സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

 ഡിസംബര്‍ 21 ന്‌ സി.പി.ഐ(എം) നേതൃത്വത്തില്‍ നടക്കുന്ന ഓഖി ദുരിതാശ്വാസ ഫണ്ട്‌ ശേഖരണം വിജയിപ്പിക്കണമെന്ന്‌ സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ അഭ്യര്‍ത്ഥിച്ചു. പാര്‍ടി പ്രവര്‍ത്തകരും മനുഷ്യസ്‌നേഹികളും ഫണ്ട്‌ സമാഹരണം വിജയിപ്പിക്കാന്‍ രംഗത്തിറങ്ങണം.
നവംബര്‍ 30 നുണ്ടായ ഓഖി ചുഴലിക്കാറ്റ്‌ സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളിലെ തീരദേശ മേഖലയില്‍ വന്‍ ദുരന്തമാണ്‌ സൃഷ്‌ടിച്ചത്‌. മത്സ്യബന്ധനത്തിനായി കടലില്‍ പോയ 71 മത്സ്യത്തൊഴിലാളികള്‍ ഇതിനകം മരിച്ചു. കടലില്‍ പോയ നിരവധി മത്സ്യത്തൊഴിലാളികള്‍ ഇനിയും തിരിച്ചെത്തിയിട്ടില്ല. മരിച്ച മത്സ്യത്തൊഴിലാളികളുടേയും തിരിച്ചെത്താത്ത തൊഴിലാളികളുടെ കുടുംബങ്ങളേയും, അപകടത്തില്‍പ്പെട്ട തൊഴിലാളികളേയും സഹായിക്കാന്‍ എല്‍.ഡി. എഫ്‌ സര്‍ക്കാര്‍ വിപുലമായ പാക്കേജ്‌ ആണ്‌ പ്രഖ്യാപിച്ചിട്ടുള്ളത്‌.
ദുരന്തബാധിതരെ സാധാരണ ജീവിതത്തിലേക്ക്‌ തിരിച്ചു കൊണ്ടുവരാനുള്ള പരിശ്രമമാണ്‌ സര്‍ക്കാര്‍ നടത്തുന്നത്‌. വാസയോഗ്യമായ വീടില്ലാത്ത മത്സ്യത്തൊഴിലാളികള്‍ക്ക്‌ വീട്‌ വെച്ചു നല്‍കാനും, ഭൂരഹിതരായ മത്സ്യത്തൊഴിലാളികള്‍ക്ക്‌ ഭൂമിയും വീടും നല്‍കാനുമുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്‌. തീരദേശത്തിന്റെ സുരക്ഷിതത്തിനാവശ്യമായ മറ്റു നടപടികളും സ്വീകരിക്കേണ്ടതുണ്ട്‌. 
ഹ്രസ്വകാലാടിസ്ഥാനത്തിലും ദീര്‍ഘകാലാടിസ്ഥാനത്തിലുമുള്ള ഈ പാക്കേജ്‌ നടപ്പാക്കുന്നതിന്‌ വലിയ സാമ്പത്തിക ബാധ്യതയാണ്‌ സര്‍ക്കാരിന്‌ ഉണ്ടാകുന്നത്‌. കേന്ദ്ര സര്‍ക്കാരിന്‌ മുന്നില്‍ സംസ്ഥാന സര്‍ക്കാര്‍ വിപുലമായ പാക്കേജ്‌ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇനിയും സഹായമെന്നും ലഭിച്ചിട്ടില്ല. ഈ സഹായത്തിന്‌ കാത്ത്‌ നില്‍ക്കാതെ തന്നെ സംസ്ഥാന സര്‍ക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇതിന്‌ വലിയ തുക ആവശ്യമായി വരും. 
ഈ സാഹചര്യത്തിലാണ്‌ ദുരിതബാധിതരെ സഹായിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ദുരിതാശ്വാസ ഫണ്ട്‌ സമാഹരിക്കാന്‍ തീരുമാനിച്ചത്‌. ഈ ഫണ്ടിലേക്ക്‌ പാര്‍ടി മെമ്പര്‍മാരും വര്‍ഗ്ഗബഹുജന സംഘടനാംഗങ്ങളും കഴിവിന്റെ പരമാവധി തുക സംഭാവനയായി നല്‍കണം. 
കടകളും സ്ഥാപനങ്ങളും, വീടുകളും സന്ദര്‍ശിച്ച്‌ ഫണ്ട്‌ ശേഖരിക്കണം. പിരിച്ചെടുത്തതുക ഇതിനായി സര്‍ക്കാര്‍ രൂപീകരിച്ച ദുരിതാശ്വാസനിധി അക്കൗണ്ട്‌ നമ്പറായ 67319948232 (സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ, സിറ്റി ബ്രാഞ്ച്‌ തിരുവനന്തപുരം, IFSC Code: SBIN0070028 � അയച്ചു കൊടുക്കണമെന്നും പ്രസ്‌താവനയില്‍ അഭ്യര്‍ത്ഥിച്ചു.
ചെക്കോ, ഡ്രാഫ്‌റ്റോ മുഖേനയുള്ള സംഭാവനകള്‍ അയക്കേണ്ട വിലാസം : പ്രിന്‍സിപ്പല്‍ സെക്രട്ടറി (ധനകാര്യം), ട്രഷറര്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, സെക്രട്ടറിയേറ്റ്‌, തിരുവനന്ത പുരം