സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

 നാട്ടില്‍ സമാധാനം ഉറപ്പുവരുത്താന്‍ സംഘപരിവാറിന്‌ പുറമേ കോണ്‍ഗ്രസ്സുകാരും കൊലക്കത്തി താഴെവയ്‌ക്കാന്‍ തയ്യാറാകണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. 
കൊല്ലം ജില്ലയിലെ ചിതറയില്‍ സി.പി.ഐ (എം) പ്രവര്‍ത്തകനും വന്ദ്യവയോധികനുമായ എ.എം ബഷീറിനെ കോണ്‍ഗ്രസ്സുകാരന്‍ കുത്തിക്കൊന്നത്‌ ഒറ്റപ്പെട്ട സംഭവമല്ല. മരിച്ചീനി കച്ചവടക്കാരനായ ബഷീറിനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി നെഞ്ചില്‍ 9 തവണ കത്തിക്ക്‌ കുത്തിയാണ്‌ ജീവനെടുത്തത്‌. പൊതുപ്രശ്‌നങ്ങളില്‍ ബഷീര്‍ സ്വീകരിച്ച ജനകീയ നിലപാടുകളാണ്‌ കോണ്‍ഗ്രസ്സ്‌ ക്രിമിനലിന്‌ വിരോധമുണ്ടാകാന്‍ കാരണം. കൊല്ലം ജില്ലയില്‍ 2 മാസത്തിനുള്ളില്‍ കോണ്‍ഗ്രസ്സ്‌ അക്രമികള്‍ നടത്തിയ രണ്ടാമത്തെ കൊലപാതകമാണിത്‌. പവിത്രശ്വേരത്തെ എഴുതനങ്ങാട്‌ സി.പി.ഐ (എം) ബ്രാഞ്ച്‌ സെക്രട്ടറി ദേവദത്തനെ 2 മാസം മുമ്പ്‌ തലയ്‌ക്കടിച്ച്‌ കോണ്‍ഗ്രസ്സുകാരന്‍ കൊലപ്പെടുത്തി.
ഏത്‌ തരത്തില്‍ പ്രകോപനമുണ്ടായാലും സമാധാന ജീവിതം തകര്‍ക്കുന്ന നടപടികളിലേക്ക്‌ സി.പി.ഐ (എം) പ്രവര്‍ത്തകരും, പാര്‍ടിയെ സ്‌നേഹിക്കുന്നവരും കടക്കരുതെന്നാണ്‌ സി.പി.ഐ (എം) ന്റെ സുദൃഢമായ നിലപാട്‌. അതിന്‌ വിരുദ്ധമായി പെരുമാറുന്നവരെ ഒരുതരത്തിലും പാര്‍ടി സംരക്ഷിക്കില്ല. അതാണ്‌ കാസര്‍കോഡ്‌ പെരിയ സംഭവത്തില്‍ സ്വീകരിച്ചത്‌. പെരിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എല്‍.ഡി.എഫിനും വിശിഷ്യാ സി.പി.ഐ (എം) നുമെതിരെ വലിയ തോതില്‍ കുപ്രചാരണം നടത്തുന്നതില്‍ ശത്രുചേരിയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കൊപ്പം ഒരു വിഭാഗം മാധ്യമങ്ങളും യോജിച്ച്‌ നീങ്ങുന്നുണ്ട്‌. എന്നാല്‍ കടയ്‌ക്കല്‍ കൊലപാതകം ഉള്‍പ്പെടെയുള്ള സംഭവത്തിലാകട്ടെ രാഷ്ട്രീയ ക്രിമിനലുകളെ വെള്ളപൂശുകയും വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കങ്ങളായി ചുരുക്കുകയും അതിലൂടെ കോണ്‍ഗ്രസ്സിന്റെ കൊലക്കത്തി രാഷ്ട്രീയത്തെ മറച്ചുപിടിയ്‌ക്കുകയുമാണ്‌.
കേരളത്തില്‍ അക്രമരാഷ്ട്രീയത്തിന്‌ ഇരയായി 600 ലേറെ സഖാക്കളുടെ ജീവനാണ്‌ സി.പി.ഐ (എം) ന്‌ നഷ്ടപ്പെട്ടത്‌. കോണ്‍ഗ്രസ്സ്‌, ബി.ജെ.പി - ആര്‍.എസ്‌.എസ്‌, ഇതര രാഷ്ട്രീയ പാര്‍ടികള്‍, പോലീസ്‌ ആക്രമണങ്ങള്‍ക്ക്‌ ഇരയായാണ്‌ ഇവര്‍ കൊല്ലപ്പെട്ടത്‌. ഒരു വശത്ത്‌ ഗാന്ധിസവും അഹിംസയും ഉരുവിടുകയും മറുവശത്ത്‌ വടിവാളും കൊലക്കത്തിയും ഉയര്‍ത്തുകയുമാണ്‌ ഇവിടുത്തെ കോണ്‍ഗ്രസ്സ്‌ ചെയ്യുന്നത്‌. കടയ്‌ക്കല്‍ സംഭവത്തില്‍ ശക്തമായും ജനാധിപത്യപരമായും സമാധാനപരമായും പ്രതിഷേധിക്കാന്‍ കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.