കമ്മ്യൂണിസ്റ്റ്‌ പാര്‍ടി ചരിത്രം പ്രകാശനം ചെയ്യുന്നു.

തൃശ്ശൂരില്‍ നടക്കുന്ന കമ്മ്യൂണിസ്റ്റ്‌ പാര്‍ടി ഓഫ്‌ ഇന്ത്യ (മാര്‍ക്‌സിസ്റ്റ്‌) യുടെ സംസ്ഥാന സമ്മേളനത്തില്‍ വെച്ച്‌ കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയുടെ സമഗ്രചരിത്രത്തിന്റെ ഒന്നാം ഭാഗം പ്രകാശനം ചെയ്യുകയാണ്‌. ഉദ്‌ഘാടനസമ്മേളനത്തില്‍ വെച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍, പി.ബി അംഗം എസ്‌. രാമചന്ദ്രന്‍ പിള്ളയ്‌ക്ക്‌ നല്‍കിക്കൊണ്ടായിരിക്കും ഇത്‌ പ്രകാശനം ചെയ്യുക.
കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ എടുത്ത തീരുമാനമനുസരിച്ച്‌ സ.വി.എസ്‌. അച്ച്യുതാനന്ദന്‍ ചെയര്‍മാനും സ.കോടിയേരി ബാലകൃഷ്‌ണന്‍ കണ്‍വീനറുമായുള്ള ചരിത്രരചനാസമിതിയാണ്‌ പുസ്‌തകം തയ്യാറാക്കിയത്‌. അഞ്ചുഭാഗങ്ങളിലായാണ്‌ കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയുടെ ചരിത്രം പ്രതിപാദിക്കാനുദ്ദേശിക്കുന്നത്‌. ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്ന ഒന്നാം വോള്യത്തില്‍ 1940 വരെയുള്ള ചരിത്രമാണ്‌ പ്രതിപാദിക്കപ്പെടുന്നത്‌. കമ്മ്യൂണിസ്റ്റ്‌ പാര്‍ടി രൂപീകരിക്കുന്നതിനിടയായ കേരളത്തിലെ സാമൂഹ്യ സാമ്പത്തിക ചലനങ്ങളെ ഇതില്‍ പ്രതിപാദിക്കുന്നു. കേരളസമൂഹത്തിന്റെ രൂപീകരണം, ബ്രിട്ടീഷ്‌ കൊളോണിയല്‍ ആധിപത്യവും മുതലാളിത്തത്തിന്റെ വളര്‍ച്ചയും, നവോത്ഥാന കാലഘട്ടം, ദേശീയപ്രസ്ഥാനം, വളര്‍ന്നുവന്ന വര്‍ഗ-ബഹുജന പ്രക്ഷോഭങ്ങള്‍, കമ്മ്യൂണിസ്റ്റ്‌ ആശയങ്ങളുടെ വളര്‍ച്ച, പാര്‍ടിയുടെ രൂപീകരണത്തിന്റെ പ്രാരംഭദശകം എന്നിവയാണ്‌ ഈ ഭാഗത്തില്‍ ചര്‍ച്ച ചെയ്യുന്നത്‌.
സാധാരണ ചരിത്രമെഴുത്തില്‍ സ്വീകരിക്കുന്ന രീതിയില്‍ നിന്നും വ്യത്യസ്‌തമായ രീതിയിലാണ്‌ ഈ പുസ്‌തകം എഴുതപ്പെട്ടിട്ടുള്ളത്‌. താഴെതലം വരെയുള്ള ഘടകങ്ങളെ ഉപയോഗപ്പെടുത്തി ജനകീയതലത്തിലാണ്‌ ഇതിനാവശ്യമായ ഒരു ഉപദാന സാമഗ്രികളുടെ സമാഹരണം നടത്തിയത്‌. സംസ്ഥാനതലത്തില്‍ ശില്‍പ്പശാലകള്‍, ജില്ലാ, ഏരിയാ തലങ്ങളില്‍ ശില്‍പ്പശാലകളും സെമിനാറുകളും, ്രപദേശിക തലത്തില്‍ ചരിത്രസംഘങ്ങളുടെ പ്രവര്‍ത്തനം എന്നിവയിലൂടെ നിരവധി വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. വിപുലമായ ജനകീയ പ്രവര്‍ത്തനം വഴിയുള്ള ചരിത്രനിര്‍മ്മാണം ഇന്ത്യയില്‍ തന്നെ പ്രഥമമാണെന്ന്‌ പറയാം.
ശേഖരിച്ച വിവരങ്ങള്‍ പരമാവധി വസ്‌തുനിഷ്‌ഠവും ആധികാരികവുമാക്കാന്‍ നിലവിലുള്ള ചരിത്ര ഗ്രന്ഥങ്ങള്‍, ആര്‍ക്കൈവ്‌സ്‌ രേഖകള്‍, പാര്‍ടിരേഖകള്‍, പാര്‍ടിനേതാക്കളുടെയും സഖാക്കളുടെയും ഓര്‍മ്മകള്‍ സ്‌മരണികകള്‍ എന്നിവയുടെ സഹായത്തോടെ ശ്രമിച്ചിട്ടുണ്ട്‌. ഇതിനായി പുത്തലത്ത്‌ ദിനേശന്റെയും ഡോ. കെ.എന്‍ ഗണേഷിന്റെയും നേതൃത്വത്തില്‍ സി.ബാലന്‍, പി.മോഹന്‍ദാസ്‌, എം.ടി നാരായണന്‍, എം.എന്‍. പത്മനാഭന്‍, വി. കാര്‍ത്തികേയന്‍ നായര്‍, പി. ശിവദാസന്‍, എം.പി. മുജീബ്‌ റഹിമാന്‍, പി. രാമദാസ്‌ തുടങ്ങി നിരവധി ചരിത്രകാരന്മാരുടെ പ്രവര്‍ത്തനവും പ്രയോജനപ്പെടുത്തിയിട്ടുണ്ട്‌. പ്രദേശികതലത്തിലുള്ള വിവരശേഖരണത്തിനും നിരവധി ചരിത്രകാരന്മാരും പ്രാദേശിക പ്രവര്‍ത്തകരും അകമഴിഞ്ഞ്‌ സഹായിച്ചിട്ടുണ്ട്‌. നിരവധി ഗവേഷകരും ഈ ഉദ്യമത്തില്‍ സഹായിച്ചിട്ടുണ്ട്‌. ചരിത്രത്തിന്റെ ശേഷിച്ച ഭാഗങ്ങള്‍ 2) 1940 മുതല്‍ 1952 വരെ 3) 1952 മുതല്‍ 1964 വരെ 4) 1964 മുതല്‍ 1990 വരെ 5) 1990 നുശേഷം എന്നിവയാണ്‌. വരും വര്‍ഷങ്ങളില്‍ അവയും പ്രസിദ്ധീകരിക്കണമെന്ന്‌ ചരിത്രരചനാ സമിതി ഉദ്ദേശിക്കുന്നു.