സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

 ജമ്മു കശ്‌മീരിലെ കത്‌വയില്‍ 8 വയസ്സുകാരിയെ മൃഗീയമായി ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ ലോകമാകെ ഏകമനസ്സോടെ പ്രതിഷേധിക്കുമ്പോള്‍, ചില സങ്കുചിത താത്‌പര്യക്കാര്‍ അപ്രഖ്യാപിത ഹര്‍ത്താലിന്റ മറവില്‍ പല ഭാഗങ്ങളിലും ആക്രമണങ്ങള്‍ സംഘടിപ്പിക്കാനും, വര്‍ഗ്ഗീയ ചേരിതിരുവുകള്‍ സൃഷ്ടിക്കാനും ശ്രമിക്കുകയാണ്‌. 
ഹര്‍ത്താലിന്‌ രാഷ്ട്രീയ പാര്‍ടികളുടെ പിന്തുണയുണ്ടെന്ന്‌ പ്രചരിപ്പിച്ച്‌ മുതലെടുപ്പ്‌ നടത്താനുള്ള ഇത്തരം ശ്രമങ്ങളില്‍ സി.പി.ഐ (എം) പ്രവര്‍ത്തകര്‍ കുടുങ്ങിപ്പോകരുത്‌. 
കത്‌വ സംഭവത്തില്‍ മതനിരപേക്ഷ ജനാധിപത്യ മനസ്സുകളെല്ലാം ജാതി-മത ഭേദമന്യേ പെണ്‍കുട്ടിയുടെ കൂടെയാണ്‌. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ സി.പി.ഐ (എം) നേതൃത്വത്തില്‍ സമാധാനപരമായ രീതിയില്‍ നിരവധി പ്രതിഷേധ പരിപാടികള്‍ രാജ്യമാകെ സംഘടിപ്പിക്കുന്നുണ്ട്‌. സംസ്ഥാനത്തൊരു പ്രതിഷേധ ഹര്‍ത്താല്‍ ആവശ്യമെങ്കില്‍ മറ്റ്‌ എല്ലാപേരോടും ചര്‍ച്ച ചെയ്‌ത്‌ സംഘടിത പ്രക്ഷോഭമാക്കി മാറ്റുകയാണ്‌ വേണ്ടത്‌. അതിനു പകരം വിഭാഗീയമായ ലക്ഷ്യത്തോടെ ഇത്തരം പ്രതിഷേധങ്ങള്‍ നടത്തുന്നത്‌ നിക്ഷിപ്‌ത ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ്‌. 
കഴിഞ്ഞ ജനുവരിയിലാണ്‌ എട്ടുവയസ്സുകാരി ആസിഫയെ കാണാതാകുന്നത്‌. ദിവസങ്ങള്‍ക്കു ശേഷം ജനുവരി 17 നാണ്‌ കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത്‌. കുട്ടിയുടെ കൊലപാതകത്തിന്മേല്‍ കേസ്‌ പോലും രജിസ്റ്റര്‍ ചെയിതിരുന്നില്ല. സി.പി.ഐ (എം) ജമ്മു റീജ്യണല്‍ വിഭാഗമാണ്‌ കേസിന്മേല്‍ കൃത്യമായ അന്വേഷണം വേണമെന്ന്‌ ആദ്യം ആവശ്യപ്പെടുന്നത്‌. ഇതിന്മേല്‍ പ്രാദേശിക പ്രതിഷേധങ്ങള്‍ അന്ന്‌ പാര്‍ടി സംഘടിപ്പിച്ചു. ജനുവരി 19 ന്‌ നിയമസഭ കൂടിയപ്പോള്‍ പാര്‍ടി കേന്ദ്രകമ്മിറ്റിയംഗവും, കുല്‍ഗാം എം.എല്‍.എ യുമായ മുഹമ്മദ്‌ യൂസഫ്‌ തരിഗാമി പത്രവാര്‍ത്തകള്‍ ഉയര്‍ത്തിക്കാട്ടി പ്രതിഷേധിച്ചതോടെ മറ്റംഗങ്ങളും വിഷയം സഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ്‌ കേസ്‌ പ്രത്യേക അന്വേഷണ സംഘത്തെ കൊണ്ട്‌ അന്വേഷിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്‌.
കേസ്‌ അന്വേഷണം ഫലപ്രദമായിരുന്നതിനാലും, ബി.ജെ.പി മന്ത്രിമാരടക്കമുള്ളവര്‍ പ്രതികള്‍ക്കനുകൂലമായി അണിനിരന്നതിനാലും സി.പി.ഐ (എം) ന്റെ നേതൃത്വത്തിലുള്ള ട്രൈബല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 7 മുതല്‍ അനിശ്ചിതകാല നിരാഹാരസമരം സംഘടിപ്പിച്ചു. പാര്‍ടിയുടെ ജമ്മു-കശ്‌മീര്‍ സംസ്ഥാന കമ്മിറ്റിയംഗം ശ്യാമപ്രസാദ്‌ കേസര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ സമര പരിപാടിയുടെ ഭാഗമായിരുന്നു.
