സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

 പള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും, മാഹി നഗരസഭാ മുന്‍ കൗണ്‍സിലറുമായ ജനകീയ നേതാവ്‌ കണ്ണിപ്പൊയില്‍ ബാബുവിനെ ആര്‍.എസ്‌.എസ്സുകാര്‍ കഴുത്തറുത്ത്‌ കൊലപ്പെടുത്തിയ സംഭവം ജനങ്ങളെ ഭയവിഹ്വലരാക്കി പ്രകോപനം സൃഷ്ടിച്ച്‌ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമാണെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ ആരോപിച്ചു.
സമാധാനന്തരീക്ഷം നിലനില്‍ക്കുന്ന കണ്ണൂര്‍ ജില്ലയിലെ സമാധാനം തകര്‍ക്കാനാണ്‌ ബി.ജെ.പി ശ്രമിക്കുന്നത്‌. ഒരു പ്രകോപനവുമില്ലാതെ വീട്ടിലേക്ക്‌ പോകുന്ന സന്ദര്‍ഭത്തിലാണ്‌ ബാബുവിനെ പതിയിരുന്നാക്രമിച്ച്‌ കൊലപ്പെടുത്തിയത്‌. നിരവധി വെട്ടുകളേറ്റ ബാബുവിന്റെ തല വെട്ടിമാറ്റുകയായിരുന്നു അക്രമിസംഘം ചെയ്‌തത്‌. കൂത്തുപറമ്പിലെ തൊക്കിലങ്ങാടിയില്‍ ആര്‍.എസ്‌.എസ്‌ ശിബിരത്തില്‍ വെച്ച്‌ ആസൂത്രണം ചെയ്‌ത കാര്യമാണ്‌ അവര്‍ ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്നത്‌. പുതിയ രീതിയിലുള്ള പരിശീലനങ്ങളാണ്‌ മനുഷ്യനെ കൊല്ലാന്‍ ആര്‍.എസ്‌.എസ്‌ പരിശീലന കേന്ദ്രത്തില്‍ വെച്ചു നല്‍കുന്നത്‌.
എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ആര്‍.എസ്‌.എസ്സുകാര്‍ 15 സി.പി.ഐ (എം) പ്രവര്‍ത്തകന്മാരെയാണ്‌ ഇതിനകം കൊലപ്പെടുത്തിയിരിക്കുന്നത്‌. ആര്‍.എസ്‌.എസ്‌ ആക്രമണത്തിന്റെ ഭാഗമായി സംസ്ഥാനത്ത്‌ 217 സി.പി.ഐ (എം) പ്രവര്‍ത്തകരാണ്‌ കൊല ചെയ്യപ്പെട്ടിരിക്കുന്നത്‌. കേന്ദ്ര ഭരണത്തിന്റെ തണലില്‍ ആര്‍.എസ്‌.എസ്സുകാര്‍ നടത്തുന്ന അക്രമ പരമ്പരകള്‍ തുടരുകയാണ്‌. കൊലക്കത്തി താഴെ വയ്‌ക്കാന്‍ നരേന്ദ്രമോദി കേരളത്തിലെ ആര്‍.എസ്‌.എസ്സുകാരെ ഉപദേശിക്കണം.
ആര്‍.എസ്‌.എസ്‌ ആക്രമണത്തിനെതിരെ സംസ്ഥാന വ്യാപകമായി സമാധാനപരമായ പ്രതിഷേധ പരിപാടികള്‍ ഉയര്‍ത്തിക്കൊണ്ടുവരണമെന്നും, പ്രകോപനത്തില്‍ കുടുങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ അവശ്യപ്പെട്ടു.