എ.വിജയരാഘവന്‍ പുറപ്പെടുവിക്കുന്ന അനുശോചന സന്ദേശം

05-05-2021

അന്തരിച്ച മാര്‍ത്തോമ സഭ വലിയ മെത്രാപൊലീത്ത ഡോ.ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്റ്റം തിരുമേനി ജീവിതത്തിലുടനീളം മാനവികത ഉയര്‍ത്തിപിടിച്ച വലിയ മനുഷ്യ സ്‌നേഹിയായിരുന്നുവെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍ അനുസ്‌മരിച്ചു. ജീവിതത്തിലുടനീളം അദ്ദേഹം ചിന്തിച്ചതും സംസാരിച്ചതും പ്രവര്‍ത്തിച്ചതും സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ളവരുടെ ഉന്നമനത്തിന്‌ വേണ്ടിയായിരുന്നു. ജീവിത മുഹൂര്‍ത്തങ്ങളെ നര്‍മ്മത്തില്‍ ചാലിച്ചുള്ള അദ്ദേഹത്തിന്റെ സംഭാഷണം ഏതൊരാളേയും ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്നതായിരുന്നു. മാനവികതയുടെ കരുതല്‍ ജീവിതത്തോടും പൗരോഹിത്യത്തോടും ചേര്‍ത്തുവച്ചതായിരുന്നു അദ്ദേഹത്തിന്റെ സവിശേഷ വ്യക്തിത്വം. അള്‍ത്താരയിലും പള്ളിമേടയിലും ഒതുങ്ങിനില്‍ക്കാതെ സാധാരണക്കാരനിലേക്ക്‌ അദ്ദേഹം ഇറങ്ങിച്ചെന്നു. അവന്റെ ദുഃഖവും സന്തോഷവും പങ്കിട്ട്‌ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കടന്നുപോയി. മതേതര മൂല്യങ്ങള്‍ക്ക്‌ വേണ്ടി എന്നും നിലയുറപ്പിച്ചു. മാര്‍ത്തോമ സഭയുടെ അത്യുന്നത പദവി വഹിച്ചപ്പോഴും ക്രിസോസ്റ്റം മതങ്ങള്‍ തമ്മിലും സഭകള്‍ തമ്മിലുമുള്ള ഐക്യത്തിനായി നിലകൊണ്ടു. തന്റെ മുമ്പിലെത്തുന്നവരുടെ മതമോ ജാതിയോ അദ്ദേഹം അന്വേഷിച്ചില്ല. എല്ലാവരേയും അദ്ദേഹം ചേര്‍ത്തുനിര്‍ത്തി.

സഭയുടെ നേതൃത്വം ഒഴിഞ്ഞ ശേഷവും പാവപ്പെട്ടവര്‍ക്കായാണ്‌ കൂടുതല്‍ സമയവും ചെലവഴിച്ചത്‌. ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി. മാനവികതയുടെ ശ്രേഷ്‌ഠനായ പ്രയോക്താവിനെയാണ്‌ അദ്ദേഹത്തിന്റെ മരണത്തോടെ നമുക്ക്‌ നഷ്ടമായത്‌. മാര്‍ത്തോമ സഭയുടെയും വിശ്വാസികളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി എ.വിജയരാഘവന്‍ പറഞ്ഞു.