‍.

സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങള്‍

16. കേരളത്തിലെ മുതലാളിത്ത പരിവര്‍ത്തനത്തിന്റെ ഭാഗമായാണ്‌ സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ ആവിര്‍ഭവിച്ചത്‌. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ തുടങ്ങിയ മുതലാളിത്തവികാസം പരമ്പരാഗത ജാതി ശ്രേണി സമൂഹത്തില്‍ ഒട്ടനവധി പൊരുത്തക്കേടുകള്‍ക്ക്‌ ഇടയാക്കി. പരമ്പരാഗത ജാതീയ ആചാരങ്ങളും മര്യാദകളും വ്യവസായത്തിന്റെയും കച്ചവടത്തിന്റെയും പുതുയുഗത്തില്‍ അര്‍ത്ഥശൂന്യമായിക്കഴിഞ്ഞിരുന്നു. ഈ അനാചാരങ്ങളെല്ലാം തുടച്ചു മാറ്റിയെങ്കിലേ മുതലാളിത്ത യുഗത്തില്‍ മുന്നേറാന്‍ കഴിയൂ എന്നത്‌ വ്യക്തമായിരുന്നു. ഇത്‌ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായ പ്രസ്ഥാനങ്ങള്‍ക്ക്‌ എല്ലാ സമുദായങ്ങളിലും ജന്മം നല്‍കി. അതുപോലെ തന്നെ, നിലവിലുണ്ടായിരുന്ന ജാതി സംഘടനയും സവര്‍ണ മേധാവിത്വവും അവര്‍ണ്ണര്‍ക്കിടയില്‍ വളര്‍ന്നു വന്ന ബൂര്‍ഷ്വാ ശക്തികള്‍ക്ക്‌ വിഘാതമായിരുന്നു. ഇത്‌ സവര്‍ണ്ണ മേധാവിത്വത്തിനെതിരായ നാനാപ്രസ്ഥാനങ്ങള്‍ക്ക്‌ രൂപം നല്‍കി. സവര്‍ണ്ണര്‍ക്കിടയിലെ ഉല്‌പതിഷ്‌ണുക്കളായ ചെറുവിഭാഗവും ഇത്തരം പ്രസ്ഥാനങ്ങളെ പിന്തുണക്കുകയും അവയില്‍ പങ്കെടുക്കുകയും ചെയ്‌തു. ചുരുക്കത്തില്‍ മതപരവും സാമുദായികവും സാമൂഹ്യവും രാഷ്ട്രീയവുമായ ഒട്ടേറെ വിഭിന്നധാരകള്‍ കൂടി ചേര്‍ന്നതായിരുന്നു കേരളത്തിലെ സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനം. ഇവയില്‍ ഏറ്റവും സുപ്രധാനം ശ്രീനാരായണഗുരുവിന്റെ ചിന്തകളും അവയില്‍ നിന്ന്‌ പ്രചോദനം ഉള്‍ക്കൊണ്ട പ്രസ്ഥാനങ്ങളുമായിരുന്നു.

17. മുപ്പതുകളില്‍ രൂപം കൊണ്ട കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ടിയുടെയും തുടര്‍ന്ന്‌ രൂപം കൊണ്ട കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയുടെയും മുന്നില്‍ സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങളോട്‌ സ്വീകരിക്കേണ്ട നിലപാട്‌ ഒരു പ്രായോഗിക പ്രശ്‌നമായി ഉയര്‍ന്നുവന്നിരുന്നു. സാമൂഹ്യ പരിഷ്‌കരണപ്രസ്ഥാനത്തിന്റെ ബൂര്‍ഷ്വാ ജനാധിപത്യ ഉള്ളടക്കം മനസ്‌സിലാക്കിയ പാര്‍ടി ശുദ്ധ ദേശീയവാദികളില്‍ നിന്നും വ്യത്യസ്‌തമായി സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങളില്‍ സജീവമായി പങ്കാളികളാകുന്നതിനും അവര്‍ണ്ണ ജാതികളുടെ സവര്‍ണ്ണ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ശക്തമായ പിന്തുണ നല്‍കുന്നതുമായ ഒരു നിലപാടാണ്‌ കൈക്കൊണ്ടത്‌. കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ടി തിരുവിതാംകൂറിലെ നിവര്‍ത്തന പ്രസ്ഥാനത്തിന്‌ പിന്തുണ നല്‍കിയത്‌ ഈ പശ്ചാത്തലത്തിലാണ്‌. ജാതി വിരുദ്ധ സമരത്തില്‍ പാര്‍ടിയുടെ പങ്കിലും സ്വതന്ത്രപ്രവര്‍ത്തനത്തിലും ഉണ്ടായ വളര്‍ച്ച വൈക്കം സത്യാഗ്രഹത്തില്‍ നിന്ന്‌ ഗുരുവായൂര്‍ സത്യാഗ്രഹത്തിലേക്കും അവിടെ നിന്ന്‌ പാലിയം സത്യാഗ്രഹത്തിലേക്കുമുളള വളര്‍ച്ചയില്‍ തെളിഞ്ഞുകാണാം. വൈക്കം സത്യാഗ്രഹകാലത്ത്‌ പാര്‍ടി രൂപം കൊണ്ടിട്ടില്ല. ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ ഇടതുപക്ഷ കോണ്‍ഗ്രസുകാര്‍ സജീവ പങ്കാളികളായിരുന്നു. പാലിയം സത്യാഗ്രഹത്തിന്റെ നേതൃത്വമാകട്ടെ കമ്മ്യൂണിസ്റ്റ്‌ പാര്‍ടിക്കായിരുന്നു. ജാതി അനാചാരങ്ങള്‍ക്കെതിരായ സമരത്തോടൊപ്പം ജാതിക്കും സമുദായത്തിനും അതീതമായി തൊഴിലാളികളുടെയും കൃഷിക്കാരുടെയും വര്‍ഗ്ഗ സംഘടനകള്‍ വളര്‍ത്തി എടുക്കുന്നതിനും ഈ വര്‍ഗ്ഗ നിലപാടില്‍ നിന്നുകൊണ്ട്‌ അനാചാരങ്ങള്‍ക്കെതിരായും ജാതീയ അവശതകള്‍ക്കെതിരായും മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നതിന്‌ പാര്‍ടി യത്‌നിക്കുകയും ചെയ്‌തു.

