സി എച്ച് ദിനം സമുചിതം ആചരിക്കുക

17-10-2021

സി എച്ച് കണാരൻ ദിനം 20ന് സമുചിതം ആചരിക്കാൻ മുഴുവൻ പാർടി ഘടകങ്ങളോടും പ്രവർത്തകരോടും അഭ്യർഥിക്കുന്നു. കേരളത്തിൽ കമ്യൂണിസ്റ്റ് പാർടി കെട്ടിപ്പടുക്കുന്നതിൽ രാഷ്ട്രീയമായും സംഘടനാപരമായും അതുല്യപങ്ക് വഹിച്ച മഹാപ്രതിഭയാണ് സി എച്ച്. സിപിഐ എമ്മിനെ കേഡർ പാർടിയായി മാറ്റുന്നതിലും നിസ്‌തുലമായ പങ്കുവഹിച്ചു. സി എച്ച് അന്തരിച്ചിട്ട് 20ന് 49 വർഷം തികയും. നവോത്ഥാന പ്രസ്ഥാനങ്ങളുടെ തുടർച്ചയായാണ് കേരളത്തിൽ വർഗപ്രസ്ഥാനങ്ങൾ രൂപപ്പെട്ടതും വളർന്നുവന്നതും. ആ ചരിത്രത്തിന്റെ അടയാളപ്പെടുത്തലാണ് സി എച്ചിന്റെ ജീവിതവും.

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ശക്തമായ പോരാട്ടമാണ് സി എച്ച് നടത്തിയത്. സിപിഐ എം സമ്മേളനങ്ങൾ നടക്കുന്ന വേളയിലാണ്‌ ഇത്തവണ സി എച്ച് ദിനാചരണം. ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തീകരിച്ച് ലോക്കൽ സമ്മേളനങ്ങളിലേക്ക് കടന്നു.

കോവിഡിൽനിന്ന്‌ ജനങ്ങളുടെ ആരോഗ്യവും ജീവനും സംരക്ഷിക്കുന്നതിൽ മാതൃകാപരമായ പ്രവർത്തനമാണ് എൽഡിഎഫ് സർക്കാരിന്റേത്. വിവിധ ആശ്വാസ നടപടികളും ഇളവുകളും പ്രഖ്യാപിച്ച് സർക്കാർ മുന്നോട്ടു നീങ്ങുകയാണ്. കേന്ദ്രസർക്കാരാകട്ടെ ഇന്ധനവിലയടക്കം വർധിപ്പിച്ച്‌ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് തുടരുന്നു. അതിനെതിരായ ജനരോഷം കൂടുതൽ ശക്തമാക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണം.

സമൂഹത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ ഉന്നമനത്തിനുമായി കമ്യൂണിസ്റ്റ് പാർടി നൽകിയ സംഭാവന പുതുതലമുറയെ പഠിപ്പിക്കാനുള്ള അവസരമായി സി എച്ച് ദിനം മാറ്റണം. കോവിഡ് മാനദണ്ഡം പാലിച്ച് പതാക ഉയർത്തിയും ഓഫീസുകൾ അലങ്കരിച്ചും അനുസ്മരണ പരിപാടി സംഘടിപ്പിച്ചും സി എച്ച് ദിനാചരണം വിജയിപ്പിക്കണമെന്ന് അഭ്യർഥിക്കുന്നു

- സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്