എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍ പുറപ്പെടുവിക്കുന്ന അനുശോചന സന്ദേശം

03-05-2021

മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ്‌ സ്ഥാപക നേതാവുമായ ആര്‍. ബാലകൃഷ്‌ണ പിള്ളയുടെ നിര്യാണത്തില്‍ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍ അനുശോചിച്ചു. കേരള രാഷ്ട്രീയത്തില്‍ എക്കാലവും തലയെടുപ്പുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. കേരളത്തിന്‌ വേണ്ടി ഒരു ഭയവും കൂടാതെ ശബ്ദമുയര്‍ത്താനുള്ള ആര്‍ജ്ജവമായിരുന്നു അദ്ദേഹത്തിന്റെ കൈമുതല്‍.

മികച്ച ഭരണാധികാരി, ഉജ്ജ്വല വാഗ്മി, സമര്‍ത്ഥനായ സംഘാടകന്‍, കഴിവുറ്റ നിയമസഭാ സാമാജികന്‍ എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായിരുന്നു ആര്‍ ബാലകൃഷ്‌ണപിള്ള. അടിയന്തിരാവസ്ഥയെ എതിര്‍ത്ത്‌ ജയില്‍ വാസം അനുഭവിച്ച അദ്ദേഹം ജനാധിപത്യ അവകാശങ്ങള്‍ക്ക്‌ വേണ്ടി ശക്തമായി നിലകൊണ്ടു. പതിറ്റാണ്ടുകളോളം കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന അതികായനെയാണ്‌ നഷ്ടമായത്‌. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്‌ ചരിത്ര വിജയം കുറിച്ച സാഹചര്യത്തില്‍ ബാലകൃഷ്‌ണപിള്ളയുടെ വിയോഗം മുന്നണിക്ക്‌ കനത്ത നഷ്ടമാണെന്ന്‌ എ വിജയരാഘവന്‍ പറഞ്ഞു.