PC Communique

 ഈ നൂറ്റാണ്ട്‌ കണ്ട ഏറ്റവും വലിയ കാലവര്‍ഷക്കെടുതിയിയെ സംബന്ധിച്ച്‌ എ.വിജയരാഘവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാനകമ്മറ്റി വിശദമായി പരിശോധിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ സംസ്ഥാന കമ്മറ്റി അഭിനന്ദിച്ചു.

കേരളത്തിന്റെ മതനിരപേക്ഷ മനസ്സ്‌ നന്നായി പ്രകടമായ സന്ദര്‍ഭം കൂടിയായിരുന്നു ഇത്‌. കേരളീയ ജനതയുടെ മാനവീകതയും സാമൂഹ്യപ്രതിബദ്ധതയും ഏകമനസ്സോടെയുളള ഇടപെടലുകളും തെളിഞ്ഞുനിന്ന പ്രവര്‍ത്തനമായിരുന്നു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായതെന്നും സംസ്ഥാന കമ്മറ്റി വിലയിരുത്തി.
കേരളം കണ്ട ഏറ്റവും വലിയ കാലവര്‍ഷക്കെടുതിയെ അതിജീവിക്കുന്നതിന്‌ ശരിയായ കാഴ്‌ചപ്പാടോടെയുള്ള ഇടപെടലാണ്‌ സര്‍ക്കാര്‍ നടത്തിയത്‌. എല്ലാ വിഭാഗം ജനങ്ങളുടേയും അംഗീകാരം നേടുന്ന സ്ഥിതിയിലേക്ക്‌ ഇത്‌ മാറുകയും ചെയ്‌തു. ദുരന്തസാധ്യതകളെ തിരിച്ചറിഞ്ഞ ഘട്ടത്തില്‍ തന്നെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ കൂട്ടിയോജിപ്പിച്ചു കൊണ്ട്‌ നിരന്തരമായി നടത്തിയ ഇടപെടലുകളും തീരുമാനങ്ങളുമാണ്‌ സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനത്തിന്‌ അടിസ്ഥാനമായത്‌. സര്‍ക്കാര്‍ സംവിധാനങ്ങളേയും സന്നദ്ധ സംഘടനകളേയും ബഹജനങ്ങളേയും തമ്മില്‍ വിളക്കിച്ചേര്‍ത്തുകൊണ്ടുള്ള പ്രവര്‍ത്തന ശൈലി രക്ഷാപ്രവര്‍ത്തനത്തിന്‌ കരുത്തായി.
പുനര്‍നിര്‍മ്മാണമെന്ന ഗൗരവകരമായ പ്രശ്‌നം ശരിയായ രീതിയില്‍ നടപ്പിലാക്കേണ്ടതുണ്ട്‌. പ്രളയത്തിന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പാരിസ്ഥിതികമായ സവിശേഷതകളെക്കൂടി ഉള്‍ക്കൊണ്ടുകൊണ്ട്‌ ഈ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാനാവണം. ലോകത്തെമ്പാടുമുള്ള അനുഭവങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട്‌ നമ്മുടെ നാടിന്‌ അനുയോജ്യമായ വിധത്തിലുള്ള പുനര്‍നിര്‍മ്മാണമാണ്‌ നടത്തേണ്ടത്‌. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടി നല്ല നിലയില്‍ മുന്നോട്ടുകൊണ്ടുപോകാനാവണം.
കേരള ജനത ഒറ്റമനസ്സോടെ ദുരന്തത്തെ അതിജീവിക്കുന്നതിന്‌ വേണ്ടി പ്രയത്‌നിച്ചു കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ അതിന്‌ തുരങ്കം വെയ്‌ക്കാനുതകുന്ന പ്രവര്‍ത്തനശൈലിയാണ്‌ യു.ഡി.എഫും ബി.ജെ.പിയും സ്വീകരിച്ചത്‌. സൈന്യത്തെ രക്ഷാപ്രവര്‍ത്തനം ഏല്‍പ്പിക്കണമെന്ന ആവശ്യം പ്രളയഘട്ടത്തില്‍ തന്നെ മുന്നോട്ടുവെച്ച്‌ രക്ഷാപ്രവര്‍ത്തകരുടെ ആത്മവിശ്വാസം തകര്‍ക്കാനുള്ള ഇടപെടല്‍ നടത്തി. ഫലപ്രദമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളെയാകെ അണിനിരത്തി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കെ പ്രളയം മനുഷ്യ സൃഷ്ടിയാണ്‌ എന്ന കളളപ്രാചാരവേല അഴിച്ചുവിടുന്നതിനും ഇവര്‍ തയ്യാറായി. 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ജനങ്ങള്‍ അകമഴിഞ്ഞ്‌ സംഭാവന ചെയ്യുമ്പോള്‍ ഓഖി ഫണ്ടിനെക്കുറിച്ച്‌ തെറ്റായ പ്രചാരവേലകള്‍ നടത്തി ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയെ തടയുന്നതിനുള്ള നടപടിയും സ്വീകരിച്ചു. സാലറി ചലഞ്ചിന്‌ വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ ആഹ്വാനം സ്വീകരിച്ച്‌ ജനങ്ങള്‍ സംഭാവന നല്‍കുമ്പോള്‍ അതിനെ തടയുന്നതിനുള്ള പ്രചാരവേലകളും സംഘടിപ്പിച്ചു. ഏറ്റവും ക്രിയാത്മകമായി മുന്നോട്ടു പോകുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയ്‌ക്കെതിരെ പ്രചാരവേല നടത്തി പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനത്തിനുള്ള സമ്പത്ത്‌ ഒരുക്കുകൂട്ടുന്ന നടപടികളേയും തടസ്സപ്പെടുത്തുന്ന നിലപാടാണ്‌ സ്വീകരിച്ചത്‌. കേരളം നേരിട്ട ദുരന്തത്തെ പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനത്തെ തുരങ്കം വെയ്‌ക്കാനുള്ള ഇത്തരം ചെയ്‌തികളെ ജനങ്ങള്‍ തിരിച്ചറിയണം. 
