ഇടതുപക്ഷജനാധിപത്യമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

 ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ മതനിരപേക്ഷ രാഷ്ട്രീയത്തിനും സര്‍ക്കാരിന്റെ ജനക്ഷേമ വികസന നയത്തിനും ലഭിച്ച അംഗീകാരമാണ്‌ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്‌ ഫലം. എല്‍.ഡി.എഫിനും സര്‍ക്കാരിനുമെതിരെ യു.ഡി.എഫും, ബി.ജെ.പി.യും ഒരു വിഭാഗം മാധ്യമങ്ങളുടെ പിന്തുണയോടെ നടത്തിയ നുണപ്രചരണങ്ങളെല്ലാം ചെങ്ങന്നൂരിലെ വോട്ടര്‍മാര്‍ പാടെ തള്ളിക്കളഞ്ഞുവെന്ന്‌ തെരഞ്ഞെടുപ്പ്‌ ഫലം വ്യക്തമാക്കുന്നു.
കഴിഞ്ഞ രണ്ടുവര്‍ഷമായി എല്‍.ഡി.എഫ്‌. സര്‍ക്കാര്‍ നടപ്പാക്കി വരുന്ന ജനക്ഷേമ വികസന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകാന്‍ ഈ തെരഞ്ഞെടുപ്പ്‌ ഫലം ആത്മവിശ്വാസം പകരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്‌. പ്രകടന പത്രികയില്‍ നല്‍കിയ വാഗ്‌ദാനങ്ങള്‍ സര്‍ക്കാര്‍ ഒന്നൊന്നായി നടപ്പാക്കി വരികയാണ്‌. ഈ വാഗ്‌ദാനങ്ങളെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ജനങ്ങള്‍ നല്‍കിയ അംഗീകാരം കൂടിയാണ്‌ ചെങ്ങന്നൂരില്‍ ലഭിച്ചത്‌.
കഴിഞ്ഞ രണ്ടുവര്‍ഷമായി സര്‍ക്കാരിനെ കൊടുംനുണകളാണ്‌ യു.ഡി.എഫ്‌. പ്രചരിപ്പിച്ചത്‌. ഏറ്റവും ഒടുവില്‍ ഉപതെരഞ്ഞെടുപ്പ്‌ നാളുകളില്‍ ഈ നുണപ്രചാരണം അതിന്റെ പാരമ്യത്തിലെത്തി കോട്ടയത്ത്‌ യുവാവിന്റെ ദാരുണമായ കൊലപാതകവുമായി ബന്ധപ്പെട്ട സംഭവത്തെ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരായ പ്രചണ്ഡമായ പ്രചാരണായുധമാക്കിയത്‌ വോട്ടെടുപ്പ്‌ ദിവസമാണ്‌.
തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ യു.ഡി.എഫ്‌. പയറ്റിയ മൃദുഹിന്ദുത്വ നയത്തെയും ജനങ്ങള്‍ തള്ളി. ബി.ജെ.പി.യുടെ തീവ്രവര്‍ഗ്ഗീയതയെ ജനങ്ങള്‍ പാടെതള്ളിക്കളഞ്ഞു. തീവ്രവര്‍ഗ്ഗീയ നിലപാടുമായി നടക്കുന്ന ബി.ജെ.പിയെ നേരിടാന്‍ യു.ഡി.എഫിന്റെയും കോണ്‍ഗ്രസ്സിന്റെയും മുദുഹിന്ദുത്വവുമല്ല, എല്‍.ഡി.എഫ്‌. ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷ രാഷ്ട്രീയമാണിന്ന്‌ വേണ്ടതെന്നും ജനങ്ങള്‍ തിരിച്ചറിയുന്നു.
കേന്ദ്രഭരണത്തിന്റെ തണലില്‍ മണ്ഡലത്തില്‍ വന്‍തോതില്‍ പണം ഒഴുക്കിയും കേന്ദ്രമന്ത്രിമാരെ ഉള്‍പ്പെടെ കൊണ്ടുവന്ന്‌ വന്‍പ്രചരണമാണ്‌ ബി.ജെ.പി. നടത്തിയത്‌. ത്രിപുര മുഖ്യമന്ത്രിയെ കൊണ്ടുവന്ന്‌ ത്രിപുരയെപ്പോലെ കേരളത്തെയുമാക്കുമെന്നും വെല്ലുവിളിച്ചു. പരിഹാസ്യമായ ഇത്തരം വെല്ലുവിളികള്‍ ചെങ്ങന്നൂരിലെ പ്രബുദ്ധ ജനങ്ങള്‍ പുച്ഛിച്ചുതള്ളി.
തെരഞ്ഞെടുപ്പ്‌ പ്രതിപക്ഷത്തിന്റെ കൂടി വിലയിരുത്തല്‍ ആകുമെന്നായിരുന്നു ഉമ്മന്‍ചാണ്ടി പറഞ്ഞത്‌. അങ്ങനെയെങ്കില്‍ ഈ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയെ മാറ്റുമോ? 
ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ ജനങ്ങള്‍ അര്‍പ്പിച്ച ഈ വിശ്വാസം ഉള്‍ക്കൊണ്ട്‌ കൂടുതല്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ ഈ വിധി കരുത്തുപകരും.
എല്ലാ പ്രലോഭനങ്ങളേയും ഭീഷണികളേയും അതിജീവിച്ച്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വന്‍വിജയത്തിലെത്തിച്ച ചെങ്ങന്നൂരിലെ സമ്മതിദായകരോട്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണി അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.