എ.വിജയരാഘവന പുറപ്പെടുവിക്കുന്ന പ്രസ്‌താവന

17-04-2021

കേരളത്തിനുവേണ്ടി ഇതുവരെ ഒരു കാര്യവും ചെയ്യാത്ത കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍ എല്‍.ഡി.എഫ്‌ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ നിരന്തരം ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത്‌ അങ്ങേയറ്റം പരിഹാസ്യമാണെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ.വിജയരാഘവന്‍ പ്രസ്‌താവനയില്‍ പറഞ്ഞു. താന്‍ വഹിക്കുന്ന പദവിയുടെ മാന്യത എന്തെന്നറിയാത്ത കേന്ദ്രമന്ത്രി കേരളീയര്‍ക്കാകെ അപമാനമാണ്‌.

കോവിഡിനെതിരായ കേരളത്തിന്റെ പോരാട്ടത്തിന്‌ കരുത്തുറ്റ നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായി തേജോവധം ചെയ്യാനും അപഹസിക്കാനുമുള്ള നീക്കം ജനങ്ങള്‍ അംഗീകരിക്കില്ല.

സ്വന്തം താല്‍പ്പര്യം സംരക്ഷിക്കാനും, അപഥസഞ്ചാരത്തിനും മന്ത്രിപദവി ദുരുപയോഗം ചെയ്യുന്ന ആളാണ്‌ വി.മുരളീധരനെന്ന്‌ ഇതിനകം തെളിഞ്ഞുകഴിഞ്ഞു. വിദേശ യാത്രയില്‍ ദുരൂഹ സാഹചര്യത്തില്‍ ഒരു യുവതിയെ ഒപ്പംകൂട്ടിയതും സ്വര്‍ണ്ണക്കടത്ത്‌ കേസുമായി ബന്ധപ്പെട്ട്‌ പുറത്തുവന്ന പല വിവരങ്ങളും വി.മുരളീധരന്റെ `മാന്യതയ്‌ക്ക്‌' തെളിവാണ്‌.

കോവിഡിനെ പ്രതിരോധിക്കുന്നതിന്‌ മുഖ്യമന്ത്രി നടത്തിയ പ്രവര്‍ത്തനം രാജ്യത്തിന്റെയാകെ അഭിനന്ദനം പിടിച്ചുപറ്റിയതാണ്‌. എന്നാല്‍ കേന്ദ്രമന്ത്രി എന്ന നിലയ്‌ക്ക്‌ വി.മുരളീധരന്‍ കേരളത്തിന്‌ വേണ്ടി എന്തുചെയ്‌തൂവെന്ന്‌ പറയാന്‍ തയ്യാറുണ്ടോ. ലക്ഷക്കണക്കിന്‌ വിദേശ മലയാളികള്‍ നേരിടുന്ന ബുദ്ധിമുട്ട്‌ പരിഹരിക്കാന്‍ വിദേശകാര്യ സഹമന്ത്രി എന്ന നിലയ്‌ക്ക്‌ ചെറുവിരല്‍ പോലും അനക്കിയില്ല. സംസ്ഥാന സര്‍ക്കാരിന്റെ ചെലവില്‍ ഇവിടെ ചുറ്റിക്കറങ്ങി കേരള ജനതയ്‌ക്കെതിരെ അധിക്ഷേപം ചൊരിയുകയാണ്‌ പരിപാടി.

കേരളീയനായിട്ട്‌ പോലും സംസ്ഥാനത്തെ വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ ഒരു ഇടപെടലും ഇദ്ദേഹം നടത്തിയില്ല. നമ്മുടെ ആവശ്യങ്ങള്‍ കേന്ദ്ര ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ പോലും കൂട്ടാക്കിയില്ല.

അര്‍ഹമായ സഹായം കേന്ദ്രം നിഷേധിച്ചപ്പോള്‍ ഇടപെടാത്ത ആളാണ്‌ ഇപ്പോള്‍ ഗീര്‍വാണ പ്രസംഗം നടത്തുന്നത്‌. കേരളത്തെ തകര്‍ക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ നടത്തിയ എല്ലാ നീക്കങ്ങള്‍ക്കും കുടപിടിച്ച മുരളീധരന്‌, പ്രതിസന്ധിയില്‍ തളരാതെ നാടിനെ നയിച്ച മുഖ്യമന്ത്രിയെ പരിഹസിക്കാന്‍ എന്ത്‌ യോഗ്യതയാണുള്ളത്‌. ഒരു കേന്ദ്രമന്ത്രിയുടെ മാന്യതയ്‌ക്ക്‌ നിരക്കാത്ത മുരളീധരന്റെ നടപടികള്‍ തിരുത്തുന്നതിന്‌ പ്രധാനമന്ത്രിയും ബി.ജെ.പി കേന്ദ്രനേതൃത്വവും അടിയന്തരമായി ഇടപെടണം.