സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

സംസ്ഥാനത്ത്‌ പരക്കെ അക്രമം അഴിച്ചുവിട്ട്‌ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ്‌ ഒരു വശത്ത്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തില്‍ യു.ഡി.എഫും മറുവശത്ത്‌ ബി.ജെ.പി യും നടത്തുന്നത്‌. ബോധപൂര്‍വം പ്രകോപനം സൃഷ്ടിച്ച്‌ അക്രമം അഴിച്ചുവിടുകയും മുതലെടുപ്പ്‌ നടത്തുകയുമാണ്‌ യു.ഡി എഫി.ന്റെയും ബി.ജെ.പിയുടെയും ശ്രമം. അക്രമങ്ങള്‍ പരക്കെ അഴിച്ചുവിടുകയും എല്‍.ഡി.എഫ്‌ ആകമം എന്ന പ്രചാരണ കോലാഹലം നടത്തുകയും ചെയ്‌തു കൊണ്ട്‌ മുതലെടുപ്പ്‌ നടത്താനുള്ള ശ്രമങ്ങളാണ്‌ ഞായറാഴ്‌ച പരക്കെ കണ്ടത്‌.ആലത്തൂര്‍ എം.എല്‍.എ കെ.ഡി പ്രസന്നന്‌ യു.ഡി.എഫ്‌ അക്രമത്തില്‍ സാരമായി പരിക്കേറ്റു. തലസ്ഥാനത്ത്‌ വേളിയില്‍ എ.കെ ആന്റണിയെ തടഞ്ഞുവെന്ന നുണക്കഥ സൃഷ്ടിച്ച്‌ യു.ഡി.എഫുകാര്‍ സംഘര്‍ഷം സൃഷ്ടിച്ചു. വടകര പാര്‍ലമെന്റ്‌ മണ്ഡലത്തിലെ വില്യാപ്പള്ളിയില്‍ എല്‍.ഡി.എഫ്‌ പ്രവര്‍ത്തകര്‍ക്ക്‌ നേരെ പരക്കെ അക്രമം അഴിച്ചുവിട്ടു. പൊന്നാനിയില്‍ യുഡിഎഫ്‌ ക്രിമിനലുകള്‍ അഴിഞ്ഞാടുകയായിരുന്നു. ആറ്റിങ്ങല്‍ മണ്‌ഡലത്തിലെ വര്‍ക്കലയില്‍ യു.ഡി.എഫും ബി.ജെ.പിയും അക്രമങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി. കൊല്ലം കരുനാഗപ്പള്ളിയില്‍ എല്‍.ഡി.എഫ്‌ ജാഥയെ അക്രമിച്ചു. തിരുവല്ലയില്‍ എല്‍.ഡി.എഫ്‌ പ്രചാരണ സമാപനത്തിന്‌ നേരെ ബി.ജെ.പി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. ഇത്തരം പ്രകോപനങ്ങളില്‍ കുടുങ്ങാതെ എല്‍.ഡി.എഫ്‌ പ്രവര്‍ത്തകര്‍ തികഞ്ഞ ആത്മസംയമനം പാലിക്കണം. ഓരോ വോട്ടറെയും ബൂത്തിലെത്തിച്ച്‌ വോട്ട്‌ രേഖപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളിലാകണം എല്‍.ഡി.എഫ്‌ പ്രവര്‍ത്തകരുടെ ശ്രദ്ധ. സംസ്ഥാനത്താകെ ഉയര്‍ന്നു വന്ന എല്‍.ഡി.എഫ്‌ തരംഗത്തില്‍ വിറളി പൂണ്ട്‌ നടത്തുന്ന ഇത്തരം അക്രമസംഭവങ്ങളില്‍ പോലീസും തെരഞ്ഞെടുപ്പ്‌ കമ്മീഷനും ശക്തമായ നടപടി സ്വീകരിക്കണം.