സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന അനുശോചന സന്ദേശം

 കോസ്റ്റ്‌ ഫോര്‍ഡ്‌ ഡയറക്ടറും പുരോഗമന-രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന ടി.ആര്‍.ചന്ദ്രദത്തിന്റെ നിര്യാണത്തില്‍ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ അഗാധമായി അനുശോചിച്ചു.
മാര്‍ക്‌സിസ്റ്റ്‌-ലെനിനിസ്റ്റ്‌ ചിന്ത സമൂഹത്തില്‍ വളര്‍ത്താന്‍ വിവിധ മേഖലകളില്‍ ശാസ്‌ത്രീയമായും ജനകീയമായും ഇടപെട്ട സമര്‍ത്ഥനായ പോരാളിയായിരുന്നു അദ്ദേഹം. കെട്ടിടനിര്‍മ്മാണത്തിലും വാസ്‌തുവിദ്യയിലും ചെലവ്‌ കുറഞ്ഞ രീതി അവലംബിച്ച കോസ്റ്റ്‌ഫോര്‍ഡിന്റെ ആജീവനാന്ത ഡയറക്ടര്‍ എന്ന നിലയില്‍ വലിയ ഇടപെടലുകളാണ്‌ അദ്ദേഹം നടത്തിയത്‌. തൃശ്ശുരില്‍ ഇ.എം.എസ്‌ സ്‌മൃതി പരിപാടി വര്‍ഷം തോറും സംഘടിപ്പിക്കുന്നതിന്‌ പിന്നില്‍ അക്ഷീണമായി പ്രവര്‍ത്തിച്ചവരില്‍ ഒരാളായിരുന്നു. രണ്ട്‌ പതിറ്റാണ്ടോളമായി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടപ്പോഴും ശബ്ദം പോലും നഷ്ടമായിട്ടും കമ്മ്യൂണിസ്റ്റ്‌്‌ പ്രവര്‍ത്തനത്തിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ചുവെന്നത്‌ നിസ്സാരകാര്യമല്ല. പ്രതിസന്ധികളെ മറികടന്ന്‌ സംഘടനാ പ്രശ്‌നവും, സാമുഹ്യ - ശാസ്‌ത്രപ്രവര്‍ത്തനവും എങ്ങനെ വിജയകരമായി നടപ്പാക്കാമെന്നതിനുള്ള ജീവിതപാഠമായി ചന്ദ്രദത്തിന്റെ ജീവിതം മാറി. തൃശ്ശൂരില്‍ നടന്ന സി.പി.ഐ (എം) സംസ്ഥാന സമ്മേളനത്തിന്റെ വിജയത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനത്തിലും പാര്‍ടി അംഗമായിരുന്ന സഖാവിന്റെ പ്രവര്‍ത്തനം സ്‌മരണീയമായിരുന്നുവെന്ന്‌ കോടിയേരി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.