ന്യൂനപക്ഷ ക്ഷേമ വകുപ്പ്‌ : വര്‍ഗ്ഗീയത ആളിക്കത്തിച്ച്‌ മുതലെടുപ്പ്‌ നടത്താനുള്ള മുസ്ലീംലീഗ്‌ നീക്കം അപലപനീയം

22-05-2021

ന്യൂനപക്ഷ ക്ഷേമ വകുപ്പ്‌ മുഖ്യമന്ത്രി ഏറ്റെടുത്ത നടപടിയെ സ്വാഗതം ചെയ്യുന്നതിന്‌ പകരം അതിന്റെ പേരില്‍ വര്‍ഗ്ഗീയത ആളിക്കത്തിച്ച്‌ മുതലെടുപ്പ്‌ നടത്താനുള്ള മുസ്ലീംലീഗ്‌ നീക്കം അപലപനീയമാണെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ.വിജയരാഘവന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

ന്യൂനപക്ഷക്ഷേമ വകുപ്പ്‌ ആര്‍ക്കോ കൊടുത്ത ശേഷം തിരിച്ചെടുത്തൂവെന്ന പി.കെ കുഞ്ഞാലിക്കുട്ടിയുടെ ആക്ഷേപം വസ്‌തുതാവിരുദ്ധമാണ്‌. മുഖ്യമന്ത്രിയുടെ ശുപാര്‍ശ അനുസരിച്ചാണ്‌ വകുപ്പ്‌ വിഭജനം സംബന്ധിച്ച വിജ്ഞാപനം ഗവര്‍ണ്ണര്‍ പുറപ്പെടുവിക്കുന്നത്‌.

ന്യൂനപക്ഷ ക്ഷേമ വകുപ്പ്‌ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നത്‌ കൂടുതല്‍ ഗുണം ചെയ്യുമെന്നാണ്‌ പൊതുവായ വിലയിരുത്തല്‍. മുസ്ലീം സമുദായത്തിന്‌ എല്‍.ഡി.എഫിലും സര്‍ക്കാരിലും കൂടുതല്‍ വിശ്വാസമുണ്ടെന്ന്‌ തെരഞ്ഞെടുപ്പ്‌ ഫലം തെളിയിച്ചതാണ്‌. ഇതാണ്‌ ലീഗിനെ വിറളി പിടിപ്പിക്കുന്നത്‌.

മുസ്ലീം സമുദായത്തെ എക്കാലത്തും വഞ്ചിച്ച പാരമ്പര്യമാണ്‌ ലീഗ്‌ നേതൃത്വത്തിനുള്ളത്‌. കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നിരന്തരം ന്യൂനപക്ഷ വിരുദ്ധ നടപടി സ്വീകരിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കുന്ന നിലപാടാണ്‌ സംസ്ഥാന സര്‍ക്കാര്‍ കൈക്കൈാള്ളുന്നത്‌. അതിന്‌ ശക്തിപകരുന്നതിന്‌ പകരം മറിച്ച്‌ പ്രചാരണം നടത്തുന്നത്‌ ആരും അംഗീകരിക്കില്ലെന്ന്‌ എ.വിജയരാഘവന്‍ പറഞ്ഞു.