സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

27-03-2021

റേഷനും ഭക്ഷ്യക്കിറ്റും തടഞ്ഞ്‌ ജനങ്ങളുടെ അന്നംമുടക്കുന്ന യു.ഡി.എഫ്‌ നേതൃത്വത്തിന്റെ നടപടിക്കെതിരെ ശക്തമായ ജനരോഷം ഉയര്‍ത്തണമെന്ന്‌ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്‌താവനയില്‍ അഭ്യര്‍ത്ഥിച്ചു.

തെരഞ്ഞെടുപ്പിലെ തിരിച്ചടി മുന്നില്‍ക്കണ്ട്‌ പരിഭ്രാന്തിയിലായ പ്രതിപക്ഷത്തിന്റെ വികലമായ മനോനിലയാണ്‌ ഈ നടപടിയിലൂടെ പ്രകടമാകുന്നത്‌. പ്രതിപക്ഷത്തിന്റെ നിഷേധാത്മക രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണിത്‌. കേരളം പ്രതിസന്ധി നേരിട്ട ഘട്ടങ്ങളിലൊന്നും ക്രിയാത്മകമായി ഇടപെടാനോ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനോ പ്രതിപക്ഷത്തിന്‌ കഴിഞ്ഞിട്ടില്ല. പകരം പ്രതിസന്ധികള്‍ക്കു നടുവില്‍നിന്ന്‌ നാടിനെ പിടിച്ചുയര്‍ത്താനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ അട്ടിമറിക്കാനാണ്‌ നോക്കിയത്‌.

മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കുള്ള അരിവിതരണമാണ്‌ പ്രതിപക്ഷനേതാവിന്റെ പരാതിയെ തുടര്‍ന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഇപ്പോള്‍ തടഞ്ഞിരിക്കുന്നത്‌. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള അരി, വിഷുവും ഈസ്റ്ററും റമദാനും കണക്കിലെടുത്തുള്ള ഭക്ഷ്യക്കിറ്റ്‌, ക്ഷേമപെന്‍ഷന്‍ എന്നിവയുടെ വിതരണവും തടയണമെന്ന്‌ പ്രതിപക്ഷനേതാവ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ്‌ കമീഷന്‌ ഭക്ഷ്യ സിവില്‍സപ്ലൈസ്‌ വകുപ്പ്‌ വിശദീകരണം നല്‍കിയിരിക്കുകയാണ്‌. പെന്‍ഷനും റേഷനും കിറ്റുമൊന്നും വിതരണം ചെയ്‌തത്‌ തെരഞ്ഞെടുപ്പ്‌ മുന്നില്‍ക്കണ്ടല്ല. കഴിഞ്ഞവര്‍ഷം ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ ജനങ്ങള്‍ക്ക്‌ ആശ്വാസമെത്തിക്കാനുള്ള ഇത്തരം നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. എന്നാല്‍, അരി നല്‍കുന്നത്‌ വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്ന ആരോപണം കേരളജനതയുടെ ആത്മാഭിമാനത്തെ വെല്ലുവിളിക്കുന്നതാണ്‌.

റേഷനും, ഭക്ഷ്യകിറ്റും വിതരണം തടഞ്ഞ തീരുമാനം തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ പിന്‍വലിക്കണം. ജനങ്ങള്‍ക്കുള്ള സഹായം തുടരുകതന്നെ വേണം. ജനങ്ങളോട്‌ യുദ്ധം പ്രഖ്യാപിക്കുന്ന പ്രതിപക്ഷത്തിന്റെ ക്രൂരമായ സമീപനത്തിനെതിരെ ശക്തമായ പ്രതിഷേധമുയരണം. എല്‍.ഡി.എഫ്‌ പ്രവര്‍ത്തകര്‍ വീടുവീടാന്തരം കയറി വോട്ടര്‍മാരെ നേരില്‍ക്കണ്ട്‌ പ്രതിപക്ഷത്തിന്റെ അധമ രാഷ്ട്രീയം തുറന്നുകാണിക്കണമെന്ന്‌ സംസ്ഥാന സെക്രട്ടേറിയറ്റ്‌ ആഹ്വാനം ചെയ്‌തു.