എല്‍.ഡി.എഫ്‌ സംസ്ഥാന കണ്‍വീനര്‍ എ.വിജയരാഘവന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

കേരളത്തോട്‌ കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണം. പ്രധാനമന്ത്രി നരേന്ദ്രമോദിയും, കേന്ദ്ര ബി.ജെ.പി സര്‍ക്കാരും കടുത്ത രാഷ്‌ട്രീയ വിദ്വേഷം മനസ്സില്‍ വെച്ച്‌ സംസ്ഥാനത്തോട്‌ ചിറ്റമ്മ നയമാണ്‌ കാണിക്കുന്നത്‌. സംസ്ഥാന ഭരണത്തലവനായ മുഖ്യമന്ത്രിയെ കാണാന്‍ പോലും അവസരം നല്‍കാത്തത്‌ ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്‌. മുമ്പ്‌ ഒരു പ്രധാനമന്ത്രിയും ഇങ്ങനെയൊരു നിഷേധാത്മക സമീപനം സ്വീകരിച്ചിട്ടില്ല. സംതൃപ്‌തമായ സംസ്ഥാനം, ശക്തമായ കേന്ദ്രം എന്നതാണ്‌ നമ്മുടെ ഫെഡറല്‍ വ്യവസ്ഥയുടെ അന്തഃസത്ത. അതുപോലും പ്രധാനമന്ത്രി മുഖവിലയ്‌ക്കെടുക്കുന്നില്ല.
സംസ്ഥാനത്ത്‌ സര്‍വ്വകക്ഷി യോഗം ചേര്‍ന്ന്‌ തീരുമാനിച്ചത്‌ അനുസരിച്ചുള്ള നിവേദനം നല്‍കാന്‍ ശ്രമിച്ച സര്‍വ്വകക്ഷി സംഘത്തെ കാണാനും നേരത്തെ പ്രധാനമന്ത്രി തയ്യാറായില്ല. അതിന്റെ തുടര്‍ച്ചയായി പല തവണ മുഖ്യമന്ത്രിയ്‌ക്ക്‌ കൂടിക്കാഴ്‌ച നിഷേധിച്ചു. ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കിയതിനെത്തുടര്‍ന്ന്‌ സംസ്ഥാനം അഭിമുഖീകരിക്കുന്ന രൂക്ഷമായ പ്രതിസന്ധി ശ്രദ്ധയില്‍പ്പെടുത്താനും പരിഹാരം തേടാനുമാണ്‌ ഇത്തവണ പ്രധാനമന്ത്രിയെ കാണാന്‍ മുഖ്യമന്ത്രി സമയം ചോദിച്ചത്‌. കേരളത്തില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന റേഷന്‍ വിതരണ സംവിധാനത്തെയാകെ താളംതെറ്റിയ്‌ക്കുന്ന ഈ നിയമത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നും ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്‌ കൂടുതല്‍ ഭക്ഷ്യധാന്യം നല്‍കണമെന്നുമാണ്‌ കേരളത്തിന്റെ ആവശ്യം. ഈ വിഷയം കേന്ദ്രഭക്ഷ്യമന്ത്രിയുമായി സംസാരിച്ചാല്‍ മതിയെന്നാണ്‌ പ്രധാനമന്ത്രിയുടെ നിലപാട്‌. കേന്ദ്രസര്‍ക്കാരിന്റെ നയപരമായ തീരുമാനം ആവശ്യമായതിനാല്‍ ഭക്ഷ്യമന്ത്രിയെ കണ്ടതുകൊണ്ട്‌ കാര്യമില്ല. അതുകൊണ്ടാണ്‌ പ്രധാനമന്ത്രിയെ കാണാന്‍ അവസരം തേടിയതെങ്കിലും, അത്‌ നിഷേധിക്കുകയായിരുന്നു.
റെയില്‍വേ വികസന കാര്യത്തിലും കേരളത്തോട്‌ കടുത്ത വിവേചനമാണ്‌ കാട്ടുന്നത്‌. റെയില്‍വേ കോച്ച്‌ ഫാക്ടറി, പാത ഇരട്ടിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളിലെല്ലാം ഈ വിവേചനം കാണാം. ആകാശത്ത്‌ കൂടി റെയില്‍വേ വികസനം സാധ്യമല്ലെന്ന തരത്തില്‍ റെയില്‍വേ മന്ത്രി പിയൂഷ്‌ ഗോയല്‍ നടത്തിയ പ്രസ്‌താവന പരിഹാസ്യമാണ്‌. കോച്ച്‌ ഫാക്ടറിക്ക്‌ സ്ഥലമേറ്റെടുത്തിട്ടും, കേന്ദ്രം പിന്മാറി. പാതിയിരട്ടിപ്പിക്കലിനും മറ്റുമായി സ്ഥലമേറ്റെടുക്കുന്നതിന്‌ ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ കാണാതെയാണ്‌ കേന്ദ്രമന്ത്രി ഇത്തരം നിരുത്തരവാദിത്തപരമായ പ്രസ്‌താവന നടത്തിയത്‌. കേന്ദ്രമന്ത്രി ഈ പ്രസ്‌താവന പിന്‍വലിക്കാനും, കേരളത്തിന്‌ അര്‍ഹമായ പദ്ധതികള്‍ അനുവദിയ്‌ക്കാനും തയ്യാറാകണം. രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ കേരളത്തിലെ ജനങ്ങളെയാകെ ക്രൂശിക്കാന്‍ ഇത്‌ സാമന്ത ഭരണമല്ലെന്ന്‌ കേന്ദ്രസര്‍ക്കാര്‍ മനസ്സിലാക്കണം. കേന്ദ്രസര്‍ക്കാരിന്റെ ഈ നിലപാടിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍ പ്രസ്‌താവനയില്‍ അഭ്യര്‍ത്ഥിച്ചു.

””