സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന അനുശോചന സന്ദേശം

താഴെതട്ടില്‍ അധികാരമെത്തിക്കാന്‍ ഭാവനാപൂര്‍ണ്ണമായി പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച ഭരണാധികാരിയും ജനപ്രതിനിധിയുമായിരുന്നു വി.ജെ.തങ്കപ്പനെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം ഒഴിഞ്ഞ നേമത്ത്‌ നിന്ന്‌ തിളക്കമുള്ള വിജയത്തോടെ സി.പി.ഐ (എം) പ്രതിനിധിയായി നിയമസഭയിലെത്തിയ വി.ജെ കരുത്തുറ്റ പാര്‍ലമെന്റേറിയനാണെന്ന്‌ തെളിയിച്ചു. നിയമനിര്‍മ്മാണ കാര്യങ്ങളില്‍ സജീവമായി ഇടപെട്ടു. അധികാരവികേന്ദ്രീകരണം ശാസ്‌ത്രീയമായും ജനപക്ഷമായും നടപ്പാക്കാന്‍ തദ്ദേശഭരണമന്ത്രിയെന്ന നിലയില്‍ സമര്‍ത്ഥമായി പ്രവര്‍ത്തിച്ചു. പിന്നീട്‌ സര്‍ക്കാര്‍ നിയോഗിച്ച സമിതികളുടെ മേധാവിയെന്ന നിലയിലും അധികാര വികേന്ദ്രീകരണം യാഥാര്‍ത്ഥ്യമാക്കുന്നതിലും വലിയ സംഭാവന കേരളത്തിന്‌ നല്‍കി. നെയ്യാറ്റിന്‍കര നഗരസഭാധ്യക്ഷനായും സ്‌തുത്യര്‍ഹമായ സേവനമാണ്‌ കാഴ്‌ചവെച്ചത്‌. തിരുവനന്തപുരം ജില്ലയില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയെ വളര്‍ത്തുന്നതില്‍ നിര്‍ണ്ണായക സംഭാവന നല്‍കിയിട്ടുള്ള നേതാവായിരുന്നു അദ്ദേഹം. വി.ജെ യുടെ നിര്യാണത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും കോടിയേരി രേഖപ്പെടുത്തി.