എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

ബംഗാളിലേയും ത്രിപുരയിലേയും ജനാധിപത്യ കശാപ്പിനും, മനുഷ്യ കുരുതിയ്‌ക്കുമെതിരെ ജൂലൈ 24 ന്‌ നടക്കുന്ന ദേശീയ പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി കേരളത്തില്‍ 14 ജില്ലാ കേന്ദ്രങ്ങളിലും നടത്തുന്ന സായാഹ്ന ധര്‍ണ്ണ വിജയിപ്പിക്കണമെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍ അഭ്യര്‍ത്ഥിച്ചു.
ബംഗാളിലെ ത്രിണമൂല്‍ ഭരണകൂടവും, ത്രിപുരയിലെ ബി.ജെ.പി സഖ്യ സര്‍ക്കാരും ഒരമ്മ പെറ്റ മക്കളെപ്പോലെ അക്രമവും ഭീകരതയും പരത്തുകയാണ്‌. എതിര്‍ക്കുന്നവരെയെല്ലാം ഉന്മൂലനം ചെയ്യുന്ന ത്രിണമൂലും, ബി.ജെ.പിയും ജനാധിപത്യ സംവിധാനങ്ങളെ നോക്കുകുത്തിയാക്കുന്നു. ദളിതര്‍ക്കും, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കുമെതിരെ രാജ്യവ്യാപകമായി നടക്കുന്ന അക്രമം ഈ രണ്ട്‌ സംസ്ഥാനങ്ങളിലും വര്‍ദ്ധിച്ച തോതിലാണ്‌. മനുഷ്യാവകാശവും, സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്ന ഈ സംസ്ഥാനങ്ങളില്‍ ഏകാധിപത്യ ഭരണത്തിന്‌ സമാനമായ അന്തരീക്ഷമാണ്‌ നിലനില്‍ക്കുന്നത്‌.
ബംഗാളില്‍ സി.പി.ഐ (എം) പ്രവര്‍ത്തകരെ ത്രിണമൂലുകാര്‍ കൂട്ടക്കൊല ചെയ്യുന്നു. 2016 ന്‌ ശേഷവും 31 സി.പി.ഐ (എം) പ്രവര്‍ത്തകരാണ്‌ കൊല്ലപ്പെട്ടത്‌. ത്രിണമൂല്‍ ഭീകരത ഭയന്ന്‌ ആയിരക്കണക്കിന്‌ പേര്‍ വീട്‌ ഉപേക്ഷിച്ച്‌ പാലായനം ചെയ്‌തു. പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷി അഴിച്ചുവിട്ടത്‌ സമാനതകളില്ലാത്ത അക്രമമാണ്‌. ഈ അക്രമങ്ങള്‍ക്കൊക്കെ പോലീസ്‌ തണലൊരുക്കുന്നു.
ത്രിപുരയില്‍ ബി.ജെ.പി അധികാരത്തിലേറിയതിനു പിന്നാലെ താലിബാനെ ഓര്‍മ്മപ്പെടുത്തുന്ന തരത്തില്‍ അക്രമങ്ങള്‍ അഴിച്ചു വിടുകയായിരുന്നു. നാല്‌ സി.പി.ഐ (എം) പ്രവര്‍ത്തകരെ കൊലപ്പെടുത്തി. നൂറ്‌ സ്‌ത്രീകള്‍ ഉള്‍പ്പെടെ ആയിരത്തോളം ഇടത്‌ മുന്നണി പ്രവര്‍ത്തകര്‍ക്ക്‌ പരുക്കേറ്റു. സ്‌മാരകങ്ങള്‍ തകര്‍ത്തു. വീടുകള്‍ നശിപ്പിച്ചു. പാര്‍ടി ഓഫീസുകള്‍ തകര്‍ത്തു.
ഭരണകൂട ഭീകരതയെ ഭയന്ന്‌ ഈ സംസ്ഥാനങ്ങളിലെ സാധാരണക്കാര്‍ക്ക്‌ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ്‌. ഈ സാഹചര്യത്തില്‍ ആഹ്വാനം ചെയ്‌ത സായാഹ്ന ധര്‍ണ്ണ വിജയിപ്പിക്കണമെന്ന്‌ വിജയരാഘവന്‍ അഭ്യര്‍ത്ഥിച്ചു.