സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി വിദേശ മലയാളികളില്‍ നിന്നും ധനസമാഹരണത്തിനായുള്ള മന്ത്രിമാരുടെ വിദേശ യാത്രയ്‌ക്ക്‌ അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി കേരളത്തോടുള്ള കടുത്ത അനീതിയാണെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.
പ്രളയത്തെത്തുടര്‍ന്ന്‌ ഏതാണ്ട്‌ 40,000 കോടി രൂപയുടെ നഷ്ടമാണ്‌ കേരളത്തിനുണ്ടായത്‌. ലോകബാങ്കിന്റെ കണക്കനുസരിച്ച്‌ അടിസ്ഥാന സൗകര്യവികസനത്തിന്‌ മാത്രം 27,000 കോടി രൂപ വേണ്ടിവരും. കേരളത്തെ പുനര്‍ നിര്‍മ്മിക്കുന്നതിനായി വ്യക്തികളും സംഘടനകളും ഉള്‍പ്പെടെ നാനാഭാഗത്തു നിന്നും സംഭാവനകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നല്‍കുകയുണ്ടായി എന്നാല്‍ അതുകൊണ്ടുമാത്രം ഈ പ്രതിസന്ധി പരിഹരിക്കാനാകില്ല. ഈ സാഹചര്യത്തിലാണ്‌ പരമാവധി ധനസഹായം ലക്ഷ്യമിട്ട്‌ മന്ത്രിമാര്‍ വിദേശത്തേയ്‌ക്ക്‌ പോകാന്‍ തീരുമാനിച്ചത്‌.
നരേന്ദ്രമോദി ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഗുജറാത്തിന്റെ പുനര്‍നിര്‍മ്മാണത്തിന്‌ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച്‌ സംഭാവനകള്‍ സ്വീകരിച്ചിരുന്നു. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ട സന്ദര്‍ഭത്തില്‍ ഇതേ രീതിയില്‍ കേരളത്തിനും ഫണ്ട്‌ ശേഖരിക്കുന്നതില്‍ തെറ്റില്ലെന്നാണ്‌ അറിയിച്ചിരുന്നത്‌. എന്നാല്‍ ഇതിന്‌ വിപരീതമായി സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്‌ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നിലപാട്‌ സ്വീകരിച്ചിരിക്കുന്നത്‌. നേരത്തെ യു.എ.ഇ സര്‍ക്കാര്‍ കേരളത്തിന്‌ 700 കോടി രൂപ വാഗ്‌ദാനം ചെയ്‌തിരുന്നുവെങ്കിലും ആ തുക സ്വീകരിയ്‌ക്കാന്‍ കേന്ദ്രം അനുവദിച്ചില്ല. ഇതുമൂലം മറ്റു രാജ്യങ്ങളില്‍ നിന്ന്‌ ലഭിക്കാനിടയുണ്ടായിരുന്ന കോടിക്കണക്കിന്‌ രൂപ നഷ്‌ടപ്പെടുത്തുന്നതിനും അത്‌ ഇടയാക്കി. വൈര്യനിരാതന ബുദ്ധിയോടെയുള്ള കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം നിലപാടുകള്‍ കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാണ്‌. ഈ നിലപാട്‌ കേന്ദ്രസര്‍ക്കാര്‍ തിരുത്തണം. പ്രകൃതി ദുരന്തങ്ങളെപ്പോലും രാഷ്‌ട്രീയമായി ഉപയോഗിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സമീപനം കേരളജനത പൊറുക്കില്ല. കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിന്റെ സമ്മര്‍ദ്ധങ്ങള്‍ക്ക്‌ വഴങ്ങിയാണ്‌ കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു സങ്കുചിത നിലപാട്‌ സ്വീകരിച്ചത്‌.
കേരളത്തോടുള്ള ഈ വെല്ലുവിളി ഏറ്റെടുത്ത്‌ കേരളത്തെ പുനര്‍നിര്‍മ്മിയ്‌ക്കാനുള്ള എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക്‌ കരുത്ത്‌ പകരണമെന്ന്‌ ലോകത്തെമ്പാടുമുള്ള മലയാളികളോടും കോടിയേരി ബാലകൃഷ്‌ണന്‍ അഭ്യര്‍ത്ഥിച്ചു. മനുഷ്യത്വരഹിതമായ സമീപനം തിരുത്തി മന്ത്രിമാര്‍ക്ക്‌ യാത്രാനുമതി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും കോടിയേരി പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.