എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

കാസര്‍ഗോഡ്‌ ജില്ലയിലെ ഉപ്പളയില്‍ സി.പി.ഐ(എം) പ്രവര്‍ത്തകന്‍ അബ്ദുള്‍ സിദ്ദിഖിനെ ബി.ജെ.പി.-ആര്‍.എസ്‌.എസ്‌. ക്രിമിനല്‍സംഘം വെട്ടിക്കൊലപ്പെടുത്തിയ തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന്‌ എല്‍.ഡി.എഫ്‌. കണ്‍വീനര്‍ എ.വിജയരാഘവന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.
ബി.ജെ.പി-ആര്‍.എസ്‌.എസ്‌. ക്രമിനലുകളും മാഫിയാ സംഘങ്ങളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ തുടര്‍ച്ചയായാണ്‌ അബ്ദുള്‍ സിദ്ദിഖിനെ വെട്ടിക്കൊന്നത്‌. സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിട്ട്‌ മുതലെടുപ്പ്‌ നടത്താനാണ്‌ വര്‍ഗ്ഗീയവാദികള്‍ ശ്രമിക്കുന്നത്‌.
ഒരുവശത്ത്‌ സംഘപരിവാര്‍ നേതൃത്വത്തില്‍ ഹിന്ദു വര്‍ഗ്ഗീയവാദികളും മറുവശത്ത്‌ എസ്‌.ഡി.പി.ഐ. നേതൃത്വത്തില്‍ മുസ്ലിം വര്‍ഗ്ഗീയവാദികളും നാട്ടില്‍ അക്രമം അഴിച്ചുവിടുകയാണ്‌. എറണാകുളം മഹാരാജാസ്‌ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യുവിനെ എസ്‌.ഡി.പി.ഐ. അക്രമി സംഘം കുത്തികൊലപ്പെടുത്തിയതിന്റെ വേദനയില്‍ നാട്‌ ഇപ്പോഴും തേങ്ങുകയാണ്‌. അതിനിടയിലാണ്‌ ആര്‍.എസ്‌.എസുകാര്‍ വീണ്ടും ഒരു സി.പി.ഐ(എം) പ്രവര്‍ത്തകനെ കൊലക്കത്തിക്കിരയാക്കിയത്‌.
ഇത്തരം അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കുമെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ മുഴുവന്‍ ജനാധിപത്യവാദികളും രംഗത്തിറങ്ങണം. നാടിന്റെ സൈ്വര്യജീവിതം തകര്‍ക്കുന്ന ഇത്തരം ക്ഷുദ്രശക്തികളെ ഒറ്റപ്പെടുത്തണം. പ്രതികളെ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവന്ന്‌ മതിയായ ശിക്ഷ ഉറപ്പുവരുത്തണം.