കമ്യൂണിസ്‌റ്റ്‌ പാര്‍ടിയിലേക്ക്‌

18. ഈ നയസമീപനം സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങളിലെ ഉല്‌പതിഷ്‌ണുക്കളെ പാര്‍ടിയിലേക്ക്‌ ആകര്‍ഷിക്കുന്നതിന്‌ വഴി തെളിയിച്ചു. ഈഴവ സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനത്തിന്റെ കാര്യത്തില്‍ ഈ ഒഴുക്ക്‌ വളരെ ശക്തമായിരുന്നു. സാമൂഹ്യ പരിഷ്‌കാര പ്രസ്ഥാനങ്ങളിലെ ബൂര്‍ഷ്വാ റാഡിക്കലിസം (ജാതിനിഷേധം, യുക്തിവാദം, റൊമാന്റിക്‌ സാഹിത്യം) തുടങ്ങിയവ പാരമ്യതയിലെത്തിയത്‌ ഈഴവ സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനത്തിലാണ്‌ എന്ന്‌ വേണമെങ്കില്‍ പറയാം. ആദ്യഘട്ടങ്ങളില്‍ സവര്‍ണ്ണ മേധാവിത്വത്തിനെതിരായ സമരങ്ങളില്‍ ബ്രിട്ടീഷ്‌ ഭരണത്തെപ്പോലും സഹായിയായി കണ്ട സാമൂഹ്യ പരിഷ്‌കരണ നിലപാടില്‍ നിന്ന്‌ ക്ഷേത്ര പ്രവേശന സമരത്തിലൂടെ ദേശീയ പ്രസ്ഥാനവുമായും ആലപ്പുഴ ട്രേഡ്‌യൂണിയനുകളിലൂടെയും മറ്റും തൊഴിലാളി പ്രസ്ഥാനമായും ബന്ധപ്പെടുന്ന വ്യത്യസ്‌തങ്ങളായ രാഷ്ട്രീയ ധാരകളേയും നമുക്ക്‌ കാണാന്‍ കഴിയും. മൂന്നാമത്‌, പറഞ്ഞ ധാരയിലൂടെയാണ്‌ ഒട്ടേറെ സാമൂഹ്യ പരിഷ്‌കരണ പ്രവര്‍ത്തകര്‍ തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനത്തിലേക്കും കമ്യൂണിസ്റ്റ്‌ പാര്‍ടിയിലേക്കും കടന്നുവന്നത്‌. വാഗ്‌ഭടാനന്ദനെപോലുള്ളവര്‍ മലബാറിലെ ഉല്‍പതിഷ്‌ണുക്കളില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്‌. അയ്യന്‍കാളിയുടെ ജാതിവിരുദ്ധ സമരം തൊഴില്‍ നിവര്‍ത്തനത്തിന്റെ രൂപം പോലും കൈക്കൊണ്ടു. സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ സൃഷ്ടിച്ച സാംസ്‌കാരികാന്തരീക്ഷം കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ സഹായകരമായി. കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനമാണ്‌ പിന്നീടുള്ള ദശകങ്ങളില്‍ സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനത്തിന്റെ വിപ്ലവകരമായ വശങ്ങളെ സ്വാംശീകരിച്ച്‌ മുന്നോട്ടു കൊണ്ടുപോയത്‌. കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ ഭൂപരിഷ്‌കരണമാണ്‌ സവര്‍ണ്ണ മേധാവിത്വത്തിന്റെ സാമ്പത്തികാടിത്തറ തകര്‍ത്തത്‌. ഭൂപരിഷ്‌കരണം പാവപ്പെട്ടവരുടെ വിദ്യാഭ്യാസ-സാംസ്‌കാരിക നിലയിലും വിലപേശല്‍ കഴിവിലും കുതിച്ചുചാട്ടം തന്നെ സൃഷ്ടിച്ചു. കൂലിക്ക്‌ വേണ്ടി മാത്രമല്ല കര്‍ഷക തൊഴിലാളി യൂണിയന്‍ സമരം ചെയ്‌തിരുന്നത്‌. ജാതി അടിമത്തത്തിനെതിരായ മുദ്രാവാക്യങ്ങളും ഉയര്‍ത്തുന്നതില്‍ കര്‍ഷക തൊഴിലാളി യൂണിയനാണ്‌ മുന്നില്‍ നിന്നത്‌.

19. വര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ മുന്നേറ്റത്തിന്‌ സമാന്തരമായി മറ്റൊരു പ്രതിഭാസവും ശക്തമായി. ഒരുകാലത്ത്‌ പുരോഗമനപരമായ നിലപാടെടുത്ത്‌ പുരോഗമനപരമായ കര്‍ത്തവ്യം നിര്‍വ്വഹിച്ചുവന്ന സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ കൂടുതല്‍ കൂടുതല്‍ ജാതീയതയുടെ ചട്ട കൂട്ടിലേക്കും നിക്ഷിപ്‌ത താല്‌പര്യക്കാരുടെ കൈപ്പിടിയിലേക്കും ഒതുങ്ങുവാന്‍ തുടങ്ങി. ഈ രൂപാന്തരം അനിവാര്യമായിരുന്നു. കാരണം ആചാര പരിഷ്‌കാരങ്ങള്‍നല്ല പങ്കും അറുപതുകളായപ്പോഴേക്കും പ്രാവര്‍ത്തികമായി. കൂടാതെ, മുതലാളിത്ത വളര്‍ച്ച ജാതികള്‍ക്കും സമുദായങ്ങള്‍ക്കുമുള്ളിലെ വര്‍ഗ്ഗവൈരുദ്ധ്യങ്ങള്‍ മൂര്‍ച്ഛിപ്പിച്ചു. സ്വാതന്ത്ര്യത്തിന്‌ മുമ്പു തന്നെ എസ്‌.എന്‍.ഡി.പി. നേതൃത്വം ദിവാന്‍ ഭരണത്തോട്‌ സന്ധി ചെയ്‌തു. പുന്നപ്ര വയലാര്‍ സമരകലമായപ്പോഴേക്കും ദിവാന്റെ ഒറ്റുകാരായിപ്പോലും അവരില്‍ ചിലര്‍ അധഃപതിച്ചു. സാമുദായിക പിന്തിരിപ്പന്‍ പ്രവണതകള്‍ ശ്രീനാരായണ ഗുരുവിന്റെ കാലത്തു തന്നെ സംഘടനയില്‍ പ്രബലമായി വന്നിരുന്നു. ഇതേക്കുറിച്ച്‌ ഗുരുതന്നെ ഏറെ അസ്വസ്ഥനായിരുന്നുവെന്ന്‌ ചരിത്രം പറയുന്നു. ഈഴവ സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനത്തിന്റെ ജാതീയമായ ചട്ടക്കൂടേ എസ്‌.എന്‍.ഡി.പി.യില്‍ നിലനിന്നിട്ടുള്ളു. അതിന്റെ വിപ്ലവാത്മകമായ പൈതൃകം മുന്നോട്ടു കൊണ്ടുപോയത്‌ തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനമാണ്‌.

