സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ത്ത്‌ കലാപം സൃഷ്‌ടിക്കാനുള്ള എസ്‌.ഡി.പി.ഐയുടെ ശ്രമങ്ങളെ തുറന്നു കാണിക്കാനും, മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ചു കൊണ്ട്‌ വര്‍ഗ്ഗീയതയ്‌ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്താനും ജൂലൈ 10 ന്‌ 4 മണി മുതല്‍ 7 മണിവരെ ഏരിയാ കേന്ദ്രങ്ങളില്‍ ജനകീയ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിക്കണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ ആഹ്വാനം ചെയ്‌തു.
എറണാകുളം മഹാരാജാസ്‌ കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിയായ അഭിമന്യുവിനെ നിഷ്‌ഠൂരമായാണ്‌ എസ്‌.ഡി.പി.ഐക്കാര്‍ ആസൂത്രിതമായി കുത്തിക്കൊലപ്പെടുത്തിയത്‌. ഇതിനെത്തുടര്‍ന്ന്‌ ആലപ്പുഴയിലും കൊട്ടാരക്കരയിലും നടന്ന സംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമങ്ങള്‍ വ്യാപിപ്പിക്കാനാണ്‌ എസ്‌.ഡി.പി.ഐ ശ്രമം നടത്തിയത്‌. പാര്‍ടി പ്രവര്‍ത്തകരായ 9 പേരെയാണ്‌ ഇതിനകം ഇവര്‍ കൊലപ്പെടുത്തിയത്‌. താലിബാന്‍ മോഡല്‍ ആക്രമണമാണ്‌ എസ്‌.ഡി.പി.ഐ നടത്തുന്നത്‌. തൊടുപുഴ കോളേജിലെ അധ്യാപകന്റെ കൈ വെട്ടിയെടുത്ത സംഭവം കേരളത്തിലെ ജനങ്ങളെ ഞെട്ടിച്ച സംഭവമായിരുന്നു.
ഭൂരിപക്ഷ വര്‍ഗ്ഗീയതയെ നേരിടാന്‍ സംഘടിക്കണമെന്ന ചിന്ത വളര്‍ത്തി വര്‍ഗ്ഗീയ ധ്രുവീകരണമുണ്ടാക്കാനാണ്‌ എസ്‌.ഡി.പി.ഐ ശ്രമിയ്‌ക്കുന്നത്‌. ആര്‍.എസ്‌.എസ്സും ഇതേ രൂപത്തിലുള്ള പ്രവര്‍ത്തനമാണ്‌ സംഘടിപ്പിക്കുന്നത്‌. നാണയത്തിന്റെ ഇരുവശമാണ്‌ രണ്ട്‌ കൂട്ടരും. എസ്‌.ഡി.പി.ഐ യുടെ ഇത്തരം പ്രവര്‍ത്തനം സംഘപരിവാര്‍ ശക്തികളെ ശക്തിപ്പെടുത്താനേ ഉപകരിക്കുകയുള്ളൂ. ക്യാമ്പസ്‌ ഫ്രണ്ട്‌ എന്ന വിദ്യാര്‍ത്ഥി സംഘടന ക്യാമ്പസിന്റെ ശത്രുവായിട്ടാണ്‌ പ്രവര്‍ത്തിക്കുന്നത്‌. വിദ്യാര്‍ത്ഥി രംഗത്തു നിന്നും ഒറ്റപ്പെട്ട ഇവര്‍ പല രൂപത്തിലുള്ള സംഘടന രൂപീകരിച്ച്‌ വര്‍ഗ്ഗീയ ശക്തികളുടെ കീഴില്‍ അണിനിരത്താനാണ്‌ ശ്രമിക്കുന്നത്‌. എസ്‌.എഫ്‌.ഐയുടെ സ്വാധീനമാണ്‌ അതിന്‌ തടസ്സമെന്ന്‌ വന്നതുകൊണ്ടാണ്‌ എസ്‌.എഫ്‌.ഐയുടെ ഉശിരന്മാരായ പ്രവര്‍ത്തകന്മാരെ കൊലപ്പെടുത്തി, ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ വിദ്യാര്‍ത്ഥികളെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താന്‍ ആസൂത്രിതമായ ശ്രമങ്ങളുമായാണ്‌ ഇപ്പോള്‍ രംഗത്തിറങ്ങിയിട്ടുള്ളത്‌. കത്‌വാ സംഭവത്തിന്റെ പേരില്‍ ആര്‍.എസ്‌.എസ്സും എസ്‌.ഡി.പി.ഐയും ഇരുചേരികളായി വാട്‌സ്‌ ആപ്പ്‌ ഗ്രൂപ്പ്‌ വഴി പ്രചരണം നടത്തി ഹര്‍ത്താല്‍ നടത്താനും അതുവഴി കലാപം നടത്താനും ശ്രമമുണ്ടായപ്പോള്‍ കേരള പോലീസിന്റെ ശക്തമായ ഇടപെടലാണ്‌ ഒരു കലാപത്തില്‍ നിന്ന്‌ കേരളത്തെ രക്ഷിച്ചത്‌. നിതാന്ത ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ ഇത്തരം ശക്തികള്‍ തനിനിറം പ്രകടിപ്പിക്കും. ഇത്‌ കണക്കിലെടുത്ത്‌ ഇത്തരം ശക്തികള്‍ക്കെതിരെ ജാഗ്രത പാലിക്കണം. കരുതലോടൂ കൂടി പ്രവര്‍ത്തിക്കണം. ഇതിന്‌ കേരള സമൂഹത്തെ സജ്ജമാക്കാന്‍ സഹായകമായ വിധത്തിലുള്ള പ്രതിഷേധവും ബോധവത്‌കരണ പ്രവര്‍ത്തനവും നടക്കണം. ഇതിന്റെ ഭാഗമായാണ്‌ ജൂലൈ 10 ന്‌ നടക്കുന്ന പ്രതിഷേധ കൂട്ടായ്‌മ.
കേരളത്തിന്റെ മതനിരപേക്ഷ മനസ്സിന്‌ നേരെയാണ്‌ മതതീവ്രവാദികള്‍ കത്തി താഴ്‌ത്തുന്നത്‌. കേരളത്തിലെ സമാധാനന്തരീക്ഷം തകര്‍ത്ത്‌ വര്‍ഗ്ഗീയത ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ക്കെതിരെ മതനിരപേക്ഷ ചിന്താഗതിക്കാര്‍ ഒറ്റക്കെട്ടായി പ്രതിഷേധമുയര്‍ത്തണമെന്ന്‌ സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ അഭ്യര്‍ത്ഥിച്ചു.