സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

യു.ഡി.എഫും ബി.ജെ.പിയും നടത്തുന്ന കള്ളപ്രചാരണങ്ങളും കപടനാടകവും തള്ളി കേരള ജനത എല്‍.ഡി.എഫിന്‌്‌ വന്‍ഭൂരിപക്ഷം നല്‍കുമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.
വോട്ടര്‍മാരെ കബളിപ്പിക്കാന്‍ എന്ത്‌ കപട നാടകം കളിക്കാനും യു.ഡി.എഫിനും ബി.ജെപിയ്‌ക്കും മടിയില്ലെന്ന്‌ കലാശക്കൊട്ടിനിടയില്‍ നടന്ന സംവങ്ങളെപ്പറ്റിയുള്ള വ്യാജപ്രചരണങ്ങള്‍ തെളിയിക്കുന്നു. ആലത്തൂരില്‍ യു.ഡി.ഫ്‌ സ്ഥാനാര്‍ത്ഥിയെ കല്ലെറിഞ്ഞെന്നും, വേളിയില്‍ ഏ.കെ. ആന്റണിയുടെ റോഡ്‌ ഷോ തടഞ്ഞുവെന്നും തുടങ്ങിയ ആക്ഷേപങ്ങള്‍ എല്‍.ഡി.എഫിനെതിരെ പ്രചരിപ്പിച്ചെങ്കിലും വസ്‌തുതകള്‍ വൈകാതെ തെളിഞ്ഞു. ആലത്തൂരില്‍ കൊട്ടികലാശത്തില്‍ കല്ലേറ്‌ നടത്തിയത്‌ കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകരാണെന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. യു.ഡി.എഫിന്റെ പ്രചാരണ വാഹനത്തിന്റെ പിന്നില്‍ നിന്നാണ്‌ കല്ലേറുണ്ടായത്‌. ``ചതിക്കല്ലേടാ’’ എന്ന്‌ അനില്‍ അക്കര എം.എല്‍.എ ആര്‍ത്തുവിളിച്ച്‌, കല്ലെറിയുന്ന സ്വന്തം അനുയായികളോട്‌ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. എല്‍.ഡി.എഫ്‌ പ്രവര്‍ത്തകരെ ഉന്നംവെച്ച കല്ലുകള്‍ മാറിവീഴുകയായിരുന്നു. യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സ തേടിയത്‌ എല്‍.ഡി.എഫിനെ പ്രതികൂട്ടിലാക്കുന്നതിനുള്ള കപടനാടകത്തിന്റെ ഭാഗമായിരുന്നു.
തിരുവനന്തപുരത്ത്‌ വേളിയില്‍ ഏ.കെ ആന്റണിയേയും ശശി തരൂരിനേയും റോഡ്‌ ഷോയ്‌ക്കിടെ എല്‍.ഡി.എഫ്‌ തടഞ്ഞു എന്ന പ്രചാരണവും വസ്‌തുതാവിരുദ്ധമാണ്‌. ആന്റണിയെ പോലെയൊരു നേതാവ്‌ അസത്യം പറഞ്ഞ്‌ വോട്ടര്‍മാരില്‍ തെറ്റിദ്ധാരണ സൃഷ്ടിച്ച്‌ മുതലെടുപ്പ്‌ രാഷ്ട്രീയത്തിനിറങ്ങുന്നത്‌ നന്നല്ല. എല്‍.ഡി.എഫിന്റേയും യു.ഡി.എഫിന്റേയും റോഡ്‌ ഷോകള്‍ മുഖാമുഖം എത്തിയപ്പോഴുണ്ടായ ഗതാഗതക്കുരുക്കായിരുന്നു പ്രശ്‌നം. ഗതാഗത തടസ്സം മാറ്റി ആന്റണിയുടെ വാഹനം കടത്തിവിടാന്‍ എല്‍.ഡി.എഫ്‌ നേതാക്കള്‍ ശ്രമിക്കുന്നതിനിടെ ആന്റണിയും മറ്റും വാഹനത്തില്‍ നിന്നിറങ്ങി നടന്നുപോകുകയാണ്‌ ഉണ്ടായത്‌. പരിഹാസ്യമായ കള്ളപ്രചാരവേലകള്‍ക്ക്‌ നേതൃത്വം നല്‍കുകയായിരുന്നു ആന്റണി പിന്നീട്‌ ചെയ്‌തത്‌.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എല്‍.ഡി.എഫ്‌ പ്രവര്‍ത്തകര്‍ക്ക്‌ നേരെ അക്രമം അഴിച്ചുവിടുകയാണ്‌ യു.ഡി.എഫും ബി.ജെ.പിയും ചെയ്‌തത്‌. അമ്പലപ്പുഴയില്‍ ക്ഷേത്രകാണിക്കാ മണ്ഡപം തകര്‍ത്ത്‌ കലാപമുണ്ടാക്കാന്‍ ബി.ജെ.പി നോക്കി. ഒരു ഡസനിലധികം എല്‍.ഡി.എഫ്‌ പ്രവര്‍ത്തകര്‍ക്ക്‌ പരുക്കേറ്റു. സി.ഐ.ടി.യു പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ തകര്‍ത്തു. സി.പി.ഐ മണ്ഡലം കമ്മിറ്റി ഓഫിസിന്റെ ജനാലചില്ലകള്‍ എറിഞ്ഞു തകര്‍ത്തു. പോലീസുകാര്‍ക്കും ആര്‍.എസ്‌.എസ്‌ ആക്രമണത്തില്‍ പരുക്കേറ്റു. താനൂരില്‍ പി.വി.അന്‍വറിന്റെ തിരദേശ റോഡ്‌ ഷോയ്‌ക്കു നേരെ മുസ്ലീംലീഗുകാരുടെ നേതൃത്വത്തില്‍ കല്ലെറിയുകയും അക്രമം നടത്തുകയും ചെയ്‌തു. യു.ഡി.എഫും ബി.ജെപിയും നടത്തുന്ന പ്രകോപനങ്ങളില്‍ വീഴാതെ സമാധാനപൂര്‍വ്വമായി വോട്ടെടുപ്പിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ എല്ലാ എല്‍.ഡി.എഫ്‌ പ്രവര്‍ത്തകരോടും അനുഭാവികളോടും കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ അഭ്യര്‍ത്ഥിച്ചു.