ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെട്ട കുഴല്‍പ്പണ കേസില്‍ ക്വട്ടേഷന്‍ സംഘങ്ങളുമായുള്ള ബി.ജെ.പിയുടെ ബന്ധം അന്വേഷണ വിധേയമാക്കണം

24-05-2021

ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെട്ട കുഴല്‍പ്പണ കേസില്‍ ക്വട്ടേഷന്‍ സംഘങ്ങളുമായുള്ള ബി.ജെ.പിയുടെ ബന്ധം കൂടി അന്വേഷണ വിധേയമാക്കണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ.വിജയരാഘവന്‍ ആവശ്യപ്പെട്ടു.

കുഴല്‍പ്പണ ഇടപാടില്‍ പുറത്തുവരുന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ ബി.ജെ.പി നേതാക്കളും ക്വട്ടേഷന്‍ ഗുണ്ടാസംഘങ്ങളും തമ്മിലുള്ള ബന്ധം ആവര്‍ത്തിച്ച്‌ വ്യക്തമാക്കുന്നതാണ്‌. ബി.ജെ.പിയുടെ ഉന്നത നേതാക്കളിലേക്ക്‌ അന്വേഷണം നീളുന്നതായാണ്‌ പുറത്തുവരുന്ന വിവരങ്ങളില്‍ നിന്ന്‌ മനസിലാകുന്നത്‌. തെരഞ്ഞെടുപ്പ്‌ വേളയില്‍ ബി.ജെ.പി വ്യാപകമായ കള്ളപ്പണം ഒഴുക്കിയിരുന്നു. അതിനായി നടത്തിയ കടത്തുകളില്‍ ഒന്നുമാത്രമാണ്‌ പിടിക്കപ്പെട്ടത്‌.

രാജ്യത്തിന്റെ ജനാധിപത്യ പ്രകിയ അട്ടിമറിക്കാനുള്ള നീക്കംകൂടിയാണ്‌ കുഴല്‍പ്പണക്കടത്തിലൂടെ ബി.ജെ.പി നടത്തിയത്‌. കേസില്‍ ചോദ്യംചെയ്യാന്‍ ഹാജരാകുന്നവര്‍ ബി.ജെ.പിയുടെ കൊടിവച്ച കാറിലാണ്‌ എത്തുന്നത്‌. രാജ്യം ഭരിക്കുന്ന പാര്‍ടി പണത്തിന്റെ ഹുങ്കില്‍ എന്തുമാകാമെന്ന്‌ ധരിക്കുന്നത്‌ ജനാധിപത്യ സംവിധാനത്തിന്‌ ഭീഷണിയാണ്‌. തെരഞ്ഞെടുപ്പില്‍ ഒഴുക്കുന്നതിനാണ്‌ കണക്കില്‍പ്പെടാത്ത പണം നിയമവിരുദ്ധമായി എത്തിച്ചതെന്ന്‌ വ്യക്തമായ സാഹചര്യത്തില്‍ യുക്തമായ നടപടി സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ്‌ കമീഷന്‍ തയ്യാറാകണം.

അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പടപ്പുറപ്പാട്‌ നടത്തുന്ന എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ ഈ കേസില്‍ സ്വീകരിക്കുന്ന നിസംഗ്ഗമായ നിലപാട്‌ അത്ഭുതപ്പെടുത്തുന്നതാണ്‌. ബി.ജെ.പിയുടെ ഉന്നതര്‍ക്ക്‌ പങ്കുണ്ടെന്ന്‌ വ്യക്തമായതുകൊണ്ടാണ്‌ ആദ്യഘട്ടം മുതല്‍ ഇ.ഡി ഒളിച്ചുകളിക്കുന്നത്‌.

ഉത്തരേന്ത്യന്‍ മാതൃകയില്‍ പണമൊഴുക്കിയും ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ചും കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തെ മലീമസമാക്കാനുള്ള ബി.ജെ.പിയുടെ ശ്രമത്തെ ജനാധിപത്യ വിശ്വാസികള്‍ ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കണം. ഈ സംഭവത്തെക്കുറിച്ച്‌ വിപുലവും വിശദവുമായ അന്വേഷണം നടത്തി കുറ്റക്കാരെ മുഴുവന്‍ നിയമത്തിനുമുന്നില്‍ കൊണ്ടുവരണം.