സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന


നവംബര്‍ 26 ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കാന്‍ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ മുഴുവന്‍ ജനാധിപത്യ വിശ്വാസികളോടും അഭ്യര്‍ത്ഥിച്ചു. 
ഇന്ത്യന്‍ ഭരണഘടനയുടെ ഗുണപരമായ എല്ലാ നിലപാടുകളെയും തകര്‍ക്കുന്നതിനുള്ള ആസുത്രിത നീക്കമാണ്‌ ആര്‍.എസ.്‌എസ്‌ നിയന്ത്രിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌. മതനിരപേക്ഷത, പാര്‍ലമെന്ററി ജനാധിപത്യം, ഫെഡറലിസം തുടങ്ങിയ ഭരണഘടനാ മൂല്യങ്ങളെ ഇല്ലാതാക്കാനുള്ള ബോധപൂര്‍വമായ പരിശ്രമങ്ങളാണ്‌ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്‌. ഈ സാഹചര്യത്തിലാണ്‌ ഇന്ത്യന്‍ ഭരണഘടനയുടെ ഡ്രാഫ്‌റ്റ്‌ ഭരണഘടനാ നിര്‍മ്മാണ സമിതി അംഗീകരിച്ച നവംബര്‍ 26-ാം തീയതി ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കാനുള്ള തീരുമാനമെടുത്തത്‌.
ഇന്ത്യയിലെ സ്വാതന്ത്ര്യസമരത്തിന്‌ വ്യത്യസ്‌തമായ ധാരകളുണ്ടായിരുന്നു. അവയുടെയെല്ലാം ഗുണപരമായ കാഴ്‌ചപ്പാടുകളെ സ്വാംശീകരിച്ചുകൊണ്ടാണ്‌ ഇന്ത്യന്‍ ഭരണഘടന രൂപീകരിക്കപ്പെട്ടത്‌. ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന വ്യത്യസ്‌ത കാഴ്‌ചപ്പാടുകളെയും ആധുനിക ജനാധിപത്യത്തിന്റെ കാഴ്‌ചപ്പാടുകളെയും ഉള്‍ക്കൊണ്ടുകൊണ്ട്‌ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ്‌ ഇതിലെ കാഴ്‌ചപ്പാടുകള്‍ രൂപീകരിക്കപ്പെട്ടത്‌. സ്വാതന്ത്ര്യസമര പ്രക്ഷോഭത്തില്‍ പങ്കാളിത്തമില്ലാതിരുന്ന ആര്‍.എസ.്‌എസിന്‌ അതുകൊണ്ടുതന്നെ ദേശീയപ്രസ്ഥാനത്തിന്റെ ഇത്തരം മുല്യങ്ങളെ അംഗീകരിക്കാന്‍ തയ്യാറാകാത്ത സ്ഥിതിയുണ്ടായി. എന്നാല്‍ അതൊക്കെ ജനാധിപത്യ ബോധത്തോടുകൂടി കാണാനും സംവാദങ്ങളില്‍ ഏര്‍പ്പെടാനും അക്കാലത്തെ ഇന്ത്യന്‍ ദേശീയ നേതൃത്വത്തിന്‌ കഴിഞ്ഞിരുന്നു.
ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിക്കേണ്ടെന്നും അത്‌ കേവലം അംബേദ്‌ക്കര്‍ സ്‌മൃതിയാണെന്നും നമുക്ക്‌ വേണ്ടത്‌ മനുസ്‌മൃതിയാണെന്നും ബി.ജെ.പി മുദ്രാവാക്യം ഉയര്‍ത്തി കഴിഞ്ഞിരിക്കുകയാണ്‌. വര്‍ണ്ണാശ്രമ ധര്‍മ്മത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഹിന്ദുത്വ പ്രത്യയശാസ്‌ത്രമാണ്‌ അവര്‍ മുന്നോട്ടുവയ്‌ക്കുന്നത്‌. ഇന്ത്യയുടെ ജനാധിപത്യ മതനിരപേക്ഷ പാരമ്പര്യത്തെ അവസാനിപ്പിക്കാനാണ്‌ അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. മനുവാദികളുടെ അഴിഞ്ഞാട്ടം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഗീയ കലാപങ്ങളായി രാജ്യത്ത്‌ സമാധാനം തകര്‍ക്കുകയാണ്‌. ഇന്ത്യന്‍ ഭരണഘടനയുടെ ഡ്രാഫ്‌റ്റ്‌ അവതരിപ്പിച്ചുകൊണ്ടുള്ള പ്രസംഗത്തില്‍ അംബേദ്‌ക്കര്‍ ഭയപ്പെട്ടത്‌ പലതും ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്‌. സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കേന്ദ്രം കവര്‍ന്നെടുക്കുന്നു, ന്യുനപക്ഷങ്ങളും ദളിത്‌ ജനവിഭാഗങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി അക്രമിക്കപ്പെടുന്നു, സാമൂഹ്യ നീതിക്ക്‌ യാതൊരു പരിഗണനയും നല്‍കാതെ ശതകോടിശ്വരന്മാരുടെ താല്‍പ്പര്യം സംരക്ഷിക്കാനായി പുതിയ നിയമനിര്‍മ്മാണങ്ങളുണ്ടാക്കുന്നു. ഇതൊക്കെ ഇന്ത്യയെന്ന മതനിരപേക്ഷരാജ്യത്തിന്റെ അടിത്തറ തകര്‍ക്കുന്നതിലേക്കാണ്‌ എത്തിച്ചേരുക. 
ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കുകയെന്നത്‌ ഇന്ത്യയുടെ ഉജ്ജ്വലമായ ദേശീയ പ്രസ്ഥാനത്തില്‍ അഭിമാനംകൊള്ളുന്ന സകലമനുഷ്യരുടേയും കടമയാണ്‌. സി.പി.ഐ(എം) നേതൃത്വത്തില്‍ നവംബര്‍ 26ന്‌ സംസ്ഥാന വ്യാപകമായി ഭരണഘടന സംരക്ഷണ ദിനപരിപാടികള്‍ സംഘടിപ്പിക്കും. ജില്ലാ കേന്ദ്രങ്ങളില്‍ സെമിനാറുകള്‍ പ്രഭാഷണങ്ങള്‍ എന്നിവയ്‌ക്കൊപ്പം വ്യാപകമായ നിലയില്‍ ഭരണഘടനാ സംരക്ഷണ ക്യാമ്പയിനും സംഘടിപ്പിക്കും. പരിപാടികള്‍ വിജയിപ്പിക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ്‌ മുഴുവന്‍ ജനങ്ങളോടും അഭ്യര്‍ത്ഥിച്ചു.