ജാതിസംഘടനകളുടെ പിന്തിരിപ്പന്‍ സ്വഭാവം

20. ഒരേ ജാതിയില്‍ തന്നെ മുതലാളിയും തൊഴിലാളിയുമുണ്ട്‌; കര്‍ഷകതൊഴിലാളിയും കര്‍ഷക മുതലാളിയുമുണ്ട്‌. ഈ വൈരുദ്ധ്യത്തെ മറച്ചുവെക്കാനാണ്‌ ജാതി സംഘടനകളുടെ ശ്രമം. ഈ രണ്ട്‌ ചേരികളില്‍ ജാതി സംഘടന ആരുടെ കൂടെ നില്‍ക്കും എന്നതാണ്‌ പ്രശ്‌നം. ഈ വര്‍ഗ്ഗ വൈരുദ്ധ്യത്തിന്റെ പരിഹാരത്തില്‍ നിന്ന്‌ ഒഴിഞ്ഞുമാറിക്കൊണ്ട്‌ ജാതി മേധാവിത്വത്തിന്റെ പ്രശ്‌നം പരിഹരിക്കാനാവില്ല. അവ തമ്മില്‍ അത്ര അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ നാട്ടില്‍ നടക്കേണ്ട മുഖ്യ സാമൂഹ്യ പരിവര്‍ത്തനത്തിന്റെ ഭാഗമായി ജാതി മേധാവിത്വത്തിന്റെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത്‌ സമരം ചെയ്യാന്‍ തയ്യാറാവുന്ന വര്‍ഗ്ഗ സംഘടനകള്‍ക്ക്‌ മാത്രമേ ജാതി സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ തുടക്കം കുറിച്ച ജനാധിപത്യ വിപ്ലവം പൂര്‍ത്തീകരിക്കാന്‍ കഴിയൂ. ഇന്ന്‌ ജാതി സംഘടനകള്‍ ഈ സമരത്തെയും അതിനായുള്ള ബഹുജന ഐക്യശ്രമങ്ങളേയും തകര്‍ക്കുന്നതിനുള്ള മേധാവി വര്‍ഗ്ഗത്തിന്റെ കരുക്കളായി തീര്‍ന്നിരിക്കുന്നു.

21. മുകളില്‍ പറഞ്ഞ കാഴ്‌ചപ്പാടിന്റെ അടിസ്ഥാനത്തില്‍ ജാതി സംഘടനകളുമായുള്ള എല്ലാ ബന്ധങ്ങളും പാര്‍ടി വിച്ഛേദിച്ചു. ജാതീയ സംഘടനകള്‍ താരതമ്യേന സാമുദായിക സാമൂഹ്യ മണ്ഡലത്തിലേക്ക്‌ ഒതുങ്ങി. കോണ്‍ഗ്രസടക്കമുള്ള പിന്തിരിപ്പന്‍ കക്ഷികള്‍ കാലാകാലങ്ങളില്‍ ഉണ്ടാക്കിയിട്ടുള്ള കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ മുന്നണികളിലൂടെ രാഷ്ട്രീയ രംഗത്ത്‌ പ്രവേശിക്കുന്നതിന്‌ ജാതി സംഘടനകള്‍ നടത്തിയ പരിശ്രമങ്ങള്‍ ഫലവത്തായില്ല. എന്നാല്‍ മുമ്പ്‌ സൂചിപ്പിച്ചതുപോലെ 2001 ലെ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ പരാജയപ്പെടുത്തുന്നതിന്‌ വേണ്ടി എല്ലാവിധ വര്‍ഗീയ ജാതീയ സംഘടനകളുമായി ഒത്തുചേര്‍ന്നുകൊണ്ട്‌ യു.ഡി.എഫ്‌. നടത്തിയ പരിശ്രമം പുതിയൊരു സ്ഥിതിവിശേഷത്തിന്‌ രൂപം നല്‍കിയിരിക്കുകയാണ്‌. സജീവ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനുള്ള എസ്‌.എന്‍.ഡി.പി.യുടെ ശ്രമങ്ങളാണ്‌ ഇതില്‍ മുഖ്യമായത്‌. ജെ.എസ്‌.എസിലും കോണ്‍ഗ്രസിലുമായി ഏതാനും ഹിതാനുവര്‍ത്തികളായ നിയമസഭാ സാമാജികരെ വിജയിപ്പിക്കുന്നതിന്‌ അവര്‍ക്ക്‌ കഴിഞ്ഞു. സാമുദായിക സമ്മര്‍ദ്ദശക്തി ഉപയോഗിച്ച്‌ വിദ്യാഭ്യാസമടക്കമുള്ള സംസ്ഥാനത്തിന്റെ പൊതുനയങ്ങളില്‍ രാഷ്ട്രീയമായി ഇടപെടാനാണ്‌ അവര്‍ ശ്രമിക്കുന്നത്‌. ഇതിന്‌ വളം വച്ചു കൊടുക്കുന്ന സമീപനമാണ്‌ യു.ഡി.എഫ്‌. അനുവര്‍ത്തിക്കുന്നത്‌. എസ്‌.എന്‍.ഡി.പി.യുടെ നേതൃസ്വഭാവത്തില്‍ വന്നമാറ്റവും ഈ സന്ദര്‍ഭത്തില്‍ പരിഗണിക്കേണ്ടതുണ്ട്‌. കോണ്‍ഗ്രസ്‌ അനുഭാവം പുലര്‍ത്തിയിരുന്നെങ്കിലും അംഗീകാരമുള്ള പൊതു സാമൂഹ്യ പ്രവര്‍ത്തകരായിരുന്നു എസ്‌.എന്‍.ഡി.പി. യൂണിയന്റെ സംസ്ഥാന നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്‌. എന്നാല്‍ ഇന്ന്‌ ഈ സംഘടന മുഖ്യമായും അബ്‌കാരിയില്‍ നിന്നും സ്വത്ത്‌ സമ്പാദിച്ച പുത്തന്‍കൂറ്റ പണക്കാരുടെ കൈയില്‍ ഒതുങ്ങിയിരിക്കുന്നു. സംഘടന കൈപ്പിടിയിലൊതുക്കിയ ഈ ക്ലിക്ക്‌ തങ്ങളുടെ സ്വാര്‍ത്ഥ താല്‌പര്യത്തിന്‌ വേണ്ടി ഈഴവ ജനസാമാന്യത്തെ വഞ്ചിക്കുകയാണ്‌. മദ്യനയത്തിന്റെ കാര്യത്തില്‍ ഈ വഞ്ചനാപരമായ നിലപാട്‌ ഏറ്റവും വ്യക്തമായി തെളിയുന്നുണ്ട്‌.

22. വിവിധ ബഹുജന സംഘടനകള്‍ രൂപീകരിച്ചുകൊണ്ട്‌ ബഹുജന പ്രസ്ഥാനങ്ങളെ ജാതീയമായി ഭിന്നിപ്പിക്കുന്ന സമീപനമാണ്‌ എസ്‌.എന്‍.ഡി.പി. യൂണിയന്‍ കൈക്കൊള്ളുന്നത്‌. സ്‌ത്രീകളുടെ സ്വയം സഹായ സംഘങ്ങളേയും ഇതിന്‌ വേണ്ടി വിനിയോഗിക്കുന്നു. ആഗോളവല്‍ക്കരണത്തിന്റെ വെല്ലുവിളികളെ നേരിടുന്നതിനു വേണ്ടി ഏറ്റവും വിപുലമായ ബഹുജന ഐക്യം വളര്‍ത്തിയെടുക്കേണ്ട ഈ കാലഘട്ടത്തില്‍ ജാതീയമായ ഈ ചേരി തിരിവ്‌ ഏറ്റവും അപകടകരമാണ്‌.

