സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

ഒരുവര്‍ഷക്കാലം നീണ്ടുനിന്ന ഒക്ടോബര്‍ വിപ്ലവത്തിന്റെ 100-ാം വാര്‍ഷിക പരിപാടിയുടെ സമാപനം കുറിച്ചുകൊണ്ട്‌ നവംബര്‍ 7 ന്‌ പൊതുസ്ഥലങ്ങളിലും, പാര്‍ടി ഓഫീസുകളിലും ചെങ്കൊടി ഉയര്‍ത്തണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ എല്ലാ പാര്‍ടി ഘടകങ്ങളോടും സഖാക്കളോടും അഭ്യര്‍ത്ഥിച്ചു. 
വര്‍ഗ്ഗപരമായ ചൂഷണത്തില്‍ നിന്നും മുക്തമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിനു വേണ്ടി തൊഴിലാളികളും കര്‍ഷകരും മറ്റ്‌ ചൂഷിത വിഭാഗങ്ങളും നടത്തിയ ആദ്യത്തെ വിജയകരമായ വിപ്ലവമായിരുന്നു മഹത്തായ ഒക്ടോബര്‍ വിപ്ലവം. ലോകത്ത്‌ മുമ്പുനടന്ന വിപ്ലവങ്ങളില്‍ നിന്നെല്ലാം വ്യത്യസ്‌തമായിരുന്നു ഒക്ടോബര്‍ വിപ്ലവം. മുമ്പു നടന്ന വിപ്ലവങ്ങളില്‍ പഴയ ഫ്യൂഡല്‍ വര്‍ഗ്ഗങ്ങളില്‍ നിന്നും കുലീന വിഭാഗങ്ങളില്‍ നിന്നും ബൂര്‍ഷ്വാസി അധികാരം പിടിച്ചെടുക്കുകയാണ്‌ ചെയ്‌തത്‌. അതില്‍ നിന്നും വ്യത്യസ്‌തമായി ഭരിച്ചു കൊണ്ടിരിക്കുന്ന ബൂര്‍ഷ്വാസികളേയും മറ്റ്‌ ചൂഷക വര്‍ഗ്ഗങ്ങളേയും, ചൂഷിത വര്‍ഗ്ഗമായ തൊഴിലാളി വര്‍ഗ്ഗവും അതിന്റെ സഖ്യശക്തികളായ ദരിദ്ര കൃഷിക്കാരും, മറ്റ്‌ ജനവിഭാഗങ്ങളും ചേര്‍ന്ന്‌ ഒരു വിപ്ലവത്തിലൂടെ അട്ടിമറിക്കുകയാണുണ്ടായത്‌. ലോകത്താകെ സാമ്രാജ്യത്വത്തിനെതിരായ സമരത്തിന്‌ റഷ്യന്‍ വിപ്ലവം ആവേശവും പ്രചോദനവുമായി. ഇന്ത്യയിലെ സ്വാതന്ത്ര്യസമരത്തിനും റഷ്യന്‍ വിപ്ലവം കരുത്ത്‌ വര്‍ദ്ധിപ്പിച്ചു. 
മുതലാളിത്തത്തെ അവസാനിപ്പിച്ച്‌ സോഷ്യലിസം സ്ഥാപിക്കാനാകുമെന്ന്‌ മാനവരാശിക്ക്‌ കാണിച്ചു കൊടുത്തത്‌ ഒക്ടോബര്‍ വിപ്ലവമാണ്‌. 21-ാം നൂറ്റാണ്ടിലും മുതലാളിത്തത്തിന്‌ ബദല്‍ പാത തേടുന്നവര്‍ക്ക്‌ വഴിവിളക്കായി ഒക്ടോബര്‍ വിപ്ലവം ജ്വലിച്ചു നില്‍ക്കുന്നു. ലോകത്തെമ്പാടുമുള്ള തൊഴിലാളി വര്‍ഗ്ഗവും, ഇതര ജനവിഭാഗവും നവലിബറല്‍ ആക്രമണങ്ങള്‍ക്കും, സാമ്രാജ്യത്വകീഴ്‌പ്പെടുത്തലിനും എതിരായി പോരാടിക്കൊണ്ടിരിക്കുകയാണ്‌. അവരെ സംബന്ധിച്ചിടത്തോളം ഒക്ടോബര്‍ വിപ്ലവം ഒരു മാര്‍ഗ്ഗദര്‍ശിയാണ്‌. 
നവംബര്‍ 7 ന്‌ പാര്‍ടി ഓഫീസുകള്‍ക്കു പുറമേ, എല്ലാ പാര്‍ടി ബ്രാഞ്ചുകളിലും പൊതുസ്ഥലത്തും ബ്രാഞ്ചിലെ പാര്‍ടി മെമ്പര്‍മാരും അനുഭാവികളും ഒത്തുചേര്‍ന്ന്‌ രക്തപതാക ഉയര്‍ത്തണം. 
ഒക്ടോബര്‍ വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലകളില്‍ സംഘടിപ്പിച്ചിരുന്ന റെഡ്‌ വോളന്റിയര്‍ മാര്‍ച്ച്‌ മലപ്പുറത്ത്‌ ജില്ല കേന്ദ്രീകരിച്ച്‌ നവംബര്‍ 7 ന്‌ നടക്കും.