എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

ഇന്ധന വില വര്‍ദ്ധന : 17-ന്‌ സായാഹ്ന ധര്‍ണ്ണ

ഇന്ധനവിലവര്‍ദ്ധനയ്‌ക്കെതിരെ ദേശവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി എല്‍.ഡി.എഫ്‌. ആഭ്യമുഖ്യത്തില്‍ സെപ്‌തംബര്‍ 17-ന്‌ സംസ്ഥാനത്ത്‌ മണ്ഡലാടിസ്ഥാനത്തില്‍ സായാഹ്ന ധര്‍ണ്ണ നടത്തും. കഴിഞ്ഞ ഒരു മാസത്തിനുളളില്‍ മാത്രം മൂന്ന്‌ രൂപയിലും കൂടുതലാണ്‌ പെട്രോളിനും ഡീസലിനും വില വര്‍ദ്ധിപ്പിച്ചത്‌. പാചകവാതക വിലയും അനുദിനം കുത്തനെ കൂട്ടിക്കൊണ്ടിരുന്നു.
ഇന്ധനവിലവര്‍ദ്ധന ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്‌ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെയാണ്‌. കൂടാതെ, അതിരൂക്ഷമായ പ്രളയ ദുരന്തത്തില്‍പ്പെട്ട്‌ താളംതെറ്റിയ ജനജീവിതത്തിന്‌ മേല്‍ കേന്ദ്രസര്‍ക്കാര്‍ ഏല്‍പ്പിക്കുന്ന ഈ ആഘാതം താങ്ങാവുന്നതിലും അപ്പുറമാണ്‌.
ഇന്ധനവില കുറക്കുമെന്നതായിരുന്നു 2014-ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും. നരേന്ദ്രമോദിയും ജനങ്ങള്‍ക്ക്‌ മുന്നില്‍വെച്ച പ്രധാന വാഗ്‌ദാനം. എന്നാല്‍ കുറച്ചില്ലെന്ന്‌ മാത്രമല്ല വില അതിന്റെ പാരമ്യത്തില്‍ എത്തി നില്‍ക്കുകയുമാണ്‌. അന്ന്‌ ഡീസലിനും, പെട്രോളിനും യഥാക്രമം ലിറ്ററിന്‌ 3.46 രൂപയും, 9.48 രൂപയും മാത്രമായിരുന്നു എക്‌സൈസ്‌ തീരുവയെങ്കില്‍ ഇന്നത്‌ 15.33, 19.48 എന്നീ ക്രമത്തില്‍ കുത്തനെ കൂട്ടി. എണ്ണക്കമ്പനികള്‍ അനുദിനം വിലകൂട്ടുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ചെറുവിരല്‍ അനക്കുന്നില്ലെന്ന്‌ മാത്രമല്ല, അവര്‍ക്ക്‌ എല്ലാവിധ ഒത്താശയും ചെയ്‌ത്‌ കൊടുക്കുകയും ചെയ്യുന്നു. കുത്തക എണ്ണക്കമ്പനികളാകട്ടെ സാമ്പത്തികമായി കൊഴുത്തു വളരുകയുമാണ്‌.
ഇതെല്ലാം രാജ്യത്ത്‌ ഉണ്ടാക്കുന്നത്‌ അതിരൂക്ഷമായ പ്രതിസന്ധിയാണ്‌. മോദി സര്‍ക്കാരിന്റെ ഇത്തരം നയങ്ങള്‍ക്കെതിരെ രാജ്യമെങ്ങും അതിശക്തമായ പ്രക്ഷോഭങ്ങളാണ്‌ നടന്നുവരുന്നത്‌. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും സ്‌ത്രീകളുമെല്ലാം പ്രക്ഷോഭത്തിന്റെ പാതയിലാണ്‌. ഇത്തരം പ്രക്ഷോഭങ്ങള്‍ക്ക്‌ കരുത്ത്‌ പകരുന്നതിലൂടെ മാത്രമേ ജനവിരുദ്ധ നയങ്ങള്‍ തിരുത്തിക്കാനും ജനവിരുദ്ധ നയങ്ങള്‍ തുടരുന്ന കേന്ദ്ര സര്‍ക്കാരിനെ താഴെയിറക്കാനും കഴിയൂ. ഈ സാഹചര്യത്തിലാണ്‌ കേരളത്തിലും സെപ്‌തംബര്‍ 17-ന്‌ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്‌. വൈകിട്ട്‌ 4 മണി മുതല്‍ 7 മണിവരെ നടക്കുന്ന പ്രക്ഷോഭം വിജയിപ്പിക്കുവാന്‍ മുഴുവന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രവര്‍ത്തകരും ബഹുജനങ്ങളാകെയും അണിനിരക്കണം.