നമ്മുടെ കടമകള്‍

23. ഈ പശ്ചാത്തലത്തില്‍ ഒരു വിപ്ലവ പാര്‍ട്ടി എന്തു നിലപാടാണ്‌ സ്വീകരിക്കേണ്ടത്‌? ``ജനാധിപത്യ വിപ്ലവത്തിന്റെ സുപ്രധാനഭാഗമാണ്‌ ജാതിവ്യവസ്ഥ അറുതി വരുത്തുന്നതിനുള്ള പോരാട്ടം. വര്‍ഗപരമായ ചൂഷണത്തിന്‌ എതിരായ സമരവുമായി ബന്ധപ്പെട്ടതാണ്‌ ജാതീയ അടിച്ചമര്‍ത്തലിനെതിരായ പോരാട്ടം'' (ഖണ്ഡിക 5.15). ഇതുസംബന്ധിച്ച ഉത്തമബോധ്യമുള്ളതുകൊണ്ടാണ്‌ പാര്‍ടിയുടെ കാലാകാലങ്ങളിലുള്ള രാഷ്‌ട്രീയ പ്രമേയങ്ങളില്‍ ജാതി അവശതകളും അവയുമായി ബന്ധപ്പെട്ട സാമൂഹ്യ-രാഷ്‌ട്രീയ പ്രവണതകളെയും വിശകലനം ചെയ്യുന്നതിനും പാര്‍ടിയുടെ കടമകള്‍ നിര്‍വചിക്കുന്നതിനും പ്രാധാന്യം നല്‍കിവരുന്നത്‌. 17-ാം പാര്‍ടി കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയപ്രമേയത്തില്‍ ഖണ്ഡിക 2.60 ല്‍ ദളിതരുടെ അവകാശങ്ങളെക്കുറിച്ചും ഖണ്ഡിക 2.62, 2.63 കളിലായി ആദിവാസികളുടെ അവകാശങ്ങളെക്കുറിച്ചും സവിസ്‌തരം പ്രതിപാദിച്ചിട്ടുണ്ട്‌. ഈയടിസ്ഥാനത്തില്‍ `സാമൂഹ്യപരിഷ്‌കാരങ്ങള്‍ക്ക്‌ വേണ്ടിയുള്ള സമരം' എങ്ങനെ വേണമെന്ന്‌ വിശദീകരിക്കുന്നു. ജാതിവിമുക്തമായ ഒരു സമൂഹത്തിനുവേണ്ടി സമരം ചെയ്യുന്ന സി.പി.ഐ(എം), സമൂഹത്തില്‍ സ്ഥായിയായി നിലനിര്‍ത്തി പരിപോഷിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ജാതിബോധവും ജാതിവിഭജനവും കൂടുതല്‍ ശക്തമാകുന്നതില്‍ അഗാധമായി ഉല്‍ക്കണ്‌ഠപ്പെടുന്നുണ്ട്‌. രാഷ്‌ട്രീയവും സാമൂഹ്യവും ആയ മേഖലകളിലും അതിന്റെ പ്രതിഫലനം ദൃശ്യമാണ്‌. ജാതിയുടെ പേരിലുള്ള ഇത്തരം വേര്‍തിരിവ്‌, വര്‍ഗഐക്യത്തിന്റെ വളര്‍ച്ചയ്‌ക്കും ജനാധിപത്യത്തിന്റെ പുരോഗതിക്കും ഹാനികരമാണ്‌. ജാതിവിഭജനത്തിനെതിരായി പാര്‍ടി പ്രചരണം സംഘടിപ്പിക്കുകയും എല്ലാതരത്തിലുള്ള ജാതീയ അടിച്ചമര്‍ത്തലുകള്‍ക്കുമെതിരായി സമരം ചെയ്യുന്നതിന്‌ ജനങ്ങളെ അണിനിരത്തുകയും വേണം. ജാതിവ്യവസ്ഥ, സ്‌ത്രീകളുടെ നേരെയുള്ള അടിച്ചമര്‍ത്തല്‍, സ്‌ത്രീധനം എന്ന കൊടിയ ദ്രോഹം, വധൂദഹനം, മാനവജീവിതത്തിന്റെ മൂല്യം കെടുത്തുന്ന സാമൂഹ്യവും മതപരവുമായ ആചാരങ്ങള്‍ തുടങ്ങിയവയെല്ലാംതന്നെ, യഥാര്‍ത്ഥത്തിലുള്ള ജനാധിപത്യപരമായ സമൂഹം കെട്ടിപ്പടുക്കുന്നതിന്‌ മുന്നിലുള്ള തടസ്സങ്ങളാണ്‌. സി.പി.ഐ(എം) അത്തരം പ്രശ്‌നങ്ങളെല്ലാം ഏറ്റെടുക്കുകയും സാമൂഹ്യപരിഷ്‌കാരങ്ങള്‍ക്കുവേണ്ടി സമരം ചെയ്യുകയും ചെയ്യുന്നു'' (ഖണ്ഡിക 2.61)

24. ``ജനാധിപത്യ വിപ്ലവത്തില്‍ സോഷ്യല്‍ ഡെമോക്രസിയുടെ രണ്ട്‌ അടവുകള്‍'' എന്ന വിശ്രുതമായ ഗ്രന്ഥത്തില്‍ ലെനിന്‍ മുന്നോട്ടു വച്ച കാഴ്‌ചപ്പാടാണ്‌ ജാതി വ്യവസ്ഥയ്‌ക്കെതിരായ സമരം സംബന്ധിച്ച നമ്മുടെ സമീപനത്തിന്റെ അടിസ്ഥാനം. ജനാധിപത്യ വിപ്ലവത്തിനെ മുന്നോട്ടു നയിക്കുന്നതിലും ബൂര്‍ഷ്വാസിയുടെ പരിമിതി മനസ്‌സിലാക്കിക്കൊണ്ട്‌ തന്നെ ബൂര്‍ഷ്വാ ജനാധിപത്യ വിപ്ലവത്തില്‍ തൊഴിലാളിവര്‍ഗ്ഗ പാര്‍ടി ഇടപെടുന്നത്‌. എന്നാല്‍ അതേ സമയം ബൂര്‍ഷ്വാ പരിമിതികളെ ലംഘിച്ചു കൊണ്ട്‌ പാര്‍ടി ജനാധിപത്യ വിപ്ലവത്തെ മുന്നോട്ടു നയിക്കുന്നു. വിപ്ലവത്തിന്റെ കൊടിക്കൂറ ബൂര്‍ഷ്വാസി കൈ വെടിയുമ്പോള്‍ അതു ഉയര്‍ത്തി പിടിച്ച്‌ മുന്നേറാന്‍ തൊഴിലാളിവര്‍ഗ പാര്‍ടിക്ക്‌ കഴിയണം.

