സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

23-03-2021

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ യാത്രയ്‌ക്കിടെ യുവ കന്യാസ്‌ത്രീകള്‍ക്കു നേരെ നടന്ന ബജ്രംഗ്‌ദള്‍ ആക്രമണത്തില്‍ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയറ്റ്‌ ശക്തമായി പ്രതിഷേധിച്ചു. ആര്‍.എസ.്‌എസ്‌ നിയന്ത്രിക്കുന്ന ബി.ജെ.പി ഭരണത്തിനു കീഴില്‍ രാജ്യത്തിന്റെ മതനിരപേക്ഷത എത്രത്തോളം അപകടത്തിലായിരിക്കുന്നുവെന്ന്‌ ഒരിക്കല്‍ക്കൂടി വ്യക്തമാക്കുന്നതാണ്‌ ഈ സംഭവം.

ഹിന്ദുത്വ തീവ്രവാദികളില്‍ നിന്ന്‌ രക്ഷപ്പെട്ട്‌ സംസ്ഥാനം വിടാന്‍ കന്യാസ്‌ത്രീകള്‍ക്ക്‌ സഭാ വസ്‌ത്രംപോലും ഒഴിവാക്കേണ്ടിവന്നത്‌ സംഘപരിവാര്‍ നടപ്പാക്കുന്ന താലിബാനിസത്തിന്‌ തെളിവാണ്‌. തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ ഡല്‍ഹി പ്രൊവിന്‍സിലെ നാല്‌ കന്യാസ്‌ത്രീകള്‍ക്ക്‌ നേരെയാണ്‌ ആക്രമണമുണ്ടായത്‌. മതംമാറ്റാന്‍ പെണ്‍കുട്ടികളെ കൊണ്ടുപോകുന്നതായി ആരോപിച്ച്‌ ബഹളമുണ്ടാക്കിയ ബജ്രംഗ്‌ദള്‍ പ്രവര്‍ത്തകര്‍ ത്സാന്‍സിയില്‍ എത്തിയപ്പോള്‍ അവരെ ബലംപ്രയോഗിച്ച്‌ പുറത്തിറക്കി പൊലീസ്‌ സ്റ്റേഷനിലേക്ക്‌ കൊണ്ടുപോയി. തിരിച്ചറിയല്‍ രേഖകളെല്ലാം കാണിച്ചിട്ടും പൊലീസും മോശമായാണ്‌ പെരുമാറിയത്‌. ഡല്‍ഹിയില്‍ നിന്ന്‌ അഭിഭാഷകര്‍ ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടശേഷം പാതിരാത്രിയോടെയാണ്‌ കന്യാസ്‌ത്രീകളെ മോചിപ്പിക്കാനായത്‌.

ഉത്തര്‍പ്രദേശ്‌ അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മതന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും നേരെയുള്ള ആക്രമണം അനുദിനം വര്‍ദ്ധിച്ചുവരികയാണ്‌. നിയമവാഴ്‌ച ഉറപ്പാക്കാന്‍ ബാധ്യതപ്പെട്ട പൊലീസ്‌ സംവിധാനം മിക്കപ്പോഴും അക്രമികള്‍ക്ക്‌ ഒത്താശ ചെയ്യുന്നു. ഗുജറാത്ത്‌ വംശഹത്യ ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ഏടാണ്‌. പുരോഹിതനായ ഗ്രഹാം സ്‌റ്റെയിന്‍സിനെയും അദ്ദേഹത്തിന്റെ രണ്ടു മക്കളെയും അക്രമികള്‍ ചുട്ടുകൊന്ന സംഭവം ഇന്നും നടുക്കുന്ന ഓര്‍മയാണ്‌. ഒഡിഷയിലെ കന്ദമലില്‍ ഉള്‍പ്പെടെ ക്രൈസ്‌തവ വിശ്വാസികള്‍ക്കും ദേവാലയങ്ങള്‍ക്കും നേരെ നടന്ന ആക്രമണപരമ്പര രാജ്യത്തെ ഞെട്ടിച്ചു. ഒരിടത്തും രക്ഷയില്ലാതെ ഓടിത്തളര്‍ന്ന ക്രൈസ്‌തവ വിശ്വാസികള്‍ക്ക്‌ അന്ന്‌ സി.പി.ഐ (എം) ന്റെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ അഭയമൊരുക്കി.

ഏതൊരു പൗരനും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്‌. ആ അവകാശത്തിന്റെ നഗ്നമായ ലംഘനമാണ്‌ ബി.ജെ.പി ഭരണത്തിനുകീഴില്‍ സംഘപരിവാര്‍ നടത്തുന്നത്‌. രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ ഒന്നടങ്കം ഈ കാടത്തത്തിനെതിരെ രംഗത്തുവരണം. ബജ്രംഗ്‌ദള്‍ അക്രമികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന്‌ സംസ്ഥാന സെക്രട്ടറിയറ്റ്‌ ആവശ്യപ്പെട്ടു.