സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

ഇ.എം.എസ്‌ - എ.കെ.ജി ദിനാചരങ്ങളോടനുബന്ധിച്ച്‌ മാര്‍ച്ച്‌ 19 മുതല്‍ 22 വരെ ലോക്കല്‍തലത്തില്‍ കുടുംബസംഗമങ്ങള്‍ സംഘടിപ്പിക്കുമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു. സംസ്ഥാനത്താകെ 2000 ഓളം കുടുംബ സംഗമങ്ങളാണ്‌ സംഘടിപ്പിക്കുക. പാര്‍ടി മെമ്പര്‍മാരും അനുഭാവികളും വര്‍ഗ്ഗ-ബഹുജന സംഘടന അംഗങ്ങളുമാണ്‌ കുടുംബസംഗമങ്ങളില്‍ പങ്കെടുക്കുക. പാര്‍ടി സംസ്ഥാന സമ്മേളനത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്‌ കുടുംബസംഗമങ്ങള്‍ ചേരുന്നത്‌.
ദേശീയതലത്തിലേയും സംസ്ഥാനതലത്തിലേയും ആനുകാലിക രാഷ്‌ട്രീയ വിഷയങ്ങള്‍ കുടുംബസംഗമങ്ങളില്‍ വിശദീകരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളുടെ ഫലമായി കടുത്ത പ്രതിസന്ധിയാണ്‌ രാജ്യത്തെ ജനങ്ങളാകെ നേരിടുന്നത്‌. കാര്‍ഷിക-വ്യാവസായിക മേഖലകള്‍ തകര്‍ന്നു. പുതിയ തൊഴിലവസരങ്ങള്‍ ഇല്ലാതായി. നോട്ട്‌ അസാധുവാക്കലും ജി.എസ്‌.ടി യും ഉള്‍പ്പെടെയുള്ള നയങ്ങള്‍ ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കി. വര്‍ഗ്ഗീയ ധ്രുവീകരണം സൃഷ്‌ടിച്ച്‌ ഇതില്‍ നിന്ന്‌ രക്ഷപ്പെടാനാണ്‌ ബി.ജെ.പിയും ആര്‍.എസ.്‌എസ്സും ശ്രമിക്കുന്നത്‌. സംസ്ഥാനങ്ങള്‍ക്ക്‌ നല്‍കി വരുന്ന പല ആനുകൂല്യങ്ങളും വെട്ടി ചുരുക്കി സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണ്‌. കൂടുതല്‍ ജനപിന്തുണയാര്‍ജിച്ചു മുന്നോട്ട്‌ പോകുന്ന എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ ജനക്ഷേമ നടപടികള്‍ ജനങ്ങളില്‍ ചര്‍ച്ചാ വിഷയമാകാതിരിക്കാന്‍ മാര്‍ക്‌സിസ്റ്റ്‌ അക്രമ പ്രചാരണവുമായി രംഗത്തിറങ്ങിയ യു.ഡി.എഫിനേയും ബി.ജെ.പിയെയും തുറന്നു കാട്ടാനും ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ജനോപകാരപ്രദമായ നടപടികള്‍ ജനങ്ങളിലെത്തിക്കാനും ഈ അവസരം ഉപയോഗപ്പെടുത്തണം. കുടുംബ സംഗമം വിജയിപ്പിക്കാന്‍ മുഴുവന്‍ പാര്‍ടി ഘടകങ്ങളും അംഗങ്ങളും മുന്നിട്ടിറങ്ങണമെന്ന്‌ കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ അഭ്യര്‍ത്ഥിച്ചു.