25. അന്‌ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ സാമൂഹ്യപരിഷ്‌കാരത്തിന്‍െറയും ശാസ്‌ത്രബോധത്തിന്‍െറയും കൊടി മുമ്പുകാലത്ത്‌ പല ജാതിസംഘടനാ നേതാക്കളും ഉയര്‍ത്തിയിരുന്നു. എന്നാല്‍, ഇന്നത്തെ ബഹുഭൂരിപക്ഷം ജാതിസംഘടനാനേതാക്കളും ഈ കൊടി ഉപേക്ഷിച്ച്‌ അന്‌ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പ്രചാരകരായി മാറിയിരിക്കുകയാണ്‌. ജനനം, മരണം, വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകളുമായി ബന്‌ധപ്പെട്ട്‌ എല്ലാഅനാചാരങ്ങളും ദുരാചാരങ്ങളും തിരിച്ചുകൊണ്ടുവരാന്‍പരിശ്രമം നടക്കുന്നു. അനാചാരങ്ങള്‍ക്ക്‌വഴിപ്പെടാത്തവരെ സാമൂഹ്യമായി ഒറ്റപ്പെടുത്താനും ചില ജാതിസംഘടനാ നേതാക്കള്‍ മുഷ്‌ക്‌ കാട്ടുന്നു. എല്ലാ അനാചാരങ്ങളും ദുരാചാരങ്ങളും ഒഴിവാക്കാന്‍ പാര്‍ടി അംഗങ്ങളും പാര്‍ടി ബന്‌ധുക്കളും മുന്നോട്ടുവരണം. സാമൂഹ്യ പരിഷ്‌കാരത്തിന്‍െറയും ശാസ്‌ത്രീയസമീപനത്തിന്‍െറയും പതാകഉയര്‍ത്തിപ്പിടിക്കണം. പാര്‍ടി അംഗങ്ങളുംഅനുഭാവികളും ഇത്തരം ചടങ്ങുകള്‍ മാതൃകാപരമായ നിലയില്‍ സംഘടിപ്പിക്കാന്‍ തയ്യാറാകണം. ശാസ്‌ത്രബോധം വളര്‍ത്തിയും കാലത്തിനനുസരിച്ച്‌ സാമൂഹ്യപരിഷ്‌കാരങ്ങളുടെ ആവശ്യകത വിശദീകരിച്ചുംജനങ്ങളെ പ്രേരിപ്പിക്കുന്ന പ്രവര്‍ത്തനസമ്പ്രദായമാണ്‌ സ്വീകരിക്കേണ്ടത്‌. ജനങ്ങളുടെ ബോധനിലവാരംഉയര്‍ത്തി സ്വമേധയാ മുന്നോട്ടുവരാന്‍ ജനങ്ങള്‍ക്ക്‌ശക്‌തി പകരണം.

26. സിപിഐ എമ്മിനും പാര്‍ടിഅംഗങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നവര്‍ഗ-ബഹുജനസംഘടനകള്‍ക്കും ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ഇടപെടാനും സഹായിക്കാനും ശക്‌തിയുണ്ട്‌. പാര്‍ടിയും വര്‍ഗ ബഹുജനസംഘടനകളും താരതമ്യേന ദുര്‍ബലമായിരുന്ന കാലത്തും ജനങ്ങളുടെപ്രശ്‌നങ്ങളില്‍ ഇടപെടുകയും സഹായം നല്‍കുകയുംചെയ്‌തിരുന്നു. പാര്‍ടിയുടെയും വര്‍ഗ ബഹുജനസംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍വിപുലപ്പെടുത്തേണ്ടതുണ്ട്‌. ജനങ്ങളുടെ ജീവിതത്തിലാകെ നിറഞ്ഞുനില്‍ക്കാന്‍ കഴിയണം.

27. വ്യത്യസ്‌ത മതങ്ങളിലും ജാതികളിലുംജനിച്ചവര്‍ തമ്മിലുള്ള വിവാഹങ്ങള്‍ ഒരു സാധാരണസമ്പ്രദായമായി മാറിയിട്ടില്ല. യുവതീ യുവാക്കള്‍ തമ്മില്‍ നിശ്‌ചയിച്ചുറപ്പിച്ച അത്തരം കുറെ വിവാഹങ്ങള്‍ നടക്കുന്നുണ്ട്‌. എന്നാല്‍, രക്ഷിതാക്കളോ ബന്‌ധുക്കളോ ഇടപെട്ട്‌ നിശ്‌ചയിക്കുന്ന വിവാഹങ്ങള്‍ ബഹുഭൂരിപക്ഷവും ജാതി-മതങ്ങളുടെ അതിരുകള്‍ ലംഘിക്കാന്‍ തയ്യാറാകുന്നില്ല. നാട്ടിലെ പൊതുഅന്തരീക്ഷത്തിന്‍െറ സ്വാധീനശക്‌തികൊണ്ടാണ്‌ ഇത്‌ സംഭവിക്കുന്നത്‌. ഭൂരിപക്ഷ-ന്യൂനപക്ഷ മതമൗലികവാദികളും ഇത്തരം വിവാഹങ്ങള്‍ക്കെതിരായ നിലപാടെടുക്കുന്നു. ഇങ്ങനെയുള്ള വിവാഹത്തിന്‌ തയ്യാറാകുന്ന യുവതീ യുവാക്കളെയും ബന്‌ധുക്കളെയും സമൂഹത്തില്‍നിന്ന്‌ ഒറ്റപ്പെടുത്താനും ആക്രമിക്കാനും മതഭ്രാന്തന്മാര്‍ തയ്യാറാകുന്നു. പാര്‍ടിയും വര്‍ഗ ബഹുജനസംഘടനകളും മത-ജാതിഭ്രാന്തന്മാരുടെ ഇത്തരം നീക്കങ്ങളെ ചെറുക്കണം. വ്യത്യസ്‌ത മതങ്ങളിലും ജാതികളിലും ജനിച്ച യുവതീ യുവാക്കള്‍ തമ്മില്‍ വിവാഹങ്ങള്‍ നടക്കുന്നതിനെ പ്രോല്‍സാഹിപ്പിക്കണം.

