സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

കേന്ദ്ര രാജ്യരക്ഷാ മന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി തിരുവനന്തപുരം സന്ദർശിച്ചപ്പോള്‍, കുറച്ച്‌ ദിവസ
ങ്ങള്‍ക്കു മുമ്പ്‌ ജീവന്‍ നഷ്ടപ്പെട്ട വ്യോമസേനാ ഉദ്യോഗസ്ഥന്‍ ലെഫ്‌റ്റനന്റ്‌ അച്ചുദേവിന്റെ വീട്‌
സന്ദർശിക്കാനോ, കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനോ സമയം കണ്ടെത്താത്തത്‌ പ്രതിഷേധാര്‍ഹമാണെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

തിരുവനന്തപുരത്ത്‌ കൊലചെയ്യപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകന്റെ വീടും പരുക്കേറ്റ ബി.ജെ.പി
ക്കാരേയും സന്ദർശിക്കാന്‍ സമയം കണ്ടെത്തിയ മന്ത്രി സൈനികന്റെ കുടുംബത്തോട്‌ കടുത്ത അവഗണനയാണ്‌ കാണിച്ചത്‌. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഒരു ഡസനിലേറെ കേരളീയരായ സൈനികര്‍ രക്തസാക്ഷികളായിട്ടുണ്ട്. അവരുടെയൊന്നും കുടുംബാഗങ്ങളെ സന്ദർശിക്കാന്‍ അരുണ്‍ ജെയ്‌റ്റ്‌ലി സമയം കണ്ടെത്തിയില്ല. തിരുവനന്തപുരത്തെ നഗരാതിര്‍ത്തിയ്‌ക്കിടയിലുള്ള കൊല ചെയ്യപ്പെട്ട സൈനികരുടെ കുടുംബാംഗങ്ങളെ ഇതേവരെ ഈ കേന്ദ്ര മന്ത്രി സന്ദർശിക്കാന്‍ തയ്യാറായില്ല. രാജ്യസുരക്ഷയ്‌ക്കുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സൈനിക കുടുംബാംഗങ്ങളോട്‌ അവജ്ഞ കാണിച്ച കേന്ദ്രമന്ത്രി രാഷ്ട്രീയ പ്രചരണത്തിനു വേണ്ടിയാണ്‌ തന്റെ ഔദ്യോഗിക പദവി ഉപയോഗിച്ചതെന്ന്‌ ഈ സന്ദർശശനം വഴി തെളിയിച്ചിരിക്കുകയാണ്‌.

കേന്ദ്ര മന്ത്രി സന്ദർശിച്ച ബി.ജെ.പി പ്രവര്‍ത്തകന്റെ തൊട്ടടുത്ത വീട്ടിലാണ്‌ ആര്‍.എസ്‌.എസ്സു
കാര്‍ കൊലപ്പെടുത്തിയ ചെമ്പഴന്തി എസ്‌.എന്‍.കോളേജിലെ എസ്‌.എഫ്‌.ഐ നേതാവ്‌ അജയ്‌യുടെ വീട്‌. ആ വീട്ടിന്‌ മുന്നിലൂടെ പോയിട്ടും ആ വീട്‌ സന്ദർശിക്കാന്‍ മന്ത്രി തയ്യാറായില്ല. അക്രമം നടന്ന ഒരു ബി.ജെ.പി കൗണ്‍സിലറുടെ വീട്‌ മാത്രം സന്ദർശിച്ച കേന്ദ്രമന്ത്രി അക്രമത്തിനിരയായ മറ്റ്‌ 3
കൗണ്‍സിലര്‍മാരുടെ വീട്‌ തിരിഞ്ഞുനോക്കിയില്ല. 21 സി.പി.ഐ (എം) പ്രവര്‍ത്തകരെ തിരുവനന്തപുരം
ജില്ലയില്‍ ഇതിനകം ബി.ജെ.പി - ആര്‍.എസ്‌.എസ്‌ സംഘം കൊലപ്പെടുത്തിയിട്ടുണ്ട്. അവരില്‍ നിന്ന്‌
വിവരങ്ങള്‍ മനസ്സിലാക്കാന്‍ കൂട്ടാക്കാത്ത കേന്ദ്ര മന്ത്രി തികഞ്ഞ രാഷ്ട്രീയ പക്ഷപാതിത്വമാണ്‌ കാണിച്ചത്‌.

കൊല ചെയ്യപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകന്റെ വീട്‌ സംസ്ഥാന മന്ത്രി കടകംപള്ളി സുരേന്ദ്രൻ സന്ദർശിക്കാൻ തയ്യാറായി. അത്തരമൊരു നിലപാട്‌ സ്വീകരിക്കാന്‍ എന്തുകൊണ്ട് കേന്ദ്ര മന്ത്രിക്ക്‌ കഴിഞ്ഞില്ല. കേന്ദ്രത്തിലെ മന്ത്രി ബി.ജെ.പിക്കാരുടെ മാത്രം മന്ത്രിയെന്ന തരത്തിലുള്ള നടപടി ബി.ജെ.പിയുടെ രാഷ്ട്രീയ അല്‍പ്പത്തമാണെന്ന്‌ കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.
* * *