കേരളം നേരിട്ട ഈ ദുരന്തത്തെ സഹായിക്കുന്നതിനുള്ള ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനുണ്ട്‌. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച്‌ അടിയന്തിര സഹായം പ്രഖ്യാപിച്ചുവെങ്കിലും തുടര്‍ന്ന്‌ സംസ്ഥാനത്തെ സഹായിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിന്‌ ഇടപെട്ടിട്ടില്ല. കേരളത്തിന്‌ അര്‍ഹതപ്പെട്ട കേന്ദ്രസഹായം നല്‍കുന്നതിന്‌ വിമുഖത കാണിയ്‌ക്കുകയാണ്‌ കേന്ദ്രസര്‍ക്കാര്‍. വ്യത്യസ്‌ത രീതിയിലൂടെ സംസ്ഥാനത്തെ സഹായിക്കാനുള്ള സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളെ സ്വീകരിയ്‌ക്കാന്‍ പോലും തയ്യാറാകാത്ത സ്ഥിതിയാണുള്ളത്‌. 
കേരളത്തിനായി 700 കോടി രൂപ നല്‍കാമെന്ന യു.എ.ഇയുടെ വാഗ്‌ദാനം തടയുന്ന നിലപാടാണ്‌ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്‌. ഇതിലൂടെ യു.എ.ഇയുടെ സഹായം മാത്രമല്ല ലോകത്ത്‌ വിവിധ രാജ്യങ്ങളില്‍ നിന്ന്‌ ലഭിയ്‌ക്കേണ്ട സാഹായം തന്നെ ഇല്ലാതാകുന്ന സ്ഥിതിയുമുണ്ടായി. ഗുജറാത്തില്‍ ഉള്‍പ്പെടെ പ്രകൃതി ദുരന്തമുണ്ടായപ്പോള്‍ വിദേശ സഹായം സ്വീകരിച്ച സ്ഥാനത്താണ്‌ കേരളത്തിന്‌ ഇത്‌ നിഷേധിക്കുന്ന സ്ഥിതി ഉണ്ടായിട്ടുള്ളത്‌. സംഘപരിവാര്‍ സംഘടനകളാകട്ടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ തുരങ്കം വയ്‌ക്കുന്ന നടപടികളും ഈ അവസരത്തില്‍ തന്നെ നടത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന നല്‍കരുതെന്ന്‌ പ്രചരിപ്പിച്ചു കൊണ്ട്‌ സ്വന്തമായി പണം പിരിയ്‌ക്കാനാണ്‌ സേവാഭാരതി തയ്യാറായത്‌. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ രാഷ്‌ട്രീയമായ വിവേചനത്തിന്റെ അടിസ്ഥാനത്തില്‍ കാണുന്ന ഈ സമീപനത്തെ കേരള ജനത ഒറ്റക്കെട്ടായി എതിര്‍ക്കേണ്ടതുണ്ട്‌. 
സമാനതകളില്ലാത്ത ദുരന്തത്തെ അതിജീവിക്കുന്നതിന്‌ അടിസ്ഥാന കാരണമായി തീര്‍ന്നത്‌ നമ്മുടെ ജനാധിപത്യ ബോധവും മതനിരപപേക്ഷതയുടെ കാഴ്‌ചപ്പാടുകളുമാണ്‌. കേരളത്തിന്റെ ഈ പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട്‌ ഇടപെട്ട എല്ലാ വിഭാഗം ജനങ്ങളേയും പാര്‍ടി സംസ്ഥാന കമ്മിറ്റി അഭിവാദ്യം ചെയ്യുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി രാജ്യത്തെ പാര്‍ടിയുടെ വിവിധ ഘടകങ്ങള്‍ 34,01,85,677/- രൂപ സമാഹരിച്ച്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്‌. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന്‌ വേണ്ടിയുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുമായി മുഴുവന്‍ ജനവിഭാഗങ്ങളും സഹകരിക്കണമെന്നും പാര്‍ടി സംസ്ഥാന കമ്മിറ്റി അഭ്യര്‍ത്ഥിയ്‌ക്കുന്നു.