28. പട്ടികജാതി വിഭാഗങ്ങളേയും ജാതിയടിസ്ഥാനത്തില്‍ സംഘടിപ്പിച്ച്‌ പാര്‍ടിയില്‍ നിന്നും അകറ്റുന്നതിനുള്ള സംഘടിതമായ ശ്രമവും ഇന്ന്‌ വ്യാപകമാണ്‌. ഇതിനെതിരെയും ആശയപ്രചരണം നടത്തേണ്ടതുണ്ട്‌. നമ്മുടെ പ്രസ്ഥാനത്തിന്റെ പാരമ്പര്യത്തെ പുതിയ തലമുറയ്‌ക്ക്‌ പഠിപ്പിച്ചു കൊടുക്കേണ്ടതുണ്ട്‌. കേരളത്തിലെ പട്ടികജാതിക്കാരുടെ സാമൂഹ്യക്ഷേമ നില ഇന്ന്‌ മറ്റ്‌ സംസ്ഥാനങ്ങളെക്കാള്‍ വളരെ ഉയര്‍ന്നു നില്‍ക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം കര്‍ഷകതൊഴിലാളി യൂണിയന്റെ എണ്ണമറ്റ സമരങ്ങളും ഭൂപരിഷ്‌കരണവുമാണ്‌. പിന്നോക്ക ജാതികളില്‍ നിന്നു വ്യത്യസ്‌തമായി സാമ്പത്തികമായി പ്രബലമായ ഒരു ബൂര്‍ഷ്വാവര്‍ഗം പട്ടികജാതികളില്‍ രൂപംകൊണ്ടു എന്നു പറയാനാവില്ല. എന്നാല്‍ വിദ്യാസമ്പന്നരായ ഉദ്യോഗസ്ഥരുടെ ഒരു വൃന്ദമുണ്ട്‌. ഇവരാണ്‌ ജാതിസംഘടനകളുടെ തലപ്പത്ത്‌. അതോടൊപ്പം തന്നെ പട്ടിക വിഭാഗങ്ങളുടെ നാനാവിധ സാമൂഹ്യാവശതകള്‍ പാര്‍ടിയും വര്‍ഗ്ഗ ബഹുജന പ്രസ്ഥാനങ്ങളും ഏറ്റെടുക്കേണ്ടതുണ്ട്‌. ഇന്ന്‌ കര്‍ഷക തൊഴിലാളി യൂണിയനാണ്‌ ഈ വിഭാഗം ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നത്‌. മറ്റ്‌ പ്രസ്ഥാനങ്ങളും ഇക്കാര്യത്തില്‍ ശ്രദ്ധ പതിപ്പിച്ചേ തീരൂ. പട്ടിക വിഭാഗം വിദ്യാര്‍ത്ഥികളുടെ ആനുകൂല്യങ്ങള്‍ തക്കസമയത്ത്‌ ലഭ്യമാക്കുന്നതിന്‌ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌. വിദ്യാഭ്യാസം നേടുന്നതിലുള്ള അവശതകളെപ്പറ്റിയും വിദ്യാര്‍ത്ഥി പ്രസ്ഥാനം പ്രത്യേകം പഠിക്കേണ്ടതുണ്ട്‌. ദളിത്‌ സ്‌ത്രീകളുടെ പ്രശ്‌നങ്ങളില്‍ മഹിളാപ്രസ്ഥാനത്തിന്റെ സവിശേഷ ശ്രദ്ധ പതിയണം. പട്ടികജാതി ഘടകപദ്ധതിയുടെയും പട്ടികവര്‍ഗ്ഗ ഉപപദ്ധതിയുടെയും നടത്തിപ്പില്‍ നമ്മുടെ പഞ്ചായത്തുകളില്‍ പാളിച്ചകള്‍ ഇല്ലാതാക്കണം. കോളനികമ്മിറ്റികള്‍ സജീവമാക്കണം. ഈ വിഭാഗങ്ങളില്‍ നിന്നുള്ള പാര്‍ടി റിക്രൂട്ട്‌മെന്റ്‌ സംബന്ധിച്ച തീരുമാനം നടപ്പാകുന്നുവെന്ന്‌ ഉറപ്പുവരുത്തണം. സിപിഐ(എം) തങ്ങളുടെ ഉറച്ച സഹായിയാണെന്ന്‌ അനുഭവങ്ങളിലൂടെ അവശതയനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക്‌ ബോധ്യമാകണം. ജാതിസംഘടനകളുടെ സ്വാധീനശക്തി ഇല്ലാതാക്കുന്നതിന്‌ ഈ കാര്യത്തിലുള്ള എല്ലാ പോരായ്‌മകളും തിരുത്തേണ്ടത്‌ ആവശ്യമാണ്‌.

29. ജാതിസംവരണത്തിന്റെ പേരില്‍ ലഭിക്കുന്ന ആനുകൂല്യം ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ജങ്ങള്‍ക്ക്‌ ഉറപ്പു വരുത്തുക എന്നതാണ്‌ പാര്‍ടിയുടെ സംവരണനയം. ഇന്ന്‌ സംവരണാനുകൂല്യം ഏറിയപങ്കും സമുദായത്തിലെ സമ്പന്ന വിഭാഗമാണ്‌ കൈക്കലാക്കുന്നത്‌. ലഭിച്ചുകൊണ്ടിരിക്കുന്ന സംവരണാനുകൂല്യം ഒരു സമുദായത്തിനും നിഷേധിക്കാന്‍ പാടില്ലെന്നും എന്നാല്‍, ആനുകൂല്യം ബ്വന്ധപ്പെട്ട സമുദായങ്ങളിലെ അര്‍ഹരായവര്‍ക്ക്‌ ലഭിക്കുമെന്നുറപ്പുവരുത്തണമെന്നും സിപിഐ(എം) ആവശ്യപ്പെട്ടു. പിന്നോക്ക സമുദായങ്ങളുടെ നിലവിലുള്ള സംവരണത്തിന്‌ കോട്ടം വരുത്താതെ മുന്നോക്ക സമുദായങ്ങളില്‍ ഏറ്റവും പാവപ്പെട്ടവര്‍ക്കു ചെറിയ തോതിലെങ്കിലും സംവരണാനുകൂല്യം ഉറപ്പുവരുത്തണമെന്നും നമ്മള്‍ ആവശ്യപ്പെട്ടു. സംവരണാനുകൂല്യം സമുദായത്തിലെ സമ്പന്നവര്‍ഗം കയ്യടക്കുകയാണെന്നും ഇതുതടഞ്ഞ്‌ അര്‍ഹതപ്പെട്ടവര്‍ക്ക്‌ ലഭ്യമാക്കണമെന്നും വാദിച്ചതിന്റെ പേരിലാണ്‌ സമുദായ പ്രമാണിമാര്‍ സിപിഐ(എം)നെതിരെ യുദ്ധം പ്രഖ്യാപിച്ചത്‌. ഇന്നാകട്ടെ ആന്റണിഭരണത്തില്‍ സംവരണമെന്ന സമ്പ്രദായംതന്നെയും ഫലത്തില്‍ മൃതപ്രായമായിക്കഴിഞ്ഞു. സംവരണം ബാധകമായിരുന്ന എല്ലാ മേഖലകളും സ്വകാര്യവല്‍ക്കരിക്കപ്പെടുന്നതോടെ സംവരണത്തിന്റെ അന്ത്യം കുറിക്കും. സര്‍ക്കാര്‍ നിയമനങ്ങള്‍ക്ക്‌ നിരോധനം, പൊതുമേഖല വിറ്റുതുലയ്‌ക്കല്‍, വിദ്യാഭ്യാസമേഖല പൂര്‍ണ്ണമായും സ്വാകാര്യവല്‍ക്കരിക്കല്‍ എന്നിവയിലൂടെയാണ്‌ സംവരണ സമ്പ്രദായം തകര്‍ക്കപ്പെടുന്നത്‌. ഈ അനീതിക്കെതിരെ ശബ്‌ദിക്കുന്നത്‌ സിപിഐ(എം) മാത്രമാണ്‌.