ഫെബ്രുവരി 9 ന്‌ യുസഫ്‌ തരിഗാമി വീണ്ടും ആസിഫ വിഷയം നിയമസഭയില്‍ ഉന്നയിക്കുകയും അന്ന്‌ വിഷയത്തിലേക്ക്‌ ശ്രദ്ധ ക്ഷണിയ്‌ക്കല്‍ നോട്ടീസ്‌ നല്‍കുകയും ത്വരിതാന്വേഷണം വേണമെന്ന്‌ ആവശ്യപ്പെടുകയുമുണ്ടായി. പ്രത്യേക സംഘം അന്വേഷിച്ച്‌ കൊണ്ടിരുന്ന കേസ്‌ ക്രൈംബ്രാഞ്ചിന്‌ കൈമാറിയത്‌, തരിഗാമി വിഷയത്തിന്റെ പ്രധാന്യം നിയമസഭയില്‍ അവതരിപ്പിച്ചതിനാലാണെന്ന്‌ ജമ്മു-കശ്‌മീര്‍ ആഭ്യന്തര മന്ത്രി നല്‍കിയ മറുപടിയില്‍ പറയുന്നുണ്ട്‌. ഈ അന്വേഷണത്തിന്റെ ഭാഗമായുണ്ടായ കുറ്റപത്രത്തിലൂടെ, ഭീമാകാരമായ കുറ്റകൃത്യത്തിന്റെ മൃഗീയത അനാവരണം ചെയ്യപ്പെട്ടു.
ഫെബ്രുവരി 22 ന്‌ സി.പി.ഐ (എം) സംഘം ആസിഫയുടെ രക്ഷിതാക്കളെ സന്ദര്‍ശിച്ച്‌ കേസ്‌ അന്വേഷണത്തിലുള്‍പ്പെടെ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.
ആസിഫയുടെ നീതിയ്‌ക്കായി അണിനിരക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട്‌ മാര്‍ച്ച്‌ 3 ന്‌ സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി വാര്‍ത്താസമ്മേളനം വിളിച്ചു. കൊടുംകുറ്റകൃത്യത്തിന്‌ വര്‍ഗ്ഗീയ നിറം പകരാനുള്ള സംഘപരിവാര്‍ നീക്കത്തിനെതിരെ കൂടിയായിരുന്നു ഈ നീക്കം. കത്‌വാ ബലാത്സംഗ കേസ്സില്‍ പ്രതികളെ സംരക്ഷിക്കാനുള്ള 2 ബി.ജെ.പി മന്ത്രിമാരുടെ നീക്കത്തിനെതിരെ സംസ്ഥാനമെങ്ങും പ്രതിഷേധങ്ങള്‍ ഉയര്‍ത്താന്‍ അന്ന്‌ സി.പി.ഐ (എം) ആഹ്വാനം ചെയ്‌തു. ഹിന്ദു ഏകതാ മഞ്ചിനെതിരേയും സി.പി.ഐ (എം) രംഗത്തു വന്നു. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലെ അന്വേഷണത്തെ ജങ്കിള്‍രാജെന്ന്‌ വിളിച്ച ബി.ജെ.പി, സര്‍ക്കാരിന്റെ ഭാഗമല്ലേ എന്ന്‌ അന്ന്‌ ചോദിച്ചതും സി.പി.ഐ (എം) ആയിരുന്നു.
കത്‌വാ സി.ജെ.എം കോടതയില്‍ കുറ്റപത്രം സമര്‍പ്പിക്കാനെത്തിയ പോലീസിനെ തടഞ്ഞ അഭിഭാഷകര്‍ക്കെതിരെ പാര്‍ടി കശ്‌മീരില്‍ രംഗത്തെത്തി.
ആ സമയത്തൊക്കെ പ്രമുഖ മാധ്യമങ്ങളോ, ഇപ്പോള്‍ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌ത ക്ഷിദ്രശക്തികളോ ഈ സംഭവത്തിനെതിരെ നിലപാടെടുത്തില്ല. ഈ വസ്‌തുതകളൊക്കെ ജനങ്ങള്‍ മനസ്സിലാക്കണം.
ഇപ്പോള്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ വര്‍ഗ്ഗീയ ചേരിതിരുവുകള്‍ സൃഷ്ടിക്കാന്‍ ഈ സംഭവത്തെ ഉപയോഗിക്കാന്‍ ആരേയും അനുവദിച്ചു കൂട. ഇത്തരം പ്രവണതകള്‍ക്കെതിരെ സി.പി.ഐ (എം) പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണം. ജനങ്ങള്‍ വസ്‌തുതകള്‍ മനസ്സിലാക്കി വര്‍ഗ്ഗീയ ക്ഷിദ്രശക്തികളെ മാറ്റിനിര്‍ത്താന്‍ തയ്യാറാവണമെന്നും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.