സി.പി.ഐ (എം) ന്‍റെ വിവിധ ഘടകങ്ങളുടെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഫണ്ട് സ്വരൂപിക്കാന്‍ പാര്‍ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. 2018 ഡിസംബര്‍ 1 മുതൽ 20 വരെയുള്ള തീയതികളിൽ ഫണ്ട് സ്വരൂപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മുഴുവന്‍ പാര്‍ടി ഘടകങ്ങളോടും സഖാക്കളോടും സംസ്ഥാന കമ്മിറ്റി അഭ്യര്‍ത്ഥിക്കുന്നു.

പാര്‍ടി ഫണ്ട് വിജയിപ്പിക്കുക
-------------------------------------------
സി.പി.ഐ (എം) ന്‍റെ വിവിധ ഘടകങ്ങളുടെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഫണ്ട് സ്വരൂപിക്കാന്‍ പാര്‍ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. 2018 ഡിസംബര്‍ 1 മുതൽ 20 വരെയുള്ള തീയതികളിൽ ഫണ്ട് സ്വരൂപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മുഴുവന്‍ പാര്‍ടി ഘടകങ്ങളോടും സഖാക്കളോടും സംസ്ഥാന കമ്മിറ്റി അഭ്യര്‍ത്ഥിക്കുന്നു.

ആഗോളവൽക്കരണനയങ്ങള്‍ കൂടുതൽ ശക്തമായി നടപ്പിലാക്കുകയാണ് ബി.ജെ.പി സര്‍ക്കാര്‍. അതിന്‍റെ ഫലമായി ജനജീവിതം കൂടുതൽ ദുഃസ്സഹമാവുകയാണ്. കോര്‍പ്പറേറ്റുകളെ സഹായിക്കുന്നതിനു വേണ്ടി കൊണ്ടുവന്ന നോട്ട് അസാധുവാക്കൽ മൂലം ജനങ്ങള്‍ നേരിട്ട ദുരിതം വിവരണാതീതമാണ്. ജനജീവിതം ദുസ്സഹമാകുമ്പോള്‍ ഉയര്‍ന്നുവരുന്ന ചെറുത്തുനിൽപ്പുകളെ ഇല്ലാതാക്കുന്നതിന് വര്‍ഗീയവികാരം കുത്തിപ്പൊക്കുന്നതിനുള്ള ശ്രമങ്ങളും രാജ്യവ്യാപകമായി നടപ്പിലാക്കുകയാണ്.
ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് സുപ്രീംകോടതി പ്രഖ്യാപിച്ച വിധിയ്ക്കെതിരെ ബി.ജെ.പി നടത്തുന്ന പ്രതിഷേധങ്ങള്‍ ഇതിന്‍റെ പ്രത്യക്ഷ ഉദാഹരണമാണ്. ദളിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരായ അക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്നു. രാജ്യത്തിന്‍റെ മതനിരപേക്ഷതയും ഫെഡറൽ ഘടനയും തകര്‍ക്കുന്നതിനുള്ള ശ്രമങ്ങളും ശക്തിപ്പെട്ടിരിക്കുകയാണ്.

കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ രാജ്യത്തിന് തന്നെ മാതൃകയായി ഒട്ടേറെ ജനോപകാരപ്രദമായ നടപടികളുമായി മുന്നോട്ടു പോകുകയാണ്. ഹരിതകേരളത്തിനും, പൊതുവിദ്യാഭ്യാസത്തിനും, പൊതുജനാരോഗ്യത്തിനും വേണ്ടി പ്രഖ്യാപിച്ച പദ്ധതികളും, സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയും നടപ്പാക്കാനുള്ള തീരുമാനവും, പ്രളയദുരന്തത്തെ നേരിട്ടതും ജനങ്ങളിൽ വലിയ ആത്മവിശ്വാസവും മതിപ്പുമാണ് സൃഷ്ടിച്ചിട്ടുള്ളത്.
ഇന്ത്യയിലെ സാധാരണക്കാരായ ബഹുജനങ്ങളിൽ നിന്നും ഫണ്ട് ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ടിയാണ് സി.പി.ഐ (എം). ബി.ജെ.പിയും കോണ്‍ഗ്രസ്സും ഉള്‍പ്പെടെയുള്ള ബൂര്‍ഷ്വാ പാര്‍ടികള്‍ പ്രവര്‍ത്തിക്കുന്നത് കോര്‍പ്പറേറ്റുകളുടെ പണത്തിന്‍റെ പിന്‍ബലത്തിലാണ്. അതുകൊണ്ടുതന്നെ കോര്‍പ്പറേറ്റ് രാഷ്ട്രീയത്തെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ്സും ബി.ജെ.പിയും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ടികള്‍ക്ക് കഴിയില്ല. കോര്‍പ്പറേറ്റ് കമ്പനികളിൽ നിന്നും വാങ്ങുന്ന സംഭാവനകള്‍ ജനങ്ങള്‍ അറിയാതിരിക്കുന്നതിന് വേണ്ടിയാണ് ബി.ജെ.പി സര്‍ക്കാര്‍ ഇലക്ട്രൽ ബോണ്ട് സമ്പ്രദായം കൊണ്ടുവന്നത്.

കോര്‍പ്പറേറ്റ് കമ്പനികളുടെ സംഭാവന സ്വീകരിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച പാര്‍ടിയാണ് സി.പി.ഐ (എം). ആഗോളവൽക്കരണ സാമ്പത്തിക നയങ്ങള്‍ക്കെതിരായും കോര്‍പ്പറേറ്റുവൽക്കരണത്തിനെതിരായും വര്‍ഗീയതയ്ക്കെതിരായും അഴിമതിക്കെതിരായും ലക്ഷ്യബോധത്തോടെ പൊരുതുന്നത് സി.പി.ഐ (എം) ആണ്. തൊഴിലാളിവര്‍ഗ പ്രസ്ഥാനമായ സി.പി.ഐ (എം)ന്‍റെ പ്രവര്‍ത്തനത്തിന് അധ്വാനിക്കുന്ന ബഹുജനങ്ങളാണ് എല്ലാ കാലത്തും സഹായങ്ങള്‍ നൽകിവന്നിട്ടുള്ളത്.
പാര്‍ടിയുടെ വിവിധ നിലവാരങ്ങളിലുള്ള ഘടകങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ബഹുജനങ്ങള്‍ക്കിടയി നിന്ന് ഫണ്ട് സമാഹരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. എല്ലാ പാര്‍ടി മെമ്പര്‍മാരും അവരവരുടെ കഴിവിനനുസരിച്ച് സംഭാവന നൽകണം. പാര്‍ടി ഘടകങ്ങള്‍ വീടുകളിലും തൊഴിൽ സ്ഥാപനങ്ങളിലും ബഹുജനങ്ങളെ നേരിട്ടുകണ്ട് ഫണ്ട് ശേഖരിക്കണം. ഫണ്ടിനായി പാര്‍ടി പ്രവര്‍ത്തകര്‍ സമീപിക്കുമ്പോള്‍ എല്ലാ സഹായ സഹകരണങ്ങളും നൽകണമെന്ന് മുഴുവന്‍ ബഹുജനങ്ങളോടും സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി അഭ്യര്‍ത്ഥിക്കുന്നു.