30. എല്ലാത്തരം അവശതകള്‍ക്കും പരിഹാരം കണ്ട്‌ നിരന്തരം പുരോഗതിയും അഭിവൃദ്ധിയും കൈവരിക്കണമെങ്കില്‍ ഇന്നത്തെ സാമ്പത്തിക-സാമൂഹികവ്യവസ്‌ഥയെ തകര്‍ത്ത്‌ വര്‍ഗരഹിതസമൂഹം കെട്ടിപ്പടുക്കുന്നതുകൊണ്ടുമാത്രമേ കഴിയൂ. അവശതകള്‍ അനുഭവിക്കുന്നജനവിഭാഗങ്ങളാകെ ഒരുമിച്ച്‌ ചേര്‍ന്ന്‌ നടത്തുന്നസാമൂഹ്യവിപ്ലവത്തിനും പുനഃസംഘടനയ്‌ക്കും മാത്രമേ ഇത്തരംഒരു സമൂഹത്തെ സൃഷ്‌ടിക്കാന്‍ കഴിയൂ.ജനങ്ങളുടെ വര്‍ധിച്ച ഐക്യവും യോജിച്ച നീക്കവുംഉണ്ടാകാതെ പുരോഗതി കൈവരിക്കാന്‍ കഴിയില്ല. ജനങ്ങളുടെ ഇടയില്‍ ഈ കാര്യങ്ങളെല്ലാംസംബന്‌ധിച്ച്‌ തുടര്‍ച്ചയായ ആശയപ്രചാരംനടത്തുന്നില്ലെങ്കില്‍ താല്‍ക്കാലികമായസങ്കുചിതലക്ഷ്യങ്ങളില്‍മാത്രം ജനങ്ങളുടെ ബോധം ഉടക്കിനില്‍ക്കാന്‍ ഇടവരും. കമ്യൂണിസ്‌റ്റ്‌ പാര്‍ടി നടത്തേണ്ട ആശയസമരത്തിന്‍െറ പ്രാധാന്യം ഒരിക്കലും വിസ്‌മരിക്കാന്‍ ഇടവരരുത്‌. താല്‍ക്കാലികപ്രശ്‌നങ്ങളും ഭാഗികപ്രശ്‌നങ്ങളും മൗലികപ്രശ്‌നങ്ങളുമായി എങ്ങനെ ബന്‌ധപ്പെട്ടിരിക്കുന്നു എന്ന്‌ നിരന്തരം വ്യക്‌തമാക്കാന്‍ പാര്‍ടി തയ്യാറാകണം.

31. പട്ടികവര്‍ഗ്ഗക്കാരെ ആദിവാസി ക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്നതിനെ സംബന്ധിച്ച്‌ പാര്‍ടി വ്യക്തമായ നിലപാട്‌ സ്വീകരിച്ചിട്ടുള്ളതാണ്‌. ആദിവാസി പ്രശ്‌നം സംബന്ധിച്ച്‌ പാര്‍ടി കേന്ദ്രക്കമ്മിറ്റി അംഗീകരിച്ച പ്രമേയവും നമുക്ക്‌ മാര്‍ഗ്ഗദര്‍ശകമാണ്‌.

32. ജാതിരഹിതവും മതനിരപേക്ഷവുമായ സമൂഹമാണ്‌ പാര്‍ട്ടിയുടെ ആദര്‍ശം. സാമുദായിക സംഘടനകള്‍ക്ക്‌ ഇന്നത്തെ കേരളത്തില്‍ പുരോഗമനപരമായ ഒരു സാമൂഹ്യധര്‍മ്മവും നിര്‍വ്വഹിക്കുവാനില്ല. അതുകൊണ്ട്‌ ഇത്തരം സമുദായ സംഘടനകളില്‍ നമ്മുടെ പാര്‍ടി അംഗങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതില്ലെന്നും ഭാരവാഹികള്‍ ആവാന്‍ പാടില്ലെന്നും ഉള്ള നിലപാടില്‍ പാര്‍ടി ഉറച്ചു നില്‍ക്കുന്നു.

33. മലബാറും തിരുക്കൊച്ചിയും തമ്മിലുള്ള ജാതി സ്വാധീനത്തിന്റെ അന്തരത്തിന്‌ നീണ്ടകാല ചരിത്രമുണ്ട്‌. പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളില്‍ തിരുക്കൊച്ചി പ്രദേശത്തെ ഭൂവുടമാബന്ധങ്ങളില്‍ വന്നമാറ്റം ഇവിടത്തെ അവര്‍ണ്ണ വിഭാഗങ്ങളില്‍ നിന്ന്‌ ഒരു പുതിയ സമ്പന്ന ഇടത്തരം വിഭാഗങ്ങള്‍ക്ക്‌ രൂപം നല്‍കി. ഈ ബൂര്‍ഷ്വാ ശക്തികളാണ്‌ ജാതി സമുദായ പ്രസ്ഥാനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌. ഇവയുടെ ശക്തമായ സ്വാധീനത്തിന്‍ കീഴിലാണ്‌ തിരുവിതാംകൂറിലെ ദേശീയ പ്രസ്ഥാനം തന്നെ രൂപം കൊണ്ടത്‌. സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ വിവിധ സാമുദായിക ശക്തികളുടെ ഒരു മുന്നണിയായിരുന്നു. എന്നാല്‍ അതേ സമയം പഴയ ജന്മിവ്യവസ്ഥ വലിയ മാറ്റമില്ലാതെ തുടര്‍ന്ന മലബാറിലാകട്ടെ ദേശീയ പ്രസ്ഥാനത്തിന്റെയും അതിന്റെ ഭാഗമായി രൂപം കൊണ്ട ട്രേഡ്‌യൂണിയന്‍, കര്‍ഷകപ്രസ്ഥാനങ്ങളുടെയും ആഭിമുഖ്യത്തിലാണ്‌ സാമൂഹ്യപരിഷ്‌കരണം വളര്‍ന്നു പന്തലിച്ചത്‌. ഇപ്രകാരം മലബാറിലെ സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനത്തിന്റെ പൈതൃകം പൂര്‍ണ്ണമായി ഏറ്റുവാങ്ങി വളര്‍ന്നുവന്ന ബഹുജനപ്രസ്ഥാനങ്ങളെ ഭിന്നിപ്പിക്കുന്നതിനാണ്‌ സാമുദായിക ശക്തികള്‍ ശ്രമിക്കുന്നത്‌. ഇത്‌ ചരിത്രപരമായ വലിയൊരു പിന്നോക്കം പോക്കായിരിക്കും. മലബാറില്‍ ജാതീയ പ്രസ്ഥാനങ്ങള്‍ വ്യാപിപ്പിക്കാനുള്ള കുത്സിത ശ്രമങ്ങള്‍ക്കെതിരെ ശക്തമായ നിലപാട്‌ എടുത്തേ തീരൂ.

34. തിരുകൊച്ചി പ്രദേശങ്ങളില്‍ എസ്‌.എന്‍.ഡി.പി. യൂണിയന്റെ വഴിപിഴച്ച പോക്കിനെ തുറന്നു കാട്ടാന്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കണം. കേരളത്തില്‍ ജാതിഭ്രാന്ത്‌ ഇളക്കി വിടുന്നതിന്‌ കച്ച കെട്ടിയിറങ്ങിയിരിക്കുന്ന എല്ലാ ശക്തികളെയും ചെറുക്കേണ്ടിയിരിക്കുന്നു. ജാതീയതയുടെ വിപത്തിനെതിരെ ശക്തമായ ആശയപ്രചാരണം നടത്തേണ്ടതുണ്ട്‌.

