സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

 കേരളത്തിലെ ദേശീയപാതാ വികസനം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ തീരുമാനം കേരളീയരോടും ഫെഡറല്‍ സംവിധാനത്തോടുമുള്ള വെല്ലുവിളിയാണെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു.
എല്‍.ഡി.എഫ്‌ ഭരണമുള്ള കേരളം വികസിക്കരുതെന്ന സങ്കുചിത മനസ്സ്‌ ഇന്ത്യയെ ഒന്നായി നയിക്കേണ്ട കേന്ദ്ര സര്‍ക്കാരിനുണ്ടാകാന്‍ പാടില്ല. റോഡ്‌ വികസനം സ്‌തംഭിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം റദ്ദാക്കുന്നില്ലെങ്കില്‍ അതിശക്തമായ പ്രക്ഷോഭം സംഘടിപ്പിയ്‌ക്കും. നീതി ലഭിയ്‌ക്കാന്‍ നിയമവഴികള്‍ തേടുമെന്നും കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു. 
അടുത്തവര്‍ഷം പദ്ധതി പൂര്‍ത്തിയാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചുവരികയായിരുന്നു സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍ കാസര്‍കോഡ്‌ ഒഴികെ 13 ജില്ലകളിലും സ്ഥലമെടുപ്പ്‌ ഉള്‍പ്പെടെ നിര്‍ത്തിവെയ്‌ക്കാന്‍ ദേശീയപാത അതോറിറ്റി ഉത്തരവ്‌ പുറപ്പെടുവിച്ചത്‌ ആശ്ചര്യകരവും ഞെട്ടിപ്പിക്കുന്നതുമാണ്‌. അധികാരം ഒഴിയുംമുമ്പ്‌ സ്വേച്ഛാപരമായ ഈ ഉത്തരവ്‌ മോദി സര്‍ക്കാര്‍ പിന്‍വലിക്കണം. ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ നടുവില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 2013 ല്‍ ഉപേക്ഷിച്ചതാണ്‌ സംസ്ഥാനത്തിന്റെ ദേശീയപാതാ വികസന പദ്ധതി. എന്നാല്‍ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഭൂമി നഷ്‌ടപ്പെടുന്നവരുടെ വേദന കൂടി മനസ്സിലാക്കി നടപടികള്‍ സ്വീകരിയ്‌ക്കുകയും ഭൂമിയേറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോകുകയും ചെയ്‌തു. ചില സ്ഥലങ്ങളില്‍ ബി.ജെ.പിയും യു.ഡി.എഫും ഒന്നായി നിന്ന്‌ കലാപം സൃഷ്‌ടിക്കാന്‍ ശ്രമിച്ചെങ്കിലും അവിടങ്ങളിലടക്കം ഭൂമിയേറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. നിരവധി സ്ഥലങ്ങളില്‍ മേല്‍പ്പാല നിര്‍മ്മാണവും പൂര്‍ത്തിയാക്കി. ഇതിനെയെല്ലാം തകിടം മറിയ്‌ക്കുന്ന നടപടിയാണ്‌ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്‌.
വികസന പദ്ധതികള്‍ ഏറ്റെടുത്ത്‌ നടപ്പാക്കുന്നതില്‍ പിണറായി വിജയന്‍ നയിക്കുന്ന എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ രാജ്യത്തിന്‌ തന്നെ മാതൃകയായ പ്രവര്‍ത്തനമാണ്‌ നടത്തുന്നത്‌. യു.ഡി.എഫ്‌ ഭരണത്തില്‍ മുടങ്ങിയ ഗെയ്‌ല്‍ പൈപ്പ്‌ലൈന്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു. ഇടമണ്‍-കൊച്ചി ഗ്രിഡ്‌ പൂര്‍ത്തിയാക്കി. കൊച്ചി-ബാംഗ്ലൂര്‍ പാത രണ്ട്‌ മാസത്തിനകം പൂര്‍ത്തിയാകും. മലയോര-തീരദേശ പാത നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലേക്ക്‌ സംസ്ഥാന സര്‍ക്കാര്‍ പ്രവേശിച്ചിരിക്കുകയാണ്‌. ജനങ്ങള്‍ക്കും നാടിനും അനുഗ്രഹമാകുന്ന വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു നീങ്ങുന്നതിന്‌ മധ്യേയാണ്‌ ദേശീയപാതാ വികസനം തടഞ്ഞുകൊണ്ടുള്ള മോദി സര്‍ക്കാരിന്റെ ഇരുട്ടടി. ഇതിനെ പ്രേരണയേകുകയും കൂട്ടുനില്‍ക്കുകയും ചെയ്യുന്ന സമീപനമാണ്‌ പി.എസ്‌.ശ്രീധരന്‍പിള്ളയില്‍ നിന്നുണ്ടായിരിക്കുന്നത്‌. കേന്ദ്രസര്‍ക്കാരിന്‌ അയച്ച കത്ത്‌ ഇതിന്‌ തെളിവാണ്‌. നാലുവരിപാത എന്നത്‌ കേരള വികസനത്തിനുള്ള അടിസ്ഥാന ഘടകമാണ്‌. ഇതിനെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ദേശവിരുദ്ധ നടപടിയ്‌ക്കെതിരെ കക്ഷി-രാഷ്ട്രീയത്തിനതീതമായി കേരളീയര്‍ ഒന്നായി രംഗത്തുവരണമെന്ന്‌ കോടിയേരി അഭ്യര്‍ത്ഥിച്ചു.