സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനത്തിലും വരള്‍ച്ച ദുരിതാശ്വാസ പ്രവര്‍ത്തനത്തിലും സജീവമായ പങ്കാളികളാകാന്‍ മുഴുവന്‍ പാര്‍ടി ഘടകങ്ങളോടും വര്‍ഗ്ഗ ബഹുജന സംഘടന പ്രവര്‍ത്തകരോടും സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്‌താവനയില്‍ അഭ്യര്‍ത്ഥിച്ചു.
ഹരിതകേരളം പദ്ധതികളുടെ ഭാഗമായി കുളങ്ങളുടെയും തോടുകളുടെയും നദികളുടെയും മാലിന്യമുക്ത പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്‌. എല്ലാ വിഭാഗം ജനങ്ങളുടെയും വലിയ പിന്തുണയാണ്‌ ഈ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ലഭിച്ചത്‌. മഴക്കാലം വരുന്നതോടെ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സ്ഥിതിവിശേഷം ഒഴിവാക്കുന്നതിനായി മാലിന്യ വിമുക്ത പ്രവര്‍ത്തനത്തില്‍ മുഴുവന്‍ ബഹുജനങ്ങളെയും പങ്കാളികളാക്കുന്ന പ്രവര്‍ത്തനത്തില്‍ തദ്ദേശസ്ഥാപനങ്ങളും പാര്‍ടിയും വര്‍ഗ്ഗ-ബഹുജനസംഘടനകളും നേതൃത്വം കൊടുക്കണം. വീടുകളുടെയും സ്ഥാപനങ്ങളുടെയും പരിസരങ്ങള്‍ ശുചീകരിക്കുന്നതിന്‌ ഒരോരുത്തരും മുന്‍കൈയെടുക്കണം. സന്നദ്ധപ്രവര്‍ത്തകരെയും ആരോഗ്യരംഗത്തുള്ളവരെയും ഉപയോഗപ്പെടുത്തി ബോധവല്‍ക്കരണം സംഘടിപ്പിക്കണം. മണ്ണും, മാലിന്യങ്ങളും നിറഞ്ഞ ഓവുചാലുകളും, പൊതുസ്ഥലങ്ങളും ശുചീകരിക്കുന്നതിന്‌ സന്നദ്ധപ്രവര്‍ത്തകരെയും യുവജനങ്ങളെയും അണിനിരത്തണം.
കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കാനുള്ള സന്നദ്ധ പ്രവര്‍ത്തനത്തിന്‌ പാര്‍ടി ഘടകങ്ങള്‍ നേതൃത്വം നല്‍കണം. സര്‍ക്കാര്‍തലത്തില്‍ ശുചീകരണത്തിനും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്‌. സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍കൊണ്ടുമാത്രം ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ല. കുടിവെള്ളം ആവശ്യമുള്ള പ്രദേശങ്ങള്‍ കണ്ടെത്തി അവര്‍ക്ക്‌ കുടിവെള്ളമെത്തിക്കാനുള്ള സംവിധാനമാണ്‌ ആവിഷ്‌കരിക്കേണ്ടത്‌. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അതത്‌ പ്രദേശത്തെ എല്ലാവിഭാഗം ജനങ്ങളെയും യോജിപ്പിച്ച്‌ ഈ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം കൊടുക്കണം. വരള്‍ച്ചാദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ശുചീകരണ പ്രവര്‍ത്തനത്തിലും പങ്കാളികളാകാന്‍ എല്ലാവിഭാഗം ജനങ്ങളോടും സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്‌താവനയില്‍ അഭ്യര്‍ത്ഥിച്ചു.