35. ജാതീയമായ ഭിന്നിപ്പിക്കലിനെതിരെ ജനങ്ങളെ ഒന്നിപ്പിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ രീതി എല്ലാ ജാതിയില്‍ പെട്ടവരെയും ബാധിക്കുന്ന പൊതുപ്രശ്‌നങ്ങളെ ആസ്‌പദമാക്കിയുള്ള ബഹുജനസമരങ്ങള്‍ വളര്‍ത്തിയെടുക്കലും വര്‍ഗ്ഗ പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുക്കലുമാണ്‌. എല്ലാവിഭാഗം ജനങ്ങളേയും പാപ്പരാക്കിക്കൊണ്ടിരിക്കുന്ന പുതിയ സാമ്പത്തിക നയങ്ങള്‍ക്കെതിരായ വമ്പിച്ച ബഹുജന പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടു വന്നുകൊണ്ടു മാത്രമേ ജാതീയമായ ഭിന്നിപ്പിക്കലിനെ തോല്‌പിക്കാനാകൂ. പൊതുമേഖലയിലെയും സര്‍ക്കാരിലേയും നിയമന നിരോധനവും തസ്‌തിക വെട്ടിക്കുറയ്‌ക്കലും പിന്നോക്ക സമുദായങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്നത്‌ വിശദീ കരിക്കണം. കൈത്തറി, കയര്‍ തുടങ്ങിയ പരമ്പരാഗത മേഖലകളില്‍ ജനസാമാന്യത്തിന്റെയും ജാതി പ്രമാണിമാരുടെയും താല്‌പര്യം വിരുദ്ധങ്ങളാണെന്നുള്ള വസ്‌തുത സോദാഹരണം ചൂണ്ടിക്കാണിക്കാന്‍ നമുക്ക്‌ കഴിയും. ആഗോളവല്‍ക്കരണം എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതത്തെ അത്യന്തം ദുരിതമയമാക്കിക്കൊണ്ടിരിക്കുകയാണ്‌. ഇതിനെതിരായി ജാതി-മത അതീതമായി ഉയരേണ്ട ഐക്യത്തെ തുരങ്കം വയ്‌ക്കുകയാണ്‌ ജാതിസംഘടനകള്‍ ചെയ്യുന്നത്‌. ഈ നയങ്ങള്‍ നടപ്പാക്കുന്ന യു.ഡി.എഫിനെ പിന്തുണക്കുകയാണ്‌ അവര്‍ ചെയ്യുന്നത്‌. ഇതു തുറന്നുകാണിച്ചുകൊണ്ടുള്ള പ്രക്ഷോഭ പ്രചാരണങ്ങളും സംഘടിപ്പിക്കേണ്ടിയിരിക്കുന്നു.

36. സാമ്പത്തികസമരങ്ങള്‍ നടക്കുന്നതുകൊണ്ടുമാത്രം മതഭ്രാന്തും ജാതിഭ്രാന്തും വളര്‍ത്തുന്ന പരിശ്രമങ്ങളെ തടയാനാകില്ല. സാമ്പത്തിക ആവശ്യങ്ങള്‍ക്കുവേണ്ടി ഒരുമിച്ച്‌ ചേരണമെന്ന പ്രാഥമികബോധംമാത്രമാണ്‌ ഇതുവഴി ഉണ്ടാകുക. ഒരുമിച്ച്‌ അണിനിരക്കാന്‍ തയ്യാറാകുന്ന ജനങ്ങളുടെ ഇടയില്‍ ആശയപ്രചാരവേല പാര്‍ടി ബോധപൂര്‍വം സംഘടിപ്പിക്കണം. സാമ്പത്തികസമരങ്ങളുടെ കാര്യത്തില്‍ പുരോഗമനപ്രസ്‌ഥാനങ്ങള്‍ക്കൊപ്പം അണിനിരക്കുന്നവര്‍തന്നെ സാമൂഹ്യ-രാഷ്‌ട്രീയ കാര്യങ്ങളില്‍ പിന്തിരിപ്പന്‍ചേരിയില്‍ നിലകൊള്ളുന്നതുകാണാം. ഒരിക്കല്‍ പുരോഗമന നിലപാടെടുക്കുന്നവര്‍ എക്കാലത്തും അത്തരം നിലപാടുതന്നെ തുടരണമെന്നും ഇല്ല. ജനങ്ങളുടെ ബോധനിലവാരം ഉയര്‍ത്തുന്നതിന്‌ തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങള്‍ പാര്‍ടി സംഘടിപ്പിക്കണം. ഇക്കാര്യത്തില്‍ ഉണ്ടാകുന്ന ഏത്‌ ദൗര്‍ബല്യവും പിന്തിരിപ്പന്‍ ശക്‌തികള്‍ പ്രയോജനപ്പെടുത്തും. സമ്പന്നവര്‍ഗം ബോധപൂര്‍വം പ്രചരിപ്പിക്കുന്ന പിന്തിരിപ്പന്‍ ആശയങ്ങള്‍ക്കാണ്‌ സമൂഹത്തില്‍ ഇന്ന്‌ മേധാവിത്വം എന്നുകണ്ട്‌ പുരോഗമന വിപ്ലവ ആശയങ്ങള്‍ കമ്യൂണിസ്‌റ്റ്‌ പാര്‍ടി നിരന്തരം പ്രചരിപ്പിക്കണം.
മതഭ്രാന്തിനെതിരെ കുറെ പ്രചാരവേല ഇന്ന്‌ നടക്കുന്നുണ്ട്‌. എന്നാല്‍, ജാതിക്കെതിരായ പ്രചാരവേലയും ജാതിസംഘടനകള്‍ രാഷ്‌ട്രീയത്തില്‍ ഇടപെടാന്‍ പ്രവര്‍ത്തിക്കുന്നതിനെതിരെയും വേണ്ടത്ര പ്രചാരണങ്ങളോ പ്രവര്‍ത്തനങ്ങളോ ഉണ്ടാകുന്നില്ല. ഒരു ജനാധിപത്യ, മതനിരപേക്ഷ സമൂഹം വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജാതിക്കെതിരായ പ്രവര്‍ത്തനങ്ങളെയും കാണണം. ഏതെങ്കിലും ജാതിനേതാവിന്‍െറ ജാതിപ്രചാരവേലയ്‌ക്കെതിരായ കാമ്പയിന്‍ മാത്രമായി ഇതിനെ ചുരുക്കിക്കാണരുത്‌. ജാതിയും ജാതിമേധാവിത്വവും അത്‌ സൃഷ്‌ടിച്ച അവശതകളും ജനാധിപത്യവിപ്ലവ പൂര്‍ത്തീകരണപ്രക്രിയയുടെ ഭാഗമായി ജനജീവിതത്തില്‍നിന്നു തുടച്ചുമാറ്റേണ്ടവയാണ്‌. ഇതിനുതകുന്ന സാമൂഹ്യമാറ്റത്തിനും സമൂഹത്തിന്‍െറ വിപ്ലവപരമായ പുനഃസംഘടനയ്‌ക്കുംവേണ്ടി താല്‍പര്യമുള്ള ജനവിഭാഗങ്ങളെയാകെ അണിനിരത്തുകയാണ്‌ പാര്‍ടിയുടെ ലക്ഷ്യം. ജനങ്ങളുടെ ഐക്യം തകര്‍ക്കുന്ന എല്ലാ ശിഥിലീകരണനീക്കത്തെയും എതിര്‍ത്ത്‌ പരാജയപ്പെടുത്തേണ്ടത്‌ സാമൂഹ്യവിപ്ലവവിജയത്തിന്‌ ആവശ്യമാണ്‌.