സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

 ഐശ്വര്യ കേരളത്തിനായുള്ള കരുത്തുറ്റ ചുവടുവെയ്‌പ്പാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ ബജറ്റെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. 
നവലിബറല്‍ നയങ്ങള്‍ ദേശീയമായി ശക്തിപ്പെടുന്ന കാലത്ത്‌ ഇടതുപക്ഷ കാഴ്‌ച്ചപ്പാടില്‍ ഉറച്ചുനിന്നു കൊണ്ടുള്ള ബദല്‍ സമീപനമാണ്‌ ഈ ബജറ്റ്‌. ബി.ജെപിയുടേയും കോണ്‍ഗ്രസ്സിന്റേയും സാമ്പത്തിക നയങ്ങള്‍ക്ക്‌ ബദല്‍ എങ്ങനെ എന്നതിന്‌ ഉത്തരം നല്‍കുകയാണ്‌ ദേശീയമായി ഈ ബജറ്റ്‌. 1 ലക്ഷം കോടി രൂപ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റതാണ്‌ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍. എന്നാല്‍ പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താന്‍ ധീരമായ നടപടികള്‍ സംസ്ഥാന ബജറ്റ്‌ നിര്‍ദ്ദേശിക്കുന്നു. ദീര്‍ഘകാലമായി നഷ്ടത്തിന്റെ പടുകുഴിയിലായ കെ.എസ്‌.ആര്‍.ടി.സി യ്‌ക്ക്‌ ജീവരക്ഷ നല്‍കുന്നതിനുള്ള കാഴ്‌ചപ്പാട്‌ ബജറ്റിലുണ്ട്‌. കെ.എസ്‌.ആര്‍.ടി.സിയെ തന്‍കാലില്‍ നിര്‍ത്തുന്നതിനൊപ്പം, പെന്‍ഷന്‍കാരുടെ സങ്കടവും പരിഗണിച്ചിരിക്കുന്നു. അവഗണിക്കപ്പെടുന്നവരുടേയും അശരണരുടേയും ശബ്ദമായി പിണറായി സര്‍ക്കാരിന്റെ ബജറ്റ്‌ മാറി. കേരളത്തെ സമ്പൂര്‍ണ്ണ പാര്‍പ്പിട സംസ്ഥാനമാക്കാന്‍ ലൈഫ്‌ പദ്ധതിയ്‌ക്ക്‌ 2500 കോടിരൂപ വകയിരുത്തി. റേഷന്‍ കാര്‍ഡ്‌ ഇല്ലാത്ത അര്‍ഹതപ്പെട്ട ഗുണഭോക്താക്കളെ ലൈഫ്‌ പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവന്നത്‌ ചെറിയ കാര്യമല്ല
തീരദേശ മേഖലയ്‌ക്ക്‌ 2000 കോടി രൂപയുടെ പാക്കേജും, ബജറ്റ്‌ സ്‌ത്രീ സൗഹൃദമായതും വിശപ്പ്‌രഹിത കേരള പദ്ധതിയുമെല്ലാം ഇതിന്‌ ഉദാഹരണങ്ങളാണ്‌. സാമുഹ്യമായി അവഗണിക്കപ്പെടുകയും, പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന സ്‌ത്രീകള്‍, ദളിതര്‍, ഭിന്നശേഷിക്കാര്‍, തുടങ്ങിയവര്‍ക്കെല്ലാം കൈതാങ്ങാണ്‌ ബജറ്റ്‌. സാമൂഹ്യ സുരക്ഷാപദ്ധതികള്‍ മുന്നോട്ടു കൊണ്ടുപോകുകയും, സമ്പൂര്‍ണ്ണ സാമൂഹ്യസുരക്ഷ ഭാവിയില്‍ ഉറപ്പാക്കുകയും ചെയ്യുന്നു. 
കേന്ദ്ര ബജറ്റിലെ നിര്‍ദ്ദിഷ്ട ആരോഗ്യ പരിരക്ഷാ സ്‌കീം കേരളത്തിന്‌ ഗുണകരമല്ല. എന്നാല്‍ അതിന്റെ പോരായ്‌മ മറികടന്ന്‌ പാവപ്പെട്ടവര്‍ക്ക്‌ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളും സംസ്ഥാന ബജറ്റിലുണ്ട്‌. ഇതര സംസ്ഥാന തൊഴിലാളികളെ അതിഥി തൊഴിലാളികളായി കാണുമെന്നും അവരുടെ ജീവിത നിലവാരം ഉയര്‍ത്താനും, ആരോഗ്യം മെച്ചപ്പെടുത്താനും, ഇന്‍ഷുറന്‍സ്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനവും പ്രശംസാര്‍ഹമാണ്‌. 
കഴിഞ്ഞ ബജറ്റില്‍ നിര്‍ദ്ദേശിച്ച പശ്ചാത്തല സൗകര്യ നിക്ഷേപനിധി ബോര്‍ഡ്‌ (കിഫ്‌ബി) ആകാശ കുസുമം ആകുമെന്ന വിമര്‍ശനങ്ങള്‍ പൊളിഞ്ഞിരിക്കുകയാണ്‌. ബജറ്റിന്‌ പുറത്ത്‌ വിഭവ സമാഹരണത്തിനുള്ള ഈ നൂതന പദ്ധതി വിജയകരമായി മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള കാഴ്‌ചപ്പാടും ബജറ്റിലുണ്ട്‌. 
നോട്ട്‌ നിരോധനം, ജി.എസ്‌.ടി, എന്നിവയ്‌ക്ക്‌ നടുവിലും ഒരേ സമയം ജനക്ഷേമവും അതേസമയം വികസനോന്മുഖവുമായ ബജറ്റ്‌ അവതരിപ്പിച്ചൂവെന്നതാണ്‌ ധനമന്ത്രി ടി.എം.തോമസ്‌ ഐസക്‌ അവതരിപ്പിച്ച ബജറ്റിന്റെ പ്രത്യേകതയെന്ന്‌ കോടിയേരി പ്രസ്‌താവനയില്‍ പറഞ്ഞു.